ഒരു ജോലി വിട്ട് മറ്റൊന്നിലേക്ക് കൂടുമാറുന്ന ശീലം ആധുനിക തൊഴില്‍ സാഹചര്യങ്ങളില്‍ വളരെ കൂടുതലാണ്. നിലവിലുള്ള ജോലിയില്‍ നിന്ന് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് പൊരുത്തപ്പെടാനാകാത്ത മേലുദ്യോഗസ്ഥനോ സഹപ്രവര്‍ത്തകരോ പോലുള്ള ചില പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളെ സഹായിച്ചേക്കും. പക്ഷേ പുതിയ ജോലിയില്‍ പുതിയ വെല്ലുവിളികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം.
ജോലി ഉപേക്ഷിക്കേണ്ടതുണ്ടോ?
ഏറ്റവും പ്രാഥമികമായ കാര്യമാണിത്. ഇപ്പോള്‍ ജോലി ഉപേക്ഷിക്കേണ്ട കാര്യമുണ്ടോയെന്ന് ചിന്തിക്കുക. ഇപ്പോഴത്തെ ജോലി ഇഷ്ടമല്ല എന്നുള്ളത് അതില്‍ നിന്ന് രാജിവെക്കുന്നതിന് ഒരു കൃത്യമായ കാരണമല്ല. മോശമായ സാമ്പത്തികരംഗം പോലെ പുതിയ ജോലി കിട്ടാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് പുറത്തെങ്കില്‍ ഏറെ ശ്രദ്ധിച്ചുവേണം നിലവിലുള്ള ജോലി കളയാന്‍. മേലുദ്യോഗസ്ഥനെ ഇഷ്ടമല്ല, സഹപ്രവര്‍ത്തകര്‍ ശരിയല്ല... തുടങ്ങിയ കാരണങ്ങളാലാണ് നിങ്ങള്‍ രാജിവെക്കുന്നതെങ്കില്‍ ഒരു കാര്യം മനസിലാക്കുക. പുതിയ ജോലിയിലെ സാഹചര്യങ്ങള്‍ ചിലപ്പോള്‍ ഇതിലും മോശമായേക്കാം. അതുകൊണ്ടുതന്നെ ജോലി വേണ്ടെന്നുവെക്കാന്‍ തക്കതായ കാരണമുണ്ടെന്ന് ഉറപ്പുവരുത്തുക
മികച്ച സമയത്തിനായി കാത്തിരിക്കുക
നിങ്ങള്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തക്കതായ ഒരു കാരണമുണ്ട്. എന്നാല്‍ ചില കാരണങ്ങള്‍ നിങ്ങളെ പിന്നോട്ട് വലിക്കുന്നു. ഉദാഹരണത്തിന്, കുറച്ചുകാലത്തേക്ക് ആണെങ്കില്‍പ്പോലും വരുമാനം ഇല്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാകില്ല. ഈ സാഹചര്യത്തില്‍ രാജിവെക്കാനായി മറ്റൊരു ജോലി കിട്ടുന്നതുവരെ കാത്തിരിക്കേണ്ടിവരും. അപ്പോള്‍ നിലവിലുള്ള ജോലിയിലെ സാഹചര്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍തന്നെ പരിശ്രമിക്കേണ്ടിവരും. മികച്ചൊരു ജോലി കിട്ടിയാല്‍ രാജി വെക്കാം, പക്ഷേ രാജിവെക്കാന്‍ നിങ്ങള്‍ പൂര്‍ണമായ തോതില്‍ സജ്ജമായിട്ടേ അതിന് മുതിരാവൂ. അതിനുമുമ്പ് ജോലി രാജിവെക്കുന്നു എന്ന രീതിയിലുളള സൂചന മേലുദ്യോഗസ്ഥര്‍ക്ക് നല്‍കരുത്.
എങ്ങനെ രാജിവെക്കാം?
എന്നാണ് പിരിഞ്ഞുപോകേണ്ടത് എന്നതിന്റെ കൃത്യമായ തിയതി തീരുമാനിച്ചിട്ട് മാത്രമേ ബോസിനോട് പറയാവൂ. മാത്രമല്ല ബോസിനോട് പറയുംമുമ്പ് മറ്റാരോടും പറയാനും പാടില്ല. ഔദ്യോഗികമായ രാജിക്കത്ത് കൊടുക്കുകയും നേരിട്ട് സംസാരിക്കുകയും വേണം. മാത്രമല്ല ആവശ്യത്തിന് നോട്ടീസ് പീരീഡ് ഉണ്ടാകണം. ചില ജോലികളില്‍ അത് രണ്ടാഴ്ചയാണ്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ഒരുമാസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്. വലിയ പ്രോജക്റ്റുകളിലാണ് നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ളതെങ്കില്‍ അത് ഏറ്റെടുക്കുന്നയാള്‍ക്ക് പരിശീലനം നല്‍കാനുള്ള സമയം കമ്പനിക്ക് കൊടുക്കുക. മാത്രമല്ല നിങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍/സുഹൃത്തുക്കള്‍ തുടങ്ങിയവരെ രാജി വിവരം അറിയിക്കുക.
പുതിയ ജോലി തേടുക
പുതിയ ജോലി തേടുന്നതിനു മുമ്പ് ചില ഹോംവര്‍ക് നിങ്ങള്‍ ചെയ്യേണ്ടിവരും. നിങ്ങളുടെ റെസ്യൂമെയില്‍ മാറ്റം വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. പുതിയതൊന്ന് ഉണ്ടാക്കുക. പുതിയ തൊഴിലവസരങ്ങള്‍ വരുന്ന സ്രോതസുകളില്‍ തിരയുക. സുഹൃത്തുക്കളോടും മറ്റും സഹായം ആവശ്യപ്പെടുക. ഇന്റര്‍വ്യൂവിന് ഒരുങ്ങുക.
സമാധാനപരമായി എല്ലാം പറഞ്ഞ് അവസാനിപ്പിക്കുക
വൈകാരികമായി പ്രശ്‌നത്തിലായ അവസ്ഥയിലായിരിക്കാം നിങ്ങള്‍ രാജിവെക്കുന്നത്. അതിന് കാരണക്കാരെന്ന് നിങ്ങള്‍ കരുതുന്ന മേലുദ്യോഗസ്ഥനോടോ സഹപ്രവര്‍ത്തകരോടോ കയര്‍ത്തു സംസാരിച്ചിട്ട് ഇറങ്ങിപ്പോരാന്‍ സ്വാഭാവികമായും തോന്നാം. എന്നാല്‍ ആത്മനിയന്ത്രണം പാലിക്കുകയാണ് ഇവിടെ വേണ്ടത്. ഓഫീസിലെ ഉപകരണങ്ങളോ രേഖകളോ നശിപ്പിക്കുക, അവിടെയുള്ളവരോട് ദേഷ്യപ്പെടുക, പഴയ സ്ഥാപനത്തെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുനടക്കുക... തുടങ്ങിയ ശീലങ്ങള്‍ നിങ്ങള്‍ക്കുതന്നെ മോശമായി ഭവിക്കും എന്നോര്‍ക്കുക.
തിരിച്ചുകൊടുക്കുക
സ്ഥാപനത്തിന്റേതായി നിങ്ങളുടെ കൈയിലുള്ള താക്കോലുകള്‍, രേഖകള്‍, ലാപ്‌ടോപ്പ്, ഫോണ്‍ തുടങ്ങിയതെന്തും യാതൊരു കേടുപാടും കൂടാതെ അധികൃതരെ തിരിച്ചേല്‍പ്പിക്കുക. അത് തിരിച്ചുകിട്ടാനായി സ്ഥാപനം നിങ്ങളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാക്കരുത്.
റഫറന്‍സ് ആവശ്യപ്പെടാം
സ്ഥാപനം വിടുന്നതിനുമുമ്പ് മേലുദ്യോഗസ്ഥനോട് നിങ്ങള്‍ സ്ഥാപനത്തിനായി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചും നിങ്ങളുടെ കഴിവുകളെക്കുറിച്ചുമുള്ള റഫറന്‍സ് ആവശ്യപ്പെടാം. ജോലി രാജിവെച്ചുപോയി ഏറെ നാള്‍ കഴിഞ്ഞ് അത് ലഭിക്കാന്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായേക്കാം. പിന്നീടുള്ള തൊഴിലന്വേഷണങ്ങള്‍ക്ക് അത് ഏറെ പ്രയോജനപ്പെടും.
No comments:
Post a Comment