Saturday, August 27, 2016

സ്ത്രീകളുടെ കുറവുകളെ ബുദ്ധിപരമായി സമീപിക്കാം



ഭാര്യമാര്‍ പല പ്രകൃതക്കാരുണ്ടാവും. ചടുലമായി കാര്യങ്ങള്‍ ചെയ്ത് എല്ലാറ്റിലും ഇടപെടുന്നവരായിരിക്കും ചിലര്‍. ഒഴിവു സമയത്തെ കുറിച്ച് ആവലാതിപ്പെടുന്നവരാണ് മറ്റു ചിലര്‍. അമിതവാശിയാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ വാതോരാതെയുള്ള സംസാരമാണ് മറ്റു ചിലരുടെ പ്രശ്‌നം. ദമ്പതികള്‍ക്കിരുവര്‍ക്കും പ്രയാസമില്ലാതെ എങ്ങനെ അവയെ സമീപിക്കാം?

ഈ വിഷയവുമായി ബന്ധപ്പെട്ട നാല് സംഭവ കഥകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്. 
ചടുലമായി ജോലികളെല്ലാം ചെയ്യുകയും അല്‍പം മാത്രം വിശ്രമിക്കുകയും ചെയ്യുന്ന ഭാര്യയുടേതാണ് ഒന്നാമത്തേത്. വീട്ടുജോലികളും തന്റെ ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളും വിജയകരമായി ചെയ്തു തീര്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ ഭര്‍ത്താവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഒന്നുകില്‍ ഫോണ്‍ ചെയ്‌തോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെയോ അത് ചെയ്യുന്നു. അതേ സമയം അവളുടെ ഭര്‍ത്താവ് സംസാരത്തിലും ചലനങ്ങളിലുമെല്ലാം തണുപ്പന്‍ പ്രകൃതക്കാരനും വീട്ടില്‍ വെറുതെയിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. കുട്ടികളോടും വീട്ടുകാരോടും കൂട്ടുകാരികളോടുമുള്ള അവളുടെ വേഗത്തിലുള്ള ഇടപെടലും നിരന്തരം അവരുമായും തന്നോടും സമ്പര്‍ക്കം പുലര്‍ത്തുന്നതും വീടിനെയും കുട്ടികളെയും നശിപ്പിച്ചു കളയുമോ എന്ന തോന്നലിലേക്ക് അതയാളെ എത്തിക്കുകയാണ്. അങ്ങനെ അവളുടെ ഇടപഴകലിന്റെ ശൈലി മാറ്റാന്‍ അയാള്‍ തീരുമാനിച്ചു. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളും ഹോബികളും എന്താണെന്ന് അയാള്‍ പഠിച്ചു. വസ്ത്രങ്ങള്‍ അവള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് അയാള്‍ കണ്ടെത്തി. തനിക്ക് മേലുള്ള സമ്മര്‍ദം കുറക്കുന്നതിന് ഒരു കച്ചവട സ്ഥാപനം തുടങ്ങാള്‍ അയാള്‍ അവളെ പ്രേരിപ്പിച്ചു. അവളുടെ ശ്രദ്ധ തന്നില്‍ നിന്നും കച്ചവട കാര്യങ്ങളില്‍ വ്യാപൃതമാക്കുന്നതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.

പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളുടേതാണ് രണ്ടാമത്തെ അനുഭവം.
 അയാളും ഭാര്യയും വിദേശത്താണ്. അവര്‍ക്ക് മക്കളില്ല. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഒഴിവു സമയത്തെ കുറിച്ച് ഏറെ പരാതിപ്പെടുന്നവളാണ് അവള്‍. ഭര്‍ത്താവ് തന്റെ പഠനവുമായി ബന്ധപ്പെട്ട തിരിക്കിലാണ് എപ്പോഴും. അയാള്‍ തുടര്‍പഠനം നടത്താനോ മറ്റേതെങ്കിലും കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനോ അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് പഠിക്കുന്നതിനോടൊന്നും താല്‍പര്യമില്ല. പഠനത്തെക്കാളും വായനയേക്കാളും അവള്‍ക്കിഷ്ടം കായികമായ പ്രവര്‍ത്തനങ്ങളോടാണ്. എന്നാല്‍ അയാള്‍ അത് ബുദ്ധിപരമായി പരിഹരിച്ചു. തന്നോടൊപ്പം പഠിക്കുന്ന ആ പ്രദേശത്തെ പ്രവാസി കുടുംബങ്ങളെ ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അത്. തന്റെ ഭാര്യക്കും മറ്റ് പ്രവാസി ഭാര്യമാര്‍ക്കും ഇടയില്‍ നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ ശ്രമിച്ചു. അവര്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ചില കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങി. അതിലൂടെ നിത്യവും കേട്ടിരുന്ന ആവലാതിക്ക് പകരം കൂട്ടുകാരികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അവള്‍ പറഞ്ഞു.

വളരെ രസകരമാണ് മൂന്നാമത്തെ കഥ. 
ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു, അയാളുടെ ഭാര്യ നല്ല സ്‌നേഹവതിയാണ്. എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ നിരന്തരം അതിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന അവളുടെ സ്വഭാവത്തെ ചികിത്സിച്ചത് കൂടുതല്‍ പ്രജനനം നടത്തിയാണ്. ഇതുകേട്ട് ചിരിച്ചു കൊണ്ട് അതെങ്ങനെയാണെന്ന് ഞാന്‍ അന്വേഷിച്ചു. അയാള്‍ പറഞ്ഞു: കൂടുതല്‍ പ്രജനനം നടത്തി എന്റെ വീട്ടിലെ രണ്ട് പ്രശ്‌നങ്ങളാണ് ഞാന്‍ പരിഹരിച്ചത്. ഒന്ന്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ അതാവശ്യപ്പെട്ട് അതിന് നിര്‍ബന്ധിച്ച് കൊണ്ടേയിരിക്കുന്ന ഭാര്യയുടെ സ്വഭാവം. രണ്ട്, കുട്ടികളോടുള്ള എന്റെ സ്‌നേഹം. കുട്ടികളുടെ പരിചരണം, പഠനം, ചികിത്സ തുടങ്ങിയ തിരക്കുകളില്‍ ഭാര്യ വ്യാപൃതയായപ്പോള്‍ അയാള്‍ക്ക് മേലുള്ള സമ്മര്‍ദം കുറഞ്ഞു.

സ്ത്രീകളുടെ പ്രധാന പത്ത് ന്യൂനതകളെ കുറിച്ച് പറയുന്ന ഒരു പഠനം ഞാന്‍ വായിച്ചതോര്‍ക്കുന്നു. അതില്‍ ഒന്നാമതായി പറയുന്നത് അമിതവാശിയാണ്. സ്‌ത്രൈണ ഭാവത്തെ പരിഗണിക്കാതിരിക്കല്‍, ധൂര്‍ത്ത്, വീടിനെ അവഗണിക്കല്‍, അധികാര മോഹം, അമിത സംസാരം, മാതാവില്‍ നിന്ന് സ്വതന്ത്രയാവാതിരിക്കല്‍, അലങ്കാരങ്ങളിലെ അമിതത്വം, സംശയവും അസൂയയും, വെറും വര്‍ത്തമാനം പറയല്‍ തുടങ്ങിയവയാണവ. ഗവേഷക സംഘം ആളുകളെ കണ്ട് ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ മറുപടികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനമാണിത് പറയുന്നത്.

പുരുഷന്‍മാരുടെ പത്ത് പ്രധാന ന്യൂനതകളെ കുറിച്ച് ഏതെങ്കിലും സംഘം പഠനം നടത്തിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്. ഒരു ന്യൂനതയും ഇല്ലാത്ത ഒരു മനുഷ്യനും ഇല്ലെന്നുള്ളത് പ്രധാന വസ്തുതയാണ്. എന്നാല്‍ മറ്റുള്ളവരുടെ ന്യൂനതകളോടും കുറവുകളോടും ബുദ്ധിപരമായി സമീപിക്കാനുള്ള കഴിവാണ് നാം നേടിയെടുക്കേണ്ടത്. അത് ഭാര്യയാവാം, കൂട്ടുകാരനാവാം സഹോദരനാവാം. നാലാമത്തെ ഒരു സംഭവം കൂടി ഞാന്‍ വിവരിക്കാം. ഭാര്യയുടെ അമിതമായ സംസാരത്തിന് ചികിത്സ നല്‍കാന്‍ അവളെ അധ്യാപന രംഗത്തേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ച ഒരാളെ എനിക്കറിയാം. അവളുടെ സംസാരത്തിന്റെ ആധിക്യം കാരണം എനിക്ക് തലപെരുക്കുമായിരുന്നു. അവളുടെ മാനേജ്‌മെന്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്‌കൂളില്‍ പഠിപ്പിപ്പിക്കുന്ന ജോലിക്ക് പോകാന്‍ ഞാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അധ്യാപന ജോലി ചെയ്യാന്‍ തുടങ്ങിയ അവള്‍ വളരെ ശാന്തമായിട്ടായിരുന്നു പിന്നീട് വീട്ടില്‍ പെരുമാറിയിരുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ പിന്നീട് അവള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. കാരണം മനസ്സിലാകാത്ത കുട്ടികള്‍ക്ക് വേണ്ടി ആയിരം തവണ ക്ലാസുകള്‍ ആവര്‍ത്തിക്കാന്‍ തയ്യാറായിരുന്ന അവളുടെ സംസാരത്തോടുള്ള താല്‍പര്യം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ പൂര്‍ത്തീകരിച്ചു.

By: Jasim Muthawwa വിവ: നസീഫ്‌

തഹജ്ജുദിലൂടെ ഉദ്ദിഷ്ടകാര്യം നേടാനാവില്ലേ?

നല്ല ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടുന്നതിന് വേണ്ടി ഞാന്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ എനിക്ക് എവിടെയും അഡ്മിഷന്‍ കിട്ടിയില്ല. എല്ലായിടത്തും അഡ്മിഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മറുപടി: നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയം പഠിക്കുന്നതിന് അഡ്മിഷന്‍ കിട്ടുന്നതിനായി നിങ്ങള്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചു എന്നത് ശരിയാണ്. എന്നാല്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചു എന്നത് കൊണ്ട് ഒരു കാര്യം ഉറപ്പാക്കാനാവില്ല. പ്രാര്‍ഥന ഒരിക്കലും കഠിനമായ പരിശ്രമത്തിന് പകരമാവില്ല. നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ച ശേഷം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ നമുക്ക് അവകാശമുണ്ട്. നിര്‍ണിതമായ പ്രാപഞ്ചിക നിയമങ്ങളോടെയാണ് അല്ലാഹു ഈ ലോകത്തെ സംവിധാനിച്ചിരിക്കുന്നത്. അതനുസരിച്ച് വിജയിക്കാനാവശ്യമായ ഘടകങ്ങള്‍ ഒരാള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ അയാള്‍ വിജയിക്കുന്നു. ചില നിയമങ്ങല്‍ ഈ ലോകത്തെ വിജയത്തിനുള്ളതാണെങ്കില്‍ മറ്റുചിലത് പരലോക വിജയത്തിനുള്ളതാണ്. ഈ ലോകത്തെ വിജയത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് (അതിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ പ്രകാരം) അതില്‍ വിജയിക്കാനാവുമെന്നും പരലോക വിജയത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതില്‍ വിജയിക്കാനാവുമെന്നും ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് ഉറപ്പു നല്‍കുന്നുണ്ട്. വിജയിക്കുന്നതിന് വേണ്ട പരിശ്രമങ്ങള്‍ നടത്താത്തവര്‍ പഴിക്കേണ്ടത് സ്വന്തത്തെ മാത്രമാണ്.
ഒരു കര്‍ഷകന്‍ ശ്രദ്ധയോടെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് നോക്കൂ. അയാള്‍ ശരിയായ വിത്തുകള്‍ തെരെഞ്ഞെടുത്ത് മുന്‍കൂട്ടി അതിന് നിലം ഒരുക്കുന്നു. എന്നിട്ട് വിതക്കേണ്ട സമയമാവാന്‍ കാത്തുനില്‍ക്കുകയാണ്. എന്നിട്ട് മണ്ണില്‍ ആവശ്യമായ വളവും ജൈവാംശങ്ങളും ചേര്‍ത്ത് വിത്തുകള്‍ പാകുന്നു. തുടര്‍ന്നും അതിന് വേണ്ട പരിചരണങ്ങളെല്ലാം നല്‍കുന്നു. ഇങ്ങനെ താന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തതിന് ശേഷം നല്ല വിള ലഭിക്കാനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതേസമയം നല്ല വിളവ് ലഭിക്കാന്‍ അല്ലാഹു നിശ്ചയിച്ച നിയമങ്ങളൊന്നും പാലിക്കാതെ അലക്ഷ്യമായ കുറച്ച് വിത്തെറിഞ്ഞ ശേഷം അല്ലാഹുവിനോട് പ്രാര്‍ഥിച്ചതു കൊണ്ട് നല്ല ഫലം പ്രതീക്ഷിക്കാനാവില്ല.
ലോകത്തെ ഏറ്റവും വിജയിയായ വ്യക്തിയായിരുന്നു പ്രവാചകന്‍ എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. സൂക്ഷ്മമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു അദ്ദേഹത്തിന്റെ അസാമാന്യമായ വിജയങ്ങള്‍. എവിടെയെങ്കിലും ഇരുന്ന് പ്രാര്‍ഥിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. മറിച്ച് തന്റെ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തിയ ശേഷമായിരുന്നു അദ്ദേഹം അല്ലാഹുവോട് വിജയത്തെ തേടിയിരുന്നത്. വളരെ മനോഹരമായി ഒരു ഹദീഥില്‍ അത് വിവരിക്കുന്നത് കാണാം. ''നിനക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളില്‍ നീ താല്‍പര്യം കാണിക്കുക. ഒപ്പം അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക. നീ അശക്തനാവരുത്. നിന്നെ വല്ലതും ബാധിച്ചാല്‍ ഞാന്‍ ഇന്നയിന്ന രൂപത്തില്‍ ചെയ്തിരുന്നുവെങ്കില്‍ (അത് സംഭവിക്കില്ലായിരുന്നു) എന്ന് പറയരുത്. മറിച്ച് അല്ലാഹുവിന്റെ വിധിയാണത്, അവനുദ്ദേശിച്ചത് സംഭവിച്ചു എന്ന് പറയുക. നിശ്ചയം 'ആയിരുന്നെങ്കില്‍' എന്നുള്ളത് പിശാചിന് വാതില്‍ തുറന്നു കൊടുക്കലാണ്.''
അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങളുടെ പരാജയ കാരണങ്ങള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നാണ്. വിജയത്തിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച്ചയാവാം ഒരുപക്ഷേ നിങ്ങളുടെ പരാജയ കാരണം. നിങ്ങളുടെ നയത്തെയും പഠന രീതിയെയും കുറിച്ച് പുനരാലോചന നടത്താനുള്ള സമയമാണിത്. ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ സഹായം അതിനായി നിങ്ങള്‍ക്ക് തേടാം.
ആദ്യ ശ്രമത്തിലുള്ള പരാജയം നിങ്ങളെ ഒരിക്കലും അതില്‍ നിന്ന് പിന്തിരിപ്പിക്കരുത്. നിങ്ങള്‍ വിജയം നേടാന്‍ നിശ്ചയിക്കുകയും അതിന് വേണ്ട ശ്രമങ്ങള്‍ നടത്തുകയും ചെയ്താല്‍ അതില്‍ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കാം. അബ്രഹാം ലിങ്കണെയും എഡിസനെയും പോലുള്ള വലിയ നേതാക്കളും കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാക്കളും അവരുടെ വീഴ്ച്ചകളില്‍ നിന്നായിരുന്നു പാഠം പഠിച്ച് ഉയര്‍ന്ന നിലയിലെത്തിയതെന്ന് ഓര്‍ക്കുക.
'ഒട്ടകത്തെ കെട്ടിയിടുക, ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കുക' എന്നാണ് പ്രവാചകന്‍(സ) കല്‍പിച്ചിരിക്കുന്നത്.
by: Sheikh Ahmed Kutyy... Translation by Naseef

Friday, August 26, 2016

മമ്മൂട്ടി എളയായും ഓർമ്മയിലേക്ക്

25 -08-16 വ്യാഴാഴ്ച്ച ദുബായിലെ അസറിന്റെ നേരത്ത് യാസിറിന്റെ ഫോൺ, (അതിനു മുന്നേ ചെക്കി വാട്സപ്പിലൂടെ സന്ദേശം തന്നിരുന്നത്, അതിൽ ലൈവ് അല്ലാത്തോണ്ട് കണ്ടില്ല)...ആ നേരത്ത് ഫോൺ എടുക്കാനായില്ല , പിന്നെ തിരിച്ചു വിളിച്ചപ്പോ പറഞ്ഞു . അൻസാർ എളയ പോയി എന്ന്... എന്ത് പറയണം എന്നറിയാതെ സ്തബ്ധനായി.. പടച്ചോന്റെ പരീക്ഷണങ്ങളിൽ ഒരിക്കലും തകരരുത്, റബ്ബിനോട് എപ്പോഴും തവക്കുലാക്കണം എന്ന് എപ്പോ കണ്ടാലും പറയാറുള്ള മനുഷ്യനാണ് പടച്ചോന്റെ വിധിപ്രകാരം യാത്ര പോയത് ... {പ്രിയപ്പെട്ട ഉമ്മ അടുത്തില്ലായ്‌മ ജീവിതത്തിൽ നന്നായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ആണ് ഉമ്മാന്റെ അനുജൻ  മമ്മദലിച്ചയും പോയത്.. അതിനു മുമ്പ് ചെമ്മുത്താന്റെ  ആമദലിയും പോയി... ഇപ്പോ മമ്മൂട്ടി എളയായും}
ആകെ തരിച്ചുപോയ നിമിഷങ്ങൾ ... നാട്ടിലേക്ക് വിളിക്കുകയും ഒക്കെ ചെയ്‌തെങ്കിലും, എന്തെങ്കും ഒന്ന് തിരികെ പറയാൻ ഞാൻ അശക്തനായിരുന്നു. ആ നേരം മുതൽ പഴയതുകൾ എല്ലാം ഞാൻ ഓർമ്മയിലേക്ക് തികട്ടികൊണ്ടു വന്നു റബ്ബിനോട് മമ്മൂട്ടി എളയാൻറെ മഗ്ഫിറത്തിനും മർഹമത്തിനുമായി ഞാൻ ദുആ ചെയ്യുകയായിരുന്നു... വേറെന്തും ചെയ്യാൻ എനിക്കാവുന്നില്ല.
എളയായും ഷാഫി മോനും 


ആ നേരങ്ങളിൽ അല്പം ഞാൻ കുടുംബ വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റി .... അത് ഇതായിരുന്നു

1. വല്ലാത്തൊരു ഷോക്കായിപ്പോയി...
എന്ത് പറയണം എന്നറിയുന്നില്ല...
2008ൽ ആമദലി ആരോടും പറയാതെ ചെമ്മുത്താനെയും 2 കുട്ടികളെയും മമ്മൂമാക്കും അബൂസാലി എളയാക്കും തിരികെ ഏൽപിച്ച് കടന്നു പോയി...
ഇന്ന് (25.82016) അൻസാർ എളയ (മമ്മൂട്ടി) നവാർത്താനെയും മകനെയും തിരിയെ ഏൽപ്പിച്ച് പടച്ചോന്റെ സന്നിധിയിലേക്ക് യാത്ര പോയി...

ആച്ചൂന്റെ മങ്ങലത്തിന് നാട്ടിൽ കൂടിയത് തന്നെ കൊല്ലങ്ങളായി നേരിൽ കാണാത്ത ബന്ധുബലങ്ങളെ നേരിൽ കാണാനും മുസാഫഹത്ത് ചെയ്യാനും ആയിരുന്നു.. ഒപ്പം മമ്മദലിച്ചാന്റെ ഓർമ്മകൾക്ക് മുന്നിൽ, പ്രാർത്ഥനയോടെ നിൽക്കാനും...

മമ്മൂട്ടി എളയാ പാലിച്ചിയടുക്കത്തേക്ക് കാറിൽ വന്നിറങ്ങിയതും പൊന്നുമോനെ കയ്യിൽ എടുത്ത് പന്തലിലേക്ക് വരുന്നതും ഇപ്പഴും ഓർമ്മയിലുണ്ട്.. അവർക്ക് മുന്നേ നവാർത്ത പന്തലിൽ കയറിയിരുന്നു..
ഭക്ഷണം കഴിച്ച് ഒരു പാട് അൻസാർ എളയാനോട് സംസാരിച്ചതാണ്.. ജോലിയും തിരക്കുകളും താമസവും പ്രൊമോഷൻ സാധ്യതകളുമൊക്കെ സംസാരത്തിൽ വന്നതാണ്.. അതിനിടക്ക് ജിലേബി ഒന്നെടുത്ത് വായിലിടുകയും ചെയ്ത്... ഉള്ളു തുറന്നുള്ള ആ സംസാരവും ചിരിയും ഒന്നും മനസിൽ നിന്ന് മായുന്നില്ല.
നവാർത്ത ഒരുപാട്... ഒരുപാട് വേദനകൾ ജീവിതത്തിൽ കടിച്ചിറക്കിയതാണ്.. ആ ജീവിതത്തിലേക്ക് തണലായി താങ്ങായിട്ടാണ് മമ്മൂട്ടി എളയ വന്നതും.. മുൻ സംഭവങ്ങളെ തൊട്ട് മൂഡ് ഓഫായ നവാർത്താനെ ചാർജ് ചെയ്തത് അൻസാർ എളയാന്റെ സാന്നിധ്യമായിരുന്നു...
എളയാക്കും ഒരുപാട് വേദനകൾ ഉണ്ടായിരുന്നു.. ചെറിയ പ്രായത്തിൽ ഉപ്പ മരണപ്പെട്ടത്... പെങ്ങളുടെ കുട്ടിയുടെ മരണം.. തുടങ്ങി പലതും... എല്ലാം പടച്ചവനിൽ തവക്കുലാക്കികൊണ്ട് തന്നെ ആയിരുന്നു എളയാന്റെ ജീവിതം...
പൊന്നുമോനെ സ്കൂളിലേക്ക് കൈപിടിച്ച് കൊണ്ടുപോകാൻ ആണ് പ്രിയ മാതാപിതാക്കൾ മക്കളുടെ വളർച്ചക്കാലത്ത് ആഗ്രഹിക്കുന്നത്... അതിന് അവസരം മമ്മൂട്ടി എളയാക്ക് കിട്ടീല്ല... പടച്ചവൻ വിളിച്ച്... എളയ യാത്ര പോയി...

ഈ മരണം എനിക്ക് വലിയ ഷോക്ക് തന്നിരിക്കയാണ്...
മരണം എന്നെ താഴെ പറയുന്ന തലത്തിൽ ഓർമ്മപ്പെടുത്തുകയാണ്...

നമുക്ക് ചുറ്റും ദിനേനയെന്നോണം നടക്കുന്ന നൂറുക്കണക്കിന് മരണങ്ങള്‍! ചിലത് നാം ശ്രദ്ധിക്കുന്നു. ചിലത് നമുക്ക് ചെറുതോ വലുതോ ആയ രൂപത്തില്‍ 'ഫീല്‍' ചെയ്യുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നാം അതെല്ലാം മറക്കുന്നു. എന്നാല്‍ നമുക്ക്ചുറ്റും നടക്കുന്ന ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ശക്തമായ കുറെ സന്ദേശങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. നാമൊരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതസന്ദേശങ്ങള്‍! അവയില്‍ ചിലത് താഴെ കൊടുക്കുന്നു

1. മരണം എപ്പോള്‍, എവിടെവച്ചു, എങ്ങനെ കടന്നുവരും എന്ന് മുന്‍കൂട്ടി അറിയുക സാധ്യമല്ല.

2. സമയമാകുമ്പോള്‍ എല്ലാവരും മരണത്തിന്‍റെ രുചിയറിയും.

3. ആശയും അഭിലാഷവും സഫലമാകാതെയാണ് പലരുടെയും മരണയാത്ര.

4. മരണം ചിലര്‍ക്ക് നല്ല അനുഭവമാണ്. മറ്റുചിലര്‍ക്ക് ചീത്ത അനുഭവവും.

5. ആര്‍ത്തിയും സ്വാര്‍ഥതയും നിഷേധവും അധര്‍മവുമായി ജീവിച്ചവര്‍ മരണസമയത്ത് കുറ്റബോധത്തിന്‍റെ കണ്ണീര്‍ കുടിക്കും.

6. മരണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ എവിടെയും ഒളിച്ചിട്ടോ ഓടിയിട്ടോ പ്രയോജനമില്ല.

7. ഹൃദയമിടിപ്പിന്‍റെ ടക്ട-ക് ശബ്ദം മരണത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്ന കാലടിശബ്ദമാണ്.

8. പ്രഭാതത്തില്‍ പ്രതീക്ഷയോടെ ഉണരുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുണ്ടോ, മരണം തന്‍റെ പാദരക്ഷയുടെ വള്ളിയെക്കാള്‍ തന്നോടടുത്തുണ്ടെന്നു!

9. മരണം ജീവിതത്തിന്‍റെ അവസാനമല്ല പരലോകജീവിതത്തിലേക്കുള്ള കവാടമാകുന്നു.

10. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഒരുക്കിത്തന്ന പ്രപഞ്ചനാഥനെ മാത്രം നമിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മരണസ്മരണയോടെ ജീവിക്കും. അവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല.

(വിശദമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഖുര്‍ആന്‍ 29:57, 31 :34, 4:78, 63:10, 47:27, 89:27-30 എന്നീ ദിവ്യവചനങ്ങള്‍ കാണുക) ...

റബ്ബേ...
അൻസാർ എളയാന്റെ ആത്മാവിന് നീ പൊറുത്തു കൊടുക്കണമേ... കാരുണ്യം ചൊരിയണമേ..
ഈ മരണം സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് നീ നവാർത്തയ്ക്ക് നൽകണമേ.. പൊന്നുമോനെ നീ കാവലിലാക്കണമേ...
അബൂസാലി എളയാക്ക്
മമ്മൂമാക്ക്, പുരയിൽ എല്ലാർക്കും എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണമേ.... ആമീൻ യാ... റബ്ബീ...


2. മയ്യത്ത് ഖബറിലേക്ക് വെക്കാൻ മണിക്കൂറുകൾ മാത്രം...
ഓരോ നാവിൽ നിന്നും താഴെ ദുആ ഉയരട്ടെ...
മമ്മൂട്ടി എളയാന്റെ ബർസഖീ / ഖബർ ജീവിതം റബ് എളുപ്പമാക്കികൊടുക്കട്ടെ.. ജന്നാത്തുൽ ഫിർദൗസിൽ സ്വാലിഹീങ്ങൾക്കൊപ്പം ചേർക്കുമാറാകട്ടെ... ആമീൻ



اَلَّلهُمَّ ثَبِّتْهُ عِنْدَ الْسُّوءالْ

وَالْهِمْهُ الْجَوَابْ

الَّلهُمَّ جَافِي الْقَبْرَ عَنْ جَنْبَيْهِ

الَّلهُمَّ آمِنْهُ مِنْ كُلِّ الْفَزَحِ

الَّلهُمَّ اغْفِرْلَهُ وَرْحَمْهُ

അല്ലാഹുമ്മ സബ്ബിത്‍ഹു ഇന്തസ്സുവാല്‍

വ അല്‍ഹിംഹുല്‍ ജവാബ്

അല്ലാഹുമ്മ ജാഫില്‍ ക്വബ്റ അന്‍ജന്‍ബൈയ്ഹി

അല്ലാഹുമ്മ ആമിന്‍ഹു മിന്‍ കുല്ലില്‍ ഫസഹ്

അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു വര്‍ഹംഹൂ


അല്ലാഹുവേ ചോദ്യ സമയത്ത് ഇദ്ധേഹത്തിന് സ്ഥിരത നല്‍കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന് ഉത്തരം തോന്നിച്ച് കൊടുക്കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന്റെ വശങ്ങളില്‍ നിന്നും കബറിനെ അകറ്റേണമേ

അല്ലാഹുവേ എല്ലാ ഭയങ്ങളില്‍ നിന്നും ഇദ്ധേഹത്തിന് നിര്‍ഭയത്വം നല്‍കേണമേ

അല്ലാഹുവേ ഇദ്ധേഹത്തിന് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും ചൈയ്യേണമേ...



3. അല്ലാഹുമ്മ ഇഹ്ഫിർലഹു
അല്ലാഹുമ്മ ഇർഹംഹു...

എന്നീ തസ്ബീത്തുകൾ ചൊല്ലി...

മിൻഹാ ഖലഖ്നാക്കും..
വഫീഹാ നുഹീദുക്കും..
എന്ന വചനങ്ങൾ ഉച്ചരിച്ച് 3 പിടി മണ്ണുകൾ വാരിയിട്ട് ഖബർ മൂടിക്കഴിഞ്ഞുള്ള ദുആകൾക്ക് ശേഷം എല്ലാരും പള്ളിപറമ്പിൽ നിന്ന് പിരിഞ്ഞ് പോയി....

മൊഗ്രാൽ പുത്തൂർ പള്ളി ഖബർസ്ഥാനിൽ പുതുമണം മാറാത്ത ഖബറായി കുറച്ച് നാളുകൾ മമ്മൂട്ടി എളയാന്റെ ഖബറും കാണും.. ഇപ്പോ മമ്മൂട്ടി എളയ ഖബറിലൊറ്റക്കാണ്... ഖബറിൽ മലക്കുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോ ഉത്തരം പറയുകയാവും... റബ്ബേ... ഈമാനിലായിക്കൊണ്ട് മരിച്ചവരിൽ നീ മമ്മൂട്ടി എളയാനെ ഉൾപ്പെടുത്തണമേ.. സ്വർഗ്ഗ ലോകത്തിൽ നീ മമ്മൂട്ടി എളയാനെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തണമേ.. ആമീൻ
നവാർത്തയും ശാഫി മോനും ഒറ്റക്കായി... ഇല്ല.. അവർ ഒറ്റയ്ക്കല്ല, അവർക്ക് താങ്ങായി തണലായി അബൂ സാലി എളയായും മമ്മൂമയും ഷെക്കിയും ചെമ്മുത്തയുമുണ്ട്.. ശാഫി മോന് തുണയായി അജുവും ജുമാനയും.. അജൂനും ജുമാനാക്കും ഉപ്പയില്ലാ എന്ന തോന്നൽ ഉപ്പപ്പായും മാമായും ഉണ്ടാക്കീറ്റ... ശാഫി മോനും അങ്ങിനെ കൈന്താർ മണ്ണിൽ വളരും... ശാഫി മോന് ഉയരങ്ങളിലെത്താൻ നമ്മൾ കൈത്താങ്ങ് ആവണം... നവാർത്ത കുറെ സഹിച്ച് വളർന്നതാണ്.. ഈ മരണം നവാർത്തയ്ക്ക് ഷോക്ക് ആയി മാറിക്കൂട.. നവാർത്തയെ സാധാരണ ജീവിതത്തിലേക്ക് ചാർജ് ചെയ്യണം.. റബ്ബേ, മമ്മൂട്ടി എളയാന്റെ അഭാവം കൊണ്ട് ഒറ്റപ്പെട്ട നവാർത്തയ്ക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് നൽകണമേ...
ഞങ്ങളിൽ നിന്ന് പിരിഞ്ഞ് പോയ ബന്ധുക്കൾ, സ്വന്തക്കാർ എന്നിവരുടെ ഖബർ നീ വിശാലമാക്കണമേ.. അവരെ സ്വർഗ്ഗത്തിലാക്കണമേ...

നമ്മുടെ ദുആകളിൽ ഇത് എപ്പഴും ഉണ്ടാവണം..



****
നിറഞ്ഞ പുഞ്ചിരിയോടെ, സരസമായ സംസാരങ്ങളോടെ എന്നും കണ്ടിരുന്ന മമ്മൂട്ടി എളയ  ഇനി ഞങ്ങൾക്കൊപ്പമില്ല എന്ന് ചിന്തിക്കാനാവുന്നില്ല...
 റബ്ബേ എളയാക്ക് നീ മഗ്ഫിറത്ത് നൽകണമേ...... നവാർത്തായ്ക്കും ഷാഫിമോനും എല്ലാം സഹിക്കാനുള്ള കരുത്ത് നൽകേണമേ ....

Monday, June 20, 2016

എനിക്കും ഒരു ഉണക്ക കുബൂസ് കരുതി വെക്കുക..!

(ഇന്നത്തെ രാത്രി വിമാനത്തിന് ഒരു സഹപ്രവര്‍ത്തകന്‍ ജോലി തേടി പ്പോവുകയാണ്..അവന്‍റെ യാത്ര മൊഴികളാണ് ഈ കുറിപ്പിന്റെ പ്രചോദനം) പ്രിയപെട്ട .… താങ്കള്‍ വ്യക്തിപരമായി അയച്ച യാത്ര മൊഴികള്‍ ഞാന്‍ കേട്ടു..

പ്രിയ സ്നേഹിതാ…
എല്ലാ വിരഹങ്ങല്‍കും വേദനയുണ്ട്..ആത്മ ബന്ധങ്ങളുടെ ആഴത്തിന് അനുസരിച്ച് അതിന്റെ ശക്തി വര്‍ദ്ധിക്കും..!വാട്സ് അപ്പ് വോയിസില്‍ പ്രവാസംവിധിക്കപെട്ട ഒരാളുടെകണലെരിയുന്ന മനസ്സ് പുറം തളളുന്ന ദു:ഖത്തിന്റെ പുകച്ചുരുളുകള്‍ ഞാന്‍ കാണുന്നു..!അല്ലാഹു താങ്കളെ സഹായിക്കട്ടെ-അമീന്‍ സുഹ്രത്തെ ചെറിയ കുട്ടിയകുമ്പോള്‍ ഞാനൊക്കെ വിചാരിച്ചത് “ദുബായി” പോകുന്നഎല്ലാവര്‍ക്കുംവാരിയെടുക്കാന്‍അവിടെസ്വര്‍ണ്ണമലകള്‍ഉണ്ടാകുമെന്നാണ്..!!ചെറു ഇടവേളകള്‍ക്ക് നാട്ടില്‍ എത്തുന്ന പ്രവാസിയുടെ വാടകക്കാറും കയ്യിലെ സ്വര്‍ണ്ണക്കളര്‍ പൂശിയ വാച്ചും കാലിലെ മുന്തിയ ചെരിപ്പും നല്ല ഇനം ബോഡി സ്പ്രയും പരിഗണിച്ചാണ് ചിലര്‍ പ്രവാസം അളക്കുന്നത്..!
സുഹ്രതെ….
കരിപ്പൂരിലെ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ ഡിപ്പാര്‍ച്ചര്‍ കൌണ്ടറിലൂടെ ‘ആകാശ പക്ഷി’ അനന്ത മരുഭൂമിയില്‍ എത്തിച്ച എത്രയോ മനുഷ്യരുണ്ട്‌..!അവരില്‍ നിന്ന് നാംപാഠം ഉള്‍കൊളളണം..! തൊട്ടിലില്‍ ഉറങ്ങുന്ന ‘പൊന്നുവിനെ’ തൊട്ടിക്കയര്‍ വിടര്‍ത്തി ഒന്ന് കൂടി കണ്ണ് നിറയെ കാണുന്ന പ്രവാസി..!!മന ക്യാമറ കൊണ്ട് ഒരു ഹൈ മെഗാ പിക്സല്‍ ഫോട്ടോ പകര്‍ത്തിഅത് ഓര്‍മ്മയുടെ ഗാലറിയില്‍ സേവ് ചെയ്യുന്നു..!രോഗിയായ മാതാ പിതാക്കളുടെ കട്ടിലുകള്‍കരികില്‍ വിങ്ങി പൊട്ടി കരയുന്ന പ്രവാസി..!ചര്‍മ്മങ്ങള്‍ ചുളിഞ്ഞ ആ ദുര്‍ബല കൈകള്‍ നിറകണ്ണീര്‍ തുടച്ച് യാത്രയാക്കുന്നു..!പ്രിയപെട്ടവരുടെ മരണ വാര്‍ത്ത‍ കടലും കടന്നെത്തുമ്പോള്‍ കട്ടിലില്‍ മുഖം അമര്‍ത്തിക്കരയുന്ന പ്രവാസി..!നാട്ടിലെത്തി മകന്‍റെ..ഉപ്പയുടെ..ഉമ്മയുടെ..സഹോദാരന്റെ.. പ്രിയ പ്രേയസിയുടെ മരണാന്തര മുറകളില്‍പങ്കെടുക്കാന്‍ കഫീലിന്റെ കാല് പിടിക്കുന്ന പ്രവാസി..!ഇങ്ങിനെ എത്ര മായ ചിത്രങ്ങള്‍..!ഓരോ മടക്ക യാത്രയിലും നീറുന്ന മനസ്സോടെ ഹൃദയംജന്മ ഭൂമിയില്‍ പറിച്ച് വെച്ച് യാത്ര ചോദിക്കുമ്പോള്‍അയാള്‍ ആത്മഗതം നടത്തുന്നു“ഈ തവണ കൂടി പിന്നെ ഇല്ല..”ഹരിതാഭമായ നാടിന്‍റെ മനോഹരിതയില്‍ നിന്ന് ആകാശ നീലിമയിലേക്ക്‌ കുതിച്ചുയരുന്ന വിമാനത്തില്‍ ഇരുന്ന്“ഇത് അവസാന യാത്ര” എന്ന് എത്ര തവണ ഇയാള്‍ പറഞ്ഞതാണ്..
സുഹ്രതെ‌ ….
സ്വപ്‌നങ്ങള്‍ വെട്ടിചുരുക്കുക..നാടണയാന്‍ ഡേറ്റ് കുറിക്കുക.. കാഴ്ചപാടുകള്‍ മാറണം..കാട്ടറബിയുടെ കടുത്ത വാക്കിനോടും പിന്നെ മണല്‍ കാട്ടിലെ കാറ്റിനോടും മല്ലിട്ട് 17 കൊല്ലം കൊണ്ട് പണിതുയര്‍തുന്ന സ്വപ്ന ഭാവനങ്ങളെക്കാള്‍ മനോഹരം മുളം കാലില്‍ ടാര്‍പോളിന്‍ കെട്ടിയ കുഞ്ഞു കൂരയാണ്..!കുടുംബ നാഥനായ താങ്കള്‍ ഉണക്ക ഖുബൂസ് കഴിച്ച് വീട്ടിലെ തീന്‍ മേശസമ്പന്നമാക്കുന്നതിലേറെ അവര്‍ക്ക്പ്രിയം ഒന്നിച്ച് പട്ടിണി കിടക്കലാകും..!കാരണം കമ്പനി മാനേജര്‍ ‘കുറൂജ്‌’നല്‍കി അല്ലെങ്കില്‍ നിതാഖത്തില്‍ കുടുങ്ങി നാടണയുമ്പോള്‍ കാത്തിരുന്ന പെണ്ണിന് കിട്ടുന്നത് ശിഷ്ട്ടകലം മഹര്‍ മാല വിറ്റ് ചികിത്സിക്കേണ്ട ഒരു സര്‍വ്വ രോഗ വാഹകനെയല്ലേ?അല്ലെങ്കില്‍ ചീറിപായുന്ന വാഹനതിനടിയില്‍, ചിതറിയ മേനി..! സ്വപ്‌നങ്ങള്‍പേറിയമേനി..ആരുടേതെന്നറിയാതെപെരുവിരലിന്റെ തലക്കല്‍ ഒരു കടലാസ് തുണ്ടില്‍’ആണ് അന്‌നോന് ഇംഡിയന്’ എന്ന് എഴുതി തൂക്കി മോര്‍ച്ചറിയില്‍ കിടത്തുന്നു..!പിന്നെ ഇതേ അവസരം തേടുന്ന മറ്റു ചില പ്രവാസികള്‍ ഫ്രീസറില്‍ ആക്കി വീട്ട് മുറ്റത്ത്‌ എത്തിക്കുമ്പോള്‍മുഖത്തെ തുണിമാറ്റി നോക്കി വിതുമ്പുന്ന പ്രവാസിയുടെ ഭാര്യ കൂട്ടുന്ന ചില കണക്കുകള്‍ ഉണ്ടാവില്ലേ..?വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി..?കൂടെ എത്ര ദിവസം?മധുരമുളള രാവുകളില്‍ ഒരു ബ്ലാങ്കറ്റിനുളളില്‍ എത്ര നാള്‍..?നിര്‍വികാരമായ ആ കണക്കിലെ അക്കങ്ങള്‍ അവരുടെ മനസ്സിന് അതൃപ്തിയാണ് നല്‍കുന്നതെങ്കില്‍ ചെക്ക് ബുക്കിലെ ചതുരക്കളളിയില്‍ എഴുതാന്‍ ആ വിധവക്ക് താങ്കള്‍ എത്ര ബാങ്ക് ബാലന്‍സ് ബാക്കി വെച്ചാലും അത് പകര മാവില്ല..!അന്ന് അവളുടെ വീട്ടു മുറ്റത്ത്‌ വെച്ച് ജ്വല്ലറി ബോക്സില്‍ താങ്കള്‍ നല്‍കിയ മഹര്‍ മാല സ്വര്‍ണം കൊണ്ടല്ല കോര്‍ത്തത്;മറിച്ച് വിശുദ്ധ പ്രണയത്തിന്റെ കൊളുത്തുകള്‍ കൊണ്ടാണ്..!വിധവ..ഇവള്‍ ഇനി കഥയും കിന്നാരവും പറയേണ്ടത് ഈ മഹര്‍ മലയോട്..! സുഹ്രതെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലാത്ത ചിലരിലുണ്ട്..!അവളുടെ ഗര്‍ഭ നാളുകള്‍..അടിവയറില്‍ നമ്മുടെ മോന്‍ അമര്‍ത്തി ചവിട്ടുമ്പോള്‍ അവള്‍ അസ്വസ്ഥ യാകുമ്പോള്‍ ഒന്ന് ആശ്വസിപ്പികനെങ്കിലും നാം ശ്രമികണ്ടേ?അസ്വസ്ഥമായ ശരീരം..അശാന്ത മനസ്സ്..ഉറക്കമില്ലാത്ത രാവ്..! ചുമരില്‍ ചാരി ഇരുന്ന് ജാലക കാഴ്ചകളില്‍ പുറത്ത്, പാല്‍നിലവില്‍ മരച്ചില്ലകള്കിടയില്‍ രൂപം പ്രാപിക്കുന്ന നിഴലുകളില്‍ അവളുടെ മനസ്സ് താങ്കളുടെരൂപംവരക്കുന്നുണ്ടാകും..!ജനിക്കാനിരിക്കുന്നകുഞ്ഞിന്റെയും..അത് മറക്കരുത്..
സുഹ്രതെ..
നാട്ടില്‍ ഒരു ജീവിത മാര്‍ഗം നോക്കണം..സ്റ്റാറ്റസും പ്രവാസിയുടെ ഒന്നാം തിയ്യതിയിലെ ശമ്പള സംഖ്യയും കണക്ക് കൂട്ടി ജോലി തിരഞ്ഞാല്‍ കിട്ടില്ല..എന്നാല്‍ ചില ജീവിത യഥാര്‍ത്യങ്ങള്‍ കൂടി ഗണിച്ചാല്‍ ജോലി കിട്ടും..!സഹ ധര്‍മിണിയും മക്കളും കൂടെ യുണ്ടെങ്കില്‍ ചിലപ്പോള്‍ വീട് തന്നെ മറക്കും..!നോക്കൂ..അകത്തെ മുറിയില്‍ നിന്ന് കോളാമ്പി ചോദിക്കുന്ന ഒരു ഇടറിയ സ്വരം കേട്ടില്ലേ..അത് താങ്കളുടെ ഉപ്പയാണ്..! അതെ മുറിയില്‍ നിന്ന് ചില നിശ്വാസങ്ങള്‍ കേട്ടില്ലേ..ചില നരക്കവും മൂളിച്ചയും കേട്ടില്ലേ അത് താങ്കളുടെ ഉമ്മയാണ്‌…ഉപ്പയുടെ മരണ ശേഷം ഉമ്മയുടെ ജീവിതം കേട്ട് പൊട്ടിയ പട്ടം പോലേയാണിന്ന്..!താങ്കള്‍ അയച്ച പണം കൊണ്ട് അവര്‍ വാങ്ങികുടിക്കുന്ന വിലകൂടിയ മരുന്നിനേക്കാള്‍ അവര്‍ക്ക് ആശ്വാസം പകരുക,ആചുളിഞ്ഞതൊലിയിലെതാങ്കളുടെസ്നേഹസ്പര്‍ശമായിരിക്കും..!!ഇന്നലെ രാത്രി മുഴുവന്‍ ഉപ്പയുടെ കാലും തടവി ഇരിക്കുകയായിരുന്നു താങ്കളുടെപെങ്ങള്‍..!രാവിലെ ഒന്ന് ഉറങ്ങിപ്പോയി അത് കൊണ്ടാണ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെ പോയത്..അതില്‍ പിണങ്ങി പിന്നെ രണ്ട് ദിവസം താങ്കള്‍ വിളിച്ചതെ ഇല്ല… സുഹ്രതെ താങ്കള്‍ കറവ പശു ആകുന്നില്ല എന്ന് ഉറപ്പിക്കുക..ഓരോ മാസവും അയക്കുന്ന വിയര്‍പ്പിന്റെ വില വിനിമയം ചെയ്യപ്പെടുന്ന കണക്ക് ബുക്ക് പരിശോധിക്കുക..!ഉണക്ക കുബൂസും വാട്ടര്‍ ബോട്ടിലുമാണ്താങ്കളുടെ വിഭവം..!16 പേരുളള റൂമില്‍ ചുരുണ്ടുകൂടിയാണ് ഉറക്കം..! 10 മണിക്കൂര്‍ ജോലിയുണ്ട്..ചൂട്ശക്തമാണ്..ഇതൊക്കെ മക്കളും ഭാര്യയും അറിയണം…! പ്രാര്‍ത്ഥനകള്‍ ലഭികട്ടെ..പരാതിയും മാറട്ടെ..
സുഹ്രതെ….
ദൂര്‍ത്തും ആര്‍ഭാടവും ശക്തമായി നിയന്ത്രിക്കുക..കപട ആത്മീയ കേന്ദ്രങ്ങളില്‍ പൊടിയുന്ന പണ കൂമ്പാരത്തില്‍ താങ്കളുടെ കണ്ണീര്‍ വീണ ദിര്‍ഹം ഇല്ലെന്ന് ഉറപ്പാക്കുക..!”കന്നി മൂലപൊളിച്ച് നീക്കി” “ഉസ്താദിനെ കണ്ടിരുന്നു”എന്നൊക്കെ ഭാര്യ ഫോണില്‍ പറഞ്ഞാല്‍ സമര്‍ത്ഥമായ ഒരു കൊളള നടക്കുന്നു എന്നര്‍ത്ഥം.. സുഹ്രതെ ഇന്നത്തെ ചുറ്റുപാടില്‍ മക്കളുടെ കാര്യം ഒരു വലിയ പരീക്ഷണമാണ്..! മൊബൈല്‍,ടാബ്,ടിവി എല്ലാം വാങ്ങാന്‍താങ്കള്‍പണമയച്ചു..! അതുകൊണ്ട് അവര്‍ എന്ത് ചെയ്യുന്നു എന്ന് താങ്കള്‍ക്ക് അറിയുമോ?എന്നും മക്കളെ വിളിച്ച് വിവരങ്ങള്‍ അന്വാഷിക്കണം..നിരന്തരം ഇടപെടണം…!ഒരു ഹജ്ജും ഉംറയും മറക്കണ്ട..ദുനിയാവ് എപ്പോഴും തീരാം..പരലോകം അനശ്വരമാണ്..ജീവിതം ചോദിക്കുന്ന ചോദ്യാ വലികള്‍ ഇനിയും വായിച്ചാല്‍ നാളെ ഞാനും ഒരു പ്രവാസി..പ്രയാണ വഴികളില്‍ കാണുന്ന മരുപച്ച നോക്കി യാത്ര തുടരുന്നു..ഇല്ലെങ്കില്‍ പിന്നെ ഏതോ ഓരോ എയര്‍ ലൈന്‍സില്‍ ഞങ്ങളും അവിടെ എത്തും..!ഉണക്ക കുബൂസ് കരുതി വെക്കുക..!റൂമില്‍ വെച്ച് കാണാം

പെരുന്നാൾ , മര്യാദകളും നിയമങ്ങളും.





بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:

(ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല , ശൈഖ്‌ ഇബ്നു ബാസ് റഹിമഹുല്ല തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഫത്’വകളും അവലംബിച്ച് തയ്യാറാക്കിയത്)

മുസ്ലിമീങ്ങള്‍ക്ക് മൂന്ന് ആഘോഷങ്ങളാണ് ഉള്ളത്:

ഒന്ന്: ചെറിയ പെരുന്നാള്‍. റമദാനിലെ വ്രതാനന്തരം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണത്. – (الشرح الممتع ، باب صلاة العيدين).

രണ്ട്: വലിയ പെരുന്നാള്‍. ഏറ്റവും ശ്രേഷ്ടകരമായ കര്‍മ്മങ്ങള്‍ ഈ പത്ത് ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളാണ് എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ച ദുല്‍ഹിജ്ജ ആദ്യത്തെ പത്തിന്‍റെ അവസാനദിവസം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണ് ബലി പെരുന്നാള്‍. –
(الشرح الممتع ، باب صلاة العيدين).

മൂന്ന്: ഓരോ ആഴ്ചകളുടെ അവസാനത്തിലും വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും സുദിനമായ വെള്ളിയാഴ്ചയാണത്. മാത്രമല്ല മറ്റ് ഒട്ടനേകം സവിശേഷതകള്‍ ജുമുഅ ദിവസത്തിന് ഉണ്ട്. പിന്നീട് ഒരവസരത്തില്‍ വിശദീകരിക്കാം. – (الشرح الممتع ، باب صلاة العيدين).

ഈ മൂന്ന് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷങ്ങളും സത്യ വിശ്വാസിക്ക് ഇല്ല. ബദ്റിന്‍റെ ആണ്ട്, മുസ്ലിമീങ്ങള്‍ക്ക് വിജയം ലഭിച്ച മറ്റു യുദ്ധങ്ങളുടെ ആണ്ട്, അതുപോലെ മനുഷ്യരിലെ ഒരാളുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഇതൊന്നും തന്നെ ഒരു വിശ്വാസിക്ക് പാടില്ല. മനുഷ്യരില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ പ്രവാചകന്‍ (സ) യുടെപ്പോലും ജന്മദിനം ആഘോഷിക്കാന്‍ അദ്ദേഹം പഠിപ്പിച്ചില്ലെങ്കില്‍ പിന്നെ മറ്റുള്ളവരുടെ ജന്മദിനം എങ്ങനെയാണ് ആഘോഷിക്കുക. – (الشرح الممتع ، باب صلاة العيدين).

ഇനി പ്രവാചകനെ ഓര്‍ക്കാനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ചിലരുടെ വാദമെങ്കില്‍, അദ്ദേഹത്തെക്കുറിച്ച് രാവും പകലും, അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചു നേരം നമസ്കരിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നവരാണ് ഓരോ വിശ്വാസിയും എന്നാണ് അവരോട് പറയാനുള്ളത്.

ഒരു വിശ്വാസിയുടെ കര്‍മ്മം സ്വീകരിക്കപ്പെടാന്‍ രണ്ട് നിബന്ധനകള്‍ ആവശ്യമാണ്‌.

ഒന്ന്: നിഷ്കളങ്കമായി അത് അല്ലാഹുവിന് വേണ്ടി അനുഷ്ടിക്കപ്പെടുന്നതായിരിക്കണം.

രണ്ട്: അത് പ്രവാചകന്‍റെ മാതൃക അനുസരിച്ച് ഉള്ളതായിരിക്കണം.

അല്ലാത്തതെല്ലാം ശിക്ഷയായി അനുഷ്ടിക്കുന്നവന് എതിരില്‍ തിരിഞ്ഞ് വരുന്നതാണ്. അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുക.പ്രവാചകന്‍റെ സുന്നത്തിനെ മുറുകെ പിടിക്കുക.

പ്രവാചകചര്യ പിന്‍പറ്റുന്നതില്‍ മാത്രമേ നന്മയുള്ളൂ. പ്രവാചകന്‍റെ ചര്യ പിന്‍പറ്റി പെരുന്നാള്‍ ആഘോഷിക്കാന്‍ ആവശ്യമായ ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്:

തക്ബീര്‍ ചൊല്ലല്‍:

തക്ബീര്‍ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീര്‍.

സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍: ചെറിയ പെരുന്നാളിന് മാസം കണ്ടത് മുതല്‍ ഇമാം പെരുന്നാള്‍ നമസ്കാരത്തിന് വരുന്ന വരെയും, ദുല്‍ഹിജ്ജയില്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ദുല്‍ഹിജ്ജ 13 സൂര്യാസ്ഥമയം വരെയും നിര്‍വഹിക്കാം. – (الشرح الممتع ، باب صلاة العيدين).

എന്നാല്‍ എല്ലാ ഫര്‍ദ് നമസ്കാര ശേഷവും പ്രത്യേകമായി തക്ബീര്‍ ചൊല്ലല്‍ ചെറിയ പെരുന്നാളിന് ഇല്ല. ബലി പെരുന്നാളിനാകട്ടെ, അറഫയുടെ ദിവസം ഫജ്ര്‍ മുതല്‍ അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസര്‍ നമസ്കാരാനന്തരം വരെയാണ് ഇത് നിര്‍വഹിക്കേണ്ടത്. – (الشرح الممتع ، باب صلاة العيدين).

പുരുഷന്മാര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: ” ഉമറുബ്നുല്‍ ഖത്താബും (റ), ഇബ്നു ഉമര്‍ (റ) തക്ബീര്‍ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീര്‍ കേട്ട് മറ്റുള്ളവരും തക്ബീര്‍ ചൊല്ലും.” – [ബുഖാരി].

തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കില്‍ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് ഒരേ ഈണത്തിലും ശബ്ദത്തിലും എന്നോണം തക്ബീര്‍ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിക്കലും: ഇവയെല്ലാം സുന്നത്താണ്. എന്നാല്‍ അതില്‍ അമിതത്വം കാണിക്കരുത്. പുരുഷന്മാര്‍ നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കരുത്. താടി വടിക്കരുത്. പെരുന്നാള്‍ സന്ദര്‍ഭത്തിലാവട്ടെ അല്ലാതിരിക്കട്ടെ അതെല്ലാം ചെയ്യല്‍ ഹറാമാണ്. അതുപോലെ സ്ത്രീകള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന രൂപത്തില്‍ മുസ്വല്ലയിലേക്ക് പോകരുത്. സുഗന്ധം പൂശരുത്. പുരുഷനാവട്ടെ സ്ത്രീയാവട്ടെ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാവരുത് അല്ലാഹുവിനെ ആരാധിക്കുവാനുള്ള മുസ്വല്ലയിലേക്ക് വരേണ്ടത്. അതിനാല്‍ തന്നെ ഈ ദിവസത്തിന്‍റെ പവിത്രത മനസ്സിലാക്കി അല്ലാഹുവിനെ സൂക്ഷികുക.

ഉമറുബ്നുൽ ഖത്താബ് പ്രവാചകൻ (സ) യുടെ അടുത്തേക്ക് അങ്ങാടിയിൽ നിന്നും ഒരു പട്ട് കൊണ്ട് നെയ്ത വസ്ത്രവുമായി വരുകയും പ്രവാചകരേ അങ്ങ് പെരുന്നാൾ ദിവസത്തിൽ അലങ്കാരമെന്നോണം ഈ വസ്ത്രം അനിയണം എന്നും പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : ” ഇത് ഇത് (സച്ചരിതരല്ലാത്ത) ദൌർഭാഗ്യവാന്മാരുടെ വസ്ത്രമാണ്.” – [ ബുഖാരി , മുസ്‌ലിം]. ഈ ഹദീസിൽ പെരുന്നാളിന് നല്ല വസ്ത്രം അണിയുക എന്ന കാര്യത്തെയല്ല പ്രവാചകൻ (സ) എതിർത്തത്. മറിച്ച് അത് പട്ട് വസ്ത്രമായതിനാൽ ആണ്. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ. നല്ല വസ്ത്രം ധരിക്കാമെന്നും, ഹദിയകൾ കൈമാറാമെന്നും എന്നാൽ നിഷിദ്ധമായ വസ്ത്രധാരണം ആയിരിക്കരുത് എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

മുസ്വല്ലയില്‍ നമസ്കരിക്കല്‍ (ഈദ്ഗാഹ്) :

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَاْلأَضْحَى إِلَى الْمُصَلَّى

അബൂ സഈദ് അല്‍ ഖുദ്’രി (റ) വില്‍ നിന്നും നിവേദനം: ” പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിനത്തിലും, ബലി പെരുന്നാള്‍ ദിനത്തിലും മുസ്വല്ലയിലേക്ക് പോകും….. ” – [ اللؤلؤ والمرجان، 510 ].

നടന്ന് മുസ്വല്ലയിലേക്ക് പോകല്‍: ശൈഖ് അല്‍ബാനി (റഹിമഹുല്ല) തന്‍റെ ഇര്‍വാഉല്‍ ഗലീല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇമാം ഫിര്‍യാബി, ഇമാം സഈദ് ബിന്‍ അല്‍മുസയ്യിബില്‍ നിന്നും നിവേദനം ചെയ്യുന്നു: ചെറിയ പെരുന്നാള്‍ സുദിനത്തിന്‍റെ സുന്നത്തുകള്‍ മൂന്നെണ്ണമാണ് ” മുസ്വല്ലയിലേക്ക് നടക്കല്‍, മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്പ് വല്ലതും കഴിക്കല്‍, കുളിക്കല്‍” – [إرواء الغليل : 3/104 ]. ഇത് വലിയ പെരുന്നാള്‍ ആകുമ്പോള്‍ ഭക്ഷണം കഴിക്കാതെ മുസ്വല്ലയിലേക്ക് പോകലാണ് സുന്നത്ത്.

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു:
كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.

“പ്രവാചകന്‍ (സ) ചെറിയ പെരുന്നാള്‍ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാള്‍ ദിവസം പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല.” – [صحيح / صحيح سنن الترمذي للألباني، 542].

രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം: അബീ സഈദ് അല്‍ ഖുദ്’രി (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു:
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى.

“രണ്ടു ദിനങ്ങളില്‍ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാള്‍ ദിവസവും, വലിയ പെരുന്നാള്‍ ദിവസവും” – [ ബുഖാരി].


പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധി:
പണ്ടിത്ന്മാർക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. അത് ‘ഫർദ് ഐൻ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലയുടെ അഭിപ്രായം. എന്നാൽ അത് ‘ഫർദ് കിഫായ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. ഏതായാലും അത് പ്രായപൂർത്തിയും വിവേകവുമുള്ള പുരുഷൻ അതൊഴിവാക്കുന്നത് ഏറെ ഗൗരവപരമായ കാര്യമാണ്.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ പങ്കെടുക്കൽ ഏറെ പുണ്യകരമാണ്. മാത്രമല്ല പ്രവാചകൻ(സ) അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌.


മുസ്വല്ലയിൽ എത്തിയാൽ അവിടെ വച്ച് തഹിയ്യത്ത് നമസ്കാരം ഇല്ല:
ഇബ്നു മസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: ” അല്ലയോ ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുക എന്നത് സുന്നത്തിൽ പെട്ടതല്ല : – [ നസാഇ – അൽബാനി : സ്വഹീഹ്].

വഴി മാറി തിരിച്ചു വരൽ:
മുസ്വല്ലയിലേക്ക് പോയ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരൽ സുന്നത്ത് ആണ്. അബീ റാഫിഇൽ നിന്നും നിവേദനം: പ്രവാചകൻ (സ) രണ്ടു പെരുന്നാലുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും” – [ത്വബറാനി, – അൽബാനി , സ്വഹീഹ്].

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ:
പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു റക്അത്ത് നമസ്കരിക്കണം.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവാൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറയുന്നു: ” പ്രബലമായ അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണ്. അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ ” [ സിൽസിലതുൽ ഹുദാ വന്നൂർ , കാസറ്റ് 376].

ഉദുഹിയത്ത് അറുക്കല്‍:
പെരുന്നാള്‍ നമസ്കാര ശേഷമാണ് ഉദുഹിയത്ത് അറുക്കേണ്ടത്. പ്രവാചകന്‍(സ) പറഞ്ഞു :
” പെരുന്നാള്‍ നമസ്കാരത്തിന് മുന്പായി ആരെങ്കിലും ബലി മൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍, അതിന്‍റെ സ്ഥാനത്ത് മറ്റൊന്നിനെ അറുക്കുക. കാരണം അവന്‍ ബലിയറുത്തിട്ടില്ല.” – [ബുഖാരി, മുസ്‌ലിം].

നാല് ദിനങ്ങളാണ് അറവ് അനുവദനീയമായിട്ടുള്ളത്. പെരുന്നാള്‍ ദിനവും അയ്യാമുതശ്രീഖിന്‍റെ മൂന്ന് ദിനങ്ങളും. പ്രവാചകന്‍ (സ) പറഞ്ഞു:
“അയ്യാമു തശ്രീഖിന്‍റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്‍റെ ദിനങ്ങളാണ്” – [അല്‍ബാനി – സ്വഹീഹ്].

ബലിയറുത്തതില്‍ നിന്നും ഭക്ഷിക്കല്‍:
അത് പ്രാവാചകന്‍റെ മാതൃകയാണ്. പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അതില്‍ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച് വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക.” – [മുസ്‌ലിം].

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം:

” നബി (സ) യുടെ സ്വഹാബത്ത് പരസ്പരം ‘തഖബ്ബലല്ലാഹു മിന്നാ വ മിന്കും’ എന്ന് പറയാറുണ്ടായിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2- ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : ‘തഖബ്ബലല്ലാഹു മിന്നാ വ മിന്കും’ , എന്നാൽ ഇത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3- ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4- ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5- ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ………………..

എങ്ങനെയാണ് ഇഷ്‌റത്തിനെ കൊന്നതെന്ന് അയാള്‍ എന്നോട് പറഞ്ഞു

ഇഷ്‌റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്' നടത്തിയ സ്റ്റിംഗ് ഓപ്പറേഷനായിരുന്നു പത്രത്തിന്റെ ഇന്നത്തെ എഡിഷന്റെ (ജൂണ്‍ 16, 2016) ആദ്യ പേജിലെ പ്രധാനവാര്‍ത്ത. കേസുമായി ബന്ധപ്പെട്ട് ഒരുപാട് കാലം സംസാരിക്കുകയും, അതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത നമ്മെ അത് ശരിക്കും ഞെട്ടിച്ച് കളഞ്ഞു.

മുംബ്ര, താനെയില്‍ നിന്നുള്ള ഇഷ്‌റത്ത് ജഹാന്റെ ജുഡീഷ്യല്‍ബാഹ്യ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പഴിചാരല്‍ കളിയില്‍ സത്യം തന്നെയാണ് എല്ലായ്‌പ്പോഴും പുറംലോകം കാണാതെ മൂടിവെക്കപ്പെട്ടത്.

ഇഷ്‌റത്ത് ജഹാന്‍ കേസിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടതിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന വിവാദത്തിലെ പ്രധാനിയായ ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി, ബി.കെ പ്രസാദിന്റെ ഓഡീയോ ക്ലിപ്പിന്റെ ലിഖിതരൂപമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദ്യ പേജില്‍ അച്ചടിച്ചുവന്നത്. മുന്‍ ആഭ്യന്തര മന്ത്രാലയ ഡയറക്ടറും, കേസിലെ സാക്ഷിയുമായ അശോക് കുമാറിനോട്, അദ്ദേഹം രേഖകളൊന്നും തന്നെ കണ്ടിട്ടില്ലെന്ന് മൊഴിനല്‍കാന്‍ ബി.കെ പ്രസാദ് നിര്‍ദ്ദേശിക്കുന്നതാണ് ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍, കലാപങ്ങള്‍, ഹാരെണ്‍ പാണ്ഡ്യ വധക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എട്ട് മാസത്തോളം രഹസ്യമായി നടത്തിയ അന്വേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ച എന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം രണ്ടാഴ്ച്ച മുമ്പ് പ്രകാശനം ചെയ്തിരുന്നു. അന്നത്തെ മോദിയുടെ ഗുജറാത്ത് സര്‍ക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരെ അന്വേഷണവിധേയരാക്കിയിരുന്നു. അവരെല്ലാം തന്നെ സംസ്ഥാനത്തിലെ നരേന്ദ്ര മോദി-അമിത് ഷാ ഭരണത്തെ സംബന്ധിച്ച അശുഭ സത്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയുണ്ടായി.

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഒരു എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥി, മൈഥിലി ത്യാഗിയായി വേഷം മാറി ഞാന്‍ അഭിമുഖം നടത്തിയവരില്‍, ഗുജറാത്തിലെ മുന്‍ എ.ടി.എസ് ചീഫ് രാജന്‍ പ്രിയദര്‍ശിയും, ഇഷ്‌റത്ത് ജഹാനെ വെടിവെച്ച് കൊന്ന ജി.എല്‍ സിംഗാളും ഉണ്ടായിരുന്നു. എനിക്ക് മുന്നില്‍ വെച്ച് നടത്തിയ കുറ്റമേറ്റുപറച്ചിലില്‍, കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇഷ്‌റത്ത് ജഹാന്‍ അമിത് ഷായുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്ന രഹസ്യം അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നതായി രാജന്‍ പ്രിയദര്‍ശി എന്നോട് പറഞ്ഞു.

പക്ഷെ, ഗിരീഷ് സിംഗാളുമായി നടത്തിയ ഞെട്ടിപ്പിക്കുന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ നല്‍കുന്നത്, അതില്‍ അദ്ദേഹം ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലിനെ കുറിച്ചും, അതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തെ സംബന്ധിച്ചും സംസാരിക്കുന്നുണ്ട്. 2010-ല്‍ ഗിരീഷ് സിംഗാളുമായി അഭിമുഖം നടത്തുമ്പോള്‍ അദ്ദേഹം ഗുജറാത്ത് എ.ടി.എസിന്റെ തലപ്പത്തുണ്ടായിരുന്നു.

ഇഷ്‌റത്ത് ജഹാന്‍ കൊലപാതക കേസിലെ എസ്.ഐ.ടി അന്വേഷണം മൂടിവെക്കാന്‍ സംസ്ഥാന പോലിസ് മേധാവികള്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള ഗുജറാത്തിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ പറയുന്നതിന്റെ ടേപ്പ് 2013-ല്‍ സി.ബി.ഐക്ക് കൈമാറിയ ഓഫീസറാണ് നേരത്തെ പറഞ്ഞ ഗിരീഷ് സിംഗാള്‍.

എന്റെ പുസ്തകത്തിന്റെ ഉള്ളടക്കം രാജന്‍ പ്രിയദര്‍ശിയും, ജി.എല്‍ സിംഗാളും അംഗീകരിച്ചതോടെ (അവരുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്റെ ലിഖിതരൂപം അതിലുണ്ട്) അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടു കഴിഞ്ഞു. 2010-ല്‍ മൈഥിലി ത്യാഗി എന്ന ഒരു പെണ്‍കൂട്ടിയുമായി സംസാരിച്ചിരുന്നുവെന്ന് അവര്‍ പത്രമാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

ഞാനുമായി നടത്തിയ സംഭാഷണം അവരിലൊരാള്‍ പോലും ഇതുവരെ നിഷേധിച്ചിട്ടില്ല, അവയെല്ലാം തന്നെ രഹസ്യമായി ഓഡീയോ-വീഡിയോ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗിരീഷ് സിംഗാളുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:
റാണ: ഒരു ദളിത് എന്ന നിലയില്‍ സംസാരിക്കാന്‍ എന്നോട് താങ്കള്‍ ആവശ്യപ്പെട്ട രാജന്‍ പ്രിയദര്‍ശിയെ ഞാന്‍ പോയി കണ്ടിരുന്നു.

ഗിരീഷ്: അതേയോ, നിങ്ങള്‍ക്ക് അറിയാമോ, ഞാന്‍ വ്യത്യസ്ത മേഖലകളിലും, സംസ്ഥാനത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥര്‍ക്കുമൊപ്പവും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ ശ്രേണിയിലെ മധ്യത്തിലാണ് ഞാനുള്ളത്. അതുകൊണ്ടു തന്നെ ഞാന്‍ എല്ലാവരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെയൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. എറ്റവും നീതിമാനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പോലിസിംഗിനെ കുറിച്ച് എല്ലാം അറിയാവുന്ന ഒരാള്‍.

റാണ: സര്‍ക്കാര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷെ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും പറഞ്ഞു?

ഗിരീഷ്: അതെ, അദ്ദേഹം അതിന് ഒരിക്കലും വഴങ്ങിയില്ല. എനിക്ക് അദ്ദേഹത്തെ അറിയാം.

റാണ: സര്‍ക്കാറിന്റെ തീട്ടൂരങ്ങള്‍ വഴങ്ങാതിരിക്കുകയും, അതേസമയം തന്നെ വ്യവസ്ഥയുടെ ഭാഗമായിരിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ വളരെ ബുദ്ധിമുട്ടേറിയ സംഗതിയല്ലെ?

ഗിരീഷ്: ഒരിക്കല്‍ നിങ്ങള്‍ വഴങ്ങിയാല്‍ പിന്നീട് എല്ലാത്തിനും നിങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. നിങ്ങളുടെ ചിന്തകള്‍, ബോധ്യങ്ങള്‍, മനസാക്ഷി, സ്വന്തത്തെ തന്നെ അടിയറവെക്കേണ്ടി വരും.

റാണ: മനസാക്ഷിയുള്ള ഒരു ഓഫീസര്‍ക്ക് ഗുജറാത്തില്‍ ജീവിക്കുക വളരെ പ്രയാസകരമല്ലെ?

ഗിരീഷ്: അതെ, അതെ. നിയമം നീക്കുപോക്കുകള്‍ നടത്തുന്നതായി ഒരു മുതിര്‍ന്ന ഓഫീസര്‍ മനസ്സിലാക്കിയാല്‍, ജീവിതം വളരെ പ്രയാസകരമായി തീരും.

റാണ: അതാണല്ലെ താങ്കള്‍ക്ക് സംഭവിച്ചത്? താങ്കള്‍ക്ക് എത്രത്തോളം പോരാടേണ്ടി വന്നു?

ഗിരീഷ്: ഏതാനും ആളുകള്‍ അതിന് ശ്രമിക്കും, ഒരു പോരാട്ടമുഖം തുറക്കുകയും ചെയ്യും. ജീവന്‍ പോകുന്നത് വരേക്കും പോരാട്ടം തുടര്‍ന്ന് കൊണ്ടുപോകുന്നവരുണ്ട്. പ്രിയദര്‍ശി അവരിലൊരാളാണ്.

റാണ: താങ്കളോ?

ഗിരീഷ്: ഞാനും..

റാണ: പക്ഷെ വ്യവസ്ഥിതി നിങ്ങള്‍ക്ക് പിന്തുണ നല്‍കുമോ?

ഗിരീഷ്: ഇല്ല, ഒരിക്കലുമില്ല. ഞാന്‍ ദളിതനാണ് പക്ഷെ ഒരു ബ്രാഹ്മണനെ പോലെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും. അവരേക്കാള്‍ കൂടുതല്‍ എന്റെ മതത്തെ കുറിച്ച് എനിക്കറിയാം. പക്ഷെ ആളുകള്‍ ഇത് തിരിച്ചറിയുന്നില്ല. ഞാനൊരു ദളിത് കുടുംബത്തില്‍ ജനിച്ചാല്‍, അത് എന്റെ കുറ്റമാണോ?

റാണ: നിങ്ങളുടെ ജാതി കാരണം സ്ഥാനകയറ്റങ്ങള്‍ നല്‍കാതിരുന്ന സംഭവങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

ഗിരീഷ്: ഉണ്ട്, ഒരുപാട് തവണ. നോക്കൂ, ഇത് ഒരുപാട് സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരണമാണ്, ഗുജറാത്തിലും ഇത് വ്യാപകമാണ്. ഈ ബ്രാഹ്മണന്‍മാര്‍ക്കും ക്ഷത്രിയന്‍മാര്‍ക്കും അവരുടെ ജൂനിയറായി ഒരു ദളിതനോ അല്ലെങ്കില്‍ ഒരു ഓ.ബി.സി-യോ ഒരിക്കലുമുണ്ടാകില്ല.

റാണ: നിങ്ങളുടെ സീനിയറും ഒരു ദളിതനാണോ?

ഗിരീഷ്: അല്ല, പക്ഷെ ഞാന്‍ സംയമനം പാലിക്കുകയാണ്, അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അനിവാര്യ ഘടകമാണ്. അവര്‍ക്ക് വേണ്ടി ഭീകരവാദ കേസുകള്‍ ഞാന്‍ വാദിച്ചിട്ടുണ്ട്. പക്ഷെ, കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് ചെയ്യാവുന്ന ജോലിക്ക് വരെ അവര്‍ ചില സമയങ്ങളില്‍ എന്നെ പറഞ്ഞയക്കും.

റാണ: താങ്കളും ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉഷ (രാധ, അവളരെ കുറിച്ച് അഞ്ചാം അധ്യാത്തില്‍ കൂടുതല്‍ പരാമര്‍ശിക്കുന്നുണ്ട്) എന്നോട് പറഞ്ഞിരുന്നു?

ഗിരീഷ്: 2004-ല്‍, നാല് ആളുകളുമായി ഞങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. രണ്ട് പേര്‍ പാകിസ്ഥാനികളും, രണ്ട് പേര്‍ മുംബൈയില്‍ നിന്നുള്ളവരുമായിരുന്നു. അവരിലൊരാള്‍ ഒരു പെണ്‍കുട്ടിയായിരുന്നു, ഇഷ്‌റത്ത് എന്നായിരുന്നു അവളുടെ പേര്. അതൊരു പ്രസിദ്ധമായ കേസാണ്. ആ ഏറ്റുമുട്ടല്‍ വ്യാജമാണോ, യഥാര്‍ത്ഥമാണോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി.

റാണ: അപ്പൊ, അത് വ്യാജമാണോ? താങ്കള്‍ എന്തുകൊണ്ടാണ് ഈ കേസില്‍ ഉള്‍പ്പെടുന്നത്?

ഗിരീഷ്: കാരണം, ആ ഏറ്റുമുട്ടലില്‍ ഞാനും പങ്കെടുത്തിരുന്നു.

റാണ: പക്ഷെ താങ്കള്‍ എന്തുകൊണ്ടാണ് അതില്‍ ഉള്‍പ്പെടുന്നത്?

ഗിരീഷ്: നോക്കൂ, ഈ മനുഷ്യാവകാശ കമ്മീഷനുകളെല്ലാം തന്നെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ചില കേസുകള്‍ വളരെ പ്രയാസമേറിയതാവും, അവയെ നിങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. 9/11-ന് ശേഷം അമേരിക്ക എന്താണെന്ന് ചെയ്തതെന്ന് നോക്കൂ. ഗ്വാണ്ടനാമോ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെയാണ് അവരെ തടങ്കലില്‍ പാര്‍പ്പിക്കുകയും, പീഢിപ്പിക്കുകയും ചെയ്തിരുന്നത്. എല്ലാവരും മര്‍ദ്ദിക്കപ്പെട്ടിരുന്നില്ല. പത്ത് ശതമാനം പേരാണ് ക്രൂരമായ പീഢനത്തിന് ഇരയായത്, അവര്‍ ഒരു കുറ്റം പോലും ചെയ്തിരുന്നില്ല. അവരില്‍ ഒരു ശതമാനം പേര്‍ ചിലപ്പോള്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടായിരിക്കാം. അതുകൊണ്ട് രാഷ്ട്രത്തെ സംരക്ഷിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാനും ഇതൊക്കെ ചെയ്യേണ്ടി വരും.

റാണ: അപ്പോള്‍ ആരായിരുന്നു അവര്‍, ലഷ്‌കര്‍ ഭീകരവാദികള്‍ ആയിരുന്നോ അവര്‍?

ഗിരീഷ്: അതെ.

റാണ: ഇഷ്‌റത്ത് എന്ന ആ പെണ്‍കുട്ടിയും?

ഗിരീഷ്: നോക്കൂ, അവള്‍ ആയിരുന്നില്ല പക്ഷെ അതേ സംഭവത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അങ്ങനെ ആയി. അവള്‍ ലഷ്‌കര്‍ ആവാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലെങ്കില്‍ അവളെ ഒരു മറയായി ഉപയോഗപ്പെടുത്തിയതാവാനും സാധ്യതയുണ്ട്.

റാണ: ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, താങ്കള്‍, വന്‍സാര, പാണ്ഡ്യന്‍, അമിന്‍, പാര്‍മര്‍ തുടങ്ങിയ ഒട്ടനവധി പേര്‍ താഴ്ന്ന ജാതിയിലുള്ളവരാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം ഭരണകൂടത്തിന്റെ ആജ്ഞകള്‍ അനുസരിച്ചാണ്. അപ്പോള്‍, ഇത് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നതിന് സമാനമാണ് നിങ്ങളോടുള്ള സമീപനം?

ഗിരീഷ്: തീര്‍ച്ചയായും, ഞങ്ങളെല്ലാവരും അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഇതൊന്നും ആലോചിക്കുന്നില്ല. അവരുടെ ആജ്ഞാനുവര്‍ത്തികളും, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരുമാണ് ഞങ്ങള്‍ എന്നാണ് ഭരണകൂടം കരുതുന്നത്. ഓരോ സര്‍ക്കാര്‍ സേവകനും, അവന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെ സര്‍ക്കാറിന് വേണ്ടിയാണ്. സമൂഹവും ഗവണ്‍മെന്റും ഞങ്ങളെ അംഗീകരിക്കുന്നില്ല. വന്‍സാര എന്താണ് ചെയ്തത്, പക്ഷെ ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല.

റാണ: പക്ഷെ സാര്‍, നിങ്ങള്‍ ചെയ്തതെല്ലാം സര്‍ക്കാറിന്റെയും, രാഷ്ട്രീയ ശക്തികളുടെയും ആജ്ഞകള്‍ അനുസരിച്ചായിരുന്നുവല്ലോ, പിന്നെന്തുകൊണ്ടാണ് അവര്‍...?

ഗിരീഷ്: വ്യവസ്ഥിതിയുടെ കൂടെ നില്‍ക്കണമെങ്കില്‍, ആളുകളുടെ ഇഷ്ടത്തിന് വഴങ്ങികൊടുക്കണം.

റാണ: പക്ഷെ പ്രിയദര്‍ശി (ഗിരീഷിന്റെ സീനിയര്‍) ഗവണ്‍മെന്റുമായി അടുപ്പത്തിലായിരുന്നില്ലല്ലോ?

ഗിരീഷ്: അദ്ദേഹവും ഗവണ്‍മെന്റുമായി അടുപ്പത്തില്‍ തന്നെയായിരുന്നു. പക്ഷെ അവര്‍ അദ്ദേഹത്തോട് ഓരോന്ന് ചെയ്യാന്‍ പറഞ്ഞപ്പോഴൊന്നും തന്നെ അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല.

റാണ: ശരിയാണ്, അവര്‍ പാണ്ഡ്യനോടും, അദ്ദേഹത്തോടും ഒരു ഏറ്റുമുട്ടല്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷെ അദ്ദേഹം വിസമ്മതിച്ചു?

ഗിരീഷ്: പാണ്ഡ്യനും ജയിലഴികള്‍ക്കുള്ളിലാണ്, അയാളുടെ പശ്ചാത്തലത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല.

റാണ: എങ്ങനെയാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയുമായി അടുപ്പത്തിലായത്?

ഗിരീഷ്: എ.ടി.എസ്സില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു.

റാണ: നോക്കൂ, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ ആവശ്യത്തിന് വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് താങ്കള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണോ?

ഗിരീഷ്: ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല ഉള്ളത്. വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം ചെയ്തത്.

റാണ: താങ്കള്‍ നിരീക്ഷത്തിന് കീഴിലാണോ അതോ താങ്കളുടെ കേസ് അവസാനിച്ചോ?

ഗിരീഷ്: കേസ് നടന്നു കൊണ്ടിരിക്കുകയാണ്.

റാണ: ഭരണകൂടം നിങ്ങളെ സഹായിക്കുന്നുണ്ടോ?

ഗിരീഷ്: നോക്കൂ, കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ആരുമായിക്കൊള്ളട്ടെ, രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ അവരുടെ നേട്ടമാണ് ആദ്യം നോക്കുക. ഞങ്ങളുടെ കാര്യത്തില്‍ അവര്‍ സഹായിക്കുന്നുണ്ട്, പക്ഷെ അതോടൊപ്പം തന്നെ തങ്ങള്‍ക്ക് എന്ത് കിട്ടും എന്ത് കിട്ടില്ല, അത് തിരിച്ചടിച്ചാല്‍ എന്താണ് അവര്‍ക്ക് സംഭവിക്കുക തുടങ്ങിയ കാര്യങ്ങളും അവര്‍ നോക്കും.

ഞങ്ങളുടെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ആളുകളെ നോക്കുക, സ്‌പെഷ്യല്‍ സെല്ലിന്റെ ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്നു കര്‍നൈല്‍ സിംഗ്, അദ്ദേഹത്തെ മിസോറാമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അദ്ദേഹത്തിന്റെ കാലയളവില്‍, 44 ഏറ്റുമുട്ടലുകളാണ് നടന്നത്. അദ്ദേഹമിപ്പോള്‍ നമ്മുടെ എസ്.ഐ.ടി-യുടെ ചെയര്‍മാനാണ്. പിന്നീട് സതീഷ് വര്‍മ എന്ന ഓഫീസര്‍ വന്നു. അദ്ദേഹം വലിയ മനുഷ്യാവകാശ സ്‌നേഹിയാണെന്ന് വീമ്പിളക്കിയിരുന്നു, പക്ഷെ അദ്ദേഹവും പത്തോളം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട്.

റാണ: എന്തായിരിക്കും ഇതിന്റെ അവസാനം?

ഗിരീഷ്: നമുക്ക് നോക്കാം, ഒന്നും തന്നെ സംഭവിക്കില്ല.

റാണ: പക്ഷെ താങ്കളടക്കമുള്ള ഒട്ടനേകം ഓഫീസര്‍മാര്‍ക്ക് സൊഹ്‌റാബുദ്ദീന്‍ കേസില്‍ പങ്കുണ്ടെന്നത് ശരിയല്ലെ?

ഗിരീഷ്: അതെ.

റാണ: ഞാന്‍ ഗീത ജോഹ്‌രിയെ സന്ദര്‍ശിച്ചിരുന്നു.

ഗിരീഷ്: അതേയോ.. വളരെ നല്ലൊരു അന്വേഷണമാണ് അവര്‍ നടത്തിയത്. പിന്നീട് രജനീഷ് റായിയും. അവരുടെ ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു. 13 ഓളം പേരെ അവര്‍ സ്വന്തം നിലക്ക് അറസ്റ്റ് ചെയ്തു.

റാണ: പക്ഷെ, അമിത് ഷായുമായി ബന്ധപ്പെട്ട് എന്തോ ഉണ്ടല്ലോ. നിങ്ങളുടെ ഓഫീസര്‍മാരെ കുറിച്ചും ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, പരസ്പരബന്ധമുള്ള ഒരു തരം ഉദ്യോഗസ്ഥ-രാഷ്ട്രീയ സംഘം, പ്രത്യേകിച്ച് ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍. മറ്റനവധി മന്ത്രിമാരുമായി സംസാരിച്ചപ്പോഴും എനിക്കത് അനുഭവപ്പെട്ടിരുന്നു.

ഗിരീഷ്: നോക്കൂ, മുഖ്യമന്ത്രി പോലും. എല്ലാ മന്ത്രിമാരും റബ്ബര്‍ സ്റ്റാമ്പുകളാണ്. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിയാണ് എടുക്കുന്നത്. മന്ത്രിമാര്‍ക്ക് എന്ത് തീരുമാനമെടുക്കുന്നതിനും, അദ്ദേഹത്തിന്റെ അനുവാദം വേണം.

റാണ: പിന്നെ എങ്ങനെയാണ് ഒരു വിധത്തിലുള്ള പരിക്കുകളുമേല്‍ക്കാതെ നിലകൊള്ളാന്‍ അയാള്‍ക്ക് സാധിക്കുന്നത്, അതേ കേസില്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് മേല്‍ കുറ്റം ചുമത്തപ്പെടാതിരുന്നത്?

ഗിരീഷ്: കാരണം അദ്ദേഹം നേരിട്ട് ചിത്രത്തിലേക്ക് വന്നിട്ടില്ല. ബ്യൂറോക്രാറ്റുകള്‍ക്ക് ആജ്ഞകള്‍ നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നത്.

റാണ: അതേ അളവുകോല്‍ വെച്ച് തന്നെ, താങ്കളുടെ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍, മുഖ്യമന്ത്രിയും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലെ?

ഗിരീഷ്: അതെ. 2007-ല്‍, സൊബ്‌റാബുദ്ദീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടുടനെ, ഇവിടെ എത്തിയ സോണിയ ഗാന്ധി, ഓഫീസര്‍മാരെ 'മരണത്തിന്റെ കച്ചവടക്കാര്‍' എന്നാണ് വിളിച്ചത്. അതിന് ശേഷം മോദി, ഓരോ യോഗത്തിലും ''മരണത്തിന്റെ കച്ചവടക്കാര്‍'? ആരായിരുന്നു സൊഹ്‌റാബുദ്ദീന്‍, അവരെ കൊന്നത് നല്ലകാര്യമാണോ അതോ തെറ്റായിപ്പോയോ?' എന്ന് ആക്രോശിച്ചു. അതിന് ശേഷം മോദിക്ക് ജനപിന്തുണ വര്‍ധിച്ചു. നോക്കൂ, അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അത് അയാള്‍ക്ക് ലഭിച്ചു.

റാണ: കാര്യങ്ങള്‍ നടത്താനായി ഉപയോഗിച്ച ഓഫീസര്‍മാരെ അയാള്‍ ഇപ്പോള്‍ സഹായിക്കുന്നില്ല അല്ലെ?

ഗിരീഷ്: ഇല്ല, അവരെല്ലാം ഇന്ന് ജയിലിനുള്ളിലാണ്.

റാണ: നിങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് അദ്ദേഹം എന്നെങ്കിലും ചോദിച്ചിരുന്നോ?

ഗിരീഷ്: ഇല്ല. ഒരിക്കലും ചോദിച്ചിട്ടില്ല. നോക്കൂ, നേടേണ്ടതെല്ലാം അവര്‍ നേടി. കലാപങ്ങള്‍ ഉണ്ടായി, മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു, നേട്ടങ്ങള്‍ കൊയ്തു. ഇതിലും അവര്‍ ഒരുപാട് നേട്ടമുണ്ടാക്കി.

റാണ: പക്ഷെ നിങ്ങളുടെ ഷാ സാഹിബ് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തന്നെ ഇപ്പോള്‍ തിരിച്ച് വരില്ലെ?

ഗിരീഷ്: ഇല്ല. അദ്ദേഹത്തിന് അത് സാധിക്കില്ല. കാരണം മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണ്, കാരണം അദ്ദേഹം ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസിദ്ധനായി കഴിഞ്ഞു. സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് അയാള്‍ക്ക് അറിയാം. അതുകൊണ്ട് ആഭ്യന്തരമന്ത്രി എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി ഒരിക്കലും ആഗ്രഹിക്കില്ല.

റാണ: അപ്പോള്‍, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പരസ്പരം നേരിട്ട് കാണുന്നില്ല?

ഗിരീഷ്: ഇല്ല. ഈ മുഖ്യമന്ത്രിയുണ്ടല്ലോ, മോദി എന്ന് ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന ആള്‍, ഒരു അവസരവാദിയാണ് അയാള്‍. എല്ലാവരും അയാള്‍ക്ക് വേണ്ടി ജോലി ചെയ്തു.

റാണ: വൃത്തികെട്ട ജോലി.

ഗിരീഷ്: അതെ.

റാണ: ഇത് കൂടാതെ, എത്ര ഏറ്റുമുട്ടലുകള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്?

ഗിരീഷ്: ഉം.. പത്തോളം..

റാണ: പ്രധാനപ്പെട്ടതെല്ലാം എനിക്ക് അറിയാന്‍ കഴിയുമോ?

ഗിരീഷ്: ഇല്ല. പറ്റില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: DailyO.in

Sunday, May 15, 2016

അടുത്ത മണിക്കൂറില്‍ ചെയ്യാന്‍ പത്ത് കാര്യങ്ങള്‍



എന്ത് ജോലി ചെയ്താലും എത്ര തിരക്കുണ്ടെങ്കിലും എപ്പോഴും മനസുമായി കണക്റ്റ് ചെയ്യണം എന്ന് നമ്മളെ ഓര്‍മപ്പെടുത്തുന്നതാണ് ഗോപി കല്ലായിലിന്റെ 'The internet to the inner-net' എന്ന പുസ്തകം. മനസിന്റെ അപാരമായ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഗൂഗിളിന്റെ ചീഫ് ഇവാഞ്ചലിസ്റ്റ് (ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ്) ആയ ഈ മലയാളി സ്വന്തം ജീവിതയാത്രയിലൂടെ വിശദീകരിക്കുന്ന ഈ പുസ്തകത്തിലെ 'Ten things to do with the next hour' എന്ന അധ്യായം വായിക്കാം, ഒരു വ്യത്യസ്ത വിജയകഥ അറിയാം.

പറയുന്നത് പലരാകാം, പക്ഷേ പരാതി ഒന്ന് തന്നെ. കമ്പനികളുടെ സിഇഒ പറയും അവര്‍ അമിതമായി ജോലി ചെയ്യുന്നവരാണെന്ന്. സൗത്ത് ഇന്ത്യയിലെ എന്റെ ഗ്രാമത്തിലെ കൃഷിക്കാരും പറയും ഒന്നിനും സമയമില്ലെന്ന്. നമുക്ക് എല്ലാവര്‍ക്കും പരാതിപ്പെടാം, ഷെഡ്യൂളുകളുടെ മുഷ്ടിക്കുള്ളിലാണ് നമ്മുടെ ജീവിതം എന്ന്, ഒരു ദിവസം ഇത്രയും സമയം പോര എന്ന്. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍, നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തുടങ്ങി മറ്റാരോ നിശ്ചയിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയോ ബാഹ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയോ ആണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നതെന്ന് നമുക്ക് ഓരോരുത്തര്‍ക്കും പറയാവുന്നതാണ്.

ബിസിനസ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ ജോലി തുടങ്ങിയ നാളുകളില്‍ ഓരോ ദിവസത്തെയും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി മാത്രമായിരുന്നു എന്റെ ചിന്ത. നേട്ടങ്ങള്‍ വല്ലാതെ ലഹരി പിടിപ്പിച്ചിരുന്നു എന്നെ. എപ്പോഴും മീറ്റിംഗുകളിലേക്കും എയര്‍പോര്‍ട്ടുകളിലേക്കുമുള്ള പരക്കംപാച്ചിലുകള്‍. ഫ്‌ളൈറ്റുകളിലും കോണ്‍ഫറന്‍സുകളിലും കിട്ടുന്ന എത്ര മോശം ഭക്ഷണവും ഞാന്‍ കഴിക്കും. എന്റെ വീട്ടുകാര്യങ്ങള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയായിരുന്നു തുറന്നു നോക്കുക പോലും ചെയ്യാത്ത ബില്ലുകളുടെ കൂമ്പാരം, കഴിഞ്ഞ യാത്രയ്ക്ക് കൊണ്ടുപോയ സൂട്ട് കെയ്‌സുകള്‍, അടുത്ത ട്രിപ്പിനായി പകുതി പായ്ക്ക് ചെയ്തവ വേറെ. പല പ്രാവശ്യം എന്റെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്യപ്പെട്ടു, എന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നു. പണം ഇല്ല എന്നതായിരുന്നില്ല പ്രശ്‌നം, ശ്രദ്ധ മുഴുവന്‍ ജോലിയിലും യാത്രകളിലും മാത്രമായപ്പോള്‍ ബില്‍ അടയ്ക്കാനുള്ള സമയം പോലും എനിക്കില്ലാതെ വന്നു.

എന്റെ ജീവിതം പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന, നാണക്കേടുണ്ടാക്കുന്ന അവസ്ഥ. ഒരു വര്‍ഷത്തോളം ഇത് നീണ്ടുനിന്നു, ഒരു ബ്രേക്കിംഗ് പോയ്ന്റ് എത്തുന്നത് വരെ. ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങി ഞാന്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്? എന്താണ് ഇതുകൊണ്ടുള്ള നേട്ടം? ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്? ഇതിന് ഞാന്‍ എന്ത് വിലയാണ് നല്‍കുന്നത്? യാത്ര, മോശമായ ഭക്ഷണം, വ്യായാമത്തിനും മെഡിറ്റേഷനും സമയമില്ലായ്മ... ഇതൊക്കെയായി മാറിയിരുന്നു എന്റെ ജീവിതം. എന്തിനെല്ലാം പ്രാധാന്യം നല്‍കണം എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നു എനിക്ക് മനസിലായി. ഏതാനും വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍ മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കിയ ചില പ്രോഗ്രാമുകളില്‍ പങ്കെടുക്കുമ്പോഴാണ് ഞാന്‍ ഇതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രമേ ലഭിക്കുന്നുള്ളു. ആ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ. അങ്ങനെയാണ് ഒരു മണിക്കൂര്‍ ലഭിച്ചാല്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ ഈ സമയത്തിനുള്ളില്‍ എനിക്ക് സാധ്യമാണ്? പത്ത് കാര്യങ്ങള്‍ എനിക്ക് ലിസ്റ്റ് ചെയ്യാന്‍ പറ്റി. വെറും ഒരു തോന്നലില്‍ നിന്ന് എന്റെ ദിവസങ്ങള്‍ ഏറെ മികവുറ്റതാക്കാന്‍ കഴിയുന്ന ഒരു പ്ലാനായി ഇത് മാറി. ഒരു ദിവസം നിങ്ങള്‍ക്ക് ലഭിക്കുന്നസമയം എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് നിങ്ങള്‍ ഉണ്ടാക്കുന്ന ലിസ്റ്റില്‍ ഒട്ടേറെ വ്യതസ്ത കാര്യങ്ങളും കാരണങ്ങളുമുണ്ടാകും. ഇവിടെ, എന്റെ ജീവിതം മാറ്റിമറിച്ച എന്റെ ലിസ്റ്റ് ഞാന്‍ പങ്കുവെക്കുന്നു.

ഉറക്കം: എനിക്കിഷ്ടമുള്ള രീതിയില്‍ ചെലവഴിക്കാന്‍ ഏതാനും മണിക്കൂര്‍ കിട്ടിയാല്‍ അത് ഞാന്‍ ഉറങ്ങിത്തീര്‍ക്കും. കഴിയുമെങ്കില്‍ എട്ട് മണിക്കൂര്‍. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. നമ്മുടെ സന്തോഷത്തിന്റെ അളവും ഇതിനെ ആശ്രയിച്ചിരിക്കും. വളരെ ലളിതമായ ഈ കാര്യം തെറ്റിച്ചാല്‍ പ്രകൃതിയുടെ നിയമങ്ങള്‍ തിരിച്ചടിക്കുന്നത് രൂക്ഷമായിട്ടായിരിക്കും.

ഭക്ഷണം: ആരോഗ്യം മികച്ചതാക്കാനും തകര്‍ക്കാനും കഴിയുന്നതാണ് നാം കഴിക്കുന്ന ഭക്ഷണം. നമ്മുടെ എനര്‍ജി, ചിന്താശക്തി, ക്രിയേറ്റിവിറ്റി, മാനസികമായ ഉല്ലാസം എന്നിവയെ എല്ലാം ബാധിക്കുന്ന ഒന്നാണു പോഷകസമൃദ്ധമായ ആഹാരം. അതുകൊണ്ട് എന്താണു കഴിക്കുന്നതെന്നും എന്ത് ഒഴിവാക്കണമെന്നും മനസിലാക്കുക. സ്വന്തമായി കൃഷി ചെയ്‌തോ പാചകം ചെയ്‌തോ കഴിക്കുമ്പോഴും മറ്റൊരാളുണ്ടാക്കി തരുന്നത് കഴിക്കുമ്പോഴും ഈ നിയമം തെറ്റിക്കാതിരിക്കുക. 30 മിനിറ്റ് എനിക്ക് കിട്ടിയാല്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും തെരഞ്ഞെടുക്കാനും ഞാന്‍ ശ്രമിക്കും.

വ്യായാമം: ഒരു മണിക്കൂറോ അതില്‍ കുറവോ സമയം ലഭിച്ചാല്‍ അത് ഞാന്‍ വ്യായാമത്തിനായി നീക്കിവെക്കും. എന്റെ ശാരീരികവും മാനസികവുമായ എനര്‍ജി വര്‍ധിപ്പിക്കുന്നത് എക്‌സര്‍സൈസാണ്. യാത്രകളിലും യോഗയ്‌ക്കോ നീന്തലിനോ സമയം കണ്ടെത്താന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നടക്കാം, ഓടാം, ഡാന്‍സ് ചെയ്യാം, ടെന്നീസ് കളിക്കാം. നിങ്ങള്‍ക്ക് ഉല്ലാസം തരുന്ന ഒരു ആക്റ്റിവിറ്റി എപ്പോഴും ചെയ്യാന്‍ ശ്രമിക്കുക 

മെഡിറ്റേഷന്‍: 20 മിനിറ്റ് എനിക്ക് കിട്ടിയിട്ടുണ്ട്, എന്ത് ചെയ്യും? ഞാന്‍ ആ സമയം ധ്യാനത്തിന് വേണ്ടി മാറ്റിവെക്കും. എന്റെ ഒരു ദിവസത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് മെഡിറ്റേഷനാണ്. എല്ലാ ശബ്ദകോലാഹലങ്ങളും അലങ്കോലങ്ങളും ഒഴിവാക്കി മനസ് വൃത്തിയാക്കി സന്തോഷം പകര്‍ന്ന് എന്റെ ചിന്തകള്‍ക്ക് വ്യക്തത നല്‍കി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്നെ സഹായിക്കുന്നു ധ്യാനം. ചിലപ്പോള്‍, ഫ്‌ളൈറ്റില്‍, എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഓഫ് ചെയ്ത് ടേക്കോഫിനു തയാറാകുന്ന 15 മിനിറ്റായിരിക്കും ഞാന്‍ മെഡിറ്റേഷനു വേണ്ടി ഉപയോഗിക്കുന്നത്.

സ്‌നേഹം: എന്റെ ലിസ്റ്റില്‍ അടുത്തത് സ്‌നേഹമാണ് എന്നില്‍ സ്‌നേഹം നിറയ്ക്കുന്ന ചിന്തകളും, പ്രവൃത്തികളും, ഒപ്പം എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള സമയവും. ഇതിനു ഒന്നാം സ്ഥാനം നല്‍കേണ്ടേ എന്ന് പലരും ചോദിക്കാം. പക്ഷേ, ഞാന്‍ ആദ്യം പറഞ്ഞ നാല് കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് സ്വയം സന്തോഷിക്കാനോ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനോ കഴിയില്ല, എന്റെ പോളിസി എയര്‍ലൈനുകളുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? 'മറ്റുള്ളവരെ സഹായിക്കും മുന്‍പ് ഓക്‌സിജന്‍ മാസ്‌ക് ധരിക്കുക.'

കൊച്ചു കൊച്ച് കാര്യങ്ങള്‍: ഇനി ഞാന്‍ എന്ത് കാര്യമാണ് ചെയ്യുക? ഓരോ ദിവസവും ചെയ്യേണ്ട ചില ചെറിയ കാര്യങ്ങള്‍ തീര്‍ക്കും. 'സ്റ്റഫ്' എന്ന് പറയുന്ന ഇക്കാര്യങ്ങളൊന്നും അത്യാവശ്യ സംഭവങ്ങളല്ല. പക്ഷേ, അവ കൂടിക്കിടന്നാല്‍ നമ്മുടെ ജോലിയെയും മനസമാധാനത്തെയും ബാധിക്കും എന്ന് ഉറപ്പ്. മെയ്‌ലുകള്‍, വീട്ടുജോലികള്‍ എന്നിവയെല്ലാം ഇതില്‍ പെടും. 

ജോലി: പലരുടെയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരിക്കും ജോലി. പക്ഷേ, ഞാന്‍ നല്‍കുന്നത് ഏഴാം സ്ഥാനമാണ്. കാരണം, ഒന്ന് മുതല്‍ ആറ് വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാലേ എനിക്ക് നന്നായി ജോലി ചെയ്യാന്‍ കഴിയൂ. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എറ്റവും മികച്ച രീതിയില്‍ എന്റെ ജോലി തീര്‍ക്കുകയും അതെന്നെ ഏറെ തൃപ്തിപ്പെടുത്തുകയും ചെയ്യണമെങ്കില്‍ ഇവയെല്ലാം ഞാന്‍ പ്രാധാന്യത്തോടെ ചെയ്യണം. ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ. എല്ലാവര്‍ക്കും നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു. നിങ്ങളും, കമ്പനിയും, സഹപ്രവര്‍ത്തകരും എല്ലാം. നിങ്ങളുടെ ബോസ് സൂപ്പര്‍ ഹാപ്പിയുമാകും.

പ്രിയപ്പെട്ട ഇഷ്ടങ്ങള്‍: ഒരു മണിക്കൂര്‍ കിട്ടിയാല്‍ മനസിന് ഏറ്റവും പ്രിയപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. എന്റെ പാഷനായ, വളരെ ഇഷ്ടമുള്ളത് കൊണ്ട് മാത്രം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍, എന്റെ മനസിനെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍. നിര്‍ബന്ധിതമായി ചെയ്യേണ്ടതല്ല ഇതൊന്നും. ജീവിതമാര്‍ഗമായതു കൊണ്ട് ചെയ്യുന്നതുമല്ല. (പക്ഷെ, ജോലി എന്റെ ഒരു പാഷന്‍ തന്നെയാണ്.) പബ്ലിക് സ്പീക്കിംഗ്, യോഗ പഠിപ്പിക്കുക, കീര്‍ത്തനങ്ങള്‍ പാടുക എന്നിങ്ങനെ പല ഇഷ്ടങ്ങളും എനിക്കുണ്ട്. അതുകൊണ്ട് എന്റെ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ വീണുകിട്ടിയാല്‍ ഞാന്‍ ഇതെല്ലാമാണ് ചെയ്യുക. 

പുതിയ പാഠങ്ങള്‍: എപ്പോഴും എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കുക. ഹാര്‍മോണിയം വായിക്കുന്നതും, ടിവി ഷോ ചെയ്യുന്നതും വെജിറ്റേറിയന്‍ ഭക്ഷണമുണ്ടാക്കുന്നതും തുടങ്ങി പുതുതായി പഠിക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് പുതിയ അവസരങ്ങളാണ് മനസിലാക്കി തരുന്നത്. എന്റെ ലോകം കൂടുതല്‍ വിശാലമാകുകയും ചെയ്യും.

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍: എന്റെ മനസിന്റെ എനര്‍ജി പുറത്ത് കൊണ്ടു വരുന്ന എന്ത് കാര്യവും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കും. ചിലപ്പോഴത് ഒരു യോഗ ക്ലാസ് നടത്തുന്നതാകാം, അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ചായയോ ഡിന്നറോ നല്‍കുന്നതാകാം. നിങ്ങള്‍ക്ക് ഇത് പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നതോ, കുട്ടികളുടെ സ്‌കൂളില്‍ സഹായിക്കുന്നതോ ഒരു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി വോളന്റിയര്‍ ആകുന്നതോ ആകാം. പ്ലാന്‍ ചെയ്യാത്ത കാര്യങ്ങളും ചെയ്യാം. കുറെ കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്യാം, നേരിട്ട് കാണാം. ചെറിയ കാരുണ്യ പ്രവൃത്തികള്‍. സമൂഹവുമായി ചേര്‍ത്ത് നിരത്തുന്ന ഇത്തരം ചില കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താം.

ഈ ലിസ്റ്റ് എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ ഒരു മനുഷ്യജീവി എന്ന നിലയിലുള്ള എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പുതിയ രൂപമായി. എന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും കൂടുതല്‍ വ്യക്തവുമായി. എന്റെ എനര്‍ജി ഏറ്റവും നന്നായി ഉപയോഗിക്കുന്ന രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ എനിക്ക് ഇപ്പോള്‍ അറിയാം. നിങ്ങളും സ്വന്തമായി ഒരു ലിസ്റ്റ് ഉണ്ടാക്കി അത് പിന്തുടരുമ്പോള്‍ മനസിലാകും, 24 മണിക്കൂര്‍ എങ്ങനെ കൂടുതല്‍ മികച്ച രീതിയില്‍ ചെലവഴിക്കാം എന്ന്.