വൈകിയിട്ട് ഏഴ് മണിക്ക് അന്ന് ഞാന്‍ വീട്ടിലേക്ക് മടങ്ങി. സാധാരണ
എത്തുന്നതില്‍ രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു അത്. ഫ്ലാറ്റിന്റെ അഞ്ചാം
നിലയില്‍ എന്റെ സഹോദരനോടൊപ്പം കഴിയുന്ന ഉമ്മയുടെ അടുത്ത് ചെന്ന കുറച്ചു
സമയം ഇരുന്നു. പിന്നെയാണ് ഞാനും ഭാര്യയും രണ്ട് കുട്ടികളും കഴിയുന്ന
മൂന്നാം നിലയിലേക്ക് ഇറങ്ങിയത്. ചെന്നുകയറിയ എന്നെ പതിവില്ലാത്ത രീതിയിലാണ്
ഭാര്യ എതിരേറ്റത്. വേദനയും ദേഷ്യവും എല്ലാം കൂടിക്കലര്‍ന്ന ഒരു
വികാരമായിരുന്നു അവളുടെ മുഖത്ത്. അവളുടെ വായില്‍ നിന്ന് വന്ന വാക്കുകളും
വ്യത്യസ്തമായിരുന്നില്ല. അതിന് ഞാന്‍ നല്‍കിയ തിരിച്ചടി അവളുടെ ദേഷ്യത്തെ
ഒന്നു കൂടി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. എന്റെയും അവളുടെയും ശബ്ദം
ഉയര്‍ന്നു. ദേഷ്യം കൊണ്ട് അസ്വസ്ഥനായ ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞ്
അവള്‍ക്ക് മറുപടിക്ക് അവസരം നല്‍കാതെ ഫ്ലാറ്റിന്റെ വാതിലിനടുത്തേക്ക്
നീങ്ങി. വാതില്‍ അടച്ച് എവിടേക്കെന്നില്ലാതെ ഞാന്‍ റോഡിലൂടെ നീങ്ങി.
അടുത്തുള്ള
ഒരു മൈതാനത്താണ് എന്റെ കാലുകള്‍ എന്നെ കൊണ്ടെത്തിച്ചത്. അവിടെയിരുന്ന്
സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. ഭാര്യയുടെ
ദേഷ്യത്തിന് ഞാന്‍ അര്‍ഹനായിരുന്നോ? അവളോടുള്ള ഇഷ്ടത്തോടു കൂടി
തന്നെയായിരുന്നില്ലേ ഞാന്‍ പ്രവേശിച്ചത്? വൈകിയായിരിക്കും വരിക
എന്നറിയിക്കാതെ വൈകി കയറി ചെന്നപ്പോള്‍ വല്ല പഞ്ചാരവാക്കുകളും ഞാന്‍ കരുതി
വെച്ചിരുന്നോ? അവളോടൊത്തുള്ള ജീവിതത്തെ കുറിച്ച് പലതും ഞാന്‍ ചിന്തിച്ചു.
ജീവിതത്തിന്റെ മധുരവും സന്തോഷവും ആനന്ദവും എത്രയെത്ര അവള്‍ എനിക്ക്
തന്നിരിക്കുന്നു. പ്രതിസന്ധികളില്‍ എന്നോടൊപ്പം നിന്ന് എത്രയെത്ര അവള്‍
സഹിച്ചിരിക്കുന്നു. വലിയ വലിയ പ്രതിസന്ധികള്‍ ഞങ്ങള്‍ ഒരുമിച്ചാണല്ലോ
താണ്ടിയത്, എന്നിട്ടും അവളുടെ ചില വാക്കുളില്‍ എനിക്ക് ക്ഷമിക്കാന്‍ എന്തു
കൊണ്ട് കഴിഞ്ഞില്ല? ആക്ഷേപവും ശകാരവുമാണ് പലപ്പോഴും നമുക്ക് ഏറെ
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തുന്നത്. എന്നാല്‍ ഞാനാണോ തെറ്റുകാരന്‍ അതോ
അവളോ?
ഞാന്‍ കയറി ഇരിക്കുന്നത് വരെ അവള്‍ക്ക് കാത്തിരിക്കാന്‍
സാധിക്കുമായിരുന്നില്ലേ, അതിന് ശേഷം അവളുദ്ദേശിക്കുന്ന കാര്യം
പറയാമായിരുന്നില്ലേ? അല്ലെങ്കില്‍ ഞാന്‍ അത്താഴം കഴിക്കുന്നത് വരെ
കാത്തിരുന്ന് അതിന് ശേഷം അവള്‍ക്ക് തോന്നിയ പോലെ എന്നെ
ശകാരിക്കാമായിരുന്നില്ലേ? അങ്ങനെ എന്റെ നല്ല പാതിയെ കുറിച്ച് ചിന്തിച്ചു
കൊണ്ട് എത്ര സമയം കടന്നു പോയെന്ന് ഞാന്‍ അറിഞ്ഞില്ല. ഞാന്‍ വാച്ചില്‍
നോക്കി. സമയം രാത്രി പതിനൊന്നു മണിയായിരിക്കുന്നു. എന്റെ മൊബൈലില്‍ മൂന്ന്
മെസേജുകള്‍ വന്നു കിടപ്പുണ്ടായിരുന്നു. അത് വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.
അത് വായിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചു. അത്
എന്റെ പ്രിയപ്പെട്ടവള്‍ അയച്ചതായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചതായിരുന്നു
കാരണം. എന്നാല്‍ ഒന്നാമത്തേത് എന്റെ വലിയ സഹോദരിയുടേതായിരുന്നു.
രണ്ടാമത്തേത് ചെറിയ പെങ്ങളുടേതുമായിരുന്നു.
ആ സ്ത്രീയുടെ അടുത്ത്
നിന്ന് ഞാന്‍ കുപിതനായി പോന്നിട്ട് നാല് മണിക്കൂറായിരിക്കുന്നു. എന്നിട്ട്
ഒരു മെസേജ് പോലും അയച്ചിട്ടില്ല. വര്‍ധിച്ച ദേഷ്യത്തോടെ മൂന്നാമത്തെ മെസേജ്
ഞാന്‍ നോക്കി. അത് സഹോദരിയുടെ ഭര്‍ത്താവ് അയച്ചതായിരുന്നു. അല്ലാഹുവാണ്, ആ
സ്ത്രീ ചെയ്തതിനും അപ്പുറമാണ് അര്‍ഹിക്കുന്നത്. വളരെയധികം കുപിതനായി
അവള്‍ക്കുമേല്‍ ആക്ഷേപം ചൊരിഞ്ഞു. എല്ലാവരും മെസേജ് അയച്ചിരിക്കുന്നു
അവള്‍ക്ക് മാത്രം എന്തുകൊണ്ട് അയച്ചുകൂടാ എന്നതായിരുന്നു എന്റെ മനസ്സില്‍.
അങ്ങനെ ഒന്നാമത്തെ മെസേജ് ഞാന്‍ തുറന്നു വായിച്ചു. 'സോറി ഇക്കാ, നിങ്ങള്‍
വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ഇവിടെ കറന്റ് പോയിരിക്കുകയാണ്.
നിങ്ങള്‍ വേഗം തിരിച്ചു വരുമെന്നാണ് ഞാന് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്ക്
അസ്വസ്ഥതയും പേടിയുമുണ്ട്. നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാന്‍ നിങ്ങള്‍
മടങ്ങിയെത്തുന്നത് വരെ ഞാന്‍ ഭക്ഷണം കഴിക്കില്ല. എനിക്ക് നിങ്ങള്‍
മാപ്പുതരണം. നിങ്ങള്‍ എനിക്ക് എല്ലാമെല്ലാമാണ്. ഞാന്‍ ദേഷ്യപ്പെട്ട്
പറഞ്ഞതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. - നിങ്ങളുടെ ഭാര്യ'
ഞാന്‍
ആശ്വാസത്തോടെ നിശ്വസിച്ചു. എന്നാല്‍ എന്തുകൊണ്ട് അവളുടെ മൊബൈലില്‍ നിന്ന്
മെസേജ് അയച്ചില്ല? അവളുടേതില്‍ ബാലന്‍സ് ഇല്ലേ? നടന്ന കാര്യത്തെ കുറിച്ച്
അവള്‍ ഉമ്മയോടും സഹോദരിയോടും പറഞ്ഞിട്ടുണ്ടാവില്ലേ എന്ന് ചിന്തിച്ചു കൊണ്ട്
ഞാന്‍ രണ്ടാമത്തെ മെസേജ് തുറക്കുന്നതിന് മുമ്പ് ആദ്യത്തേത്
അയച്ചിരിക്കുന്നതിന്റെ സമയം നോക്കി. 7.30-നാണ് അയച്ചിരിക്കുന്നത്. ഞാന്‍
ഇറങ്ങി പത്തുമിനിറ്റിനകം കറന്റ് പോയിരിക്കുന്നു എന്നു പറയുന്നത് യുക്തിക്ക്
നിരക്കുന്നതാണോ?
എന്നിട്ട് രണ്ടാത്തെ മെസേജ് ഞാന്‍ വായിക്കാന്‍
തുടങ്ങി. 'കറന്റ് ഇതുവരെ വന്നിട്ടില്ല. നിങ്ങള്‍ വരുമെന്നാണ് ഞാന്
പ്രതീക്ഷിക്കുന്നത്. ഇനിയൊരിക്കലും ഞാന്‍ നിങ്ങളോട് ദേഷ്യപ്പെടുകയില്ല.
ഖേദം എന്റെ മനസിനെയും ശരീരത്തെയും എരിയിച്ചു കൊണ്ടിരിക്കുയാണ്. ഞാന്‍
കുപിതയായ നിമിഷം എനിക്ക് സ്വന്തത്തോടു തന്നെ വെറുപ്പ് തോന്നുകയാണ്. ഞാന്‍
ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ ഞാനല്ലാതെയായി മാറുകയായിരുന്നു. നിങ്ങള്‍ വേഗം
മടങ്ങി വരണം നിങ്ങളില്ലാതെ എനിക്ക് ഒരു ജീവിതമില്ല. - നിങ്ങളുടെ ഭാര്യ.'
സംഭവിച്ച
കാര്യങ്ങള്‍ സഹോദരിയെയും അവള്‍ അറിയിച്ചിട്ടുണ്ടാകുമല്ലോ? എന്നാല്‍
മനോഹരമായ മെസ്സേജുകളായിരുന്നു അവ. വീട്ടിലേക്ക് മടങ്ങുന്നതിനായി ഞാന്‍
എഴുന്നേറ്റു. മൂന്നാമത്തേ മെസേജ് ഞാന്‍ വായിക്കാന്‍ തുടങ്ങി. 'എന്റെ
പ്രിയപ്പെട്ടവനേ, ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍
മടങ്ങിവരണമെന്ന് വീണ്ടും ഞാന്‍ കേഴുകയാണ്. നിങ്ങളുടെ വാത്സല്യവും
സ്‌നേഹവുമില്ലാതെ എനിക്ക് ഉറങ്ങാന്‍ കഴിയുമെന്ന് നിങ്ങള്‍
വിചാരിക്കുന്നുണ്ടോ? നിങ്ങളുടെ ഹൃദയമിടിപ്പാണ് എനിക്ക് സുരക്ഷിതത്വബോധം
നല്‍കുന്നത്. എന്റെ പ്രിയപ്പെട്ടവനേ മടങ്ങി വരൂ... നിങ്ങളില്ലാതെ ഒന്നിനും
ഒരു രുചിയും അര്‍ഥവുമില്ല. - നിങ്ങളുടെ പ്രിയ ഭാര്യ'
മെസേജ്
വായിച്ചു തീര്‍ന്നപ്പോള്‍ കണ്ട ടാക്‌സില്‍ കയറി സന്തോഷത്തോടെ ഞാന്‍
ഫ്ലാറ്റിലേക്ക് മടങ്ങി. സുന്ദരമായ ആ മെസേജുകള്‍ ടൈപ് ചെയ്ത കൈകളെ പിടിച്ചു
മുത്താന്‍ ഞാന്‍ കൊതിച്ചു. ഞാന്‍ വാതിലില്‍ മുട്ടിയപ്പോള്‍ സമയം
പതിനൊന്നരയായിരുന്നു. വാതില്‍ തുറക്കാന്‍ കാത്തു നിന്നപ്പോഴാണ് മെഴുകുതിരി
വാങ്ങാന്‍ മറന്നു പോയ കാര്യം ഓര്‍മ വന്നത്. അത് വാങ്ങുന്നതിനായി
തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴാണ് വാതില്‍ തുറക്കപ്പെട്ടത്. വാതില്‍ തുറന്ന
അവള്‍ നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു. വാതില്‍ തുറന്നതും അവള്‍ ചോദിച്ചു :
നിങ്ങളെനിക്ക് മാപ്പു തരില്ലേ?
ഞാന്‍ പറഞ്ഞു : കഷ്ടം, മെഴുകുതിരി വാങ്ങാന്‍ ഞാന്‍ മറന്നു പോയി.
വളരെ അത്ഭുതത്തോടെ എന്നെ നോക്കി കൊണ്ട് അവള്‍ ചോദിച്ചു : എന്തിന്?
ഞാന്‍ പറഞ്ഞു : നീയല്ലേ കറന്റ് പോയെന്ന് അറിയിച്ചത്?
അവള്‍
നന്നായി ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു : നിങ്ങള്‍ പോയപ്പോഴാണ് എനിക്ക്
വെളിച്ചം നഷ്ടപ്പെട്ടത്, നിങ്ങള്‍ മടങ്ങിയതോടെ വെളിച്ചവും മടങ്ങിയെത്തി.
അത്
കേട്ട് ഞാന്‍ അവളെ എന്റെ കരവലയത്തിനുള്ളിലാക്കി. അവളുടെ കൈകള്‍ എന്നെയും
ആശ്ലേഷിച്ചു. അവള്‍ പറഞ്ഞു : നിങ്ങളില്ലാതെ എനിക്ക് ഭ്രാന്താവുകായിരുന്നു.
വരൂ നമുക്ക് ഭക്ഷണം കഴിക്കാം, നിങ്ങള്‍ കുറേ നേരമായി വിശന്നിരിക്കുകയല്ലേ.
ഞാന്‍
പറഞ്ഞു : നിന്റെ മെസേജിന്റെ സൗന്ദര്യം എന്റെ വിശപ്പും ദേഷ്യവും
മറപ്പിച്ചു. എന്നാലും അത് എന്റെ സഹോദരങ്ങളെയും സഹോദരിയെയും
അറിയിക്കേണ്ടിയിരുന്നോ?
അവള്‍ പറഞ്ഞു : നിങ്ങളുടെ പ്രിയതമയെ
നിങ്ങള്‍ക്ക് വിശ്വസിക്കാം. നടന്ന കാര്യങ്ങള്‍ ആരും അറിഞ്ഞിട്ടില്ല. എന്റെ
മെസേജ് നിങ്ങള്‍ തുറക്കുമോ എന്ന ഭയമില്ലായിരുന്നുവെങ്കില്‍ ഇതിന്റെ എത്രയോ
ഇരട്ടി ഞാന്‍ അയക്കുമായിരുന്നു. പിന്നെ ഒരുമിച്ച് സന്തോഷത്തോടെ ഞങ്ങള്‍
ഭക്ഷണം കഴിച്ചു.
By: YOUSUF ISMAIL SULAIMAN
വിവ : അഹ്മദ് നസീഫ്
No comments:
Post a Comment