Saturday, September 7, 2013

ചായക്കോപ്പയില്‍ നിന്ന് ജീവിതം



എണ്‍പതുകളിലെ തണുപ്പുകാലത്ത് ഔദ്യോഗിക ആവശ്യാര്‍ഥമാണ് ബാംഗ്ലൂര്‍വരെ പോകേണ്ടിവന്നത്. മടക്കയാത്ര ബസ്സിലായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള പുലര്‍കാലത്താണ് വയനാടന്‍ചുരമിറങ്ങുന്നത്. ബസ്സിന്റെ ജാലകപ്പഴുതിലൂടെ ഇരച്ചെത്തുന്ന ശീതക്കാറ്റ് ശരീരത്തെ മഞ്ഞുപ്രതിമപോലെയാക്കി മാറ്റി. എങ്ങനെയെങ്കിലും യാത്ര തീര്‍ന്നുകിട്ടിയാല്‍ മതിയെന്ന മട്ടിലായി. കിടുകിടാ വിറയ്ക്കുന്നതിനിടയിലാണ് ബസ് അടിവാരത്ത് ഒരു ചായക്കടയുടെ മുന്നില്‍ നിര്‍ത്തിയത്. മെല്ലെയിറങ്ങി ചൂടുപറക്കുന്ന ഒരു കട്ടന്‍ചായ ചോദിച്ചുവാങ്ങി. അവിടെനിന്നാണ് വീണ്ടും ജീവന്‍വെച്ചത്. അന്ന് കുടിച്ച ചായയുടെ ചൂടും രുചിയും ഇപ്പോഴും മറന്നിട്ടില്ല...

കുളിരുള്ള പ്രഭാതത്തില്‍ ഒരു കപ്പ് ചായ നിങ്ങളില്‍ ചൂടുനിറയ്ക്കും. മനസ്സ് ചുട്ടുപുകയുമ്പോള്‍ ഒരു കപ്പ് ചായ നിങ്ങളെ ശാന്തനാക്കും. ചായ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലമേറെയായി. ഈ പാനീയത്തിന്റെ രുചി ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു തൊഴില്‍മേഖലയുണ്ട്. ടീ ടേസ്റ്റര്‍. നിങ്ങള്‍ കൈയിലെടുക്കുന്ന ഓരോ കപ്പ് ചായയ്ക്കുപിന്നിലും ചില ടീ ടേസ്റ്റര്‍മാരുണ്ടാകും. അതിന്റെ ഗുണനിലവാരവും രുചിയും മണവുമൊക്കെ ആദ്യം അറിഞ്ഞ് നിങ്ങള്‍ക്കായി അത് തിരഞ്ഞെടുത്തവര്‍.

ചായ ഉത്പാദനത്തിലും കയറ്റുമതിയിലും ഉപയോഗത്തിലുമൊക്കെ മുന്‍നിരയിലാണ് ഇന്ത്യ. ടീ മാനേജ്‌മെന്റ് കരിയര്‍രംഗത്ത് അത്ര അറിയപ്പെടുന്നതല്ല. എന്നാല്‍, ആവേശകരമായ തൊഴില്‍രംഗമാണിതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയും. അതില്‍ത്തന്നെ സ്‌പെഷലൈസ്ഡ് വിഭാഗക്കാരാണ് ടീ ടേസ്റ്റര്‍മാര്‍. അടിസ്ഥാനപരമായി ചായയുടെ ഗുണം രുചിച്ചറിയുകയാണ് പ്രധാനജോലി. രുചിയനുസരിച്ച് ചായപ്പൊടി വിവിധഇനങ്ങളാക്കി തിരിക്കുക, ബ്രാന്‍ഡ് നല്‍കുക, മിശ്രിതങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയൊക്കെ ദൗത്യങ്ങളിലുള്‍പ്പെടും.

മണം, രുചി, നിറം

അസം മലനിരകള്‍, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്, നീലഗിരിക്കുന്നുകള്‍ തുടങ്ങിയ മേഖലകളിലാണ് തേയിലത്തോട്ടങ്ങള്‍ വ്യാപകം. ഒരു തോട്ടത്തില്‍ത്തന്നെ വിവിധ ഇനങ്ങളിലും ഗുണങ്ങളിലുമുള്ള തേയിലച്ചെടികളുണ്ടാകും. ഒരേചെടിയില്‍നിന്നുതന്നെ വിവിധ സീസണുകളില്‍ ലഭിക്കുന്ന കൊളുന്തുകള്‍ വിവിധ നിലവാരത്തില്‍പ്പെടുന്നതായിരിക്കും. ഇതൊക്കെ അതിശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ട കാര്യങ്ങളാണ്. കമ്പ്യൂട്ടറുകളും മറ്റും ഇപ്പോള്‍ ഈ മേഖലയില്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍, രുചിഭേദങ്ങള്‍ നിശ്ചയിക്കുന്നതിലും മിശ്രണങ്ങള്‍ക്ക് രൂപംനല്‍കുന്നതിലുമൊക്കെ ഇപ്പോഴും അന്തിമ വാക്ക് ടീ ടേസ്റ്റര്‍മാരുടേതാണ്.

രുചിയും മണവും ഗുണവുമൊക്കെ തിരിച്ചറിയാനുള്ള സ്വാഭാവികശേഷി ഓരോ മനുഷ്യനിലുമുണ്ടാകും. അവ വളര്‍ത്തി പരിപോഷിപ്പിച്ചെടുക്കുന്നതിലാണ് വിജയം. ടീ ടേസ്റ്റര്‍മാര്‍ക്ക് തുടക്കത്തില്‍ നല്ല പരിശീലനം ആവശ്യമാണ്. അത് തേയിലത്തോട്ടങ്ങളില്‍നിന്നുതന്നെ തുടങ്ങുന്നു. എങ്ങനെയാണ് കൃഷിയെന്നും എങ്ങനെയാണ് വിളവെടുപ്പെന്നുമൊക്കെ വ്യക്തമായ ധാരണ സമ്പാദിക്കണം. നുള്ളിയെടുത്ത് കൊളുന്തിന്റെ വലിപ്പവും നിറവുമൊക്കെ വിലയിരുത്തി രുചിയും മണവും എങ്ങനെയിരിക്കുമെന്ന് പറയാന്‍ കഴിയണം. ശാസ്ത്രവും കലയും സമ്മേളിക്കുന്ന തൊഴിലെന്ന് ടീ ടേസ്റ്റിങ്ങിനെ വിശേഷിപ്പിക്കാം.

കുടിയും വലിയും വേണ്ട

മണവും രുചിയും പിടിച്ചെടുക്കാനുള്ള ശേഷിയാണ് പ്രധാനം. ഇത് നിലനിര്‍ത്തുന്നതിനായി ചില നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ ആവശ്യമായിവരും. മദ്യപാനവും പുകവലിയും ഒഴിവാക്കേണ്ടി വരും. എരിവേറിയ മസാലഭക്ഷണങ്ങളും വര്‍ജിക്കേണ്ടിവരും. ഒരു ദിവസം 200-300 കപ്പ് ചായയുടെ രുചിവരെ നോക്കേണ്ടി വരും. ഗന്ധം, നിറം, രുചി, കടുപ്പം തുടങ്ങിയവ അടിസ്ഥാനമാക്കി 1500-ല്‍ കുറയാത്ത ഇനത്തില്‍പ്പെട്ട ചായകളെ തിരിച്ചറിയാനും കഴിയണം. ഇതിനൊപ്പം മാനേജ്‌മെന്റ്/മാര്‍ക്കറ്റിങ് രംഗങ്ങളിലും അടിസ്ഥാനശേഷി ആര്‍ജിക്കണം. തേയിലവിപണിയിലെ പുതിയ പ്രവണതകള്‍, താത്പര്യങ്ങള്‍, ആവശ്യങ്ങള്‍ തുടങ്ങിയവയൊക്കെ അറിഞ്ഞിരിക്കണം.

മികച്ച കമ്പനികളില്‍ പരിചയസമ്പന്നരായ ടീ ടേസ്റ്റര്‍ക്ക് അരലക്ഷംരൂപയിലേറെ പ്രതിമാസശമ്പളം ലഭിക്കും. ആനുകൂല്യങ്ങളും ഭക്ഷണ, താമസസൗകര്യങ്ങളുമൊക്കെ ഇതിനുപുറമെ. തുടക്കക്കാര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലാവും നിയമനം. തുടര്‍ന്ന് പരിശീലനഘട്ടം. പ്രൊഫഷണല്‍ ടീ ടേസ്റ്ററാകാന്‍ വര്‍ഷങ്ങളുടെ പരിശീലനം വേണ്ടിവരും. കഴിവനുസരിച്ച് ടീ ടേസ്റ്റിങ് മാനേജര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് സ്ഥാനക്കയറ്റവും ലഭിക്കും.

പ്രകൃതിസ്‌നേഹികള്‍ക്ക് പറ്റിയ മേഖലയാണിത്. എവിടെത്തിരിഞ്ഞാലും ഹരിതാഭ, സുഖകരമായ കാലാവസ്ഥ തുടങ്ങിയവയൊക്കെ തേയിലത്തോട്ടങ്ങളുടെ പ്രത്യേകതയാണ്. വിനോദസഞ്ചാരം വന്‍കുതിച്ചുചാട്ടത്തിന്റെ വഴിയിലായതോടെ ഹോസ്പിറ്റാലിറ്റി മേഖലയിലും അവസരങ്ങളുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലുംമറ്റും ടീ ടേസ്റ്റര്‍ തസ്തികയില്‍ നിയമനം നടക്കുന്നു.

18-25 പ്രായക്കാര്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാം. അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബോട്ടണി, ഫുഡ്‌സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയവയില്‍ ബിരുദധാരികളെ ടീ ടേസ്റ്റര്‍ തസ്തികയിലേക്ക് പരിഗണിക്കാറുണ്ട്. ടീ ടേസ്റ്റിങ്ങില്‍ ഡിഗ്രി/പി.ജി ഡിപ്ലോമ/ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടുകളുമുണ്ട്. അത്തരം ചില പഠനകേന്ദ്രങ്ങള്‍.

1. എന്‍.ഐ.ടി.എം., ഡാര്‍ജിലിങ് ടീ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍, കദംതല, പശ്ചിമബംഗാള്‍
2. ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫ്യൂച്വറിസ്റ്റിക് സ്റ്റഡീസ്, ദക്ഷിണകൊല്‍ക്കത്ത, പശ്ചിമബംഗാള്‍.
3. ഉപാസി ടീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, വാല്‍പ്പാറ, തമിഴ്‌നാട്.
4. ടീ ടേസ്റ്റേഴ്‌സ് അക്കാദമി, കൂനൂര്‍, നീലഗിരി, തമിഴ്‌നാട്.
5. ദിപ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്, സാള്‍ട്ട്‌ലേക്ക് സിറ്റി, കൊല്‍ക്കത്ത.
6. അസം ഡാര്‍ജിലിങ് ടീ റിസര്‍ച്ച് സെന്റര്‍, കുര്‍സിയോങ്, ഡാര്‍ജിലിങ്.
7. അസം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ജോര്‍ഹട്ട്, അസം.
8. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റ്, മാലത്തള്ളി, ബാംഗ്ലൂര്‍.
9. അസം യൂണിവേഴ്‌സിറ്റി, സില്‍ച്ചാര്‍, അസം.
10. ഡെപ്രോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്, കൊല്‍ക്കത്ത

BY: പി.കെ. അയ്യര്‍

No comments: