
ഈ ലേഖനം നീണ്ടതാണ്, ക്ഷമിയ്ക്കുക.
ഒരു
ദിവസം ഇലക്ട്രിസിറ്റി ബോര്‍ഡുമായും ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍
അതോറിറ്റിയുമായും ഞാന്‍ സമാനമായ കാരണത്തിന്നായി വഴക്കടിച്ചു.
എനിയ്ക്ക്
ഓഹരിക്കമ്പോളവുമായി ബന്ധമുണ്ട്. ഓഹരിക്കമ്പോളത്തില്‍ വ്യാപാരം നടക്കുന്നത്
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ, രാവിലെ ഒന്‍പതുമുതല്‍ മൂന്നര വരെയാണ്.
ഈ ആറര മണിക്കൂര്‍ സമയം മുഴുവനും എന്റെ കമ്പ്യൂട്ടര്‍ നാഷണല്‍ സ്‌റ്റോക്
എക്‌സ്‌ചേഞ്ചിന്റെ ഒരു ട്രേഡിങ്ങ് ടെര്‍മിനലായി മാറുന്നു. ഈ ആറര
മണിക്കൂറിന്നിടയില്‍ കറന്റു പോകുന്നത് എനിയ്ക്കു
ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് അതെന്നെ ശുണ്ഠി പിടിപ്പിയ്ക്കാറുണ്ട്.
അടയ്ക്കാമരം,
തെങ്ങ്, പരുത്തി, ആഞ്ഞിലി, പിന്നെ മാവ്, പ്ലാവ്, കടപ്ലാവ്, ഇങ്ങനെ വിവിധ
മരങ്ങളുടെ ഇടയിലൂടെ വലിച്ചിരിയ്ക്കുന്ന ഇലക്ട്രിക് കമ്പികളാണ് ഞങ്ങളുടെ
നാട്ടിലെ മിയ്ക്ക വീടുകളിലും വൈദ്യുതി എത്തിയ്ക്കുന്നത്. കാറ്റൊന്നു
വീശിയാല്‍ ഇവയില്‍ നിന്നുള്ള ഓലയോ കൊമ്പോ ഇലക്ട്രിക്ക് കമ്പികളില്‍
വീഴുന്നതു സാധാരണയാണ്. മഴക്കാലമാണെങ്കില്‍ ഈ മരങ്ങള്‍ തന്നെ മറിഞ്ഞു വീണ്
കമ്പികള്‍ പൊട്ടുന്നതും പോസ്റ്റ് ഒടിയുന്നതും അസാധാരണമല്ല. ‘മഴയൊന്നു
പെയ്താല്‍ കെഎസ്ഈബിയ്ക്കു ജലദോഷം പിടിയ്ക്കും’ എന്നു തമാശരൂപേണയെങ്കിലും
പറയേണ്ടി വരാറുണ്ട്.
ഇതിനൊക്കെപ്പുറമേ, ദേശീയപാത നമ്പര്‍ പതിനേഴിന്റെ
പറവൂര്‍ മുതല്‍ ഞങ്ങളുടെ മൂത്തകുന്നം വരെയുള്ള ഭാഗം ദേശീയപാത എന്ന
പദവിയ്ക്ക് തീരെ അര്‍ഹതയില്ലാത്ത വിധം ഇടുങ്ങിയതാണ്. റോഡരികില്‍ ഉടനീളമുള്ള
ഇലക്ട്രിക് പോസ്റ്റുകളില്‍ നിന്ന് ഇഞ്ചുകള്‍ മാത്രം അകന്നാണ് വലിയ
കണ്ടെയിനറുകളും ട്രെയിലറുകളും പരക്കം പായുന്ന ബസ്സുകളും
പൊയ്‌ക്കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് ‘വണ്ടി പോസ്റ്റിലിടിച്ചു’
വൈദ്യുതിവിതരണം നിലയ്ക്കുന്നത് ഞങ്ങളുടെ നാട്ടില്‍ പതിവാണ്.
വാസ്തവത്തില്‍
മൂത്തകുന്നം ഇലക്ട്രിക്കല്‍ സെക്ഷനിലുള്ളവരുടെ ജോലി ദുഷ്‌കരമാണ്.
എന്നിരുന്നാലും, അവരത് വളരെ, വളരെ ഭംഗിയായി നിര്‍വ്വഹിയ്ക്കുന്നുണ്ടു
താനും. അതിന്നൊരുദാഹരണം പറയാം. വടക്കേക്കര സബ്‌സ്‌റ്റേഷനില്‍ നിന്നാണ്
ഞങ്ങള്‍ക്ക് വൈദ്യുതി ലഭിയ്ക്കുന്നത്. ചിലപ്പോള്‍ സബ്‌സ്‌റ്റേഷന്‍
അവരുടേതായ ചില പണികള്‍ക്കായി വൈദ്യുതി ഓഫു ചെയ്യുന്നു. ഉടന്‍ മൂത്തകുന്നം
സെക്ഷന്‍ കൊടുങ്ങല്ലൂരില്‍ നിന്നും ചേന്ദമംഗലത്തു നിന്നും മറ്റുമായി
വൈദ്യുതി വരുത്തിത്തന്ന് ഞങ്ങളുടെ കാര്യങ്ങള്‍ക്കു മുടക്കം വരാതെ
നോക്കുന്നു. സമീപത്തുള്ള പല ഇലക്ട്രിക്കല്‍ സെക്ഷനുകളെപ്പറ്റിയും
ഇടയ്ക്കിടെ പത്രത്തില്‍ വരാറുള്ള പരാതികള്‍ മൂത്തകുന്നം സെക്ഷനെപ്പറ്റി
പറഞ്ഞുകേട്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല.
ഇതൊക്കെയാണെങ്കിലും, ഒരു ദിവസം മൂത്തകുന്നം ഇലക്ട്രിക്കല്‍ സെക്ഷനുമായി എനിയ്ക്കു കലഹിയ്‌ക്കേണ്ടി വന്നു.
ഒരു
തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയായതേയുള്ളു, കറന്റു പോയി. കൃത്യം ഒന്‍പതു
മണിയ്ക്കു തന്നെ പോയതുകൊണ്ട് കെവി ലൈനില്‍ പണിയുള്ളതുകൊണ്ട് ലൈന്‍ ഓഫു
ചെയ്തതാണോ എന്നു സംശയമായി. അത്തരം പണികളുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള
മുന്നറിയിപ്പ് പത്രത്തിലുണ്ടാകാറുണ്ട്. അന്നത് പത്രത്തിലുണ്ടായിരുന്നില്ല.
ഞാനുടന്‍ വിളിച്ചു ചോദിച്ചു. ഒരിടത്തൊരു പണി നടക്കുന്നുണ്ട്, അതുകൊണ്ട് ഓഫു
ചെയ്തതാണ് എന്ന മറുപടി കിട്ടി. ‘കറന്റെപ്പോ വരും?’ ഞാന്‍ ചോദിച്ചു. ‘ആ പണി
തീര്‍ന്നു കഴിയുമ്പോ വരും’ എന്നായിരുന്നു, മറുപടി. ‘കറന്റിപ്പൊത്തന്നെ
തരണംന്നല്ല ഞാന്‍ പറയുന്നത്. കറന്റെപ്പോ തരും എന്നു മാത്രമാണ് ഞാന്‍
ചോദിയ്ക്കുന്നത്. പണി എത്ര മണിയ്ക്കു തീരും?’ എന്നായി ഞാന്‍. ‘പണി എപ്പൊഴാ
തീരുകാന്ന് എങ്ങനെയാ പറയുകാ, ചേട്ടാ’ എന്ന മറുപടി എന്നെ ചൊടിപ്പിച്ചു.
‘ഇപ്പൊ
നടക്കുന്ന പണി ഈ സെക്ഷനില്‍ ഇതാദ്യമായൊന്നുമല്ലല്ലോ നടക്കുന്നത്.
ഇതുപോലുള്ള പണികള്‍ ഇതിനു മുന്‍പ് ഒരുപാടു തവണ
നടന്നിട്ടുള്ളതുമായിരിയ്ക്കും. ഇത്തരം പണികള്‍ക്ക് ഏകദേശം എത്ര സമയം വേണ്ടി
വരും എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാന്‍ കഴിയേണ്ടതല്ലേ?’
‘അങ്ങനത്തെ വെളിച്ചോന്നും ഇവിടില്ല. പണി തീര്‍ന്നാല്‍ ലൈന്‍ ചാര്‍ജ്ജു ചെയ്യും.’
‘കറന്റെപ്പൊ വരുംന്ന് അറിയാന്‍ ഒരുപഭോക്താവിന്ന് അവകാശമില്ലെന്നാണോ പറയുന്നത്?’ എന്നു ഞാന്‍ തര്‍ക്കിച്ചു.
‘അതാ മലയാളത്തില്‍പ്പറഞ്ഞത്, പണിതീര്‍ന്നാല്‍ ചാര്‍ജ്ജു ചെയ്യുംന്ന്.’
‘ഏ ഈയുടെ നമ്പറൊന്നു തരിന്‍.’
‘ഏ ഈയെ വിളിച്ചിട്ടെന്താ കാര്യം. ഞാമ്പറഞ്ഞതു തന്നെ ഏ ഈയും പറയും.’
ഞാന്‍
നിര്‍ബന്ധിച്ചപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ മൊബൈല്‍ നമ്പര്‍ കിട്ടി.
അദ്ദേഹവും ഇതൊക്കെത്തന്നെയാണു പറഞ്ഞു തുടങ്ങിയത്. ‘സാറു ചെയ്യുന്ന
പണിയെപ്പറ്റി സാറിനു തന്നെ നിശ്ചയമില്ലെന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്’
എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഉഷാറായി.
പണിയുടെ വിശദാംശങ്ങള്‍
എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായി അദ്ദേഹമെനിയ്ക്കു തന്നു. റോഡരികിലെ
ഒരു പോസ്റ്റ് ‘ഡാമേജ്ഡ്’ ആയി നില്‍ക്കുകയാണ്. തല്‍ക്കാലം അതിനെ ‘ഒരു
തരത്തിലൊക്കെയൊന്ന്’ കെട്ടി നിര്‍ത്തിയിരിയ്ക്കുകയാണ്. അതൊന്നു മാറ്റാന്‍
പ്ലാനുണ്ട്. പോസ്റ്റ് രണ്ടു ദിവസം മുന്‍പ് അവിടെ കൊണ്ടുവന്നിട്ടിട്ടുണ്ട്.
ഗതാഗതം തടയണം. കമ്പികള്‍ അഴിച്ചു മാറ്റണം. പഴയ പോസ്റ്റ് ഒടിഞ്ഞു വീഴാതെ
പറിച്ചു മാറ്റണം. പുതിയ പോസ്റ്റിടാന്‍ പാകത്തിന്, അല്പം കൂടി അരികിലേയ്ക്കു
മാറ്റി കുഴി കുഴിയ്ക്കണം. പോസ്റ്റ് ബലത്തില്‍ നാട്ടണം. കമ്പികള്‍ കെട്ടണം.
പണിസ്ഥലം വൃത്തിയാക്കണം. ലൈന്‍ ചാര്‍ജ്ജു ചെയ്യണം. ഗതാഗതം അനുവദിയ്ക്കണം.
ഇതൊക്കെയാണു ചെയ്യാനുള്ളത്.
ഒരു കൂട്ടായ ശ്രമമായതുകൊണ്ട്
പുറത്തുനിന്നുള്ള ലേബര്‍ കൂടി വേണം. പുറത്തുനിന്നുള്ള ലേബര്‍ ഏര്‍പ്പാടു
ചെയ്തിട്ടുണ്ട്, അവര്‍ സ്ഥലത്തു വന്നു കിട്ടണം. അതില്‍
അല്പമൊരനിശ്ചിതത്വമുണ്ട്. ആ അനിശ്ചിതത്വം നീങ്ങാന്‍, അതായത്
രണ്ടിലൊന്നറിയാന്‍, ഒരു ഫോണ്‍ കാള്‍ മതി. ആരെയാണു വിളിയ്‌ക്കേണ്ടതെന്നു
വച്ചാല്‍ ആ ആളുടെ നമ്പര്‍ തരൂ, ഞാന്‍ വിളിയ്ക്കാമെന്നു പറഞ്ഞപ്പോള്‍, അതു
വേണ്ട, ഞാന്‍ തന്നെ വിളിച്ചോളാം എന്ന് ഏ ഈ പറഞ്ഞു. തുടര്‍ന്ന്, മുന്‍പു
വിവരിച്ച പണിയുടെ ഓരോ ഭാഗത്തിനും എത്ര സമയം വീതം വേണം എന്ന് എന്റെ
സ്‌നേഹപൂര്‍വ്വമായ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ കണക്കാക്കിയെടുത്തു.
അങ്ങേയറ്റം രണ്ടര മണിക്കൂറാണ് ആ പണിയ്ക്കായി ആവശ്യം വരിക. ഒരരമണിക്കൂറു
കൂടി കൂട്ടിക്കോളിന്‍, എന്ന എന്റെ അഭിപ്രായം സ്വീകരിച്ച് ആകെ മൂന്നു
മണിക്കൂര്‍ ആവശ്യമുണ്ട് എന്നു തീരുമാനമായി. പണി തുടങ്ങിക്കഴിഞ്ഞ നിലയ്ക്ക്,
ഇനി രണ്ടു മണിക്കൂര്‍ കൂടി മതിയാകണം എന്നു കണക്കുകൂട്ടി. ഇപ്പോള്‍ സമയം
ഒന്‍പതര. പതിനൊന്നരയ്ക്ക് ലൈന്‍ ചാര്‍ജ്ജു ചെയ്യാന്‍ സാധിയ്ക്കും,
സാധിയ്ക്കണം എന്നു ഞങ്ങള്‍ അനുമാനിച്ചു.
‘കറന്റ് എപ്പോള്‍ വരും’
എന്നു വിളിച്ചു ചോദിയ്ക്കുന്ന ഉപഭോക്താക്കളോട് ‘പതിനൊന്നരയ്ക്കു വരും’
എന്നറിയിയ്ക്കാന്‍ ഓഫീസിലെ ഫോണെടുക്കുന്നയാളെ ഇപ്പോള്‍ത്തന്നെ
ചുമതലപ്പെടുത്താമെന്ന് ഏ ഈ ഉറപ്പു നല്‍കി. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് ഞാന്‍
സെക്ഷന്‍ ഓഫീസിലേയ്ക്കു വിളിച്ചു ചോദിച്ചപ്പോള്‍ ‘പണി തീര്‍ന്നാല്‍ ഉടന്‍
ചാര്‍ജ്ജു ചെയ്യും’ എന്ന പതിവു മറുപടിയ്ക്കു പകരം, ‘പതിനൊന്നരയ്ക്കു
ചാര്‍ജ്ജു ചെയ്യും’ എന്ന മറുപടി കിട്ടി! എനിയ്ക്കു തൃപ്തിയായി.
ആകാംക്ഷയോടെ,
ഒരുപക്ഷേ ഉത്കണ്ഠയോടെ വിളിച്ചുചോദിയ്ക്കുന്ന ഉപഭോക്താക്കളോട് കറന്റു
വരാന്‍ സാദ്ധ്യതയുള്ള ഏകദേശസമയം പറഞ്ഞു കൊടുക്കാനുള്ള
സ്ഥിരസംവിധാനമുണ്ടാക്കണം എന്ന എന്റെ അഭിപ്രായവും ഏ ഈ സ്വീകരിച്ചിരുന്നു.
അതു മിയ്ക്കവാറുമൊക്കെ നടപ്പാകുകയും ചെയ്തു. മരംവീണെന്ന റിപ്പോര്‍ട്ടു
കിട്ടി, അതു സ്‌പോട്ടില്‍ച്ചെന്നു കാണുന്നതു വരെയുള്ള അനിശ്ചിതത്വം മാത്രമേ
ഇപ്പോഴുണ്ടാകാറുള്ളു. നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ഉടനെ എത്ര മണിയ്ക്കു
വൈദ്യുതിവിതരണം പുനരാരംഭിയ്ക്കാന്‍ സാധിയ്ക്കുമെന്ന വിവരം ഇപ്പോള്‍ റെഡി.
ചെറുപ്രശ്‌നങ്ങള്‍ മാത്രമാണെങ്കില്‍ അവര്‍ പറയും, ‘ദാ, ഇപ്പൊത്തന്നെ വരും.
ഒരു പത്തു മിനിറ്റ്. ഏറിയാലൊരു പതിനഞ്ചു മിനിറ്റ്.’ മതി, ഒരുപഭോക്താവിന്ന്
അത്രയും കേട്ടാല്‍ മതി.
പറവൂരിനപ്പുറത്ത് മന്നത്തുള്ള
സബ്‌സ്‌റ്റേഷനാണ് 110 കെവി ലൈന്‍ നിയന്ത്രിയ്ക്കുന്നത്. ഇടയ്ക്ക്
മന്നംകാര്‍ ലൈന്‍ ഓഫു ചെയ്യും. ഉടന്‍ മൂത്തകുന്നം സെക്ഷന്‍കാര്‍ കറന്റ്
എപ്പൊഴാ വരികയെന്ന് മന്നത്തേയ്ക്കു വിളിച്ചു ചോദിച്ച് ഞങ്ങള്‍
ഉപഭോക്താക്കള്‍ക്കുള്ള മറുപടി മുന്‍കൂട്ടി അറിഞ്ഞു വയ്ക്കും.
മഴക്കാലത്ത്
മഴവെള്ളവും വേനല്‍ക്കാലമൊഴികെയുള്ള മാസങ്ങളില്‍ കിണര്‍വെള്ളവും
കുടിയ്ക്കാനുപയോഗിയ്ക്കുന്നു. മറ്റു വീട്ടാവശ്യങ്ങള്‍ക്കായി കുളവുമുണ്ട്.
വേനല്‍മാസങ്ങളില്‍ അല്പമകലെയുള്ള ചെറുറോഡിന്റെയരികിലെ പൊതുടാപ്പില്‍
നിന്നാണ് കുടിവെള്ളമെടുക്കാറ്. ഒരു ദിവസം വൈകുന്നേരം വെള്ളമെടുക്കാന്‍
കുടവുമായി ചെന്നപ്പോള്‍ ടാപ്പില്‍ വെള്ളമില്ല. പതിവായി ചെല്ലാറുള്ള സമയത്തു
തന്നെയാണു ചെന്നത്. മുന്‍ ദിവസങ്ങളില്‍ ആ സമയത്ത് വെള്ളം
വരാറുണ്ടായിരുന്നു.
ഒഴിഞ്ഞ കുടങ്ങളുമായി മടങ്ങിവരേണ്ടി വരുന്നത്
ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് ഉടന്‍ വാട്ടര്‍
അതോറിറ്റിയുടെ ഓഫീസിലേയ്ക്കു വിളിച്ചു.
ഒരിടത്ത് പണി നടക്കുന്നുണ്ട്,
ആ പണി തീര്‍ന്ന ശേഷം മാത്രമേ ജലവിതരണം പുനരാരംഭിയ്ക്കുകയുള്ളുവെന്നു
മറുപടി കിട്ടി. എത്ര മണിയോടെ വെള്ളം വരും എന്നു ചോദിച്ചപ്പോള്‍ ‘അതറിയില്ല’
എന്നായിരുന്നു നേരിയ നിസ്സംഗതയോടെയുള്ള ഉത്തരം.
‘നിങ്ങള്‍
ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി തീര്‍ക്കാന്‍ എത്ര സമയം വേണമെന്നു കണക്കാക്കി
നോക്കിക്കൂടേ?’ എന്നു ഞാന്‍ ചോദിച്ചു. ‘അതു പറയാന്‍ പറ്റില്ല, പണി
തീര്‍ന്നു കഴിഞ്ഞയുടനെ വെള്ളം തുറന്നു വിടും’ എന്നായി മറുപടി. ‘ഇന്നോ
നാളെയോ മറ്റെന്നാളോ, ഇതിലേതു ദിവസമാണ് ജലവിതരണം പുനരാരംഭിയ്ക്കുകയെന്നു
പറഞ്ഞു തന്നേ പറ്റൂ,’ ഞാന്‍ പറഞ്ഞു. ‘ഇപ്പൊത്തന്നെ തരണം എന്നല്ല പറയുന്നത്.
എപ്പൊത്തരും എന്നു പറയണം എന്നേ ഞാന്‍ പറയുന്നുള്ളു, അതു പറയാനുള്ള
ബാദ്ധ്യത നിങ്ങള്‍ക്കും, അതറിയാനുള്ള അവകാശം എനിയ്ക്കുമുണ്ട്’ എന്നും ഞാന്‍
പറഞ്ഞു.
അത്ര നിര്‍ബന്ധമാണെങ്കില്‍ അസിസ്റ്റന്റ് എഞ്ചിനീയറോടു
ചോദിയ്ക്ക് എന്ന നിര്‍ദ്ദേശം കിട്ടി. അദ്ദേഹത്തിനു ഫോണ്‍ കൊടുക്കാന്‍
ഞാനാവശ്യപ്പെട്ടു. പകരം ഏ ഈയുടെ ഫോണ്‍ നമ്പര്‍ കിട്ടി. ഫോണ്‍
വിളിച്ചപ്പോള്‍ ഏ ഈ പറഞ്ഞു, ‘ഞാന്‍ ഇവിടെ പണിസ്ഥലത്തെ കുഴിയില്‍
ഇറങ്ങിയിരുന്നുകൊണ്ടാണു സംസാരിയ്ക്കുന്നത്.’ പണിയില്‍ അദ്ദേഹം നേരിട്ടു
വ്യാപൃതനാണ് എന്നര്‍ത്ഥം. ഞാനതിനു നന്ദി പറഞ്ഞു.
എപ്പോള്‍ വെള്ളം
വരും എന്നറിയാന്‍ വേണ്ടിയാണു ഞാന്‍ വിളിച്ചത് എന്നു ഞാനദ്ദേഹത്തെ
അറിയിച്ചു. ‘പണി തകൃതിയായി നടക്കുന്നുണ്ട്, പണി തീര്‍ന്നാലുടന്‍ വെള്ളം
വിട്ടേയ്ക്കാം’ എന്നദ്ദേഹം ഉറപ്പു നല്‍കി. എങ്കിലും, അതെപ്പോഴത്തേയ്ക്കാകും
എന്നറിഞ്ഞാല്‍ കൊള്ളാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു
വിളിയ്ക്കാമെന്നു പറഞ്ഞു. വിളി വന്നില്ല. അക്ഷമ കാരണം പത്തു മിനിറ്റു
കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു. ആറര മണി, അങ്ങേയറ്റം ഏഴു മണി,
അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഓഫീസ് ഫോണില്‍ വീണ്ടും വിളിച്ചു.
അതെടുത്ത ആളെ ഏ ഈ പറഞ്ഞ കാര്യം ഞാനറിയിച്ചു. ഇതുപോലെ ഒരേകദേശസമയം എപ്പോഴും
അറിഞ്ഞു വയ്ക്കണം എന്ന എന്റെ അഭിപ്രായം ഫോണെടുത്ത വ്യക്തിയും ശരിവച്ചു.
പിന്നീടു
പലപ്പോഴും വാട്ടര്‍ അതോറിറ്റിയില്‍ വിളിച്ചു ചോദിയ്‌ക്കേണ്ടി
വന്നിട്ടുണ്ട്. അപ്പോഴെല്ലാം ജലവിതരണം പുനരാരംഭിയ്ക്കുന്ന ഏകദേശസമയം
അറിയാന്‍ മിയ്ക്കപ്പോഴും കഴിഞ്ഞിട്ടുണ്ട്.
വൈദ്യുതി, കുടിവെള്ളം
എന്നിവയുടെ വിതരണം അല്പസമയത്തേയ്ക്കു പോലും തടസ്സപ്പെടാതിരിയ്ക്കുകയാണു
അഭികാമ്യം. പക്ഷേ നമ്മുടെ നാട്ടില്‍ അതിപ്പോഴും ആഗ്രഹിയ്ക്കാറായിട്ടില്ല.
പഴയ
തലമുറയില്‍പ്പെട്ട സ്വകാര്യബാങ്കിലെ അല്പം ‘പവറുള്ള’ ഉദ്യോഗസ്ഥനായിരുന്ന
കാലത്ത് ഈ ഞാനും കെഎസ്ഇബിയുടേയും വാട്ടര്‍ അതോറിറ്റിയുടേയും
നുകത്തില്‍ത്തന്നെ കെട്ടേണ്ടുന്ന തരം വ്യക്തിയായിരുന്നു. ‘സാറേ,
ലോണെപ്പൊക്കിട്ടും’ എന്ന അപേക്ഷകരുടെ ചോദ്യം തന്നെ അക്കാലത്ത്
അരോചകമായിത്തോന്നിയിരുന്നു. ‘അതൊക്കെയാകുമ്പൊത്തരും’ എന്ന
ധാര്‍ഷ്ട്യത്തോടെയുള്ള പ്രഖ്യാപനമായിരുന്നു പതിവ്. എന്നാല്‍
പില്‍ക്കാലത്തൊരു ബീപിഓയില്‍ ചെലവഴിച്ച ഏതാനും വര്‍ഷക്കാലം കാര്യങ്ങളോടുള്ള
സമീപനത്തില്‍ മാറ്റം വരുത്തി. ഉപഭോക്താക്കളുടെ ഇംഗിതം അറിയാനുള്ള
ആകാംക്ഷയുണര്‍ന്നു.
എപ്പോള്‍, എപ്പോള്‍, എപ്പോള്‍ എന്ന ചോദ്യം
മാത്രമായിരുന്നു, ബീപീഓയില്‍. സമയത്തിന് ഇത്രത്തോളം വിലകല്‍പ്പിച്ചിരുന്ന
മറ്റൊരു സേവനരംഗം അന്നുണ്ടായിരുന്നോ എന്നു സംശയമാണ്. എത്രമണിയ്ക്കു
റെഡിയാകും അതായത് പണി തീരും അല്ലെങ്കില്‍ തീര്‍ക്കും എന്നായിരുന്നു
അവിടുത്തെ ചോദ്യം മുഴുവനും. നാം തന്നെ പറഞ്ഞുകഴിഞ്ഞിരിയ്ക്കുന്ന സമയത്തിന്
പിന്നീടൊരു നീക്കുപോക്കു പാടില്ല താനും. പറഞ്ഞ വാക്കു മാറ്റിപ്പറയുന്നതിലും
അഭികാമ്യം മരിയ്ക്കുകയായിരിയ്ക്കണം എന്ന അര്‍ത്ഥം കൂടി കാണാവുന്ന
‘ഡെഡ്‌ലൈനുകള്‍’ മാത്രമായിരുന്നു ബീപിഓയില്‍.
ഇത്തരം
പ്രതിബദ്ധതയ്ക്ക് അവരവരുടെ ജോലികളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്
അനിവാര്യമാണ്. ചെറിയൊരുദാഹരണം ഓര്‍മ്മയില്‍ നിന്നു പറയാം. പറവൂര് ബൈക്കു
നന്നാക്കിയിരുന്ന അതിസമര്‍ത്ഥനായ ഒരു മെക്കാനിക്കുണ്ടായിരുന്നു. ഒരു
ബുള്ളറ്റ് ഏതെങ്കിലും വിധേന നന്നാക്കിയെടുക്കാവുന്നതാണെങ്കില്‍ അതയാള്‍
നന്നാക്കിയിരിയ്ക്കും, സംശയം വേണ്ട. ചെറിയൊരു കുഴപ്പം മാത്രം: നാലോ അഞ്ചോ
തവണ അതിന്നായി നാം അയാളുടെ അടുത്തു ചെന്നു മടങ്ങിപ്പോരേണ്ടി വരും. ‘നാളെ
വരട്ടേ’ എന്നു ചോദിച്ചാല്‍ ‘വന്നോളൂ’ എന്നു ഭവ്യതയോടെ പറയും. പല നാളെകള്‍
കഴിഞ്ഞെങ്കില്‍ മാത്രമേ ബൈക്കു നന്നാക്കിക്കിട്ടുകയുള്ളു.
എന്നാല്‍
തൃശ്ശൂരുണ്ടായിരുന്ന ഒരു മെക്കാനിക്ക് ഇക്കാര്യത്തില്‍
വ്യത്യസ്തനായിരുന്നു. ‘നാളെ ഉച്ചയ്ക്കൂണു കഴിഞ്ഞ് സാറ് ഒന്നിറങ്ങിന്‍.
ബൈക്കു റെഡിയായിരിയ്ക്കും.’ പറഞ്ഞ സമയത്ത് ചെല്ലുമ്പോള്‍ ബൈക്ക്
മിന്നിത്തിളങ്ങിക്കൊണ്ടു നമ്മെ കാത്തിരിപ്പുണ്ടാകും.
‘സര്‍ക്കാരു
കാര്യം മുറ പോലെ നടക്കും’ എന്നായിരുന്നു സര്‍ക്കാര്‍ സേവനത്തെപ്പറ്റി
പൊതുവിലുണ്ടായിരുന്ന അഭിപ്രായം. സര്‍ക്കാരാപ്പീസുകളില്‍ ഓരോരോ കാര്യങ്ങള്‍
എപ്പോള്‍ ചെയ്തുകിട്ടും എന്നതേപ്പറ്റിയുള്ള അനിശ്ചിതത്വം ഒരുകാലത്തു
നിലനിന്നിരുന്നു. കാര്യനിര്‍വ്വഹണത്തിന്നൊരു നിശ്ചിതത്വം വേണം എന്നൊരു
ചിന്ത വന്നതോടെയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോ സേവനവും നിശ്ചിത
ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയിരിയ്ക്കണം എന്ന നിഷ്‌കര്‍ഷ നിലവില്‍ വന്നത്.
വില്ലേജാപ്പീസില്‍ നിന്നു നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം എത്ര
ദിവസത്തിനകം നല്‍കിയിരിയ്ക്കണം എന്ന് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അത്ര പോലും ദിവസം മൂത്തകുന്നം വില്ലേജാപ്പീസ് എടുക്കാറില്ലെന്നതാണ് എന്റെ
അനുഭവം.
കൊടുക്കുന്ന അപേക്ഷകളെല്ലാം ഒരു റജിസ്റ്ററില്‍
രേഖപ്പെടുത്തുകയും അവയോരോന്നും ഏതു ദിവസത്തേയ്ക്കു തയ്യാറാകുമെന്ന തീയതി
അതില്‍ത്തന്നെ രേഖപ്പെടുത്തുകയും ചെയ്യുന്ന പതിവ് പറവൂര്‍
താലൂക്കാപ്പീസില്‍ നിലവിലുണ്ട്. അതനുസരിച്ച് വീണ്ടും സന്ദര്‍ശിയ്ക്കാനുള്ള
നിര്‍ദ്ദേശം അപേക്ഷകന്നു ലഭിയ്ക്കുന്നു. താലൂക്കാപ്പീസില്‍ പോകേണ്ടി
വന്നപ്പോഴൊക്കെ ഈ സമ്പ്രദായം നേരിട്ടു കാണാനും അതിന്റെ ഗുണം
അനുഭവിയ്ക്കാനും ഇട വന്നിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസിലും അങ്ങനെ
തന്നെയായിരുന്നെന്നും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഏറ്റെടുത്തിരിയ്ക്കുന്ന
ഓരോ ചുമതലയും ഏതു ദിവസം, എത്ര മണിയ്ക്കകം ചെയ്തു തീര്‍ത്തിരിയ്ക്കും എന്ന
ഉറപ്പു നല്‍കുകയും, അതനുസരിച്ചതു ചെയ്തു തീര്‍ക്കുകയും ചെയ്യുന്നൊരു
വ്യക്തിയുടെ മൂല്യം ക്രമേണ ഉയര്‍ന്നു വരും. ‘നോക്കട്ടെ’, ‘ശ്രമിയ്ക്കാം’
എന്നെല്ലാമുള്ള വാക്കുകള്‍ക്കു വിലയില്ല. നോക്കട്ടെ, ശ്രമിയ്ക്കാം എന്ന
വാക്കുകളേക്കാള്‍ കൂടുതല്‍ മൂല്യം സാദ്ധ്യമല്ല എന്ന ഉറപ്പിച്ചു
പറയലിലുണ്ട്. ‘പറ്റില്ലെങ്കിലതു തെളിച്ചു പറയ്’ എന്നു ചില ഇടപാടുകാര്‍
ആവശ്യപ്പെടും. എന്നാല്‍ ‘പറ്റില്ല’ എന്നു പറയുന്നതു പതിവാക്കിയാലോ, ആ
സേവനദാതാവിന്റെ വില ഇടിഞ്ഞതു തന്നെ.
നാമേറ്റിരിയ്ക്കുന്നൊരു ജോലി
അതിന്റെ ഏറ്റവും നല്ല രൂപത്തില്‍ ചെയ്യണമെങ്കില്‍ ആ ജോലിയെപ്പറ്റി നാം
ആഴത്തില്‍ അറിഞ്ഞിരിയ്ക്കണം. അറിഞ്ഞുകൂടാത്തൊരു ജോലി ചെയ്യാന്‍ നാം
മടിയ്ക്കുന്നു. നാം ചെയ്യേണ്ട ജോലിയാണത്, ചെയ്‌തേ തീരൂവെങ്കില്‍,
അതേപ്പറ്റി എത്രത്തോളം പഠനം നടത്തുന്നുവോ അത്രത്തോളം നല്ലത്.
ഒറ്റനോട്ടത്തില്‍ ഭാരിച്ചത് എന്നു തോന്നുന്ന ജോലിയാണെങ്കില്‍പ്പോലും അതിനെ
പല ചെറുജോലികളായിത്തിരിച്ചാല്‍ അവയോരോന്നും എളുപ്പത്തില്‍ ചെയ്തു
തീര്‍ക്കാന്‍ സാധിയ്ക്കും. അവയെല്ലാം ചെയ്തു കഴിയുമ്പോള്‍ ഭാരിച്ചതെന്ന്
ആദ്യം തോന്നിപ്പിച്ചിരുന്ന ജോലി വാസ്തവത്തില്‍ അത്ര
ഭാരിച്ചതായിരുന്നില്ലെന്നു മനസ്സിലാകും.
കുറച്ചുകാലം മുന്‍പ്
ആകെയുള്ളൊരു വീടിനു നേരേ ചാഞ്ഞു വന്നൊരു മാവ് ഖേദത്തോടെയാണെങ്കിലും
വെട്ടേണ്ടി വന്നു. വലിയൊരു മാവ്. നാലു പാടും ശിഖരങ്ങളുള്ള മാവ്. ചില
ശിഖരങ്ങള്‍ വീടിനു മുകളിലും സമീപത്തുമായി പടര്‍ന്നിരിയ്ക്കുന്നു. അതു
വെട്ടുമ്പോള്‍ ശിഖരങ്ങളില്‍ ചിലതെങ്കിലും വീടിന്മേല്‍ വീഴുമോയെന്ന
ശങ്കയുണ്ടായിരുന്നു.
ശിവദാസനാണു മാവു വെട്ടിയത്. ആദ്യം തന്നെ വീടിനു
മുകളിലേയ്ക്കു നീണ്ടു നിന്നിരുന്ന ശിഖരങ്ങളിലെ ചെറുചില്ലകള്‍
ഓരോന്നോരോന്നായി വെട്ടിമാറ്റിയശേഷം ഓരോ ശിഖരവും വെട്ടി, കയറുകെട്ടി മെല്ലെ,
വീടിനെ സ്പര്‍ശിയ്ക്കപോലും ചെയ്യാതെ താഴെയിറക്കി. മറ്റു ദിശകളിലേയ്ക്കു
പടര്‍ന്നിരുന്ന ശിഖരങ്ങളും ഓരോന്നായി വെട്ടി മാറ്റി. ഒടുവില്‍ അവശേഷിച്ച,
കുത്തനെ ഉയര്‍ന്നു നിന്ന മരം പല ഭാഗങ്ങളായി മുറിച്ചിട്ടു. ദുഷ്‌കരമെന്നും
ആപത്തു നിറഞ്ഞതുമെന്നു ഞാന്‍ ഭയപ്പെട്ടിരുന്നൊരു ജോലി അങ്ങനെ സുരക്ഷിതമായി,
ശാന്തമായി, സമയബന്ധിതമായി നിര്‍വ്വഹിയ്ക്കപ്പെട്ടു.
സമയബന്ധിതമായി
എന്നെടുത്തുപറയാന്‍ കാരണമുണ്ട്. പണിയ്ക്കിടയില്‍ ശിവദാസന് മൊബൈലില്‍ പല
കാളുകള്‍ വന്നിരുന്നു. സമാനമായ പണികള്‍ക്കായി അന്നു തന്നെ
ഇത്രമണിയ്‌ക്കെത്തിക്കോളാമെന്ന് ശിവദാസന്‍ ഉറപ്പുകൊടുക്കുന്നതു ഞാന്‍
കേട്ടിരുന്നു. മറ്റവരോടു പറഞ്ഞ സമയത്തിനു മുന്‍പു തന്നെ ഇവിടുത്തെ പണി
തീര്‍ത്ത് ശിവദാസന്‍ ഇറങ്ങിയിരുന്നു. ഏറ്റ പണികളെല്ലാം ഏറ്റ
സമയങ്ങളില്‍ത്തന്നെ ശിവദാസന്‍ അന്നു ചെയ്തുതീര്‍ത്തിരിയ്ക്കണം. ഇന്നാട്ടിലെ
മരംവെട്ടു രംഗത്ത് വിലപിടിപ്പുള്ളയാളാണ് ശിവദാസന്‍. മരം
വെട്ടാനുണ്ടെങ്കില്‍ ‘നമ്മുടെ ശിവദാസനെ വിളിച്ചാല്‍ മതിയല്ലോ’ എന്നാണു
പൊതുവില്‍ പറഞ്ഞു കേള്‍ക്കുക.
നമ്മില്‍പ്പലരും – ഞാനുള്‍പ്പെടെ – പല
ജോലികളും നിര്‍വ്വഹിയ്ക്കാന്‍ തയ്യാറാണ്. എന്നാല്‍ സമയബന്ധിതമായി ജോലികള്‍
ചെയ്തു തീര്‍ക്കാന്‍ മുന്നോട്ടു വരുന്നവര്‍ താരതമ്യേന കുറവായിരിയ്ക്കും.
ജോലി തുടങ്ങുക പോലും ചെയ്യും മുന്‍പേ അത് എന്നത്തേയ്ക്കു ചെയ്തു തീര്‍ത്തു
തരും എന്ന ചുമതല പ്രതിബദ്ധതയോടെ ചുമലിലേറ്റാന്‍ തയ്യാറാകുന്നവര്‍
തീര്‍ത്തും വിരളമായിരിയ്ക്കും. സമയബന്ധിതമായ കാര്യനിര്‍വഹണശേഷിയുള്ളവര്‍
എന്ന് ഇക്കൂട്ടരെ നമുക്കു വിശേഷിപ്പിയ്ക്കാം. ഇന്ത്യയിലെ മെട്രോമാന്‍
എന്നറിയപ്പെടുന്ന പത്മവിഭൂഷണ്‍ ഡോക്ടര്‍ ഇ ശ്രീധരന്‍ തന്നെ ഉത്തമോദാഹരണം.
ഡോക്ടര്‍
ശ്രീധരനും നാമും തമ്മില്‍ ശാരീരികമായോ മാനസികമായോ എന്താണു വ്യത്യാസം? ഒരു
വ്യത്യാസവുമില്ലെന്നതാണു വാസ്തവം. അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതകളും
അനുഭവസമ്പത്തും മാറ്റിനിര്‍ത്തി നോക്കിയാല്‍ അദ്ദേഹവും നാമും തമ്മില്‍
വ്യത്യാസമൊന്നുമുണ്ടാവില്ല. പക്ഷേ നാം ചെയ്യാത്ത ചില കാര്യങ്ങളും അദ്ദേഹം
ചെയ്യുന്നുണ്ടാകണം. ചുമതലകള്‍ ഏറ്റെടുക്കുംമുന്‍പേ തന്നെ അദ്ദേഹം
അവയെപ്പറ്റി ആഴത്തില്‍ പഠിയ്ക്കുന്നുണ്ടാവണം, അഥവാ പഠിച്ചു
കഴിഞ്ഞിട്ടുണ്ടാവണം. സ്‌കൂളില്‍ പഠിച്ച ഒരു പദ്യം നാം ചൊല്ലുന്നയത്ര
ലാഘവത്തില്‍ അദ്ദേഹം താനേറ്റെടുത്തിരിയ്ക്കുന്ന ബൃഹത്താ!യ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളെപ്പറ്റി പറയാന്‍, അഥവാ പദ്യം ചൊല്ലുന്നത്ര
അനായാസേന ‘ചൊല്ലാന്‍’, അദ്ദേഹത്തിന്നാകുന്നുണ്ടാകണം. തന്റെ ജോലികളിലെ
സങ്കീര്‍ണ്ണതകളേയും സന്ദിഗ്ദ്ധതകളേയും കുറിച്ചു പോലും അദ്ദേഹത്തിന് നല്ല
നിശ്ചയമുണ്ടാകും. ഈ അറിവുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഏതെല്ലാം
കാലയളവിനുള്ളില്‍ എത്രത്തോളം ജോലികള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം
കണക്കുകൂട്ടിയെടുക്കുന്നു. പ്രതിസന്ധികളെ നേരിടുക മാത്രമായിരിയ്ക്കില്ല
അദ്ദേഹം ചെയ്യുന്നത്; പ്രതിസന്ധികളെ അദ്ദേഹം
മുന്‍കൂട്ടിക്കാണുന്നുമുണ്ടാകണം. പ്രതിസന്ധികളെ നേരിടാനുള്ള ഏറ്റവും നല്ല
മാര്‍ഗ്ഗം പ്രതിസന്ധികള്‍ ഉടലെടുക്കാതെ നോക്കലാണ്. പ്രിവെന്‍ഷന്‍ ഈസ്
ബെറ്റര്‍ ദാന്‍ ക്യുവര്‍.
പണം നഷ്ടപ്പെട്ടാല്‍ വീണ്ടുമുണ്ടാക്കാം,
പോയതിലേറെയുമുണ്ടാക്കാം. എന്നാല്‍ സമയം നഷ്ടപ്പെട്ടാലോ? നഷ്ടപ്പെട്ടുപോയ
സമയം തിരികെപ്പിടിയ്ക്കുക അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെയായിരിയ്ക്കണം
സമയമാണ് ലോകത്ത് ഏറ്റവും വിലപ്പെട്ടത് – ടൈം ഈസ് പ്രെഷ്യസ് – എന്ന
ചൊല്ലുതന്നെ ഉണ്ടായിരിയ്ക്കുന്നത്. സ്വാതന്ത്ര്യലബ്ധി സമയത്ത് ഭാരതീയരുടെ
ശരാശരി ആയുസ്സ് ഏകദേശം നാല്‍പ്പതു വര്‍ഷത്തില്‍ താഴെയായിരുന്നുവത്രെ.
ഇന്നത് അറുപത്താറിന്നടുത്ത് എത്തിയിരിയ്ക്കുന്നു. ഏകദേശം ഇരട്ടി. നൂറു
ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നു സന്തോഷിയ്ക്കാമെങ്കിലും, ഭൂമി 450
കോടി കൊല്ലങ്ങളായി നിലനില്‍ക്കുന്നുവെന്നു ചിന്തിയ്ക്കുമ്പോള്‍
അറുപത്താറുവര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്ന ഈ ശരാശരി മനുഷ്യായുസ്സ്
എത്രയേറെ ഹ്രസ്വം എന്നും ചിന്തിയ്‌ക്കേണ്ടി വരുന്നു. ഭൂമിയെ ഒരു
വ്യക്തിയായി സങ്കല്‍പ്പിയ്ക്കുകയാണെങ്കില്‍ ആ വ്യക്തിയൊന്നു കണ്ണു
ചിമ്മാനെടുക്കുന്ന സമയത്തോളം പോലും ഒരു മനുഷ്യായുസ്സു
നീണ്ടുനില്‍ക്കുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം.
ഇത്ര ഹ്രസ്വമായ
മനുഷ്യായുസ്സിന്നിടയില്‍ ‘ശ്രമിയ്ക്കാം’, ‘നോക്കാം’, ‘പാര്‍ക്കലാം’
എന്നൊക്കെപ്പറഞ്ഞ് ചുമതലകളില്‍ നിന്നൊഴിയുകയും, ഏറ്റെടുത്ത ചുമതലകള്‍
നിര്‍വ്വഹിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നത് വാസ്തവത്തില്‍ നാം
നമ്മെത്തന്നെ ജനക്കൂട്ടത്തിന്നടിയിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനു
സമമാണ്. പ്രാധാന്യമുള്ളതെന്നു തോന്നുന്ന ചുമതലകള്‍ ശങ്ക കൂടാതെ
ഏറ്റെടുക്കുകയും ഏറ്റെടുത്തവ സമയബന്ധിതമായി നിര്‍വ്വഹിയ്ക്കുകയും അതൊരു
പതിവാക്കുകയും ചെയ്താല്‍ അതിലൂടെ ജനക്കൂട്ടത്തിനു മുകളിലുയരാനുള്ള വഴിയാണ്
മുന്നില്‍ മലര്‍ക്കെത്തുറന്നു കിട്ടുന്നത്. അതിന്നൊരുമ്പെടാത്തതിനാലാണ്
ഞാനും നിങ്ങളും ഇങ്ങനെയൊക്കെത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്നത്! നമ്മുടെ
ഭാവി നമ്മുടെ തന്നെ കൈകളിലാണ്.
ഇരുപത്തിനാലു മണിക്കൂറുണ്ട് ഒരു
ദിവസത്തില്‍. അതില്‍ പന്ത്രണ്ടു മണിക്കൂറെടുക്കുക. ആ പന്ത്രണ്ടു
മണിക്കൂറില്‍ ഓരോന്നിലും പ്രധാനപ്പെട്ട ഓരോ കാര്യം – ജോലി, ചുമതല
വീതമെങ്കിലും ചെയ്യുന്നുവെന്നു കരുതുക. ഉപജീവനത്തിനു വേണ്ടവയുള്‍പ്പെടെ.
ഒരു കാര്യം കൂടി. നാളത്തെ പന്ത്രണ്ടു മണിക്കൂറില്‍ ചെയ്യാനുള്ള
കാര്യങ്ങള്‍, അവയുടെ പ്രാധാന്യമനുസരിച്ചുള്ള ക്രമത്തില്‍ ഇന്നു തന്നെ
തീരുമാനിച്ചുറപ്പിച്ചു വയ്ക്കുകയും, എന്തുവന്നാലും അവ നിശ്ചയിച്ച
സമയങ്ങളില്‍ത്തന്നെ ചെയ്തു തീര്‍ക്കുകയും ചെയ്യുന്നുവെന്നും വയ്ക്കുക.
ഇതിന്ന് 24 മണിക്കൂര്‍ ആസൂത്രണം – പ്ലാനിംഗ് എന്നു പറയാം.
24
മണിക്കൂര്‍ പ്ലാനിംഗ് പതിവായിക്കഴിയുമ്പോള്‍, അതായത് 24 മണിക്കൂര്‍
പ്ലാനിംഗ് കൈപ്പിടിയിലൊതുങ്ങിക്കഴിയുമ്പോള്‍, ക്രമേണ 48 മണിക്കൂര്‍
പ്ലാനിംഗിലേയ്ക്കു കടക്കുക. നാളത്തെ പന്ത്രണ്ടു മണിക്കൂറില്‍ മാത്രമല്ല,
മറ്റെന്നാളത്തെ പന്ത്രണ്ടു മണിക്കൂറില്‍പ്പോലും ചെയ്യാന്‍ പോകുന്ന
കാര്യങ്ങളും ഇന്നു തന്നെ തീരുമാനിച്ചുറപ്പിയ്ക്കുന്ന രീതി സ്വായത്തമാക്കുക.
ക്രമേണ, സാവധാനത്തില്‍, അടുത്ത ഒരു മാസത്തെ ഓരോ ദിവസത്തിലുമുള്ള
പന്ത്രണ്ടു മണിക്കൂറില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ഇന്ന്, ഇപ്പോള്‍
തീരുമാനിച്ചുറപ്പിയ്ക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പുരോഗമിപ്പിയ്ക്കുക.
ഇക്കാര്യങ്ങളിലെടുത്ത മുഴുവന്‍ തീരുമാനങ്ങളും കര്‍ക്കശമായി നടപ്പാക്കുക.
ഇടയ്ക്കിടെ ലിസ്റ്റു പുനഃപരിശോധിയ്ക്കുകയും ആവശ്യാനുസരണം
പരിഷ്‌കരിയ്ക്കുകയും വേണം.
പ്രധാനമായ പന്ത്രണ്ടു കാര്യങ്ങള്‍ നാം
ദിവസേന ചെയ്യുന്നെങ്കില്‍ ഒരു വര്‍ഷം നാലായിരത്തിലേറെ കാര്യങ്ങള്‍ നാം
ചെയ്തു തീര്‍ത്തിരിയ്ക്കും. പ്രധാനമായ നാലായിരം കാര്യങ്ങള്‍ ഒരു വര്‍ഷം
കൊണ്ടു ചെയ്തു തീര്‍ക്കുന്ന ഒരാള്‍ക്കുണ്ടായേയ്ക്കാവുന്ന ഉയര്‍ച്ച
അസൂയാവഹമായിരിയ്ക്കും, സംശയം വേണ്ട.
ഇതില്‍ ഒരു കാര്യം
ശ്രദ്ധിയ്ക്കാനുള്ളത്, ഈ ആസൂത്രണങ്ങള്‍ നടത്തുന്നത്
യാഥാര്‍ത്ഥ്യബോധത്തോടെയായിരിയ്ക്കണം. യുട്ടോപ്യന്‍ സ്വപ്നങ്ങള്‍ നടപ്പില്‍
വരുത്താന്‍ ശ്രമിച്ചിട്ടു കാര്യമില്ല. ചെയ്യാന്‍ സാധിയ്ക്കുന്ന കാര്യങ്ങള്‍
മാത്രം ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തുക. തികച്ചും അസാദ്ധ്യമായ
കാര്യങ്ങള്‍ക്കായി സമയം കളയാതിരിയ്ക്കുക. എന്നാല്‍ സാദ്ധ്യം, അസാദ്ധ്യം ഈ
നിര്‍ണ്ണയങ്ങള്‍ പലപ്പോഴും സ്വന്തം ഉത്സാഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ചെയ്യാന്‍ ഉത്സാഹക്കുറവു തോന്നുന്ന കാര്യങ്ങള്‍ അസാദ്ധ്യമെന്ന പട്ടികയില്‍
കടന്നു കൂടുന്നു. ഇത്തരം ജോലികളെപ്പറ്റി കൂടുതല്‍ പഠനം നടത്തുന്നതിലൂടെ അവ
കൂടുതല്‍ എളുപ്പമുള്ളതായിത്തീരും. നന്നായി പഠിച്ചിട്ടുള്ളവ
നമുക്കെളുപ്പമുള്ളവയാണ്, അവ നാം എളുപ്പം ചെയ്തു തീര്‍ക്കുകയും ചെയ്യും.
നാമെഴുതിയ നിരവധി പരീക്ഷകളില്‍ നമ്മുടെ പൊതുസമീപനവും അതു തന്നെയായിരുന്നു. ആ
സമീപനം ജീവിതകാലം മുഴുവനും പ്രസക്തവുമായിരിയ്ക്കും. പറഞ്ഞുവന്നത് ഇതാണ്:
അസാദ്ധ്യമെന്നു കരുതുന്ന പലതും യഥാര്‍ത്ഥത്തില്‍
അസാദ്ധ്യമായിക്കൊള്ളണമെന്നില്ല.
‘തീരെ സമയമില്ല!’ – ഇതു നാം
ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണ്. നാമും അതിടയ്ക്കിടെ
പ്രയോഗിയ്ക്കാറുള്ളതാണ്. വെറും അരമണിക്കൂര്‍ കൊണ്ടു ചെയ്തു
തീര്‍ക്കാവുന്നൊരു കാര്യമായിരിയ്ക്കാം. അതു ചെയ്യാനുള്ള അനിഷ്ടമാണ് തീരെ
സമയമില്ലെന്ന ഒഴികഴിവായി അവതരിയ്ക്കുന്നത്. തീരെ സമയമില്ല എന്ന ഒഴികഴിവു
പ്രയോഗിയ്ക്കുമ്പോഴൊക്കെ ടൈം മാനേജ്‌മെന്റിനെപ്പറ്റിയുള്ളൊരു ക്ലാസ്സില്‍
ഒരു ട്രെയിനര്‍ പറഞ്ഞ ഒരുദാഹരണമാണ് ഓര്‍ത്തുപോകാറ്.
ഒരാള്‍ക്ക് ഒരു
വിഷയം പഠിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് ഉദ്യോഗക്കയറ്റം ലഭിയ്ക്കാന്‍
സഹായകമാകും. പക്ഷേ അതു പഠിച്ചെടുക്കാന്‍ ദൈനംദിനത്തിരക്കുകള്‍ക്കിടയില്‍
അയാള്‍ക്ക് തീരെ സമയം കിട്ടുന്നില്ല, ഇതായിരുന്നു അയാളുടെ പരാതി.
ട്രെയിനര്‍ ചോദിച്ചു, എത്ര നാള്‍ വേണം ആ വിഷയം പഠിച്ചെടുക്കാന്‍? ഒരുപാടു
നാള്‍ വേണമെന്നായിരുന്നു, മറുപടി. ഒരുപാടു നാള്‍ എന്നൊരു കാലയളവില്ല.
മിയ്ക്ക കറിക്യുലത്തിലും ഓരോ വിഷയം പഠിയ്ക്കാന്‍ ഇത്ര മണിക്കൂര്‍ എന്നാണു
നിഷ്‌കര്‍ഷ. ഒരു വിഷയം പഠിയ്ക്കാന്‍ ആകെ നൂറു മണിക്കൂര്‍ വേണമെങ്കില്‍,
മറ്റൊന്നിന് അന്‍പതു മണിക്കൂര്‍ മതിയാകും. അങ്ങനെ എത്ര മണിക്കൂര്‍ വേണ്ടി
വരും, ട്രെയിനര്‍ ചോദിച്ചു. അന്‍പതു മണിക്കൂര്‍ മതിയോ?
‘വിദ്യാര്‍ത്ഥി’യ്ക്കു അതു മതിയാകുമോയെന്ന സംശയം. 75 മണിക്കൂറായാലോ?
പോട്ടെ, 100 മണിക്കൂറായാലോ? അതു മതിയാകും, വിദ്യാര്‍ത്ഥി ആത്മവിശ്വാസത്തോടെ
പറഞ്ഞു.
ദിവസേന ഒരു പതിനഞ്ചു മിനിറ്റ് ഈ പഠനത്തിന്നായി മാറ്റി
വയ്ക്കാനാവില്ലേ? പതിനഞ്ചു മിനിറ്റോ, പിന്നെന്താ! എങ്കില്‍ ദിവസേന പതിനഞ്ചു
മിനിറ്റ് ഇതിന്നായി മാറ്റി വയ്ക്കുക. ആകെ നാനൂറു ദിവസം. ഒരു വര്‍ഷവും 35
ദിവസവും. ദിവസേന പതിനഞ്ചു മിനിറ്റു വീതം ചെലവഴിച്ചാല്‍ 400 ദിവസം കൊണ്ട്
100 മണിക്കൂര്‍ ചെലവഴിയ്ക്കാം. എത്ര ഗഹനമായ വിഷയത്തിലും ആധികാരികമായ അറിവു
നേടാന്‍ 100 മണിക്കൂര്‍ പഠനം മതിയാകും. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ദിവസേന
പതിനഞ്ചു മിനിറ്റു വീതം ഈ പഠനത്തിന്നായി നീക്കിവച്ചിരുന്നെങ്കില്‍ നിങ്ങള്‍
ആ വിഷയത്തിലൊരു ‘അതോറിറ്റി’ തന്നെയായിത്തീര്‍ന്നേനേയെന്ന് ട്രെയിനര്‍
ഉറപ്പിച്ചു പറഞ്ഞു. ‘തീരെ സമയമില്ല’ എന്ന ഒഴികഴിവില്‍ കഴമ്പുണ്ടാകാറില്ല
എന്ന് അദ്ദേഹം ഒരൊറ്റ ഉദാഹരണത്തിലൂടെ തെളിയിച്ചു.
ഇത്തരം ഒന്നല്ല, പല
പതിനഞ്ചു മിനിറ്റുകള്‍ നാം ദിവസേന പാഴാക്കിക്കളയുന്നുണ്ടാവണം. നമ്മുടെ ഒരു
പതിനഞ്ചു മിനിറ്റ് ദിവസേന പാഴായിപ്പോകുമ്പോള്‍ നാനൂറു ദിവസം കൊണ്ട്
നമ്മുടെ നൂറു മണിക്കൂറാണു പാഴായിപ്പോകുന്നത്. ദിവസേന ഒരു മണിക്കൂര്‍ വീതം
നാം പാഴാക്കിക്കളയുമ്പോള്‍ നാനൂറു ദിവസംകൊണ്ടു നാം 400 മണിക്കൂറാണു
പാഴാക്കിക്കളയുന്നത്. അത്യന്താപേക്ഷിതമായ ഉപജീവനത്തിനും ഊണിനും
ഉറക്കത്തിനും ചെലവഴിയ്ക്കുന്ന മണിക്കൂറുകള്‍ മാറ്റിനിര്‍ത്തിക്കൊണ്ടു
നോക്കിയാലും, ‘തീരെ സമയമില്ല’ എന്നു പറയുന്നതിന്നിടെ നമ്മില്‍ പലരും –
ഞാനുള്‍പ്പെടെ വര്‍ഷം തോറും അല്ലെങ്കില്‍ നാനൂറു ദിവസത്തിന്നിടെ നൂറും
ഇരുന്നൂറും മുന്നൂറും മണിക്കൂറുകള്‍ പാഴാക്കിക്കളയുന്നുണ്ടാകണം. ഇതിലൊരു
ഭാഗമെങ്കിലും ഫലപ്രദമായി നാമുപയോഗിച്ചിരുന്നെങ്കില്‍,
ഉപയോഗിയ്ക്കുന്നെങ്കില്‍, നാം ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്കു പോയേനെ,
പൊയ്‌ക്കൊണ്ടിരുന്നേനെ.
ചെറിയൊരു കാര്യം കൂടി. നമുക്കു ചെയ്യേണ്ടി
വരുന്ന ജോലികളെ പൊതുവില്‍ നാലു തരങ്ങളായി തിരിയ്ക്കാം. ഒന്ന്,
പ്രധാനപ്പെട്ടതും ഉടന്‍ ചെയ്യേണ്ടതുമായവ. രണ്ട്, പ്രധാനപ്പെട്ടത്, പക്ഷേ
ഉടന്‍ ചെയ്യേണ്ടതില്ലാത്തവ. മൂന്ന്, അപ്രധാനം, പക്ഷേ ഉടന്‍ ചെയ്യേണ്ടവ.
നാല്, അപ്രധാനവും ഉടന്‍ ചെയ്യേണ്ടാത്തവയുമായവ.
ഇവയില്‍ നാലാമത്തെ
ഗ്രൂപ്പില്‍ പെടുന്നവയെ ആദ്യംതന്നെ അവഗണിയ്ക്കുക. കിട്ടുന്ന സമയം മുഴുവനും
ഒന്ന്, രണ്ട്, മൂന്ന് എന്നീ ഗ്രൂപ്പുകളില്‍ പെടുന്നവയ്ക്കായി
വിനിയോഗിയ്ക്കുക. പ്രധാനപ്പെട്ട ഒരു ജോലി പോലും, അതായത്, ഒന്ന്, രണ്ട്
എന്നീ ഗ്രൂപ്പുകളില്‍പ്പെടുന്ന ഒരു ജോലിപോലും അവഗണിയ്ക്കപ്പെട്ടു
പോകരുതെന്നതാണ് ഏറ്റവുമധികം ശ്രദ്ധിയ്‌ക്കേണ്ടത്.
കാര്യനിര്‍വ്വഹണത്തിന്നിടയില്‍ ഈ നാലു ലിസ്റ്റുകളും ഇടയ്ക്കിടെ
പരിശോധിയ്ക്കുകയും പരിഷ്‌കരിയ്ക്കുകയും വേണം. നമ്മുടെ മൂല്യം, അതേതു
തരത്തിലുള്ളതായാലും, ഇത്തരത്തില്‍, ക്രമേണ, വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും,
സംശയമില്ല.