Wednesday, April 17, 2013

മയ്യിത്ത് സംസ്കരണ രീതി


രോഗിയെ സന്ദർശിക്കൽ സുന്നത്താണ്‌.
 സന്ദർശിക്കപ്പെടുന്ന രോഗി സുഖപ്പെടുമെന്നു കണ്ടാൽ അവരുടെ രോഗശമനത്തിനായി പ്രാർഥിക്കുകയും പിരിഞ്ഞു പോരുകയും ചെയ്യണം. ആ രോഗത്തിൽ നിന്നും രക്ഷപ്പെടില്ലെന്നു തോന്നിയാൽ തൗബ ചെയ്യാൻ പ്രേരിപ്പിക്കണം. മരണം ആസന്നമായ വ്യക്തിയുടെ ചെവിയിൽ “ ലാ ഇലാഹ ഇല്ലല്ലാ” എന്നു ചൊല്ലിക്കൊടുക്കണം. അങ്ങിനെ ചൊല്ലുവാൻ നിർബന്ധിക്കരുത്. ഒരു പ്രാവശ്യം അവർ ചൊല്ലിയാൽ പിന്നീട് മറ്റു വല്ലതും സംസാരിച്ചാൽ മാത്രം ചൊല്ലിക്കൊടുത്താൽ മതി. ചൊല്ലിക്കൊടുക്കേണ്ടതു അനന്തരാവകാശികൾ അല്ലാത്തവർ ആയിരിക്കണം.

ഒരാൾ മരിച്ചു കഴിഞ്ഞാൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങ:
മയ്യിത്തിന്റെ രണ്ടു കണ്ണുകളും തിരുമ്മി അടക്കുക. താടിയെ തലയോട് ചേർത്ത് കെട്ടുക. 
ഘനമുള്ള എന്തെങ്കിലും വസ്തു വയറിന്മേൽ വെക്കുക. മരണപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന വസ്ത്രം അഴിച്ചു മാറ്റുക. കനം കുറഞ്ഞ ഒരു വസ്ത്രം കൊണ്ടു ശരീരം മുഴുവൻ മറയ്ക്കുക. കട്ടിലിന്മേലോ, ഉയരമുള്ള മറ്റു വസ്തുവിന്മേലോ കിടത്തുക.
 കിടത്തുമ്പോൾ രണ്ടു രീതി സ്വീകരിക്കാവുന്നതാണു.
1- മുഖം ഖിബ്‌ലയുടെ നേരെ ആകുന്ന വിധം വലതു ഭാഗത്തേക്കു ചെരിച്ചു കിടത്തുക
2- മുഖവും രണ്ടു പാദങ്ങളും ഖിബ്‌ലയുടെ നേരെയാവുന്ന വിധം മലർത്തിക്കിടത്തുക. ( തല കിഴക്കോട്ടും കാലുകൾ പടിഞ്ഞാറോട്ടുമാകുന്ന വിധം) ഇങ്ങനെ കിടത്തുമ്പോൾ തല അല്പം ഉയർത്തി വെക്കേണ്ടതാണു.

മരണപ്പെട്ട വ്യക്തിയുടെ കടം വീട്ടുന്നതിൽ വേഗത കാണിക്കുക. അപ്പോൾ തന്നെ കൊടുത്തു വീട്ടുകയോ, അല്ലെങ്കിൽ കടത്തെ ഏറ്റെടുക്കുകയോ ചെയ്യാവുന്നതാണു. മയ്യിത്തിന്റെ വസ്വിയ്യത്തുകൾ നിറവേറ്റുക.

മയ്യിത്ത് കുളിപ്പിക്കുന്ന രീതി
മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി പ്രത്യേകം സ്ഥലം തയ്യാറാക്കണം. സാധാരണവീടുകളിലുള്ള മുറികളിൽ ഏതെങ്കിലുമൊന്നു അതിനു വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇല്ലെങ്കിൽ പ്രത്യേക സ്ഥലം ഒരുക്കണം. അഞ്ച് ഭാഗത്തിലൂടെയും മറയുള്ള ഒരു സ്ഥലം തയ്യാറാക്കണം. അതിനുള്ളിൽ ബെഞ്ചോളം ഉയരമുള്ള, മയ്യിത്ത് അങ്ങോട്ടുമിങ്ങോട്ടും ചരിച്ചു കിടത്താൻ സൗകര്യപ്പെടുന്ന വീതിയുമുള്ള ഒരു പടി അതിൽ ഇടുകയും തലഭാഗം ഒരുചാൺ ഉയർത്തി വെക്കുകയും വേണം. കുളിപ്പിക്കുന്ന വെള്ളം പുറത്തേക്കു പരന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥലം തയ്യാറായിക്കഴിഞ്ഞാൽ മയ്യിത്തിനെ എടുത്തു കൊണ്ടു പോകുമ്പോൾ “ ബിസ്മില്ലാഹി അലാ മില്ലത്തി റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവ സല്ലം” എന്നു ചൊല്ലണം. പടിയുടെ മേൽ മയ്യിത്തിനെ മലർത്തിക്കിടത്തുകയും മുഴുവൻ മൂടുന്ന വിധം ഒരു തുണി കൊണ്ടു മറയ്ക്കുകയും ചെയ്യണം.

കുളിപ്പിക്കുവാൻ ഒരാളും അദ്ധേഹത്തെ സഹായിക്കാൻ മറ്റൊരാളും രക്ഷാകർത്തവുമുണ്ടെങ്കിൽ അദ്ധേഹവും മാത്രമേ ആ സ്ഥലത്ത് പാടുള്ളൂ. കുളിപ്പിക്കുന്ന ആൾ പടിയുടെ ഇടതു ഭാഗത്തു നില്ക്കണം. അതിനു ശേഷം മയ്യിത്തിനെ എഴുന്നേല്പിച്ചു തന്റെ വലതു കാൽ പടിയുടെ മേൽ ചവുട്ടി ആ കാലിലേക്ക് മയ്യിത്തിനെ ചാരി ഇരുത്തണം. വലതു കൈ കൊണ്ടു പിരടിയും തലയും പിടിക്കുകയും ഇടതു കൈ കൊണ്ടു മൂന്ന് പ്രാവശ്യം മയ്യിത്തിന്റെ വയർ അമർത്തി തടവുകയും ചെയ്യണം. പ്രസ്തുത സമയം കയ്യിൽ തുണി ചുറ്റുകയൊ, ഉറ ധരിക്കുകയോ ചെയ്യണം. അതിനു ശേഷം സഹായി വെള്ളം ഒഴിച്ചു കൊടുക്കുകയും കുളിപ്പിക്കുന്നവൻ മയ്യിത്തിന്റെ മലദ്വാരവും, മുൻ ദ്വാരവും നല്ല പോലെ കഴുകണം. ( അതിലേക്കു നോക്കാൻ പാടില്ല) പിന്നിട് ഇടതു കൈയുടെ ചൂണ്ടു വിരലിൽ തുണിക്കഷ്ണം ചുറ്റി വെള്ളത്തിൽ നനച്ച് അതു കൊണ്ടു മയ്യിത്തിന്റെ പല്ലുകൾ തേച്ച് വൃത്തിയാക്കണം. അതിനു ശേഷം മറ്റൊരു തുണിക്കഷ്ണമെടുത്ത് ചെറുവിരലിൽ ചുറ്റി മൂക്കിന്റെ രണ്ടു ദ്വാരങ്ങളും വൃത്തിയാക്കണം.

പിന്നീട് ഒരു വുളൂ ചെയ്തു കൊടുക്കണം. അതിനു ശേഷം തല, കഴുത്ത്, ചെവി ഇവയെല്ലാം നന്നായി കഴുകണം. അഴുക്കുകൾ ശരിക്കു നീങ്ങിക്കിട്ടുവാൻ വേണ്ടി സോപ്പോ മറ്റോ ഉപയോഗിക്കാവുന്നതാണു. മുടികൾ കട്ടി കൂടിയതാണെങ്കിൽ പല്ലുകൾ അകന്ന ചീർപ്പു കൊണ്ടു അവ വിടർത്തി കഴുകേണ്ടതാണു. പ്രസ്തുത സമയം മുടികൾ പറിഞ്ഞു വരുന്നുണ്ടെങ്കിൽ അവ കഴുകി ഒരു സ്ഥ്ലത്തു സൂക്ഷിച്ച് വെക്കേണ്ടതും കഫൻ ചെയ്യുമ്പോൾ ആ പുടയിൽ ഇടുകയും വേണം. തല കഴുകിയ ശേഷം മയ്യിത്തിനെ ഇടതു ഭാഗത്തേക്കു ചരിച്ചു കിടത്തി പുറത്തിന്റെയും ഉൾഭാഗത്തിന്റെയും പകുതി വീതം വലത്തെ തോൾ മുതൽ വലതു കാലിന്റെ പദം വരെ നന്നയി കഴുകണം അതിനു ശേഷം വലഭാഗത്തേക്കു ചെരിച്ചു കിടത്തി മേൽ പരഞ്ഞ വിധം നെഞ്ചിന്റെയും വയറിന്റെയും പകുതി ഭാഗം ഉൾപ്പെടെ ഇടത്തെ തോൾ മുതൽ ഇടതു കാലിന്റെ പാദം വരെ കഴുകണം. അഴുക്കുകൾ നീങ്ങിക്കിട്ടുന്നതിനു വേണ്ടി സോപ്പ്, താളി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാവുന്നതും ഉരച്ചു കഴുകാൻ പറ്റുന്നതു കൊണ്ടു ഉരച്ചു കഴുകുകയും ചെയ്യേണ്ടതാണു. അതിനു ശേഷം മയ്യിത്തിനെ മലർത്തിക്കിടത്തി ശുദ്ധമായ വെള്ളം ഒഴുക്കുക. ഇത്രയും ആയാൽ ഒരു കുളി ആകുന്നതാണു. അതിനു ശേശ്ഷം ആദ്യം മുതൽ ചെയ്ത മുഴുവൻ കാര്യങ്ങൾ രണ്ടു പ്രാവശ്യം കൂടി ചെയ്യണം. ഇതാണു പരിപൂർണ്ണമായ കുളിയുടെ സ്വ്വഭാവം.

ഏറ്റവും ഒടുവിൽ അല്പം കർപ്പൂരം കലർത്തിയ വെള്ളത്തെ മയ്യിത്തിന്റെ എല്ലാ ഭാഗത്തും എത്തുന്ന വിധം ഒഴുക്കേണ്ടതും ഒരു വുളൂഅ് ചെയ്തു കൊടുക്കേണ്ടതുമാണു. ഇതെല്ലാം ചെയ്ത ശേഷം അല്പം പോലും ഈർപ്പമില്ലാത്ത വിധം നല്ലതുപോലെ മയ്യിത്തിനെ തുടച്ചു വൃത്തിയാക്കണം. കുളിപ്പിക്കുന്ന സ്ഥലത്ത് കുളിപ്പിക്കാൻ തുടങ്ങുന്നതു മുതൽ സുഗന്ധം പുകച്ചു കൊണ്ടിരിക്കണം. കുളിപ്പിക്കുന്ന ആൾ വിശ്വസ്ഥനാകണം. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു പുരുഷന്മാരും, സ്ത്രീകളുടെ മയ്യിത്ത് കിളിപ്പിക്കേണ്ടതു സ്ത്രീകളുമാണു. പുരുഷന്റെ മയ്യിത്ത് കുളിപ്പിക്കാൻ അന്യസ്ത്രീകളും, സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാൻ അന്യ പുരുഷന്മാരും ആകുന്ന അവസ്ഥയിൽ കുളിപ്പിക്കേണ്ടതില്ല. പകരം തയമ്മും ചെയ്താൽ മതി. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു അവനുമായി ഏറ്റവും അടുത്ത രക്തബന്ധമുള്ളവരും, സ്ത്രീക്ക് അവളുമായി ഏറ്റവും അടുത്ത രക്ത ബന്ധമുള്ള സ്ത്രീകളുമാണു.

മയ്യിത്ത് കഫൻ ചെയ്യൽ
മയ്യിത്തു കഫൻ ചെയ്യൽ നിർബന്ധമാണ്‌. നിർബന്ധത്തിന്റെ ഏറ്റവും ചുരുങ്ങിയ രീതി ശരീരം മുഴുവനും മറയുന്ന ഒരു തുണികൊണ്ടു പൊതിയലാണു. ഹജ്ജിനു ഇഹ്‌റാം കെട്ടിയ വ്യക്തിയാണു മരണപ്പെട്ടതെങ്കിൽ പുരുഷനാണെങ്കിൽ തലയും, സ്ത്രീകളാണെങ്കിൽ മുഖവും മറയ്ക്കുവാൻ പാടുള്ളതല്ല.

പുരുഷന്റെ മയ്യിത്തു കഫൻ ചെയ്യുന്ന രീതി:
മയ്യിത്തിനെ മുഴുവൻ മറയത്തക്ക വിധമുള്ള മൂന്ന് തുണികൊണ്ടു പൊതിയലാണു. (ഒരോ തുണിയും 2 1/2 മീറ്റർ വീതം നീളം ഉണ്ടായിരിക്കണം). തലപ്പാവും, കുപ്പായവും ധരിപ്പിക്കുന്നതു കൊണ്ടു വിരോധമില്ല. എങ്കിലും 3 തുണികൾ മാത്രമായിരിക്കലാണു നല്ലത്. ആദ്യമായി പായയോ മറ്റോ വിരിച്ച ശേഷം 3 തുണികളിൽ ഒർണ്ണം എടുത്തു അതിന്റെ എല്ലാ ഭാഗത്തും സാമ്പ്രാണി പുകച്ച് ആ പുക എത്തിക്കുക. അതിനു ശേഷം നേരത്തേ വിരിച്ചിട്ടുള്ള പായയിൽ വിരിക്കുകയും സുഗന്ധം പുരട്ടുകയും ചെയ്യുക. മൈലാഞ്ചി ഇലകൾ വിതറുന്ന രീതിയും സ്വീകരിക്കവുന്നതാണ്‌. പിന്നീട് മറ്റു രണ്ടു തുണികളും മേൽ പരഞ്ഞ പോലെ സമ്പ്രാണി പുകയിൽ കാണിച്ച ശേഷം വിരിക്കുക. അതിനു ശേഷം കുളിപ്പിച്ച സ്ഥലത്തു നിന്നും ഒരു തുണി ഇട്ടുകൊണ്ടു മയ്യിത്തിനെ കൊണ്ടു വന്നു പ്രസ്തുത കഫൻ പുടകളുടെ മുകളിൽ മലർത്തിക്കിടത്തുക.

മയ്യിത്തിന്റെ ദ്വാരങ്ങളിലും, സുജൂദിന്റെ അവയവങ്ങളിലും, കൈകാൽ വിരലുകൾക്കിടയിലും സുഗന്ധം പുരട്ടിയ പഞ്ഞിക്കഷ്ണങ്ങൾ വെക്കേണ്ടതാണു. പിന്നീട് മയ്യിത്തിന്റെ ഇടഭാഗത്ത് നിന്നും ഏറ്റവും മേലെ വിരിച്ചിട്ടുള്ള തുണി വലതു ഭാഗത്തേക്കു പൊതിയുകയും, വലഭാഗത്തു നിന്നും ഇടതു ഭാഗത്തേക്കു പൊതിയുകയും ചെയ്യേണ്ടതാണ്‌. തുണിയുടെ രണ്ട് അഗ്രങ്ങൾ കാലിന്റെയും, തലയുടെയും ഭാഗത്ത് ഭദ്രമായി കറക്കി എടുക്കേണ്ടതാണ്‌. പിന്നീട് മറ്റ് രണ്ട് തുണികളും മേൽ പറഞ്ഞതു പോലെത്തന്നെ പൊതിയുക. ഒന്നാമത്തെ തുണികൊണ്ടു പൊതിയുന്നതോടൊപ്പം മയ്യിത്തിന്റെ മുകളിൽ വിരിച്ചിട്ടുള്ള തുണിയെ പതുക്കെ വലിച്ചെടുക്കുക.മൂന്നമത്തെ തുണിയും പൊതിഞ്ഞു കഴിഞ്ഞാൽ രണ്ടഗ്രങ്ങളും മദ്ധ്യഭാഗവും തുണിക്കഷ്ണം കൊണ്ടു തന്നെ കെട്ടണം.


കുപ്പായവും, തലപ്പാവും ഉണ്ടെങ്കിൽ ആദ്യത്തെ തുണികൊണ്ടു പൊതിയുന്നതിനു മുൻപ് തെന്നെ കുപ്പയം ധരിപ്പിക്കേണ്ടതാണു. ഒരാൾ ജീവിത കാലത്തു ധരിച്ചിരുന്നതു പോലുള്ള കുപ്പായമാണു ധരിപ്പിക്കേണ്ടതു. കഫൻ ചെയ്യുന്ന സമയത്ത് മയ്യിത്തിന്റെ രണ്ടു കൈകളും രണ്ടു പാർശ്വങ്ങളിലേക്ക് ചേർത്ത് നീട്ടി വെക്കുകയോ, നമസ്കാരത്തിൽ കെട്ടി വെക്കുന്നത് പോലെ ചെയ്യാവുന്നതാണ്‌.

മയ്യിത്ത് സ്ത്രീ ആകുമ്പോൾ അതിന്റെ കഫൻ പുടയുടെ ഏറ്റവും ശ്രേഷ്ഠമായ രീതി ഉടുക്കുവാനുള്ള ഒരു തുണിയും, കുപ്പായം, മക്കന, മുഴുവൻ മറയുന്ന വിധത്തിലുള്ള രണ്ട് വസ്ത്രങ്ങളുമാണു. അവയെല്ലാം സുഗന്ധം പുകയിച്ചിരിക്കണം. അവരുടെ മയ്യിത്ത് കുളിപ്പിച്ച് കഴിഞ്ഞാൽ മുൻദ്വാരത്തിലും പിൻദ്വാരത്തിലും പഞ്ഞി വെച്ച് ആർത്തവക്കാരി കെട്ടുന്നതു പോലെ കെട്ടുക. അതിനു ശേഷം തുണി ഉടുപ്പിക്കുകയും കുപ്പായം (നമസ്കാരക്കുപ്പായം പോലുള്ള) ധരിപ്പിക്കുകയും ചെയ്യുക. ധരിപ്പിക്കുന്നതിനു മുമ്പ് രണ്ട് മാറുകളും ഉല്കൊള്ളുന്ന അത്രയും വീതിയിൽ തുണിക്കഷ്ണമുപയോഗിച്ച് പിന്നിലേക്കു കെട്ടണം. പുരുഷന്മാരാകുമ്പോൾ ആ കെട്ട് തുടകൾക്കു മുകളിലായിട്ടാണു കെട്ടേണ്ടത്.

1 comment:

mujeeb kaindar said...

ഏറെ പുണ്യമുള്ള കാര്യമാണ്‌ മയ്യിത്ത് പരിപാലനം. മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതകളെ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ മയ്യിത്ത് സംസ്കരണത്തെയും നബി(സ) പറഞ്ഞതായി കാണാം. മയ്യിത്തിനെ അനുഗമിക്കല്‍, നിസ്ക്കരിക്കല്‍, മറമാടല്‍ തുടങ്ങിയവ ഏറെ പ്രതിഫലമുള്ളവയായി പ്രവാചകന്‍ പഠിപ്പിച്ചു. അങ്ങനെ ചെയ്യുന്ന ഒരാള്‍ക്ക് രണ്ട് ഖിറാത്ത് പ്രതിഫലമുണ്ടെന്നാണ്‌ അവിടന്ന് പഠിപ്പിച്ചത്. ഉഹ്‌ദ് മലയോളം വരും ഒരു ഖിറാത്തെന്ന് അവിടെന്ന് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മയ്യിത്ത് സംസ്കരണത്തിനു സ്വന്തക്കാര്‍ തന്നെയാണ്‌ മുന്‍‌കൈയെടുക്കേണ്ടത്.

പരിപാലനം

1. ഒരാളുടെ മരണം സംഭവിച്ചാല്‍ അയാളുടെ കണ്ണുകള്‍ അടയ്ക്കുക, താടി കെട്ടുക.

2. കുളിപ്പിക്കുക

കുളിപ്പിക്കല്‍

മരിച്ചത് ആണോ പെണ്ണോ കുട്ടിയോ വൃദ്ധനോ ആരുമാകട്ടെ അവരെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്‌ (അല്ലഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്ത് ശഹീദായവര്‍ ഒഴികെ). കുളിയുടെ രൂപം താഴെ കൊടുക്കുന്നു:

1. മയ്യിത്തിന്റെ നഗ്നത മറക്കുക.

2. മയ്യിത്തിന്റെ തല ഭാഗം അല്പം ഉയര്‍ത്തിവെച്ച് വയറ്റത്ത് ലോലമായി തടവുക. കുളിപ്പിക്കുന്നവന്‍ കൈയില്‍ ശീലയോ മറ്റോ കെട്ടുന്നത് നല്ലതാണ്‌.

3. ശൗച്യം ചെയ്തു കൊടുക്കുക.

4. നമസ്ക്കാരത്തിനെന്ന പോലെ വുദു ഉണ്ടാക്കുക.

5. തല, താടി എന്നിവ വെള്ളവും താളിയും ഉപയോഗിച്ച് കഴുകുക.

6. വലതു വശവും തുടര്‍ന്ന് ഇടതു വശവും കഴുകുക. മൂന്ന് പ്രാവശ്യം ഇങ്ങനെ കഴുകണം. ഓരോ തവണയും കൈ വയറ്റത്തു കൂടി നടത്തണം. അപ്പോള്‍ വല്ലതും പുറത്തുവന്നാല്‍ ശുദ്ധീകരിച്ച് വുദു പുതുക്കണം. പിന്‍‌ദ്വാരം പരുത്തി പോലുള്ള വസ്തുക്കള്‍ കൊണ്ട് അടയ്ക്കുക. വീണ്ടും വല്ലതും പുറപ്പെട്ടിട്ടുണ്ടെങ്കില്‍ ശുദ്ധീകരിച്ച് വീണ്ടും വുദു ചെയ്യിക്കുക.

7. മൂന്നു പ്രാവശ്യം കൊണ്ടും കുളി ശുദ്ധിയായില്ലെങ്കില്‍ അഞ്ച്, ഏഴ് തവണ കുളിപ്പിക്കാം.

8. വസ്ത്രം കൊണ്ട് തുടക്കുക.

9. സുജൂദിന്റെ സ്ഥാനത്തും ഗുഹ്യസ്ഥാനത്തും കക്ഷത്തിലും സുഗന്ധം പുരട്ടുക. ശരീരം മുഴുവന്‍ പുരട്ടുന്നത് നല്ലതാണ്‌.

10. കഫന്‍ പുടവയില്‍ സുഗന്ധം പുകപ്പിക്കണം.

11. മീശ, നഖം എന്നിവ വലുതാണെങ്കില്‍ വെട്ടിക്കളയണം. മുടി ചീകേണ്ടതില്ല.

12. സ്ത്രീയുടെ മുടി മൂന്നായി ഭാഗിച്ച് പിന്‍‌‌‌ഭാഗത്തേക്കിടുക.

പുരുഷനെ പുരുഷനാണ്‌ കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭര്‍ത്താവിനെ ഭാര്യക്ക് കുളിപ്പിക്കാം. അതുപോലെ സ്ത്രീയെ സ്ത്രീ തന്നെയാണ്‌ കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭര്‍ത്താവിന്‌ ഭാര്യയെ കുളിപ്പിക്കാം.

കഫന്‍ ചെയ്യല്‍

പുരുഷനെ മൂന്ന് വെള്ള തുണിയില്‍ കഫന്‍ ചെയ്യലാണ്‌ ഏറ്റവും ഉത്തമം. കുപ്പായം, തലപ്പാവ് എന്നിവയില്ല. തുണികള്‍ ഒന്ന് ഒന്നിന്റെ മീതെയായി ചുറ്റണം. സ്ത്രീയെ അഞ്ച് വസ്ത്രങ്ങളിലാണ്‌ കഫന്‍ ചെയ്യേണ്ടത്. ഒരു നിസ്ക്കാരക്കുപ്പായം, മക്കന, തുണി, ചുറ്റാനുള്ള രണ്ട് തുണികള്‍ എന്നിവയാണവ.
ആണ്‍കുട്ടിയെ ഒന്നുമുതല്‍ മൂന്നുവരെ തുണികളില്‍ കഫന്‍ ചെയ്യാം. പെണ്‍കുട്ടിയാണെങ്കില്‍ ഒരു കുപ്പായവും ചുറ്റാനുള്ള രണ്ട് തുണികളും.