Thursday, January 16, 2014

ഹോം സ്‌കൂളിങ് :ദീനിന്റെ മക്കളെ വളര്‍ത്തിയെടുക്കാനുള്ള ഉത്തമ വിദ്യാഭ്യാസരീതി

തന്റെ വികൃതികളായ രണ്ടുകുട്ടികളെ വീട്ടിലിരുത്തി വിദ്യാഭ്യാസം നല്‍കും എന്ന് ആരെങ്കിലും തന്റെ സ്വപ്‌നത്തെപ്പറ്റി പറഞ്ഞാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും ? ദിവസം മുഴുവന്‍ കുസൃതികളോടൊപ്പം ചിലവഴിക്കാനോ, നടക്കുന്ന കാര്യം വല്ലതും പറയൂ എന്നായിരിക്കും നിങ്ങളുടെ മറുപടി.
ഹോംസ്‌കൂളിങ് എന്ന സ്വപ്‌നത്തിലേക്ക് ഞാന്‍ കടന്നുചെന്നതിന്റെ വിവരണമാണിതില്‍. കുട്ടികളുടെ മനഃശാസ്ത്രവും പാരന്റിങ് സൂത്രവിദ്യകളും എന്റെ ആദ്യരക്ഷകര്‍തൃവേളയില്‍ ഞാന്‍ പഠിച്ചെടുത്തതും പ്രയോഗിച്ചുനോക്കിയതിലൂടെ അത് ഒട്ടേറെ അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ചു എന്ന സന്തോഷം ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു.

എന്റെ കയ്യില്‍ കരഞ്ഞ് , ഒച്ചയിട്ട്, നിലവിളിച്ച് തളര്‍ന്ന്്, ശാന്തമായുറങ്ങുന്ന കുഞ്ഞല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഇതികര്‍ത്തവ്യാമൂഢയായി നില്‍ക്കവേ, ഞാന്‍ പടച്ചവനോട് പ്രാര്‍ഥിച്ചു: 'പടച്ചവനേ, ഒരു കുഞ്ഞിനെ നല്‍കുക വഴി നീ എനിക്ക് മാതൃത്വത്തിന്റെ സവിശേഷപദവി കനിഞ്ഞരുളിയവനാണ് നീ. ഈ കുഞ്ഞിനെ വഴികാട്ടുവാനുള്ള സൂത്രങ്ങള്‍ നീയെന്നെ അറിയിച്ചുതരണേ.'
ആദ്യത്തെ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലുപാടുനിന്നും ഉപദേശങ്ങള്‍ വന്നുതുടങ്ങി. 'എത്രയും പെട്ടെന്ന് കുട്ടിയെ നല്ല സ്‌കൂളില്‍ ചേര്‍ത്തണം. ഡൊണേഷനും മാസാന്തഫീസും കാര്യമാക്കരുത്. ആപ്ലികേഷന്‍ ഫോം വാങ്ങി പൂരിപ്പിച്ച് ഇന്നുതന്നെ കൊടുക്കണം, ചെറിയ ഇന്റര്‍വ്യൂ ഉണ്ടാകും, ചിലപ്പോള്‍ വെയ്റ്റിങ് ലിസ്റ്റിലായേക്കാം'. അക്കൂട്ടരില്‍ ചിലര്‍ ഇത്രയും കൂടി പറഞ്ഞുവെച്ചു:'ഇക്കാലത്ത് നല്ല ബുദ്ധിശക്തിയും ആത്മവിശ്വാസവും സഹവര്‍ത്തിത്വമനോഭാവവുംകുട്ടികളില്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ അവരെ എത്രയും നേരത്തേ ഏതാണ്ട് ഒന്നര-രണ്ട് വയസ്സിനുള്ളില്‍ നല്ല സ്്കൂളുകളില്‍ ചേര്‍ത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കുട്ടിയുടെ ഭാവി നശിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.'
പക്ഷേ, ഞാന്‍ അതൊന്നും വകവെക്കാതെ എന്റെ സ്വപ്‌നവുമായി മുന്നോട്ടുപോയി.

മേല്‍പറഞ്ഞ ആശങ്കകള്‍ വെറും കുമിളകള്‍ മാത്രമാണെന്ന് എന്റെ സ്വപ്‌നയാത്രയിലെ പ്രായോഗികാനുഭവങ്ങളില്‍നിന്ന് ബോധ്യമായി. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണമെങ്കില്‍ അവരെ രണ്ടുവയസുമുതല്‍കേ തികച്ചും അപരിചിതരായവരോടൊപ്പം ഒരു റൂമിലിരുത്തണമെന്നോ ? എന്തു വിവരക്കേടാണ്! മുലകുടി പ്രായം രണ്ടുവര്‍ഷമാണെന്ന് അല്ലാഹു നിശ്ചയിച്ചതിന് ചില ലക്ഷ്യങ്ങളില്ലേ ? ശിശുക്കള്‍ക്ക് 10-11 മാസം എത്തുന്നതിനുമുമ്പ് നടക്കാനുള്ള കഴിവ് എന്തുകൊണ്ട് അല്ലാഹു നല്‍കിയില്ല ? ആട്ടിന്‍കുഞ്ഞുങ്ങളൊക്കെ പ്രസവിച്ചുവീണയുടന്‍ എഴുന്നേറ്റുനില്‍ക്കാനും ഓടാനും തുടങ്ങുന്നത് നാം കാണുന്നുണ്ടല്ലോ.ഒന്നര-മൂന്ന് വയസ് കാലയളവിനുമുമ്പ് എന്തുകൊണ്ട്  എങ്ങനെ മലമൂത്രവിസര്‍ജനം ചെയ്യണമെന്ന് നാം അഭ്യസിപ്പിക്കാത്തതെന്താണ്? പെറ്റുവീഴുന്ന സമയംതൊട്ട് മാതാവിനോട് ഒട്ടിച്ചേര്‍ന്ന് മാതാവിന്റെ വാത്സല്യവും പരിചരണവും സ്‌നേഹവും കിട്ടുമ്പോള്‍ ശിശുവിന്റെ ആത്മവിശ്വാസം വര്‍ധിച്ചുവരുന്നു എന്ന ശാസ്ത്രീയസത്യമാണതിനുപിന്നില്‍.
ഇന്റര്‍നെറ്റില്‍നിന്ന്് വീട്ടിലിരുന്ന് കുട്ടികളെ അഭ്യസിപ്പിക്കാനും, ശിക്ഷണനടപടികള്‍ കൈകൊള്ളാനും മറ്റുമുള്ള ചെപ്പടിവിദ്യകള്‍ ഞാന്‍ മനസ്സിലാക്കി. കുട്ടികളുടെ മനഃശാസ്ത്രവും പഠനരീതിശാസ്ത്രവും ക്രമേണ സ്വായത്തമാക്കി. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ ഉടന്‍തന്നെ നെറ്റില്‍ പരതും . ഉദാഹരണത്തിന് കൈയില്‍ കിട്ടിയതെന്തും വലിച്ചെറിയുന്ന സ്വഭാവം എങ്ങനെ ദുരീകരിക്കാം എന്നതിന് പരിഹാരമെന്താണെന്ന് പരതി അപ്രകാരം ചെയ്യുക തുടങ്ങി പലതും.
നേരു പറയാമല്ലോ, ഞാന്‍ നെറ്റില്‍നിന്നും അല്ലാതെയും ഒക്കെ വായിച്ചറിഞ്ഞതും മുതിര്‍ന്ന പരിചയസമ്പന്നരായ രക്ഷിതാക്കളുടെ അഭിപ്രായനിര്‍ദേശങ്ങളും തമ്മില്‍ അജഗജാന്തരമുണ്ടായിരുന്നത് എന്നെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കി. അപ്പോഴൊക്കെ പടച്ചവനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കും; പരിശീലനരീതിശാസ്ത്രത്തിന്റെ യാഥാര്‍ഥ്യം നീയെനിക്ക് വെളിപ്പെടുത്തിത്തരണമേ എന്ന്. പിള്ളേരെ പഠിപ്പിക്കാനിറങ്ങിയ എന്റെ അതിസാഹസത്തിനൊടുവില്‍ എല്ലാദിവസവും ഞാനവരുടെ കുസൃതികള്‍ക്കുമുന്നില്‍ തോറ്റുതൊപ്പിയിട്ടുനില്‍ക്കുന്ന വേളയില്‍ ഭര്‍ത്താവുപോലും ഒരുവേള  എന്റെ മാനസികനിലയെ സംശയിക്കാന്‍ തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

ചിലയാളുകള്‍ യാഥാര്‍ഥ്യത്തിനുവിരുദ്ധമായ സാധ്യതകളില്‍ വിശ്വാസമര്‍പ്പിക്കുന്നതു കാണാം. അവര്‍ പറയുന്നതിന് വിപരീതമായി യാഥാര്‍ഥ്യം അവരുടെ കണ്‍മുന്നിലുണ്ടെങ്കിലും അവരത് സമ്മതിച്ചുതരില്ല. ഞാന്‍ പര്‍ദയിടാന്‍ തുടങ്ങിയപ്പോള്‍ മുതിര്‍ന്ന ഒട്ടേറെ സ്ത്രീകള്‍ പറഞ്ഞു:'പര്‍ദയിട്ടുനടന്നാല്‍ വിവാഹം നടക്കാന്‍ പ്രയാസമാണ്്'എന്ന്. അതിനുവിപരീതമായി, എന്റെ കുടുംബക്കാരില്‍ മഫ്തയൊന്നും ഇടാത്ത പെണ്‍കുട്ടികളുടെ വിവാഹം നടന്നതിന് എത്രയോ മുമ്പുതന്നെ എന്റെ വിവാഹം നടന്നു.(അല്‍ഹംദുലില്ലാഹ്!). ഇതു തന്നെ ഞാന്‍ ഹോംസ്‌കൂളിങ് എന്ന പദ്ധതിയുമായി മുന്നോട്ടുപോയപ്പോഴും സംഭവിച്ചു. അവര്‍ എന്നെ എപ്പോഴും ശാസിച്ചു:'നിന്റെ കുട്ടികള്‍ ഉള്‍വലിഞ്ഞവരും അന്തര്‍മുഖരും ആയിത്തീരും'. മറ്റു ചിലപ്പോള്‍ 'നിന്റെ കുട്ടികള്‍ പരീക്ഷയില്‍ നല്ല പ്രകടനം കാഴ്ചവെക്കില്ല', 'അവര്‍ക്ക് മികച്ച കുട്ടികളോടൊപ്പം എത്തിച്ചേരാനാവില്ല.'എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തി.
അതേസമയം എന്റെ മകള്‍ രണ്ടര വയസുള്ളപ്പോള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതാണ്. ഇപ്പോഴും അവളുടെ സമപ്രായക്കാരികളോടൊപ്പം സമയം ചിലവഴിക്കുന്നതിന് പകരം മുതിര്‍ന്ന വരുമായി വര്‍ത്തമാനം പറഞ്ഞിരിക്കാനാണ് അവള്‍ക്ക് താല്‍പര്യം. അവളുടെ ക്ലാസ്ടീച്ചര്‍ അക്കാര്യം പരാതിപോലെ എന്നോട് സൂചിപ്പിക്കുകയും ചെയ്തു.' അവള്‍ കൂട്ടുകാരുമായി കളിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. മറിച്ച്, എന്റെ അടുത്തുവന്ന് ഞാന്‍ എന്തുചെയ്യുന്നു എന്നത് നോക്കിയിരിക്കുകയും വര്‍ത്തമാനം പറയുകയും ആണ് ചെയ്യുന്നത്.'
ടീച്ചറുടെ പ്രസ്താവന കേട്ടപ്പോള്‍ ഞാന്‍ വിഷമിച്ചില്ല. കാരണം പ്രഗത്ഭരായ പലരും കുട്ടികളെക്കാള്‍ വലിയവരുടെ ചങ്ങാത്തമാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന ചരിത്രം വായിച്ചിട്ടുണ്ട്. ഇസ് ലാമികചരിത്രം പരിശോധിച്ചാല്‍ ബാലന്‍മാരായ അലിയ്യുബ്‌നു അബീത്വാലിബ്, അബ്ദുല്ലാഹിബ്‌നുഅബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, ഉസാമ ബിന്‍ സൈദ് മുഹമ്മദ് നബിയുടെയും മറ്റ് സ്വഹാബാക്കളുടെയും സദസ്സില്‍ സ്ഥിരസാന്നിധ്യംനല്‍കിയവരായിരുന്നു. അത് അവര്‍ക്ക് ഗുണകരമാകുകയാണുണ്ടായത്. കാര്യങ്ങളെ ചെറുപ്രായത്തിലേ ശീലിക്കാന്‍ അവരെ സഹായിച്ചു. ജീവിതത്തില്‍ വിജയിച്ച വ്യക്തിത്വങ്ങളായി അവര്‍മാറി.
ഗാര്‍ഹികവിദ്യാഭ്യാസം കൊടുത്തുകൊണ്ടിരിക്കുന്ന മറ്റുകുടുംബങ്ങളുമായി ഞാന്‍ സ്ഥിരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഭര്‍ത്താവുമായി സ്ഥിരം ഇതുസംബന്ധിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇങ്ങനെയൊക്കെയായിട്ടും എന്റെ വീട്ടില്‍ ഹോംസ്‌കൂളിങ് വിജയകരമായി നടത്തിക്കൊണ്ടുപോകാനാകുമോയെന്ന ആശങ്ക വിടാതെ പിന്തുടര്‍ന്നു. അതിനാല്‍ ഇസ്തിഖാറത്തിന്റെ നമസ്‌കാരം സ്ഥിരമാക്കി. പിന്നീട്, മകള്‍ക്ക് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ടെക്സ്റ്റ് ബുക്ക് എടുത്ത് അവളെ പഠിപ്പിക്കാന്‍ തുടങ്ങി. ഏതാണ്ട് ഒരു അധ്യായത്തിന് ഒരു മണിക്കൂര്‍ എന്ന കണക്കില്‍ പാഠഭാഗത്തിലെ അഭ്യാസങ്ങളടക്കം പഠിച്ചുതീര്‍ക്കാന്‍ അവള്‍ക്കുസാധിച്ചു. 20 കുട്ടികളുള്ള ക്ലാസില്‍ അത് എല്ലാവരും പഠിച്ചുതീര്‍ക്കണമെങ്കില്‍ ഒരാഴ്ചവേണ്ടിവരും എന്നോര്‍ക്കണം.

ഇതിനിടയില്‍ എന്റെ പ്രേരണയൊന്നും കൂടാതെ ഭര്‍ത്താവ് ഹോംസ്‌കൂളിങ്ങിന്റെ ഏതാനും ലേഖനങ്ങള്‍ എവിടെനിന്നൊക്കെയോ തേടിപ്പിടിച്ചുവായിച്ചിരുന്നു. ഹോംസ്‌കൂളിങില്‍ കുഴപ്പമൊന്നുമില്ലെന്നുമാത്രമല്ല, വളരെ ഗുണപ്രദമാണെന്നുമനസിലാക്കിയ അദ്ദേഹം  എന്നെ ഈ രീതിയുമായി മുന്നോട്ടുപോകാന്‍ പ്രചോദനം നല്‍കി. മകളുടെ പഠനത്തിലുള്ള പ്രകടനം കണ്ടപ്പോള്‍ അദ്ദേഹം വളരെ സന്തോഷഭരിതനായി പച്ചക്കൊടികാട്ടി.
ഹോംസ്‌കൂളിങിന് എന്റെവീട്ടില്‍ ചില അനുകൂലാവസ്ഥകളുണ്ടായിരുന്നു എന്നതും പ്രത്യേകം പറയണം. ഞങ്ങളുടെത് നൂക്ലിയര്‍ ഫാമിലിയാണ്. അതിനാല്‍ കുട്ടികളെ ഞങ്ങള്‍തന്നെ നോക്കണമായിരുന്നു. ജോലിയുള്ള അമ്മമാര്‍ക്ക് കുട്ടികളെ നോക്കാന്‍ സമയം കുറവായിരിക്കും എന്ന പ്രശ്‌നമുണ്ട്. അത്തരക്കാര്‍ക്ക് ഹോംസ്‌കൂളിങ് പ്രായോഗികമല്ല. മറ്റൊന്നുള്ളത് ഞങ്ങളുടെ വീട്ടില്‍ ടി.വി ഇല്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ അതിലെ പരിപാടികള്‍കണ്ട് സമയംപോക്കുക എന്ന പ്രശ്‌നമേ ഉദിച്ചില്ല. കുട്ടികള്‍ക്ക് സദാസമയം കാര്യങ്ങള്‍ പറഞ്ഞുകൊടുത്തും അവരെ വഴികാണിച്ചും അവര്‍ക്ക് ഹരം പകര്‍ന്നും എന്റെ സമയം വിനിയോഗിച്ചു. അതിനാല്‍ സദാസമയം എന്നോടൊപ്പമായിരിക്കാന്‍ ഇഷ്ടപ്പെട്ടു. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന യാഥാര്‍ഥ്യമുണ്ട്. അതിനാല്‍ നല്ല ശീലങ്ങള്‍ അഭ്യസിപ്പിക്കാന്‍ ഹോംസ്‌കൂളിങ് വളരെ സഹായകരമായി. പ്രവാചകന്റെ കൂടെ വലിയവരും ചെറിയവരും സദാസമയവും ഉണ്ടായിരുന്നു. അലിയും ആയിശയുമടങ്ങുന്ന ബാലമനസുകളും നബിയോടൊപ്പമുണ്ടായിരുന്നു. അതിനാല്‍ വിജ്ഞാനത്തെയും വിവേകത്തെയും അവര്‍ക്ക് ശരീരാവയവംപോലെ  ചേര്‍ത്തുവെക്കാനായി. കുട്ടിക്കാലത്ത് യാതൊരു അടിസ്ഥാനവുമില്ലാത്ത കഥകളും വിഭ്രാത്മകകഥാപാത്രങ്ങളും രാജാവും രാജ്ഞിയുമൊന്നും അവരുടെ മനസ്സില്‍ കുടിയിരുന്നില്ല.
എന്റെ ഹോംസ്‌കൂളിങ്ങ് അനുഭവത്തില്‍നിന്ന് ഞാന്‍മനസ്സിലാക്കിയ ചില യാഥാര്‍ഥ്യങ്ങള്‍ നിങ്ങള്‍ക്കുപകരിക്കുമെന്ന് വിചാരിക്കട്ടെ:

1. കുട്ടികള്‍ ജന്‍മനാതന്നെ ആകാംക്ഷാകുതുകികളും കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. കുട്ടികള്‍ സംശയങ്ങളും നിരന്തരചോദ്യങ്ങളും ഉന്നയിക്കുമ്പോള്‍ അതിന് മറുപടികൊടുക്കാത്ത മുതിര്‍ന്നവരാണ് അവരുടെ വൈജ്ഞാനികമനസിനെ തല്ലിയൊതുക്കുന്നത്  .

2. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു.

3. പ്രാഥമികമാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ സ്വതന്ത്രമായി പഠിക്കാനാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്.

4. കുട്ടികള്‍ വായിക്കാനിഷ്ടപ്പെടുന്നു. പ്രത്യേകിച്ചും വിശദാംശങ്ങളടങ്ങിയ ടെക്സ്റ്റ്ബുക്കുകള്‍.

5. കുട്ടികള്‍ വീട്ടുമൃഗങ്ങളുമായി കളിക്കുന്നതില്‍ വളരെ സന്തോഷം കണ്ടെത്തുന്നു.

6. അവര്‍ കളിപ്പാട്ടങ്ങള്‍ പോലുള്ളവ മാത്രമല്ല, എന്തും ഏതും അതിനുപിന്നിലെ നിര്‍മാണരഹസ്യം അറിയാന്‍ വേണ്ടി പിളര്‍ന്നും പൊളിച്ചും പരിശോധിക്കുന്നവരാണ്.(അതറിയാതെ നമ്മളവരെ ശകാരിക്കുന്നു'എന്തുകിട്ടിയാലും നശിപ്പിച്ചുകളയുന്ന അശ്രീകരം'എന്ന്)

7. കുട്ടികള്‍ കളിക്കുകയും പരീക്ഷണം നടത്തുകയും ചെയ്യുന്ന വസ്തുക്കളാണ് വെള്ളം, പേപ്പര്‍, ചെളി, മരം, ചെടികള്‍, മണ്ണ്, പെയിന്റ് തുടങ്ങിയവ.

8. കുട്ടികള്‍ കഴിഞ്ഞ സംഭവങ്ങളെ മറക്കുന്നു. മനസ്സില്‍ വെറുപ്പുവെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ തന്റെ കുട്ടിയെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള ആത്മാര്‍ഥശ്രമത്തിനിടെ കുട്ടിയെ നുള്ളുകയോ ശകാരിക്കുകയോ ചെയ്യുന്ന മാതാപിതാക്കളെ, തൊട്ടുടനെ അവര്‍ സ്‌നേഹത്തോടെ പെരുമാറുന്ന പക്ഷം കുട്ടികള്‍ ഇഷ്ടപ്പെടുന്നു. ഇത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്; കുട്ടികളെ വളര്‍ത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെറ്റുതിരുത്താനും അവരോടുള്ള പെരുമാറ്റം നന്നാക്കാനും.

9. കുട്ടികള്‍ ഖുര്‍ആന്‍ ഇഷ്ടപ്പെടുന്നു. അവരുടെ മുമ്പില്‍ നാം ഖുര്‍ആന്‍ ഓതുകയോ, പ്ലേ ചെയ്യുകയോ ചെയ്താല്‍ അതവര്‍ സശ്രദ്ധം ശ്രവിക്കുന്നതുകാണാം. അതുകൊണ്ടുതന്നെ ഖുര്‍ആനിലെ അധ്യായങ്ങള്‍ അവര്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു.

10. ഹോംസ്‌കൂളിങിലൂടെ വളര്‍ത്തിക്കൊണ്ടുവരപ്പെട്ട കുട്ടി മാതാപിതാക്കളെ പലകാര്യങ്ങളിലും സഹായിക്കുന്നതായി കാണാം . ചെറുചെറുപണികള്‍ അവര്‍ ഒറ്റക്കുതന്നെ ചെയ്തുതീര്‍ക്കുന്നു. ചിലപ്പോള്‍ വലിയവര്‍ ചെയ്യുന്ന പണികള്‍പോലും അവര്‍ ചെയ്യാന്‍ ആര്‍ജവം കാണിക്കുന്നു.(എന്റെ ഇളയമകന്‍ അബ്ദുല്ലാ അവന്‍ കഴിക്കുന്ന പ്ലേറ്റ് സ്വയം തന്നെ കഴുകുകയും തിരികെ യഥാസ്ഥാനത്ത് വെക്കുകയും ചെയ്യും.അടുക്കളയില്‍ സിങ്കിന്റെ മുകളിലുള്ള റാക്കില്‍നിന്ന് പ്ലേറ്റെടുക്കാന്‍ അവന്‍ സ്റ്റൂള്‍ നിരക്കിനീക്കി അവിടെയെത്തിച്ച് അതിന്‍മേല്‍ കയറി കയ്യെത്തിച്ചാണ് പ്ലേറ്റെടുക്കുന്നത്.  വീഴാതെ ശ്രദ്ധിക്കണമെന്നും അങ്ങനെ വന്നാല്‍ ശരീരത്തില്‍ മുറിവുപറ്റുമെന്ന് ഞങ്ങള്‍ അവനെ ഉണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ അവന്‍വീഴുകയും ചുണ്ട് മുറിയുകയും ചെയ്തതാണ്. എന്നിട്ടും ഇപ്പോഴും തന്റെ പാത്രം കഴുകിവെക്കുന്ന സ്വഭാവം നിറുത്താന്‍ തയ്യാറായില്ല.)

11. മേല്‍ സംഭവത്തില്‍നിന്ന് അവന്‍ ഞങ്ങളെ ധിക്കരിക്കാന്‍ മുതിരുന്നതല്ലെന്നും അവന്‍ ലക്ഷ്യമിട്ട സംഗതിക്ക്  സധൈര്യം പ്രയത്‌നിക്കാനും അത് നേടിയെടുക്കാനും അവന്‍ ആഗ്രഹിക്കുന്നതാണെന്നും പിന്നീട് മനസ്സിലായി. പ്രായമേറുമ്പോള്‍ കുട്ടികള്‍ക്ക് സാഹസികതയും ലക്ഷ്യബോധവും ദൃഢനിശ്ചയവും പകര്‍ന്നുനല്‍കുന്നതാണ് ഇത്തരം ചെയ്തികള്‍ എന്ന് നാം രക്ഷിതാക്കള്‍ തിരിച്ചറിയുക. അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക.

12. സ്‌കൂള്‍വിദ്യാഭ്യാസം മാത്രം അഭ്യസിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് മധ്യവേനലവധി തലവേദനയാണ്. കുട്ടികള്‍ക്ക്  അവധിക്കാലത്ത് എന്താണ് നല്‍കുക എന്നോര്‍ത്താണ് വേവലാതി. പലപ്പോഴും കുട്ടികള്‍ ഉച്ചവരെ ഉറങ്ങിയും ടിവി കണ്ടും സമയം പാഴാക്കാറാണ് പതിവ്്. ഹോംവര്‍ക്കില്‍നിന്നും പരീക്ഷാഭാരങ്ങളില്‍നിന്നും ഞങ്ങള്‍ സ്വാതന്ത്ര്യംആസ്വദിക്കട്ടെ എന്നാണ് അവരുടെ ന്യായം. മാതാവ് അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്ന ഷെഫ് മാത്രമാണ്.

13. വിദ്യാഭ്യാസത്തിന്റെ സാമ്പ്രദായികരീതികള്‍ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉദാഹരണത്തിന് ഖാന്‍ അക്കാദമി (പാകിസ്താന്‍) ഓണ്‍ലൈന്‍ ട്യൂഷന്‍സെന്റര്‍. ഹാര്‍വാര്‍ഡില്‍നിന്ന് ബിരുദാനന്തരബിരുദമെടുത്ത അദ്ദേഹം ഗണിതശാസ്ത്രം ട്യൂഷനെടുക്കുകയാണ്.ബില്‍ഗേറ്റ്‌സ് അടക്കമുള്ള ഉന്നതര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. അദ്ദേഹത്തിന്റെ ട്യൂഷന്‍സെന്റര്‍ സ്വന്തംവീട്ടിനകത്തെ ഒറ്റയാള്‍ പ്രകടനമാണ്.
14. നമ്മുടെ മക്കളെ വളരെ പേരുകേട്ട വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുന്തിയഫീസ് കൊടുത്ത് പഠിപ്പിക്കുകയും അങ്ങനെ പ്രൊഫഷണലായി വളര്‍ത്തിയെടുക്കുകയും ചെയ്തശേഷം പുറത്തുവന്ന് ജോലിചെയ്യുന്നത് വന്‍കിടകമ്പനികളിലായിരിക്കും.  രസകരമായ വസ്തുത വിദ്യാഭ്യാസകാലത്തിനിടക്ക് (തന്റെ സ്വപ്‌നസങ്കല്പങ്ങള്‍ക്ക് ഊടുപാവുംനല്‍കാന്‍ കഴിയാത്ത അധ്യയനരീതിയെ വെറുത്തുകൊണ്ട്)കൊഴിഞ്ഞുപോയ കൗമാരങ്ങളായിരിക്കും പലപ്പോഴും ഇത്തരംകമ്പനികളുടെ ഉടമസ്ഥര്‍ എന്നതാണ്.  എന്നല്ല, പലപ്പോഴും ഇത്തരം കമ്പനികളുടെ  ഉടമകളായിരിക്കും പേരുകേട്ട പ്രൊഫഷനല്‍ സ്ഥാപനങ്ങളില്‍  ക്ലാസെടുക്കാന്‍ വരുന്നത്. കേള്‍ക്കുമ്പോള്‍ തികച്ചും വിരോധാഭാസമായി തോന്നുന്നില്ലേ?.

എല്ലാവരും ഔദ്യോഗികവിദ്യാഭ്യാസക്രമത്തെ തഴഞ്ഞ് മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തുടങ്ങിക്കോളൂ എന്നല്ല ഞാന്‍ പറയുന്നത്. മറ്റുള്ളവര്‍ നാം എന്ത് ചിന്തിക്കണംഎന്ത് പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുകയും അതിലാണ് വിജയം എന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥവിജയം എന്തെന്ന്  നമുക്ക് മറ്റുള്ളവരെ പഠിപ്പിക്കാന്‍ കഴിയും എന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ്. കുട്ടികള്‍ ക്ലാസ് മുറികളില്‍നിന്നല്ല,രക്ഷിതാക്കളില്‍നിന്ന് പഠിച്ചുതുടങ്ങട്ടെ . ഇനി നമ്മുടെ കുട്ടികളുടെ സംശയങ്ങള്‍ ദുരീകരിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം കൊടുക്കാനും നമുക്ക് കഴിവില്ലെന്നാണെങ്കില്‍ മറ്റുള്ളവര്‍ പറയുന്നതുകേട്ടും ഭൂരിപക്ഷത്തിന്റെ വഴിയിലൂടെ ചരിച്ചും നമുക്ക് വിജയം കൈവരിക്കാനാകുമെന്ന് ഉറപ്പുണ്ടോ?
Courtsey: Islampadasala.com

No comments: