Thursday, January 16, 2014

എന്താണ് ഐ.ക്യു ? എങ്ങനെ വര്‍ദ്ധിപ്പിക്കാം ?

മനുഷ്യബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി ( Intelligence Quotient). ഇതിനെ ചുരുക്കി ഐ ക്യു  എന്ന് പറയുന്നു. ജെര്‍മന്‍ മനഃശാസ്ത്രജ്ഞനായ വില്ല്യം സ്‌റ്റേണാണ് ഇന്റലിജന്‍സ് കോഷ്യന്റ് എന്ന വാക്ക് ബുദ്ധിശക്തിയുടെ അളവ്‌കോലിനുപയോഗിച്ചത്. ഒരു പ്രായപരിധിയിലുള്ളവരുടെ  ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോള്‍ ശരാശരി (average) സ്‌കോര്‍ 100 ആയിരിക്കും. ഇതില്‍ നിന്ന് വ്യതിയാനമുള്ള സ്‌കോര്‍ ലഭിക്കുന്നവര്‍ ശരാശരിയില്‍ നിന്ന് താരതമ്യേന ബുദ്ധി കുറഞ്ഞവരോ, കൂടിയവരോ ആയിരിക്കും. ബുദ്ധിശക്തിയുടെ അളവ് പഠിക്കാനും, ചില ജോലികള്‍ ചെയ്യാനുള്ള കാര്യക്ഷമതയും പ്രവചിക്കാനും ഇത്  ഉപയോഗിക്കാറുണ്ട്. ബുദ്ധിശക്തി കുറെയൊക്കെ പാരമ്പര്യമാണെന്നാണ് ഗവേഷകരുടെ നിഗമനം.
ബുദ്ധി ശക്തി പരീക്ഷകളിലെ ശേഷിയും, ഭാഷാ പരിജ്ഞാനവും (language ability) തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഭാഷാപരിജ്ഞാനം കുറവായരുടെ IQ സ്‌കോര്‍ പൊതുവെ കുറവായിരിക്കും. ഇരുപതാം നൂറ്റാണ്ട് മുതല്‍ ലോക ജനതയുടെ  ബുദ്ധിശക്തിയുടെ തോത് ഒരോ പത്തുവര്‍ഷം കൂടുമ്പോഴും മൂന്നെന്ന നിലയില്‍ പോയിന്റ് വര്‍ദ്ധിക്കുന്നു. ഈ വര്‍ധനയെ ഫ്‌ലിന്‍ എഫക്റ്റ് എന്ന് പറയും.

മാനസികമായ പരിശീലനത്തിലൂടെയും മാനസിക വ്യായാമങ്ങളിലൂടെയും ഐ. ക്യു നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ അഭിപ്രായം. ഇങ്ങനെ ഐ. ക്യു ഉയര്‍ത്താനാവുന്ന ചില നിര്‍ദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്.

1. ബുദ്ധിപരവും കായിക ക്ഷമതയുള്ളതുമായ വിനോദങ്ങളില്‍ ഏര്‍പ്പെടുക
 പ്രവാചക (സ) കാലത്ത് അദ്ദേഹത്തിന്റെ അനുചരര്‍ക്ക് ഉയര്‍ന്ന ഐ. ക്യു വിതാനമാണ് ഉണ്ടായിരുന്നതെന്ന് ഹദീസുകളില്‍ കാണാം ഒരു പ്രമുഖ സ്വഹാബി സുറിയാനിഭാഷ പഠിച്ചത് ഏതാനും മാസങ്ങള്‍ കൊണ്ടാണെന്ന് ഹദീസില്‍ കാണാം. ഇത് പ്രവാചക പാഠശാലയിലെ പരിശീലനത്തിലൂടെ അവര്‍ നേടിയെടുത്ത പരിശീലനം കൊണ്ടായിരുന്നു. തന്റെ അനുയായികളുടെ കായികവും മാനസികവുമായ ശേഷി വര്‍ധിപ്പിക്കാനായി പ്രവാചകന്‍ തന്നെ വ്യത്യസ്തമായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. പ്രവാചകനില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ് നോക്കൂ... അല്ലാഹുവിനെ സ്മരിക്കാത്ത എല്ല കാര്യങ്ങളും നിഷിദ്ധമായ കളി തമാശകളില്‍ പെടുന്നു, നാലു കാര്യങ്ങള്‍ അതില്‍ നിന്ന് ഒഴിവാകുന്നു. ഭാര്യയുമായി സല്ലപിക്കുക,കുതിരയെ പരിശീലിപ്പിക്കുക, ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് അവക്കിടയില്‍ മല്‍സരിച്ച് നടക്കുക(പന്തയം), നീന്തല്‍ അഭ്യസിക്കുക. (മുനാവി-ഫൈളുല്‍ ഖദീര്‍ 5/23)

2. ടെലിവിഷന്‍ ഉപയോഗം ചുരുക്കുക
ടെലിവിഷന്‍ കാണുന്നതിലെ കണ്ണിന്റെ അധ്വാനം വര്‍ധിക്കുന്നുവെങ്കിലും ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്ക് അധ്വാനം ലഭിക്കുന്നില്ല. വായിക്കുമ്പോള്‍ ടെലിവിഷനെ അപേക്ഷിച്ച് കണ്ണിന് അധ്വാനം കുറവാണ്. അതുപോലെ തന്നെ ടെലിവിഷനിലൂടെ ബൗദ്ധിക നിലവാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ കുറവാണെത്ര. അതിനാല്‍ തന്നെ ടെലിവിഷന്‍ മാത്രം ആശ്രയിക്കുന്നതിന് പകരം വൈജ്ഞാനിക വര്‍ധനവിനായി വായന പോലുള്ള മറ്റു മാര്‍ഗങ്ങളും ഉപയോഗിക്കുക.  മണിക്കൂറുകളോളം ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കരുത്.

3. ബൗദ്ധിക പ്രാധാന്യമുള്ള പുസ്തകങ്ങള്‍ വായനക്ക് തെരെഞ്ഞടുക്കുക
ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്ന പൈങ്കിളി നോവലുകളേക്കാള്‍ നല്ലത് അന്വേഷണപരവും വൈജ്ഞാനികവുമായ പുസ്തകങ്ങളാണ്. അതാണ് വായനാശേഷിയും ഭാഷ നിലവാരവും ഉയര്‍ത്തുക. ക്ലാസിക് സാഹിത്യങ്ങളുടെ വായന നമ്മള്‍ നിലനില്‍ക്കുന്ന ലോകത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നതും നമ്മുടെ വൈജ്ഞാനിക നിലവാരം ഉയര്‍ത്തുന്നവയുമാണ്.

4. നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേല്‍ക്കുക
ശരീരത്തിന് വേണ്ടത്ര വ്യായാമം ആവശ്യമാണ് എന്നതുപോലെതന്നെ വിശ്രമവും ആവശ്യമാണ്. വിശ്രമമല്ലേ എന്നുകരുതി,എട്ടുമണിക്കൂറിലധികം ഉറങ്ങുന്നത് ശരീരത്തിന് ഹാനികരമാണ് .പ്രവാചകന്‍ രാത്രിയിലെ ഇശാ നമസ്‌കാരത്തിന് ശേഷം സംസാരിച്ചിരിക്കുന്നത് വിലക്കിയതായി ചില ഹദീസുകളില്‍ കാണാം.

5. പുനര്‍വിചിന്തനം നടത്തുക
കേട്ടതും അറിഞ്ഞതുമായ കാര്യങ്ങളെക്കുറിച്ച് പുനര്‍ വിചിന്തനം നടത്തുകയും പഠിച്ച കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും വേണം. പഠിക്കുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങളില്‍ തെറ്റില്ലെന്ന് ഉറപ്പാക്കിയ ശേഷം പുതിയ കാര്യങ്ങള്‍ പഠിക്കുന്നതാണ് നല്ലത്. അത് വ്യത്യസ്ത വിഷയങ്ങളില്‍ ആഴത്തിലും ഉറച്ചതുമായ അറിവ് പ്രധാനം ചെയ്യും.

No comments: