Wednesday, January 15, 2014

ദാമ്പത്യസന്തോഷത്തിന് പ്രവാചകമാതൃക


നമുക്ക് സന്തോഷംപകരുന്ന, ആഹ്ലാദമുണ്ടാക്കുന്ന മനസ്സംതൃപ്തി തരുന്ന വിവാഹജീവിതമുണ്ട്. അതെങ്ങനെ സാധ്യമാകുമെന്നാണോ നിങ്ങള്‍ ആശ്ചര്യപ്പെടുന്നത് ?
ആഹ്ലാദകരമായ, സന്തുഷ്ടദായകമായ വിവാഹജീവിതം നമുക്ക് ലഭ്യമാണ്. അതുപക്ഷേ, മാന്ത്രികവടിചുഴറ്റി എടുക്കുംപോലെ സാധ്യമല്ലെന്നതാണ് വാസ്തവം. വിവാഹജീവിതം വിജയകരമാകണമെങ്കില്‍ അതിനായി സമയവും പ്രയത്‌നവും ചെലവിടേണ്ടിവരും. അതിന് യോജിച്ചശ്രമങ്ങള്‍ ആവശ്യമായി വരും. നമ്മുടെ ആത്മാര്‍ഥശ്രമങ്ങള്‍  അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് തുടങ്ങുക. തീര്‍ച്ചയായും വിജയകരമായ പരിസമാപ്തി അധികംവൈകാതെ നമുക്ക് കാണാനാകും.
ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. (അന്നിസാഅ്-35)
അല്ലാഹുവിന്റെ നിയമങ്ങളുടെ അന്തഃസത്ത വളരെ കൃത്യമാണ്. നാം എന്തിനുവേണ്ടിയാണോ പരിശ്രമിക്കുന്നത് അതാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ദൈനംദിനവികാരവിചാരങ്ങള്‍,വാക്കുകള്‍,പ്രവൃത്തികള്‍ എല്ലാംതന്നെ ദാമ്പത്യത്തെ ഊഷ്മളമാക്കുകയോ വഷളാക്കുകയോ ചെയ്‌തെന്നുവരാം.  നമ്മള്‍ മനസ്സില്‍ താലോലിച്ചുകൊണ്ടുനടക്കുന്ന നമ്മുടെ ചിന്തകളും  തദനുസൃതമുള്ള പ്രവൃത്തികളും ദാമ്പത്യത്തെ മധുരതരവും കയ്പുറ്റതുമാക്കിത്തീര്‍ത്തേക്കാം.
അതിനാല്‍ നാംതന്നെയാണ് നമ്മുടെ ദാമ്പത്യത്തെ ആസ്വാദ്യകരവും സംതൃപ്തദായകവും ആക്കിത്തീര്‍ക്കുന്നതെന്ന് മനസ്സിലാക്കുക. അതിനുള്ള കലകളില്‍ പരിശീലനംനേടാനാണ് നാം ശ്രമിക്കേണ്ടത്.  കുടുംബജീവിതത്തില്‍ ആത്മാര്‍ഥത കാണിക്കുക, അതിനായി അത്യധ്വാനംചെയ്യുക, അതിന് നാം നേടിയിട്ടുള്ള ആത്മീയ-ഭൗതികവിജ്ഞാനങ്ങളുടെ പിന്‍ബലം തേടുക, അല്ലാഹുവോട് സദാ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക.

ദാമ്പത്യവിഷയത്തില്‍ ആയുഷ്‌കാലപരിചയം ഉണ്ടെനിക്ക്് എന്ന് പറയാനാകും. അസാധാരണമാംവിധം എന്റെ ചെറുപ്രായത്തില്‍ ഏതാണ്ട് നാല്‍പതുവര്‍ഷത്തിന് മുമ്പാണ് ഞാന്‍ വിവാഹിതനായത്. വളരെ അടിസ്ഥാനപരമായ ചില സംഗതികളിലൂടെയാണ് ഞാനെന്റെ ദാമ്പത്യത്തെ വിജയിപ്പിച്ചെടുത്തതെന്ന് പറയാനാകും.  ഇമാമെന്ന നിലയില്‍ മുപ്പതുവര്‍ഷം ഒട്ടേറെ ദാമ്പത്യപ്രശ്‌നങ്ങളില്‍ ഇടപെട്ടും ഒട്ടേറെ കാര്യങ്ങള്‍ എനിക്കറിയാന്‍ സാധിച്ചിട്ടുണ്ട്.
എന്റെ ദാമ്പത്യചേരുവ പ്രവാചകജീവിതത്തില്‍നിന്ന് കടമെടുത്തതാണ്. പ്രവാചകന്റെ വ്യക്തിത്വം അനുഗൃഹീതദാമ്പത്യം നേടാന്‍ എന്നെ വളരെ സഹായിച്ചു. പ്രവാചകന്‍ ആണ് അക്കാര്യത്തില്‍ എനിക്ക് ഏറെ ഉപകാരപ്പെട്ടതെന്നുപറയാം.അഞ്ചുസംഗതികളാണ് അതില്‍ ഏറെപ്രധാനം അവ താഴെ വിവരിക്കുന്നു.

1. പരസ്പരബന്ധം
ദമ്പതികള്‍ക്കിടയിലുള്ള പരസ്പരബന്ധം കേവലം സൗന്ദര്യമോ, ശാരീരികാകര്‍ഷണമോ, പ്രേമമോ മൂലമുണ്ടായാല്‍ പോരാ. അതിന് അല്ലാഹുവുമായുള്ള ബന്ധം അടിത്തറപാകേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചുപരിപാലിക്കുന്ന അല്ലാഹു നിര്‍ദ്ദേശിച്ച ഉദാത്ത സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കി ചപലസ്വഭാവങ്ങളെയും  ബാലിശവാദങ്ങളെയും സ്വാര്‍ഥതയെയും നേരിടണം.

ഇതിലൂടെ  ദാമ്പത്യത്തിന് നല്ലൊരു അടിത്തറപാകാന്‍ നമുക്ക് കഴിയും. നമ്മുടെ മാത്രം വികാരവിചാരങ്ങളിലൂടെ പങ്കാളിയുമായുള്ള ബന്ധം  നമുക്ക് ദൃഢതരമാക്കാനാകില്ല. അതേസമയം തൗഹീദാണ് നമ്മുടെ ദാമ്പത്യത്തിന് ഊടുംപാവും നല്‍കുന്നതെന്ന് നാം തിരിച്ചറിയണം. അല്ലാഹുവിലുള്ള വിശ്വാസവും ഭരമേല്‍പിക്കലും നമ്മുടെ ദാമ്പത്യത്തിന് ആത്മീയപരിവേഷമേകുന്നു. അതിലൂടെ ജീവിതപ്രയാസങ്ങളെ സധൈര്യം അഭിമുഖീകരിക്കാന്‍ സാധിക്കും.''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ'(അല്‍ഫുര്‍ഖാന്‍:74) തൗഹീദിന്റെ അടിസ്ഥാനത്തില്‍ ജീവിതമാരംഭിച്ച ദമ്പതികളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം ദൈവപ്രീതിയായിരിക്കും. ഇത് ദാമ്പത്യവിജയത്തിനുള്ള രണ്ടാമത്തെ താക്കോലായ ചങ്ങാത്തത്തിലേക്ക് നയിക്കുന്നു.

യഥാര്‍ഥ ചങ്ങാത്തമാണ് ജീവിതത്തിലെ സന്തോഷത്തിലേക്കുള്ള ആത്യന്തികപാതയെന്ന് പ്രവാചകന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.'ഇഹലോകജീവിതം ഇടത്താവളം മാത്രമാണ്. അതില്‍കിട്ടാവുന്ന ഏറ്റവും നല്ല വിഭവം സത്കര്‍മിയായ ഇണയുടെ ചങ്ങാത്തമാണ്.'(അല്‍മുന്‍ദിരി)

2. ചങ്ങാത്തം: ദമ്പതികള്‍ക്കിടയിലുള്ള സൗഹൃദവും ചങ്ങാത്തവും വെറുതെയങ്ങ് സംഭവിക്കുന്നതല്ല. ദൈനംദിനജീവിതത്തിലെ എല്ലാ പ്രവൃത്തികളും  പരസ്പരം പങ്കിട്ടും അന്യോന്യം സഹായിച്ചും ദുഃഖങ്ങള്‍ പരസ്പരം പറഞ്ഞും മറ്റുമാണ് അത് നേടുന്നത്. പ്രവാചകജീവിതത്തില്‍ തന്റെ ഭാര്യമാരെ അദ്ദേഹം സഹായിച്ചിരുന്നതിന്റെ ഒട്ടേറെ ചരിത്രരേഖകളുണ്ട്. പ്രവാചകപത്‌നി ആഇശ(റ)യോട് ആരോ ചോദിച്ചു:'വീട്ടിലായിരിക്കെ പ്രവാചകന്‍ എന്താണ് ചെയ്യാറുള്ളത്?' ആഇശ അതിന് ഉത്തരമേകി: 'വീട്ടുപണികള്‍ അദ്ദേഹം ഞങ്ങളെ സഹായിക്കും'(അല്‍ ബുഖാരി)
ഗാര്‍ഹികാന്തരീക്ഷത്തിലെ ചെറുതുംവലുതുമായ സംഗതികളില്‍ സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തെയും സ്‌നേഹത്തെയും ഊട്ടിയുറപ്പിക്കും. എന്നെന്നേക്കുമായുള്ള ഊഷ്മളബന്ധത്തിന് അടിത്തറപാകുന്നത് അതാണ്.

ജീവിതപങ്കാളിയോട് സഹാനുഭൂതി കാട്ടുന്നത് സൗഹൃദവും ചങ്ങാത്തവും തളിര്‍ക്കാന്‍ സഹായിക്കും. തങ്ങളന്യോന്യം പങ്കാളികളാണെന്ന തിരിച്ചറിവ് ഇതില്‍ പ്രധാനമാണ്. അതല്ലാതെ ഒരാള്‍ ഭരിക്കാനും മറ്റെയാള്‍ ഭരിക്കപ്പെടാനും ഉള്ളതാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നത് ദാമ്പത്യത്തെ തകര്‍ത്തുകളയും. ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് പറയുന്നത്. ഇണകളെ ഒരൊറ്റആത്മാവില്‍നിന്നാണ് സൃഷ്ടിച്ചതെന്നാണ്. അതിലൂടെ ദമ്പതികള്‍ തങ്ങളുടെ പൂര്‍ണത കണ്ടെത്തുന്നു. ജീവിതത്തിലെ ശാന്തിയും സമാധാനവും ഇരുവരിലൂടെയാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഇതിലൂടെ സ്വര്‍ഗീയാനുഭൂതി അവര്‍ ആസ്വദിച്ചുതുടങ്ങുന്നു.

3. സഹാനുഭൂതി
ദയാവായ്‌പോടെയും  സ്‌നേഹപരിലാളനകളോടെയും  ഇടപെടുന്നതാണ് സഹാനുഭൂതി. ദാമ്പത്യത്തിലെ യഥാര്‍ഥസന്തോഷത്തിന്റെ ആണിക്കല്ല് ഇതാണെന്ന് അല്ലാഹു പറയുന്നു. മുഹമ്മദ് നബി(സ) ജീവിതത്തില്‍ സഹാനുഭൂതിയോടെ പെരുമാറിയവ്യക്തിയായിരുന്നുവെന്ന്  അദ്ദേഹത്തിന്റെ  ഭാര്യമാരും അനുചരന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെക്കാള്‍ സഹാനുഭൂതി പ്രകടിപ്പിച്ച മറ്റൊരുവ്യക്തിത്വത്തെയും അവര്‍ക്ക് പരിചയമില്ല. പ്രിയപത്‌നി ആഇശയാകട്ടെ, അദ്ദേഹം അക്കാര്യത്തില്‍ സ്ഥായിസ്വഭാവക്കാരനായിരുന്നുവെന്ന്  വെളിപ്പെടുത്തുന്നു.

4. വിട്ടുവീഴ്ച
ദാമ്പത്യത്തില്‍ സന്തോഷംവീണ്ടെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതയാണ് വിട്ടുവീഴ്ച. തന്റെ ദൗര്‍ബല്യവും ജീവിതപങ്കാളിയുടെ ശക്തിയും മനസ്സിലാക്കുന്ന ഉന്നതമായ ആത്മീയാവബോധമുള്ള  ഒരു വ്യക്തിക്കേ അത്തരം സ്വഭാവം ആര്‍ജിക്കാന്‍ കഴിയുകയുള്ളൂ.
പ്രവാചകന്‍ തിരുമേനിക്ക് തന്റെ അനുയായികളെ ഒന്നിച്ചുകൊണ്ടുപോകാനും സപത്‌നിമാരെ തമ്മില്‍ രജ്ഞിപ്പിലാക്കി ദാമ്പത്യം വിജയിപ്പിക്കാനും കഴിഞ്ഞത് ഇതുമൂലമാണ്.
ജീവിതപങ്കാളികള്‍ സ്‌നേഹവും ആദരവും പരസ്പരം പങ്കുവെക്കുംവിധമുള്ള നിക്ഷേപസ്വഭാവമുള്ള ബന്ധങ്ങളുണ്ടാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പ്രവാചകന്‍ തന്റെ പങ്കാളികളുമായി ഏതെങ്കിലും വിഷയത്തില്‍ വാദകോലാഹലങ്ങളുണ്ടാകുമ്പോള്‍ മൂന്നാമതൊരുകക്ഷിയെ പ്രസ്തുത വിഷയത്തില്‍ ഇടപെടുവിച്ചിരുന്നത്. ഒരു പക്ഷേ നിങ്ങള്‍ അത്ഭൂതപ്പെട്ടേക്കും: വഹ്‌യ് ലഭിക്കുന്ന പ്രവാചകന്‍ എന്തിന് അങ്ങനെചെയ്യുന്നുവെന്ന് ? അതിലൂടെ പ്രവാചകന്‍ അനുയായികള്‍ക്കും മനുഷ്യസമൂഹത്തിനും സന്ദേശം നല്‍കുകയായിരുന്നു; ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഇവ്വിധമേ പരിഹരിക്കാനാകൂ എന്ന്. വിട്ടുവീഴ്ചയിലൂടെ സ്വയം മനസ്സുതുറന്ന് ദാമ്പത്യത്തെ ഊട്ടിയുറപ്പിക്കാന്‍ ഇതില്‍പ്പരം ഫലവത്തായ മറ്റൊരുവഴിയില്ല. അപരന്റെ സ്ഥാനത്തുനിന്നുകൊണ്ട് സ്വന്തംനിലപാടിനെയും വീഴ്ചയെയും പരിശോധിക്കാന്‍ തയ്യാറാകണം. പലപ്പോഴും ഭാര്യയും ഭര്‍ത്താവും താന്‍പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന പിടിവാശിയില്‍ ഉറച്ചുനില്‍ക്കും. അത് ദാമ്പത്യത്തിന് വലിയ പരിക്കേല്‍പിക്കും.
 ഉയര്‍ന്ന കാഴ്ചപ്പാടിലേക്ക് മനുഷ്യമനസ്സുകളെ ഉയര്‍ത്തിക്കൊണ്ടുവന്ന്  പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ തൗഹീദ് പഠിപ്പിക്കുന്നു. ചുറ്റുപാടുകളെ , സാഹചര്യങ്ങളെ  ഒക്കെ വിലയിരുത്താനും സത്യത്തിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്ന് വിധികല്‍പിക്കാനും അത് മനുഷ്യനെ പ്രാപ്തനാക്കുന്നു.

5. സംതൃപ്താവസ്ഥ
സന്തുഷ്ടദാമ്പത്യത്തിന് വളരെയേറെ അത്യാവശ്യമായ ഒന്നാണ് സംതൃപ്താവസ്ഥ. അതിനെ ഐശ്വര്യം എന്ന് ആലങ്കാരികമായി പറയാം. മനസ്സിന്റെ ഐശ്വര്യാവസ്ഥയാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് പ്രവാചകന്‍ (സ) തിരുമേനി പറഞ്ഞിട്ടുണ്ട്. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കണമെങ്കില്‍ ഉള്ളതില്‍ സംതൃപ്തിയടയുന്ന മനസ്സ് അനിവാര്യമാണ്. അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അവന്റെവിധിയില്‍ തൃപ്തനാകുന്ന ഒരാള്‍ക്ക് കൈവരുന്ന സ്വഭാവവിശേഷമാണ് സംതൃപ്താവസ്ഥ.
'ഐശ്വര്യം സമ്പത്ത് കുന്നുകൂട്ടുന്നതിലല്ല; ഹൃദയത്തിന്റെ സംതൃപ്താവസ്ഥയിലാണ്.'(ബുഖാരി)
അല്ലാഹുവുമായുള്ള ദൃഢബന്ധം,ജീവിതപങ്കാളിയുമായുള്ള ചങ്ങാത്തം, വിട്ടുവീഴ്ച, സഹാനുഭൂതി, സംതൃപ്താവസ്ഥ എന്നിവയാണ് സംതൃപ്തദാമ്പത്യത്തിനുള്ള എളുപ്പവഴികള്‍.

Courtsey: Islampadasala.com

No comments: