
ചോറ്
സാധാരണപോലെ വെള്ളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞു ചോറുണ്ടാക്കുന്ന രീതി എല്ലാവര്‍ക്കും അറിയാം. അരിയുടെ അളവിനനുസരിച്ച് വെള്ളംചേര്‍ത്തു വെന്തു വറ്റിച്ചെടുക്കുകയാണ് മറ്റൊരു രീതി. കുതിര്‍ത്ത പച്ചരി
എണ്ണമയം ചേര്‍ത്തു വഴറ്റി, വെള്ളം ചേര്‍ത്തു വറ്റിച്ചെടുക്കുന്നതാണ് ഫ്രൈഡ്‌റൈസ്-ബിരിയാണിച്ചോറുകളുണ്ടാക്കുന്ന രീതി. ശര്‍ക്കരപ്പാനിയില്‍ വേവിച്ചെടുക്കുമ്പോള്‍ പായസച്ചോറായി. പരമാവധി പോഷക നഷ്ടം കുറച്ചും രുചികരമായി തയ്യാറാക്കാവുന്ന ചില ചോക്ഷണങ്ങളുടെ പാചകവിദ്യകളിതാ..
വെജിറ്റബിള്‍ റൈസ്
100 ഗ്രാം അരിക്ക് 20 ഗ്രാം തോതില്‍ കാരറ്റ്, ബീന്‍സ്, കാബേജ്, ചീര എന്നിവകഴുകിയരിഞ്ഞതുചേര്‍ത്തു വേവിക്കുക. വെന്തിറക്കുമ്പോള്‍ 100 ഗ്രാം തേങ്ങചിരകിയെടുത്തത് ഒരു പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, അല്പം ഇഞ്ചി എന്നിവചേര്‍ത്ത് അരച്ചൊഴിച്ച് വാങ്ങുക. പ്രത്യേക കറികള്‍ ഇതിനുവേണ്ട. പത്ഥ്യക്കാര്‍ ഉപ്പൊഴിവാക്കുന്നതാണു നല്ലത്. ആവശ്യക്കാര്‍ക്കു ചട്ണിയോ കറികളോ ചേര്‍ത്തു കഴിക്കുകയുമാകാം.
പോഷകക്കഞ്ഞി
അരി 500 ഗ്രാമിന് ചെറുപയര്‍ 100 ഗ്രാം, ഉലുവ 30 ഗ്രാം (മുളപ്പിച്ചതായാല്‍നന്ന്) ക്രമത്തില്‍ കഴുകി വേവിക്കുക. പകുതി വേവാകുമ്പോള്‍ അരിയുംകഴുകിയിടുക. ഇതില്‍ 50 ഗ്രാം ചുവന്നുള്ളി, 20 ഗ്രാം വെളുത്തുള്ളി, തൊലി കളഞ്ഞെടുത്തതും, 50 ഗ്രാം വീതം നേന്ത്രക്കായ്, കാരറ്റ്, ബീന്‍സ്, കാബേജ്,കോവല്‍ക്കായ്, പടവലങ്ങ, വെള്ളരിക്ക ഇവ കഴുകി ചെറുതായി നുറുക്കിയതുംചേര്‍ക്കുക. രുചിക്കുമെങ്കില്‍ ഒരു ടീസ്പൂണ്‍വരെ മഞ്ഞള്‍പൊടിയും ചേര്‍ക്കാം. വെന്തിറക്കുമ്പോള്‍ ഒരു ചെറിയ നാളികേരം ചിരകിയെടുത്തതില്‍രുചിക്കാവശ്യമായ അളവില്‍ പച്ചമുളക്, ഉപ്പ്, ഇഞ്ചി, കറിവേപ്പില, മല്ലിയില,ജീരകം എന്നിവ അരച്ചുചേര്‍ത്തു വാങ്ങാം. നാലഞ്ചുപേര്‍ക്ക് ഒരു നേരത്തേക്കിതു മതിയാകും. ഇതു വറ്റിച്ചു വാങ്ങി ചോറാക്കിയും കഴിക്കാം. കറികള്‍ വേണ്ടേ വേണ്ട.
മുരിങ്ങയിലച്ചോറ്
150 ഗ്രാം തവിടുകളയാത്ത ഉണക്കലരി വെള്ളത്തില്‍ വേവിച്ചു വറ്റിച്ചെടുക്കുക.വൃത്തിയാക്കി കൊഴിച്ചെടുത്ത 50 ഗ്രാം മുരിങ്ങയില പാത്രത്തില്‍വച്ച് മീതേരണ്ടു ടീസ്പൂണ്‍ വെണ്ണയോ ഒരു ടീസ്പൂണ്‍ നെയ്യോ വച്ച് അതിന്റെ മീതേവറ്റിച്ചെടുത്ത ചൂടുചോറ് വിളമ്പിവച്ച് ആവി പുറത്തുപോകാത്ത വിധം ഒതുക്കിവയ്ക്കുക. അഞ്ചുമിനിറ്റുകഴിഞ്ഞ് രുചിക്കു വേണ്ടത്ര ഉപ്പോ ചട്ണിയോചേര്‍ത്തു കഴിക്കാം. എല്ലാ പോഷകങ്ങളും നാരും ജലവും ലവണങ്ങളുംഇതിലുണ്ടാകും. ജീവകം അ ധാരാളമായി ലയിക്കുമെന്നതിനാല്‍ നേത്രരോഗികള്‍ക്കുത്തമമാണ്. അരിയുടെയും മറ്റു വസ്തുക്കളുടെയും അളവ് ആളെണ്ണമനുസരിച്ചു കൂട്ടിയാല്‍ കുടുംബത്തിലെ മുഴുവന്‍പേര്‍ക്കും ഒരേയാഹാരംമതിയാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.
ചീരച്ചോറ്
അരിയുടെ തൂക്കത്തോളം ചുവന്ന ചീര (ഏതു ചീരയുമാകാം) വൃത്തിയാക്കിതീരെ ചെറുതാക്കി അരിഞ്ഞ്, അരി തിളച്ചുകഴിഞ്ഞ് അതില്‍ ചേര്‍ക്കുക.വെള്ളം വറ്റാറാകുമ്പോള്‍ രുചിക്കനുസരിച്ച് ഉപ്പ്, ചുവന്നുള്ളി, ജീരകം, പച്ചമുളക്, നാളികേരം ഇവ അരച്ചൊഴിച്ച് വറ്റിച്ചുവാങ്ങുക. അരയ്ക്കുന്നതില്‍ മുളപ്പിച്ച നിലക്കടലകൂടി ചേര്‍ത്താല്‍ മാംസ്യവും കിട്ടും. ദഹനപ്രശ്‌നമുണ്ടാക്കില്ല. പോഷകങ്ങളും നാരുകളും വേണ്ടത്ര ലഭിക്കും.
നാരങ്ങാച്ചോറ്
വേവിച്ച ആഹാരം അമ്ലജനകമാണ്. അതു സമയം കഴിഞ്ഞാല്‍ കൂടുതല്‍കുഴപ്പമുണ്ടാക്കും. എന്നാല്‍ കൂടുതല്‍ സമയം ഭക്ഷണം വച്ചിരുന്നു കഴിക്കേണ്ടിവരുമ്പോഴും യാത്രാവേളയിലും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് നാരങ്ങാച്ചോറ്. ഒരാള്‍ക്ക് ആവശ്യമായത്ര ചോറിന്, ഒരു സ്പൂണ്‍ നെയ്യില്‍ഒന്നുരണ്ടു പച്ചമുളക്, ഇഞ്ചി, കറിവേപ്പിലക്കതിര്‍ ഇവ വഴറ്റി മൂപ്പിക്കുക.ഇതില്‍ ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. രണ്ടു ചെറിയനാരങ്ങയുടെ നീര് ഈ കൂട്ടില്‍ച്ചേര്‍ത്തു ചോറിട്ടിളക്കി ജലാംശം വറ്റിച്ചെടുക്കുക. കൂട്ട് എല്ലായിടത്തും പിടിക്കത്തവിധം ചിക്കിയിളക്കണം. ചൂടു തീരെകുറഞ്ഞേ, പാത്രങ്ങളില്‍ അടച്ചുകെട്ടാവൂ. പെട്ടെന്നൊന്നും കേടാകുകയില്ല.
തൈരുസാതം-സാമ്പാര്‍സാതം
ഒരാള്‍ക്ക് 200 ഗ്രാം എന്ന കണക്കില്‍ ഉണക്കലരി വറ്റിച്ചു ചോറാക്കുക. ചോറിന്റെയളവിനനുസരിച്ച് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, (ചുവന്നുള്ളി ഇഷ്ടമെങ്കില്‍) ഇവ എണ്ണയില്‍ വഴറ്റി മൂപ്പിച്ചെടുക്കുക. ഇത് അടുപ്പില്‍ നിന്നിറക്കിതണുത്തശേഷം ചോറിട്ടിളക്കിച്ചേര്‍ക്കുക. പാത്രത്തിന്റെ ചൂട് തീര്‍ത്തുംപൊയ്ക്കഴിഞ്ഞാല്‍, കൂട്ടില്‍ ചോറിട്ടിളക്കുക. ഒരു പരന്ന പാത്രത്തില്‍ നിരത്തി,പുളിക്കാത്ത തൈരും നാരങ്ങാനീരും ഉപ്പും ചേര്‍ത്തു തളിച്ച് ഇളക്കി വിളമ്പാം.മല്ലിയില അരിഞ്ഞുചേര്‍ത്ത് ചോറ് അലങ്കരിക്കാം. പൊതിച്ചോറാക്കാന്‍ നന്ന്. തൈരിനുപകരം സാമ്പാറോ രസമോ ചേര്‍ക്കാം. പേരുമാറും. രുചിയും മാറും. അത്രതന്നെ.
ഗോതമ്പുചോറ്
നെല്ലരിയേക്കാള്‍ അന്നജം കുറവും മാംസ്യം കൂടുതലുമായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇതു ചികിത്സകര്‍ വിധിക്കുന്നു. നുറുക്കുഗോതമ്പ് കഞ്ഞിയാക്കിയും വറ്റിച്ചു ചോറാക്കിയും കഴിക്കാം. അപ്പോള്‍ ഉപയോഗത്തിന്റെ അളവു കൂട്ടുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ സാരമായ കുറവുണ്ടാകുന്നില്ല. അതിനുള്ള പോംവഴി പൊടിച്ചു ചപ്പാത്തിയാക്കിക്കഴിക്കുകയെന്നതാണ്. മലയാളിയുടെ ‘ചോറുണ്ണുക’ എന്ന ശീലം തെറ്റലിന്റെ ആകുലത അപ്പോഴുണ്ടാകാം. കുറഞ്ഞ അളവില്‍ ഗോതമ്പുമുളപ്പിച്ചെടുത്ത്, മുളപ്പിച്ചചെറുപയര്‍, ഉലുവ, നിലക്കടല എന്നിവയും അരിഞ്ഞുവഴറ്റിയ ബീന്‍സ്,കാബേജ്, കോവല്‍ക്ക, പടവലങ്ങ തുടങ്ങിയ പച്ചക്കറികളും കൂട്ടി വേവിച്ചുവറ്റിച്ചെടുത്താല്‍ നല്ല ചോറായി. മല്ലിയിലച്ചട്ണി കൂട്ടിക്കഴിക്കാന്‍ നന്നായിരിക്കും.
വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്
കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, കുതിര്‍ത്ത ഗ്രീന്‍പീസും മുളപ്പിച്ച നിലക്കടലയുംവേവിച്ചത്, സവാള, ബീന്‍സ് എന്നിവ അരിയുടെ അളവിന് ആനുപാതികമായെടുത്ത് അരിഞ്ഞുവഴറ്റി, കുതിര്‍ത്ത അരിയും മതിയായ ഉപ്പും കൂടി ചേര്‍ത്ത് അല്പനേരം അതും വഴന്നുകഴിഞ്ഞാല്‍ പാത്രത്തിലേക്കുവെള്ളം പകരുക. അരിക്കു നിരപ്പിനു വെള്ളംമതി. അല്പം മഞ്ഞള്‍പൊടിചേര്‍ക്കുക. വെന്തുവറ്റിച്ചെടുക്കുക. ചൂടാറാതെ വിളമ്പണം. കുതിര്‍ത്തു മസാല പുരട്ടി വറുത്തോ കറിയാക്കിയതോ ആയ സോയാബീന്‍ കേക്കുചേര്‍ത്ത് ചോറു ഫ്രൈയാക്കാം. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍വറുത്തു ചോറില്‍ ചേര്‍ത്തും കൊടുക്കാം. ചോറില്‍ എണ്ണമയം കിനിഞ്ഞു നില്ക്കത്തക്കവിധം നെയ്‌പോലും ചേര്‍ക്കുന്നതാരോഗ്യകരമല്ല. ഉപ്പും മസാലകളും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍അരിവറ്റിച്ച്, വഴറ്റിയതും വറുത്തതുമായ കൂട്ടുകള്‍ ഇട്ട് ഇളക്കി യോജിപ്പിച്ച്,കനലില്‍, ചൂടായിത്തന്നെ നിലനിര്‍ത്തി വിളമ്പുന്ന സമ്പ്രദായവുമുണ്ട്.തൈര് സലാഡും ഇലച്ചമ്മന്തിയും ഇതിനു നല്ല ഉപദംശമായിരിക്കും.
No comments:
Post a Comment