Thursday, February 21, 2013

മെട്രോ വിളിക്കുന്നു

മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്


മെട്രോ റെയില്‍  ടെക്നോളജി ആന്‍ഡ്  മാനേജ്മെന്‍റ്
തൊഴിലിടങ്ങളില്‍നിന്നുതന്നെ പഠനം. പിന്നെ അവിടെ ജോലി. മെട്രോ നഗരങ്ങളിലെ നൂതന ഗതാഗത സംവിധാനങ്ങളിലൊന്നായ മോണോ റെയില്‍ സാങ്കേതികരംഗം അത്തരത്തിലൊന്നാണ്. ദല്‍ഹിയിലെയും ചെന്നൈയിലെയും മെട്രോ റെയില്‍ പ്രോജക്ടുകള്‍ക്കായി ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള സിവില്‍ എന്‍ജിനീയര്‍മാരുടെ അഭാവം തുടക്കത്തിലുണ്ടായിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് ഐ.ഐ.ടി മദ്രാസ് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ്  മാനേജ്മെന്‍റ് എന്ന കോഴ്സിന് തുടക്കംകുറിച്ചത്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പി.ജി ഡിപ്ളോമ കോഴ്സാണിത്. ഇപ്പോള്‍ കൊച്ചിയുള്‍പ്പെടെയുള്ള രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുകൂടി മെട്രോ റെയില്‍ പദ്ധതി വ്യാപിച്ചതോടെ ഈ കോഴ്സിന്‍െറ സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.
നിലവില്‍ മദ്രാസ് ഐ.ഐ.ടിയില്‍ മാത്രമാണ് മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സുള്ളത്. 70 ശതമാനം മാര്‍ക്കോടെ ബി.ടെക് (സിവില്‍, മെക്കാനിക്കല്‍, ആര്‍കിടെക്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്) പാസായവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. ഗേറ്റ് പരീക്ഷയിലെ ഗ്രേഡും പ്രവേശ മാനദണ്ഡമാണ്. ഐ.ഐ.ടിയിലെയും മെട്രോ റെയില്‍ കോര്‍പറേഷനിലെയും വിദഗ്ധരുടെ പാനല്‍ നടത്തുന്ന അഭിമുഖത്തിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ്.
ഒരു വര്‍ഷമാണ് കോഴ്സിന്‍െറ കാലാവധി. ഇക്കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിലവില്‍ ചെന്നൈ മെട്രോ റെയില്‍ കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് മാനേജര്‍ തസ്തികയില്‍ നിയമനം നല്‍കുന്നുണ്ട്. കോഴ്സിന് ചേരുമ്പോള്‍ അഞ്ച് ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണം.
നിലവില്‍ 10 പേര്‍ മാത്രമാണ് പ്രതിവര്‍ഷം മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് എന്‍ജിനീയര്‍മാരായി പുറത്തിറങ്ങുന്നത്. രാജ്യത്തെ മെട്രോ റെയില്‍ പദ്ധതികളുടെ എണ്ണംവെച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. ഇക്കാര്യം പരിഗണിച്ച് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ രാജ്യത്തെ മുഴുവന്‍ ഐ.ഐ.ടികളിലും ഈ കോഴ്സ് പാഠ്യ വിഷയമാക്കണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെടുകയുണ്ടായി. സമീപ ഭാവിയില്‍തന്നെ, മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സ് മുഴുവന്‍ ഐ.ഐ.ടികളിലും പ്രതീക്ഷിക്കാം.

No comments: