Friday, August 2, 2013

ഒടുവില്‍ കണ്ടപ്പോള്‍...

  

2013 മാര്‍ച്ച് 14.
പഴയ ഒരു ഡയറിത്താളില്‍ നിന്ന് കീറിമുറിച്ചെടുത്ത പേജില്‍ കട്ടിചേര്‍ത്ത് പേനയില്‍ ഈ തിയതി കുറിച്ചുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും തലങ്ങും വിലങ്ങും അവ്യക്തമാം വിധം എഴുതിവെച്ച ആ കുറിപ്പ് ഒരു ദൂതന്‍ വഴി കവി പി.എസ്. ഹമീദിനെ തേടിയെത്തുന്നു. മൂന്ന് പേര്‍ക്കുള്ള കത്തായിരുന്നു അത്. ഹമീദിനെക്കൂടാതെ മുജീബ് അഹ്മദിനും എനിക്കും.


കുറിപ്പിങ്ങനെ: മൂന്നുപേരും ഒന്നിച്ച് എന്‍റെ വീട്ടില്‍ വരണം. നിങ്ങളുടെ സമയം നോക്കി സാധിക്കുന്ന നേരത്ത് മതി. പത്രം ഇറങ്ങലൊന്നും തെറ്റിച്ചിട്ട് വേണ്ട. ഏറെ വൈകി രാത്രിയായാലും മതി. എനിക്ക് ചില ഭൂതകാല-വര്‍ത്തമാനകാല വാര്‍ത്തകള്‍ 'ബര്‍ത്താനി'ക്കാനുണ്ട്. കിടക്കയില്‍ 14.3.2013ന് കൈയില്‍ കിട്ടിയ കടലാസു കഷണത്തില്‍ 'കലമ' (പേന) കൊണ്ട് കദനഭാരങ്ങള്‍ നിറയുന്പോള്‍ കോറിയിടുന്ന കുറിപ്പാണിത്. വരുമല്ലോ?
എന്ന് സി.എല്‍. മുഹമ്മദലി(ഒപ്പ്)
* * *
അധികം വൈകാതെ ഞങ്ങള്‍ മൂന്നുപേരും സി.എല്‍. മുഹമ്മദലിയുടെ ചെമനാട്ടെ വീട്ടിലേക്ക് തിരിച്ചു.
മനോഹരമായ ഇരുനിലവീട്. മക്കള്‍ നല്ല ഉയര്‍ച്ചയിലെത്തിയതിന്‍റെ മുന്തിയ ലക്ഷണങ്ങള്‍ വീട്ടില്‍ കണ്ടു.
അടച്ചിട്ട, ശീതീകരിച്ച ഒരു മുറി ചൂണ്ടിക്കാട്ടി ഭാര്യ പറഞ്ഞു: അവരകത്തുണ്ട്.
പതുക്കെ വാതില്‍ തുറന്നപ്പോള്‍, ആകെ മാറിയ ഒരു രൂപം.
പതിവിലും ക്ഷീണിച്ച ശരീരം. തലമുടിയാകെ മറഞ്ഞിരിക്കുന്നു. ആ മുഖത്തിനഴകായിരുന്ന താടി തീരെയില്ല. തലയില്‍ ഇടക്ക് മാത്രം മുളച്ചുകാണുന്ന ചാരനിറം പകര്‍ന്ന ഏതാനും മുടികള്‍. തൊണ്ടയില്‍ ഒരു ദ്വാരം. ആളാകെ മാറിയിരിക്കുന്നു. എങ്കിലും ചലനങ്ങള്‍ക്ക് വല്ലാത്ത വേഗത.
ഞങ്ങളെ കണ്ടപ്പോള്‍ സി.എല്‍. ചിരിച്ചു. കൈകൊട്ടി സ്വാഗതം ചെയ്തു.
'ത്രയങ്ങള്‍'.
വാക്കുകള്‍ക്ക് മൂര്‍ച്ചയില്ല. നേര്‍ത്തൊരു കാറ്റുപോലെ അവ്യക്തമായ ശബ്ദം. പുറത്തുചാടാന്‍ മടിച്ച വാക്കുകളെ അനുസരിപ്പിക്കാനെന്നോണം അദ്ദേഹം ഇടക്കിടെ തൊണ്ടയില്‍ പിടിച്ചമര്‍ത്തി. തൊണ്ടയില്‍ എന്തോ ഒരു സാധനമുണ്ട്. ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ച ഒരുപകരണം. 


ഞങ്ങളെ മുന്പില്‍ കിട്ടിയപ്പോള്‍ മുഹമ്മദലിയിലെ ആയിരം നാവുകളുണര്‍ന്നിരുന്നു. പക്ഷെ, ശബ്ദം വഴങ്ങുന്നില്ല. വെളിയില്‍ ചാടാന്‍ മടിച്ച് അവ തൊണ്ടയില്‍ തന്നെ കുരുങ്ങിക്കിടന്നു.
ആംഗ്യ ഭാഷയിലായി പിന്നെ സംസാരം. കൈവിരലുകള്‍ വല്ലാത്ത വേഗതയില്‍ ചലിച്ചു. ആംഗ്യ ഭാഷ അറിയാവുന്നതുപോലെ പി.എസ്. ഹമീദ് അത് ഞങ്ങള്‍ക്ക് തര്‍ജ്ജമ ചെയ്തു തന്നു. 


അലങ്കരിച്ച മുറിയാണ്. മുന്തിയ ഫര്‍ണിച്ചറുകള്‍ നിരന്നിരിക്കുന്നു. കിടക്കയിലും മേശയിലും മാര്‍ബിള്‍ തറയിലും വാരിവലിച്ചിട്ട വീഡിയോ കാസറ്റുകള്‍. സ്ഥാനത്തും അസ്ഥാനത്തും കിടക്കുന്ന ക്യാമറകളും ക്യാമറാ സ്റ്റാന്‍റുകളും. ഒരു റെക്കോര്‍ഡ് സ്റ്റുഡിയോയുടെ മുഖം. വീഡിയോ കാസറ്റുകള്‍ പുതച്ചാണ് അദ്ദേഹം കിടക്കുന്നതെന്ന് തോന്നിപ്പോയി. ചുമരില്‍ ചേര്‍ത്തുവെച്ച കുറേ പെയിന്‍റിങ്ങുകള്‍. എല്ലാം മുഹമ്മദലി വരച്ചതാണ്.


മുറിയുടെ ഒരു മൂലയ്ക്കിരുന്ന ഫ്രിഡ്ജ് തുറന്ന് ജ്യൂസ് ടിന്നെടുത്ത് ഞങ്ങളുടെ മുന്നില്‍ വെച്ചു. അണ്ടിപ്പരിപ്പും ബദാമും പിസ്തയും നിരന്നു.
സ്റ്റാന്‍റില്‍ ബന്ധിച്ച വീഡിയോ ക്യാമറ മുന്നിലേക്ക് തള്ളി മുഹമ്മദലി ഞങ്ങളുടെ ഓരോ ചലനങ്ങളും കാസറ്റിനുള്ളിലാക്കി. 


വിരലുകൊണ്ടുള്ള ആംഗ്യങ്ങള്‍ പിന്നെയും തുടര്‍ന്നു. ഇടക്ക് കൈകൊട്ടി എന്തോ സന്തോഷപ്രകടനങ്ങള്‍. പറയാനുള്ളതെല്ലാം തൊണ്ട വിഴുങ്ങിയിട്ടും മുഹമ്മദലി വിട്ടില്ല. പേനയെടുത്ത് കുറിപ്പെഴുതിയായി പിന്നീടുള്ള ആശയ വിനിമയം.
ഉത്തരദേശത്തില്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്ന 'ദേശക്കാഴ്ച' യെപ്പറ്റി കുറേ വാചാലനായി. അസ്സലാവുന്നുണ്ടെന്ന പുകഴ്ത്തലും.


മുഹമ്മദലിക്ക് എന്തൊക്കെയോ പറയാനുണ്ട്. തന്നെ കുറിച്ചല്ല. ക്യാമറകളിലൂടെ താന്‍ കണ്ട ഭൂതകാലത്തെക്കുറിച്ചും ഭൂതകാല വാഗ്ദാനങ്ങളില്‍ നിന്ന് വ്യതിചലിച്ച വര്‍ത്തമാനകാലത്തെക്കുറിച്ചു... അങ്ങനെ പലതും. ഇടക്ക് വീഡിയോ ക്യാമറയെടുത്ത് കുറേ ഭൂതകാല ചിത്രങ്ങള്‍ കാണിച്ചു.
കൊടിയ രോഗത്തിന്‍റെ പീഡയിലും സി.എല്‍. ഒട്ടും മാറിയിട്ടില്ല. കണ്ണോട് ചേര്‍ത്തുവെച്ച ക്യാമറക്കണ്ണിലൂടെ ഞങ്ങളെ തലങ്ങും വിലങ്ങും ഇരുത്തി കുറേ ചിത്രങ്ങള്‍ പകര്‍ത്തി.
പഴയ ചിത്രങ്ങളുടെ കെട്ടുനിവര്‍ത്തി ഓരോ പേജുകളില്‍ സി.എല്‍. വിരലുവെച്ചു. പ്രതാപകാലത്തിന്‍റെ നിറമുള്ള ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള പത്രത്താളുകളില്‍ നിന്ന് സി.എല്‍. ഞങ്ങള്‍ക്ക് കാസര്‍കോടിന്‍റെ മധുരിത നാളുകളുടെ സുഗന്ധം വിതറിത്തന്നു.


കെ.എസ്. അബ്ദുല്ലയെക്കുറിച്ച് കുറേ വാചാലനായി. ഐ. രാമറൈയുമായുണ്ടായിരുന്ന ആത്മബന്ധത്തിന്‍റെ കെട്ടഴിച്ചുകാണിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ കാസര്‍കോട് വഹിച്ച പങ്കിനെ കുറിച്ചടക്കം തയ്യാറാക്കിയ ഡോക്യുമെന്‍ററികളെക്കുറിച്ചുള്ള കട്ടിങ്ങുകള്‍ കാണിച്ചുതന്നു. സമരസേനാനി അച്ചുവേട്ടനെ ഇന്‍റര്‍വ്യൂ ചെയ്യുന്നതടക്കമുള്ള ചിത്രങ്ങളും. 


അഹ്മദ് മാഷിന് കുവൈത്തില്‍ നല്‍കിയ ആവേശകരമായ വരവേല്‍പിനെക്കുറിച്ച് പറയുന്പോള്‍ വേദനമറന്ന് സി.എല്‍. ചിരിക്കുന്നുണ്ടായിരുന്നു. മാഷെ വിടുന്നതേയില്ല.ഓരോ സംഭവത്തിലും അഹ്മദ് മാഷ് കടന്നുവരുന്നു. അദ്ദേഹത്തിന്‍റെ നന്മകളെകുറിച്ച് വാചാലനാകുന്നു.
* * *



പുറത്തുവരാതെ പിണങ്ങി നിന്ന വാക്കുകളോട് പടവെട്ടി സി.എല്‍. അതെല്ലാം ഞങ്ങള്‍ക്ക് എഴുതിക്കാണിച്ചു.
കുറേ ഫോട്ടോകള്‍ മുന്നിലിട്ടു. ആല്‍ബങ്ങളിലെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം ഞങ്ങള്‍ക്ക് കാസര്‍കോടിന്‍റെ ഇന്നലെകളെ കാട്ടിത്തന്നു. ഓരോ കഥകളും അറിഞ്ഞപ്പോള്‍, ചിത്രങ്ങളിലൂടെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അതിശയമായി.
മുല്ലപ്പള്ളി രാമചന്ദ്രനും എന്‍. രാമകൃഷ്ണനും പി. ഗംഗാധരന്‍ നായരും അടക്കമുള്ളവരുമായുണ്ടായിരുന്ന അടുത്തബന്ധം, എ.കെ. ആന്‍റണി നയിച്ച കേരളയാത്രയില്‍ സജീവമായി പങ്കെടുത്തതിന്‍റെ ഓര്‍മ്മ ചിത്രങ്ങള്‍... സി.എല്ലിന്‍റെ സൂക്ഷിപ്പില്‍ എല്ലാം ഭദ്രം.
വായനശാലയിലെ അലമാരയില്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ പോലെ, സി.എല്‍. മുഹമ്മദലിയുടെ മുറിയില്‍ കിടക്കുന്ന വീഡിയോ കാസറ്റുകളില്‍ കാസര്‍കോടിന്‍റെ ചരിത്രം ഉറങ്ങിക്കിടപ്പുണ്ട്. ഇന്നലെകളിലെ മധുരിക്കുന്നതും കയ്പേറിയതുമായ നിഗൂഢ ചരിത്രസത്യങ്ങളുടെ ഒരു സൂക്ഷിപ്പ്. അദ്ദേഹത്തിന്‍റെ ഫോട്ടോക്യാമറയില്‍ ഇനിയും പുറംലോകം കാണാത്ത അനേകം ചിത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
മുഹമ്മദലി എല്ലാ രംഗത്തും വ്യത്യസ്തനായിരുന്നു. ഒരു യുവതുര്‍ക്കിയുടെ ജീവിത ശൈലി. വ്യത്യസ്തമാര്‍ന്ന ഒരു ജീവിതം തന്നെയാണ് അദ്ദേഹം ആഗ്രഹിച്ചതും.


കാസര്‍കോട്ടെ പ്രാദേശിക ചാനലില്‍ 'സംതിങ്ങ് സ്പെഷ്യല്‍' എന്ന ഒരു പരിപാടി അവതരിപ്പിക്കാന്‍ എനിക്ക് പ്രചോദനമായതും മുഹമ്മദലിയാണ്. ചാനലില്‍ ആഴ്ചയ്ക്ക് ഒന്നെന്ന നിലയിലെങ്കിലും ഒരു പരിപാടി അവതരിപ്പിക്കണമെന്ന് എന്നെ ചാനലുടമയായ ഷുക്കൂര്‍ കോളിക്കര നിര്‍ബന്ധിച്ചു. വ്യത്യസ്തമായ ഒരു പരിപാടിക്കുള്ള വിഷയം തേടുകയായിരുന്നു ഞാന്‍. ഒരിക്കല്‍ സി.എല്‍ മുഹമ്മദലിയാണ് പറയുന്നത്, വ്യത്യസ്തമായ ഒരു ആംഗിള്‍ ഞാന്‍ പറഞ്ഞുതരാമെന്ന്. സി.എല്‍ വിഷയം തന്നു. കാസര്‍കോട് നഗരത്തില്‍ സജീവമായിരുന്ന രണ്ടു പൊടിക്കള്ളന്‍മാരെ കുറിച്ചുള്ള ഫീച്ചര്‍. കോഴിക്കള്ളന്‍ എന്ന പേരിലും ബ്ലേഡ് എന്ന പേരിലും അറിയപ്പെട്ടിരുന്ന രണ്ടു പൊടികള്ളന്‍മാര്‍ ഒരുകാലത്ത് നഗരത്തിന് എന്നും അസ്വസ്ഥതയാണ് സമ്മാനിച്ചിരുന്നത്. പക്ഷെ പൊടുന്നനെ ഇവരെ രണ്ടുപേരേയും കാണാതായപ്പോള്‍ അതായി നഗരത്തിന്‍റെ അസ്വസ്ഥത. അവരെവിടെപ്പോയി? ആ അന്വേഷണമായിരുന്നു സംതിങ്ങ് സ്പെഷ്യലിലൂടെ ഞാന്‍ നടത്തിയത്. സംഗതി ഹിറ്റായി. പാതിരാത്രി നഗരത്തിന്‍റെ ഇരുട്ടിലൂടെ ബസ് സ്റ്റാന്‍റിലും കവലകളിലും റെയില്‍വെ സ്റ്റേഷനിലും വീഡിയോ ക്യാമറയുമായി സഞ്ചരിച്ചു. ഒടുവില്‍ കോഴിക്കള്ളനെ മാത്രം കിട്ടി. മോഷണമൊക്കെ നിര്‍ത്തി, ആളാകെ മാറി, പ്രായശ്ചിത്തവുമായി കോഴിക്കള്ളന്‍ കവലയിലെ ഒരു കടതിണ്ണയില്‍ എല്ലാം മറന്ന് സുഖമായി കിടന്നുറങ്ങുന്നു. 



എല്ലാം ഇനി ഓര്‍മ്മ.
മരിച്ചുവീണ ഇന്നലെകളുടെ ചിത്രം മരിക്കാതെ സൂക്ഷിച്ച് ഒടുവില്‍ സി.എല്‍. മുഹമ്മദലിയും മരണത്തിന്‍റെ കൈപിടിച്ചു...

അദ്ദേഹത്തിന് പരലോക സൌഖ്യം ലഭിക്കുമാറാകട്ടെ... ആമീന്‍..

By T.A.Shafi ... Utharadesam Daily

No comments: