Friday, May 24, 2013

ചോദ്യമിതാണ് : സമ്പത്താണോ വിജ്ഞാനമാണോ ഉത്തമം?”


“ഞങ്ങള്‍ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ?” – പത്തുപേരടങ്ങിയ സംഘം അലി(റ)യോട് ചോദിച്ചു.
“എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും നിങ്ങള്‍ക്കാവാം” – അലി(റ)യുടെ മറുപടി.
“ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ പത്തുപേര്‍ക്കും പത്തുവിധത്തിലായിരിക്കണം.
ചോദ്യമിതാണ് : സമ്പത്താണോ വിജ്ഞാനമാണോ ഉത്തമം?”
സൂക്ഷ്മജ്ഞാനിയും അഗാധപണ്ഡിതനുമായ അലി(റ) ഭാവഭേദമില്ലാതെ ഇങ്ങനെ മറുപടി നല്‍കി :
ഒന്ന് : പ്രവാചകരുടെ പാരമ്പര്യമാണ് വിജ്ഞാനം. ഖാറൂന്‍റെ പാരമ്പര്യമാണ് ധനം.
അതിനാല്‍ വിജ്ഞാനമാണ്‌ കൂടുതല്‍ ഉത്തമം.
രണ്ട് : വിജ്ഞാനമുള്ളവന് മിത്രങ്ങള്‍ ധാരാളമുണ്ടാവും. സമ്പന്നനു ശത്രുക്കളാണുണ്ടാവുക. അതിനാല്‍ വിജ്ഞാനമാണ്‌ മഹത്വമേറിയത്‌..
മൂന്ന് : ധനത്തെ അതിന്‍റെ ഉടമ കാത്തുവെക്കണം. അറിവ്, അതാര്‍ജിച്ചവനെ കാത്തുരക്ഷിക്കും. അതിനാല്‍ അറിവാണ് ഏറെ നല്ലത്.
നാല് :വിതരണം നടത്തിയാല്‍ വിജ്ഞാനം വര്‍ധിക്കും. സമ്പത്ത് ക്ഷയിക്കും.
അതിനാല്‍ വിജ്ഞാനമാണ്‌ പ്രധാനം.
അഞ്ച് : സമ്പന്നന്‍ പിശുക്കു കാണിക്കും.വിജ്ഞാനി ഉദാരനായിരിക്കും.
അതിനാല്‍ വിജ്ഞാനമാണ്‌ വിവേകികള്‍ക്കുത്തമം.
ആറ് : കരുത്തരായ കാവല്‍ക്കാരില്ലെങ്കില്‍ ധനം മോഷ്ടിക്കപ്പെടും.വിജ്ഞാനം അപഹരിക്കപ്പെടുകയില്ല. അതിനാല്‍ വിജ്ഞാനമാണ്‌ കരുത്തുറ്റ സമ്പത്ത്.
ഏഴ്‌ : കാലപ്പഴക്കത്താല്‍ സമ്പത്തിനു മൂല്യശോഷണം വരും. വിജ്ഞാനം കാലപ്പഴക്കം കൊണ്ട് അധികരിക്കുകയെയുള്ളൂ. അതിനാല്‍ വിജ്ഞാനമാണ്‌ മികച്ച മൂലധനം.
എട്ട് : വിജ്ഞാനത്തിന് പരിധിയോ പരിമിതിയോ ഇല്ല. സമ്പത്തിനു അത് രണ്ടുമുണ്ട്. വിജ്ഞാനം അളന്നു തൂക്കാവുന്നതല്ല. ധനം എണ്ണിത്തിട്ടപ്പെടുത്താം. അതിനാല്‍ വിജ്ഞാനമാണ്‌ മൂല്യമുള്ള സമ്പത്ത്.
ഒമ്പത് : ധനം മനസ്സില്‍ പേടിയുണ്ടാക്കുന്നു. വിജ്ഞാനം മനസ്സില്‍ പ്രകാശം പരത്തുന്നു. ഇരുളും വെളിച്ചവും തുല്യമല്ലല്ലോ. അപ്പോള്‍ വിജ്ഞാനമാണ്‌ നിലനില്‍ക്കുന്ന മഹിമ.
പത്ത്‌ : വിജ്ഞാനം മനുഷ്യനെ വിനയാന്വിതനാക്കുന്നു. അതിനാണ് പ്രവാചകന്മാര്‍ അല്ലാഹുവിനോടിങ്ങനെ പറഞ്ഞത് : “ഞങ്ങള്‍ നിറെ ദാസന്മാര്‍, ഞങ്ങള്‍ നിന്നെ വണങ്ങുന്നു, നിനക്ക് വഴങ്ങുന്നു.” സമ്പത്ത് മനുഷ്യനെ അഹങ്കാരിയാക്കുന്നു. അതിനാലാണ് നാംറൂദും ഖാറൂനും ധിക്കാരികളായത്‌. അതിനാല്‍ വിജയമുണ്ടാക്കുന്ന വിജ്ഞാനമാണ്‌ അഹന്തയുണ്ടാക്കുന്ന ധനത്തേക്കാള്‍ ഉത്തമം.
ഉത്തരം കേട്ട പത്ത്‌ പേരുടെയും മനസ്സ് നിറഞ്ഞു.

No comments: