Saturday, September 7, 2013

ചോക്ളെറ്റ് ടേസ്റ്റർ



ജോലിയെന്താ? ചോക്കലേറ്റ് തിന്നല്‍... ഞെട്ടേണ്ടതില്ല. ചോക്കലേറ്റ് ടേസ്റ്ററുടെ പണി അതുതന്നെ. ചോക്കലേറ്റിനെ ഇഷ്ടഭാജനമായി കൂടെക്കൂട്ടിയവരെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ജോലിയാകുമിത്.

കൊക്കോ രുചിപ്രിയര്‍ക്കാണ് ഈ ജോലി യോജിക്കുക. പുതിയ രുചിമിശ്രണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ സമ്പാദിക്കുക, പുതിയ ഉത്പന്നങ്ങള്‍ രുചിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക, പുതിയ രുചികള്‍ കണ്ടെത്തുക, ജനവിഭാഗങ്ങളുടെ ഇഷ്ടരുചി തേടി യാത്രനടത്തുക തുടങ്ങിയവയൊക്കെ ജോലിയുടെ ഭാഗമായിരിക്കും. രുചി മാത്രമല്ല മണവും പ്രധാനമാണ് ഈ തൊഴിലില്‍. ചോക്കലേറ്റ് മിഠായികളുടെ നിറവും ഗുണവും മണവുമൊക്കെ നിശ്ചയിക്കുന്നത് ചോക്കലേറ്റ് ടേസ്റ്ററായിരിക്കും.

കൊക്കോ പരിപ്പുകളാണ് ചോക്കലേറ്റിന്റെ അടിസ്ഥാനഘടകം. അതിന്റെ രുചി കാലാവസ്ഥ, വളരുന്ന കൃഷിഭൂമി, മണ്ണിന്റെ അവസ്ഥ, വിളവെടുപ്പിന് ശേഷമുള്ള സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കോടികള്‍ മറിയുന്ന ചോക്കലേറ്റ് നിര്‍മാണബിസിനസ്സില്‍ രുചിപരിശോധനയും അതിപ്രാധാന്യമര്‍ഹിക്കുന്നു.

മികച്ച വരുമാനം ഉറപ്പുള്ള ജോലിയാണ് ചോക്കലേറ്റ് ടേസ്റ്ററുടേത്. പരിചയവും ജോലിയിലെ മികവുമൊക്കെ കൂടുതല്‍ വരുമാനവും ആനുകൂല്യങ്ങളും നേടിത്തരും. വിതരണക്കാര്‍, പരസ്യഡിസൈനര്‍മാര്‍, പാക്കേജുകള്‍ക്ക് രൂപംനല്‍കുന്നവര്‍ തുടങ്ങിയവരുമായൊക്കെ പതിവായി സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരും.

അടിസ്ഥാനപരമായി ചോക്കലേറ്റിനെ അറിഞ്ഞിരിക്കുകയെന്നതാണ് ഈ തൊഴിലിന്റെ പ്രധാനഭാഗം. നാവിലെ രുചിമുകുളങ്ങള്‍ നല്ല സംവേദനശേഷിയുള്ളതാവണം. രുചിയിലെ നേരിയ വ്യത്യാസങ്ങള്‍പോലും തിരിച്ചറിയാന്‍ കഴിയണം. പുതിയ പ്രവണതകളും സമൂഹത്തിന്റെ ആവശ്യകതയുമൊക്കെ അറിഞ്ഞിരിക്കണം. ആദ്യാവസാനം ക്ഷമാശീലം ആവശ്യപ്പെടുന്ന ജോലിയാണിതെന്നും ഓര്‍ത്തിരിക്കുക.

പ്ലസ്ടു നേടിയ ശേഷം ന്യൂട്രീഷന്‍, ഫുഡ്‌ടെക്‌നോളജിയില്‍ ബിരുദം സമ്പാദിക്കുക. അടിസ്ഥാനവിവരങ്ങള്‍ക്ക് ഈ പഠനം സഹായിക്കും. ചോക്കലേറ്റ് നിര്‍മാണ, വിതരണ രംഗത്ത് പരിചയം സമ്പാദിക്കാനും ശ്രദ്ധിക്കുക. ചില പഠനകേന്ദ്രങ്ങള്‍:

* യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി(www.du.ac.in)
* യൂണിവേഴ്‌സിറ്റി ഓഫ് മൈസൂര്‍(www.uni-mysore.ac.in/ food-science-and-nutrition)
* ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്, ഗോവ(www.ihmgoa.nic.in/ ihmgoa.htm)

No comments: