Wednesday, May 22, 2013

മാങ്ങയുടെ പോഷകഗുണങ്ങള്‍

"മാതാവ് ഊട്ടാത്തത് മാവ് ഊട്ടും" എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ?

 പ്രോട്ടീന്‍ ,കൊഴുപ്പ് ,അന്നജം ,ധാതുക്കള്‍, ലവണങ്ങള്‍ , വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ മാമ്പഴത്തില്‍ സമ്രൃദ്ധമായ തോതില്‍ അടങ്ങിയിരിക്കുന്നു.

 ഇംഗ്ലീഷ് ഭാഷയില്‍ "മാംഗോ" എന്നും സംസ്ക്രൃതത്തില്‍" ആമ്ര" എന്നും അറിയപ്പെടുന്ന ഈ ഫലവര്‍ഗ്ഗം "അനാകാര്‍ഡിയേസി" എന്ന സസ്യകുലത്തിലെ അംഗമാണ്.
വേനല്‍ക്കാലത്തെ കനിയാണ് മാമ്പഴം. ചെറിയ നാട്ടുമാങ്ങ മുതല്‍ വലിയ മല്‍ഗോവ മാമ്പഴം വരെ വിപണിയില്‍ ലഭിക്കും. പ്രിയൂര്‍, അല്‍ഫോന്‍സ, സേലം , നീലം, തുടങ്ങി നിരവധി തരം മാമ്പഴങ്ങള്‍ ഈ സീസണില്‍ ലഭിക്കുന്നു..
 വൈറ്റമിന്‍ എ ഏറ്റവും അധികമുള്ള ഫലമായമാമ്പഴം കഴിക്കുന്നവര്‍ക്ക് വൈറ്റമിന്‍ എ യുടെ അഭാവം മൂലമുണ്ടാകുന്ന മാലക്കണ്ണ് (നിശാന്ധത) ഒരിക്കലും ഉണ്ടാകില്ല.. ഒരു ഗ്ലാസ്‌ മാമ്പഴച്ചാറില്‍ പാലും കുറച്ചു തേനും ചേര്‍ത്ത് ഒരു മാസക്കാലം തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ ശരീരത്തിനു ബലവും ഭക്ഷണത്തിനു രുചിയും ദഹനശക്തിയും കൈവരുന്നതിനു പുറമെ നല്ല ചര്‍മ്മകാന്തിയും ഓര്‍മ്മശക്തിയും ഉണ്ടാകും .
 മാമ്പഴത്തെപ്പോലെ അനുഗ്രഹീതമായ ഒരു ഫലം വേറെയില്ല.. അത് ക്രമപ്രകാരം ഉപയോഗിച്ചാല്‍ അകാലവാര്‍ദ്ധക്യം അകലുകയും ശരീരത്തിന് നല്ല ആരോഗ്യം ലഭിക്കുകയും ചെയ്യും. പക്ഷേ പഞ്ചസാരയുടെ അളവു കൂടുതലുള്ളതിനാല്‍ പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
 പതിനെട്ടു നേന്ത്രപ്പഴത്തിലുള്ളത്ര വൈറ്റമിന്‍ സി ഒരു പച്ച മാങ്ങയിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത് . വേനല്‍ക്കാലത്തുണ്ടാകുന്ന അതിസാരം , വയറുവേദന, അജീര്‍ണ്ണം , മലബന്ധം, അര്‍ശസ്സ് , ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദി എന്നിവ മാറിക്കിട്ടാന്‍ അധികം മൂക്കാത്ത മാങ്ങ ഉപ്പും തേനും ചേര്‍ത്തു കഴിച്ചാല്‍ മതി..
 ചുണങ്ങ് , ചിരങ്ങ്,കരപ്പന്‍ എന്നീ ത്വക്ക് രോഗങ്ങള്‍ക്ക് പച്ച മാങ്ങയുടെ ഞെട്ടിലെ കറ ലേപനം ചെയ്യുന്നത് ഫലപ്രദമാണ് . മാങ്ങാത്തൊലി ഒരു ഔഷധമാണെന്ന് എത്ര പേര്‍ക്കറിയാം? വായ്നാറ്റം, മോണയില്‍ നിന്ന് രക്തം പൊടിയല്‍ എന്നിവ ശമിക്കാന്‍ ദിവസേന മാങ്ങാത്തൊലി ചവച്ചാല്‍ മതി . മാങ്ങാത്തൊലിയില്‍  ടാനിന്‍, വൈറ്റമിന്‍ സി എന്നിവ ധാരാളമുണ്ട്.
 മാമ്പഴത്തില്‍ ഇരുമ്പിന്റെ    അംശം ഉള്ളതിനാല്‍  ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കുന്നത് അവരുടെ വിളര്‍ച്ചയില്ലാതാക്കാന്‍ സഹായകമാക്കും
 മാമ്പഴത്തില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നു,.അതിനാല്‍ മലബന്ധം തടയുവാന്‍ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ബുദ്ധി ശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കുവാനും മാമ്പഴത്തിനു കഴിവുണ്ട്.
 മാമ്പഴത്തിലുള്ള ക്വര്‍സെറ്റീന്‍, ഫിസറ്റീന്‍, ഗാലിക് ആസിഡ്, മീതയ്ല്‍ ഗാല്ലറ്റ് തുടങ്ങിയ ഘടകങ്ങളും പെക്റ്റിന്‍ എന്ന ഭക്ഷണ യോഗ്യമായ നാരും കാന്‍സര്‍ പ്രതിരോധത്തിന് സഹായകമാകുന്നു.,
അമിതമായ ശരീരക്ഷീണത്തെ ഇല്ലാതാക്കുന്ന മാമ്പഴം ഉഷ്ണകാലത്ത് ശരീരം അധികം വിയര്‍ക്കുന്നത് കൊണ്ടുണ്ടാകുന്ന സോഡിയം ക്ലോറൈഡിന്റെ നഷ്ടം ഒഴിവാക്കും.
 മാവിലയ്ക്കും ഔഷധ മൂല്യമുണ്ട്. അഞ്ചോ ആറോ മാവില ഏകദേശം നാലു ഗ്ലാസ്‌ വെള്ളത്തില്‍ രാത്രി തിളപ്പിക്കുക. രാവിലെ ഈ വെള്ളം അരിച്ചു കുടിക്കുക ഇത് പ്രമേഹരോഗ ശമനത്തിന്‍് നല്ലതാണ്
 ചുരുക്കിപ്പറയുകയാണെങ്കില്‍ അനേകം ഔഷധ മേന്മകളുടേയും പോഷക സമ്പന്നതയുടേയും ഉറവിടമാണ് മാങ്ങയും മാമ്പഴവും.

No comments: