2013..July 31: കാസര്‍കോഡ് നഗരത്തില്‍ നടക്കുന്ന മിക്ക സംഭവങ്ങളും വീഡിയോയില്‍ പകര്‍ത്തി ജനങ്ങളിലെത്തിച്ച സി എല്‍ മുഹമ്മദലിയുടെ അകാലവിയോഗം കാസര്‍കോഡ് നഗരത്തെ ദുഖത്തിലാഴ്ത്തി.
പഴയ ബസ് സ്റാന്‍ഡിലെ ന്യൂസ് ഏജന്റ് അബൂബക്കര്‍ സിദ്ദീഖ് ആന്റ് കമ്പനിയിൽ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന സി എല്‍ മുഹമ്മദലി ഫോട്ടോ ഗ്രാഫറായും പ്രവര്‍ത്തിച്ചിരുന്നു.
വീഡിയോഗ്രാഫി അത്രയൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് സ്വന്തമായി വീഡിയോ ക്യാമറ സംഘടിപ്പിച്ച് ദൃശ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിര പ്രിയദര്‍ശനിയെ കുറിച്ച് ഇദ്ദേഹം തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ഇദ്ദേഹം രോഗത്തോട് മല്ലടിച്ച് കിടക്കുമ്പോഴും പ്രകൃതി തനിക്ക് കനിഞ്ഞരുളിയ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സദാസന്നദ്ധായിരുന്നു.
രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം പരവനടുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന യുവജനോൽസവ വേദിയിലും സി എല്‍ സജീവ സാന്നിധ്യമായിരുന്നു. വായന ഇദ്ദേഹത്തിന്റെ പ്രധാന ഹോബിയായിരുന്നു. കാസര്‍കോട്ട് വർഷങ്ങൾക്കു മുമ്പ് ഒരു പെരുന്നാള്‍ തലേന്ന് ബൈക്ക് റാലിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ തലക്ക് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് വിദഗ്ദ ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത് . കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തിയ സി എല്‍ മുഹമ്മദലി പ്രിയദര്‍ശിനി കലാവേദി, സംസ്കാര സാഹിതി ജില്ലാ ചെയര്‍മാന്‍, കര്‍ഷക കോണ്‍ഗ്രസ് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് ജീവിതത്തിന്റെ നാനാ തുറകളിലുള്ള നിരവധിപേരാണ് പരവനടുക്കത്തെ വീട്ടിലെത്തിയത്. സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ തന്നെ ആത്മീയത പ്രവര്‍ത്തങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. ബാങ്കൊലി മുഴങ്ങുമ്പോള്‍ പള്ളിയിലേക്ക് ഓടിപോകുന്ന വ്യക്തിയായിരുന്നു സി എല്‍ മുഹമ്മദലി.
കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പരേതായ ഐ രാമറൈ തുടങ്ങിയവരുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു.
Courtsey: Press News
No comments:
Post a Comment