പാല് മധുരമുള്ളതും ആരോഗ്യം വര്‍ധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്. കൂടാതെ സപ്തവിധധാതുക്കള്‍ക്ക് ബലം നല്കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്. ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതല്‍ ഉല്പാദിപ്പിക്കുകയും കഫവര്‍ധനവും ശീതവീര്യവുമാണ്. പച്ചപ്പാല്‍ കഫത്തെ വര്‍ധിപ്പിക്കും. ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാല്‍ അതാത് ഔഷധങ്ങളുടെ ഗുണത്തെ വര്‍ധിപ്പിക്കും. അധികം വറ്റിച്ച് കുറുക്കിയ പാല്‍ കൂടുതല്‍ ഗുരുത്വമുള്ളതാണ്. കറന്ന ഉടനെയുള്ള പാല്‍ അമൃതിന് തുല്യമാണ്.
തൈര് അമ്ലസ്വഭാവിയാണ്. വിപാകരസം പുളിരസമാണ്. തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും. ശരീരബലത്തെ പുനര്‍ജനിപ്പിക്കും, മൂത്രം പോകാന്‍ വിഷമമുള്ള സന്ദര്‍ഭത്തില്‍ തൈര് കഴിച്ചാല്‍ നല്ലതാണ്. പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും. തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്. അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്. വസന്തം, ശരത്, ഉഷ്ണം െന്നി കാലങ്ങളില്‍ തൈര് ഉപയോഗിക്കരുത്. ചെറുപയറിന്‍പരിപ്പ് ഇല്ലാതെയും തേന്‍ കൂടാതെയും പഞ്ചസാര ചേര്‍ക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്. മന്ദമായ തൈരും ഉപയോഗിക്കരുത്. പാലെന്നും തൈരെന്നും പറയാന്‍ പറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത്.
മോര് ദഹിക്കുവാന്‍ എളുപ്പമുള്ളതാണ്. ചവര്‍പ്പുരസവും പുളിരസവുമുള്ളതാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, അര്‍ശസ്, ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് ആനന്ദം നല്കം. ഗുല്‍മം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകള്‍, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും. തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്. വയറിളക്കം, സ്രോതോശുദ്ധി, വയര്‍ വീര്‍ത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും. ലഘുഭക്ഷണമായ മോര് ഭൂരിഭാഗം രോഗങ്ങള്‍ക്കും പഥ്യാഹാരമാണ്.
പുതിയ വെണ്ണ ശീതമാണ്. നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വര്‍ധിപ്പിക്കും. മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അര്‍ശസ്, അര്‍ദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതാണ് വെണ്ണ. കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും വളരെ ഗുണപ്രദമാണ്. ജരയെ മാറ്റുകയും ശരീര മാര്‍ദ്ദവമുണ്ടാക്കുകയും ചെയ്യും. രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയും ചെയ്യും.
നെയ്യ് ബുദ്ധി, ഓര്‍മ്മശക്തി, ധാരണാശക്തി, അജീര്‍ണം, ബലം, ആയുസ്, ശുക്ലം, ദൃഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. വാതപിത്തങ്ങള്‍, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും. സ്നേഹദ്രവ്യങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് പശുവിന്‍ നെയ്യാണ്. യൗവ്വനത്തെ നിലനിര്‍ത്താന്‍ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്. അപസ്മാരാദി മാനസിക രോഗങ്ങള്‍ക്കും കുറവ് വരുത്തും. നേത്രരോഗത്തിനും യോനീരോഗങ്ങള്‍ക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ നെയ്യ്, വെണ്ണ, പാല്‍ എന്നിവ ഉപയോഗിച്ചാല്‍ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതാണ്.
പാലിന്‍ നിന്നുള്ള ഉത്പന്നങ്ങളെ കുറിച്ച് അറിയുവാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം...
http://kantharikkutty.blogspot.ae/2008/05/blog-post_26.html
പാലിന്‍ നിന്നുള്ള ഉത്പന്നങ്ങളെ കുറിച്ച് അറിയുവാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം...
http://kantharikkutty.blogspot.ae/2008/05/blog-post_26.html
1 comment:
ഈ ബ്ലോഗ് ഇന്നാണു കണ്ടത്.
Post a Comment