Friday, August 2, 2013

എന്‍റെ ശബ്ദമാണ് എന്‍റെ സൌന്ദര്യവും എന്‍റെ ശക്തിയും'


ഇന്ന് അതിരാവിലെ(2013 ജൂലായ് 31) സി.എല്‍. മുഹമ്മദലിയുടെ മരണവിവരം അറിഞ്ഞപ്പോള്‍ എന്‍റെ ഓര്‍മ്മയിലേക്ക് ഇടിമുഴക്കം പോലെ ഓടിവന്നത് സി.എല്‍. മുഹമ്മദലിയുടെ ഈ വാചകമായിരുന്നു. 'എനിക്ക് ശക്തി തരുന്നതും പ്രചോദനം നല്‍കുന്നതും എന്‍റെ ശബ്ദമാണ്. എന്‍റെ സൌന്ദര്യവും എന്‍റെ ശബ്ദം തന്നെ. ശബ്ദമില്ലാതെ പിന്നെന്ത് ജീവിതം.' സൌഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പലപ്പോഴായി ഈ വാചകം ആവര്‍ത്തിച്ചിരുന്നു. കുറേ മാസങ്ങള്‍ക്ക് മുന്പ് രോഗത്തിന്‍റെ ആരംഭദിശയില്‍ സംസാരിക്കാന്‍ പ്രയാസം നേരിട്ടപ്പോള്‍ കടലാസില്‍ എഴുതിക്കാണിച്ച സന്ദേശത്തിലും ഈ വാചകം ആവര്‍ത്തിച്ചിരുന്നു. രോഗത്തെക്കുറിച്ചും എപ്പോഴും കടന്നുവരാവുന്ന മരണത്തെക്കുറിച്ചും പൂര്‍ണമായും ബോധവാനായിരുന്ന സി.എല്‍. തനിക്കേറ്റവും ഇഷ്ടപ്പെട്ട പെയിന്‍റിംഗില്‍ പുതിയ ഭാവങ്ങള്‍ തീര്‍ക്കാന്‍ സമയം കണ്ടെത്തിയിരുന്നു. ഈ അടുത്തകാലത്ത് അതിമനോഹരങ്ങളായ ഏതാനും ചിത്രങ്ങള്‍ വരവ്വ് തീര്‍ത്തിരുന്നു. പെയിന്‍റിംഗിലെ ദൃശ്യവിസ്മയങ്ങള്‍ എന്ന് വിളിക്കാവുന്ന ഭാവനയുടെ പുതിയ ലോകത്തേക്കുള്ള വെളിച്ചം ഈ ചിത്രങ്ങളില്‍ പ്രകടമാണ്.
 'ഞാന്‍ വരച്ചുതീര്‍ത്തത് എന്‍റെ മനസ്സിന്‍റെ നൊന്പരങ്ങളല്ല, മറിച്ച് വരും തലമുറയെ ജീവിതമുഹൂര്‍ത്തങ്ങളെ, നല്ലതും ചീത്തയുമായ മുഹൂര്‍ത്തങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കാനാണ്.'
രോഗാവസ്ഥയില്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും ഏറെ ചര്‍ച്ച ചെയ്തിരുന്നത് തന്‍റെ പുതിയ ചിത്രങ്ങളെക്കുറിച്ചായിരുന്നു. ഇതിനിടയില്‍ ആരെങ്കിലും രോഗത്തെക്കുറിച്ച് സംസാരിച്ചാല്‍ മുഹമ്മദലിയുടെ മറുപടി പെട്ടെന്നായിരുന്നു. 'രോഗം, ചികിത്സ, രോഗാവസ്ഥ ഇതൊന്നും എന്‍റെ ജീവിതത്തിന്‍റെ ഭാഗമല്ല. ജനിക്കുന്പോള്‍ തന്നെ കുറിച്ചിട്ട വിധിയുടെ ഭാഗമാണ്. അത് ഞാന്‍ അനുഭവിച്ചുതീര്‍ക്കുന്നു എന്നേയുള്ളൂ. മനുഷ്യജന്മങ്ങളുടെ കര്‍മ്മരഹസ്യവും ഇതുതന്നെ. അതുകൊണ്ട് നമുക്ക് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കാം. ജീവിതത്തെക്കുറിച്ച് സംസാരിക്കാം.'
കുവൈറ്റില്‍ നിന്ന് തിരിച്ചുവന്ന സി.എല്‍. മുഹമ്മദലി ഒരിക്കല്‍ എന്നെ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു. കുറേ സന്പാദ്യം, വലിയവീട്, ആര്‍ഭാടം ഇതെല്ലാം ജീവിതലക്ഷ്യത്തിന്‍റെ പ്രധാന കാരണമാകരുത്. മക്കളുടെ വിദ്യാഭ്യാസം -അതായിരിക്കണം നമ്മുടെ പ്രധാന കര്‍മ്മ പദ്ധതി. നാട്ടില്‍ സ്വന്തമായി വീട് പണിത് സുഖം നിറഞ്ഞ ജീവിതം എന്‍റെ കുടുംബത്തിന് നല്‍കാന്‍ എനിക്കിപ്പോള്‍ കഴിവുണ്ട്. പക്ഷെ ആനബാഗിലുവിലെ ഒറ്റമുറിയുള്ള വാടകവീട്ടില്‍ ഞാന്‍ താമസിക്കുന്നത് എന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ വിജയത്തിനുവേണ്ടിയാണ്. ജീവിതത്തിന്‍റെ നല്ലതും ചീത്തയുമായ മുഖങ്ങളെക്കുറിച്ചൊക്കെ ഞാന്‍ എന്‍റെ മക്കള്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നു. ഊണിലും ഉറക്കിലും ഞാന്‍ അവരോടൊപ്പം ഉണ്ട്. അവരുടെ വാസനകളെക്കുറിച്ച്, താല്‍പര്യങ്ങളെക്കുറിച്ച്, ഇഷ്ടങ്ങളെക്കുറിച്ച് ഞാന്‍ സ്വയം മനസ്സിലാക്കി. ഭാവി തിരഞ്ഞെടുക്കാനുള്ള അവകാശം ഞാന്‍ അവര്‍ക്ക് നല്‍കി. പക്ഷെ, അതിലേക്കുള്ള യാത്രയുടെ ഓരോ ചവിട്ട് പടിയിലും വഴിവിളക്കായി നിന്നതും ഞാന്‍ തന്നെ. സ്വന്തം ജീവിതത്തെയും സുഖങ്ങളെയും മക്കളുടെ വിദ്യാഭ്യാസത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിത കഥ -അതാണ് സി.എല്‍. മുഹമ്മദലിയുടെ ജീവിതം. ഈ സമര്‍പ്പണം അതുല്യമാണ്. ഡോക്ടറായും എഞ്ചിനീയര്‍മാരായും മികച്ച വിജയങ്ങള്‍ കൈവരിക്കാന്‍ മക്കളെ പ്രാപ്തമാക്കിയ ഒരു ധന്യ ജീവിതത്തിന്‍റെ അവസാനമാണ് ഇന്ന് സംഭവിച്ചത്. പ്രവര്‍ത്തിക്കുന്ന വേദികളിലൊക്കെ തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലായാലും കലാസാംസ്കാരിക രംഗത്തായാലും സാഹിത്യ പ്രവര്‍ത്തനരംഗത്തായാലും തനത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 


രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും എന്‍. രാമകൃഷ്ണന്‍റെയും എം.എം. ഹസന്‍റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും ഉറ്റ സുഹൃത്തായിരുന്നു. ഉമ്മന്‍ചാണ്ടി കാസര്‍കോട് സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ അദ്ദേഹത്തോടൊപ്പം തന്നെ കാണാവുന്ന മുഖങ്ങളിലൊന്ന് സി.എല്‍. മുഹമ്മദലിയുടേതായിരുന്നു. എല്ലാ രംഗത്തും ഉന്നതങ്ങളില്‍ നല്ലസ്വാധീനമുണ്ടായിരുന്ന അദ്ദേഹം വലിയ നേതൃനിരയിലേക്ക് എത്താതെ പോയത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇന്നലെ വൈകിട്ട് സംസാരമധ്യേ ചട്ടഞ്ചാലില്‍ വെച്ച് കെ. മൊയ്തീന്‍കുട്ടി ഹാജി സാന്ദര്‍ഭിഗമായി ഇങ്ങനെ പറഞ്ഞു: 'കഴിവുകളേറെയുണ്ടായിട്ടും അധികാരങ്ങളുടെ ഉയരങ്ങളിലേക്ക് എത്താന്‍ കഴിയാതെ പോയ ഒരു വ്യക്തിത്വമാണ് സി.എല്‍. മുഹമ്മദലി'
സി.എല്‍. കുടുംബത്തിന്‍റെ ആശാകേന്ദ്രവും മാര്‍ഗദര്‍ശകനും ആയിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നതിനും ഏറെ തല്‍പരനായിരുന്നു. അതുകൊണ്ടുതന്നെ ഈ വേര്‍പാട് ഉണ്ടാക്കുന്ന നഷ്ടം കാലങ്ങളോളം സി.എല്‍. കുടുംബം അനുഭവിക്കേണ്ടിവരും.
ഒരു ചിത്രകാരനെന്നതിനപ്പുറം നല്ല ഒരു ഫോട്ടോഗ്രാഫറും എഴുത്തുകാരനും കൂടിയാണ് സി.എല്‍. ഗള്‍ഫ് നാടുകളില്‍ ആദ്യത്തെ വീഡിയോ ക്യാമറ മാര്‍ക്കറ്റിലിറങ്ങിയപ്പോള്‍ ഈ പ്രദേശത്തേക്ക് അത് ആദ്യമായി എത്തിച്ചതും പ്രവര്‍ത്തിച്ച് കാണിച്ചതും മുഹമ്മദലിയാണ്. വീഡിയോയില്‍ പകര്‍ത്തിയ മനോഹരങ്ങളായ രംഗങ്ങള്‍ നേരിട്ട് കാണാന്‍ കളര്‍ ടെലിവിഷനുള്ള അല്‍പം ചില വീടുകളിലേക്ക് ആളുകള്‍ കയറിവന്നിരുന്ന കാഴ്ച ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. 


വ്യവസായി ഡോ. എന്‍.എ. മുഹമ്മദിന്‍റെ മകളുടെ കല്യാണത്തിന്‍റെ പൂര്‍ണമായി ചിത്രീകരണം നടത്തിയത് അദ്ദേഹമായിരുന്നു. ആ കാലത്തെ ഒരു വിസ്മയക്കാഴ്ച കൂടിയായിരുന്നു അത്.
തന്‍റെ നാല് മക്കളുടെയും ജീവിതത്തിലെ ദിശാസന്ധികളിലുള്ള മാറ്റങ്ങളൊക്കെ ക്യാമറയില്‍ ഒപ്പിയെടുത്ത് ആല്‍ബത്തില്‍ സൂക്ഷിക്കുന്നത് അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. പിറന്ന കുഞ്ഞ് കരയുന്ന ചിത്രം മുതല്‍ ഓരോ വര്‍ഷത്തിലെ മാറ്റങ്ങളുടെയും ഫോട്ടോകളിലൂടെ ജീവിത ചരിത്രഭാഗമാക്കി മാറ്റാന്‍ അസാധാരണമായ ഒരു വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. തങ്ങളുടെ വളര്‍ച്ചയുടെ പടവുകള്‍ മക്കളിപ്പോള്‍ ആല്‍ബങ്ങളിലൂടെ നോക്കിക്കാണുന്പോള്‍ തങ്ങള്‍ക്കുവേണ്ടി മാത്രം അര്‍പ്പിക്കപ്പെട്ട മഹത്തായ ഒരു ജീവിതത്തിന്‍റെ ത്യാഗസന്പൂര്‍ണമായ ജീവിതചര്യയുടെ ചിത്രങ്ങളെക്കൂടിയാണ് അയവിറക്കുന്നത്.
'ഈ വാടകവീട്ടില്‍ എന്‍റെ ആഗ്രഹങ്ങളൊക്കെ മക്കളുടെ വിദ്യാഭ്യാസത്തിനായി തളച്ചിട്ടപ്പോള്‍ എന്‍റെ ജീവിതത്തിലുടനീളം എന്‍റെ നിഴലായി, ചിലപ്പോള്‍ എന്നോടൊപ്പം, മറ്റ് ചിലപ്പോള്‍ എന്നേക്കാള്‍ മുന്പിലായി 'എന്‍റെ ഞാനായ' പ്രിയപത്നിയുടെ ആഗ്രഹങ്ങളും ചിലപ്പോള്‍ മറന്നുപോയോ എന്ന് ഞാന്‍ സംശയിക്കാറുണ്ട്. പരിഭവങ്ങള്‍ പറയാന്‍ അറിയാത്തവളായിരുന്നു എന്‍റെ ഭാര്യ. ശബ്ദം എന്‍റെ ശക്തിയാണെങ്കില്‍ ഭാര്യ എന്‍റെ പ്രചോദനമായിരുന്നു. മക്കളുടെ വിജയത്തില്‍ എന്നേക്കാളേറെ അവകാശവും ആത്മസംതൃപ്തിയും അവള്‍ക്കുണ്ട്. ഈ പുതിയ വീട്ടില്‍ താമസം മാറി വന്നപ്പോഴും എന്നോടൊപ്പം നില്‍ക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എന്‍റെ പ്രിയപത്നിക്ക് ഇനി ജീവിക്കുന്ന കാലമത്രയും സന്തോഷവും സൌഭാഗ്യങ്ങളും നല്‍കാനായിരിക്കും എന്‍റെ ശ്രമം. അത് ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ജീവിതത്തിന്‍റെ സിംഹഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവഴിച്ചു. ഇനിയുള്ളത് അവള്‍ക്ക്...' പുതിയ വീടിന്‍റെ പാലുകാച്ചല്‍ കര്‍മ്മം നിര്‍വഹിച്ച വേളയില്‍ വാചാലനായിക്കൊണ്ട് സി.എല്‍. മുഹമ്മദലി പറഞ്ഞ വാചകങ്ങള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചിരിക്കുന്നു.
ഓമനിക്കാനായി കുറേ നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് റമദാന്‍ മാസത്തിലെ ഈ പ്രഭാതത്തില്‍ ജീവിതത്തോട് വിടപറഞ്ഞ പ്രിയപ്പെട്ട സി.എല്‍., കാലങ്ങളോളം നീ ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകും. സ്നേഹിക്കുന്നവരുടെ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയും നിന്നോടൊപ്പം ഉണ്ടാകും. അല്ലാഹുവിന്‍റെ കരുണാകടാക്ഷവും മഗ്ഫിറത്തും ലഭിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


By: CL Hameed in Utharadesam Daily 

No comments: