ഉസ്മാന്‍(റ) യഹൂദിയായിരുന്നു എന്നു വാദമുള്ള മുസ്‌ലിമായ ഒരു വ്യക്തി ഇമാം
അബൂഹനീഫയുടെ കാലത്ത് ജീവിച്ചിരുന്നു. ഉസ്മാന്‍(റ) മുസ്‌ലിമായിരുന്നു എന്ന്
ബോധ്യപ്പെടുത്താന്‍ അവിടെയുള്ള മുസ്‌ലിംകള്‍ പരമാവധി ശ്രമിച്ചു.
അവര്‍ക്കാര്‍ക്കും അദ്ദേഹത്തിന്റെ സംശയം ദൂരീകരിക്കാന്‍ കഴിഞ്ഞില്ല.
അയാളുടെ തെറ്റിദ്ധാരണ തിരുത്താന്‍ ഇമാം അബൂഹനീഫ തീരുമാനിച്ചു. അദ്ദേഹം
അയാളുടെ അടുത്ത് ചെന്ന് പറഞ്ഞു: ഒരു വിവാഹന്വേഷണത്തിനാണ് ഞാന്‍ നിങ്ങളുടെ
അടുത്ത് വന്നിരിക്കുന്നത്. അയാള്‍ ചോദിച്ചു: ആര്‍ക്ക് വേണ്ടി?
ഇമാം
പറഞ്ഞു: നിങ്ങളുടെ മകള്‍ക്ക്. നല്ല മാന്യനായ ഒരാള്‍ക്ക് വേണ്ടിയാണ്,
സദ്‌വൃത്തനും ഉദാരനും ധാര്‍മ്മിക നിഷ്ഠപുലര്‍ത്തുന്നവനുമാണ്. ആരാധനാ
കാര്യങ്ങളിലെല്ലാം വളരെയധികം നിഷ്ഠ പുലര്‍ത്തുന്ന വ്യക്തിയാണദ്ദേഹം.
അപ്പോള്‍ അയാള്‍ ചോദിച്ചു: പിന്നെ എന്താണ് തടസ്സം.
അപ്പോള്‍ ഇമാം പറഞ്ഞു: ഒറ്റ കുഴപ്പമേയുള്ളൂ, അയാള്‍ ജൂതനാണ്.
അയാള്‍
പറഞ്ഞു: അല്ലയോ അബൂഹനീഫ, അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ, എന്റെ
മകളെ ഒരു ജൂതന് വിവാഹം ചെയ്തുകൊടുക്കാനാണോ നിങ്ങളുദ്ദേശിക്കുന്നത്?
ഇമാം പറഞ്ഞു: നബി(സ) തന്റെ രണ്ട് പെണ്‍മക്കളെ ഉസ്മാന്‍ ബിന്‍ അഫ്ഫാനിന് വിവാഹം ചെയ്ത് കൊടുത്തിട്ടുണ്ട്.
ഇത് കേട്ട അയാള്‍ക്ക് കാര്യം മനസിലായി, ഉസ്മാന്‍(റ) ജൂതനല്ല മുസ്‌ലിം തന്നെയായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
വ്യതിചലനങ്ങളെയും
തെറ്റായ അഭിപ്രായങ്ങളെയും ഇല്ലാതാക്കാന്‍ എങ്ങനെ സംവദിക്കാം എന്ന്
വ്യക്തമാക്കി തരുന്നതാണ് ഇമാം അബൂഹനീഫയുടെ ഈ നിലപാട്. എന്നാല്‍ നാം ഇന്ന്
കാണുന്നതെന്താണ്? സംഭാഷണത്തിലൂടെ മക്കളെ പ്രയാസപ്പെടുത്തുന്ന നിരവധി
രക്ഷിതാക്കളെ നമുക്കിന്ന് കാണാം. അവരുടെ തര്‍ക്കങ്ങള്‍ മക്കളെ
അസ്വസ്ഥപ്പെടുത്തുന്നു. അത് വലിയ ഭാരമായി രക്ഷിതാക്കള്‍ക്കും
അനുഭവപ്പെടുന്നു. പലപ്പോഴും അത് പരാജയമായി മാറുകയും ചെയ്യുന്നു. തങ്ങളുടെ
സംഭാഷണം ഫലം കാണാതിരിക്കുമ്പോള്‍ തങ്ങളുടെ പാപ്പരത്തം അവര്‍
പ്രഖ്യാപിക്കുന്നു. സംഭാഷണം ശരിയായ രീതിയില്‍ നടക്കാതിരിക്കുകയോ മകനില്‍
നിന്ന് മറുപടി ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അതവിടെ അവസാനിപ്പിക്കാന്‍
പലരും നിര്‍ബന്ധിതരാവുന്നു. അല്ലെങ്കില്‍ അത് ആക്ഷേപിക്കുകയും
ഭീഷണിപ്പെടുത്തുകയും പലപ്പോഴും അടിയില്‍ വരെ ചെന്നെത്തുകയും ചെയ്യുന്നു.
മക്കള്‍ക്ക്
നല്ല വിഭവങ്ങള്‍ എത്തിച്ചു കൊടുക്കുന്നതില്‍ നാം മാതാപിതാക്കള്‍
വിജയിക്കാറുണ്ട്. അവര്‍ക്ക് ജീവിത സൗകര്യങ്ങളേര്‍പ്പെടുത്താന്‍ നമുക്ക്
സാധിക്കുന്നു. എന്നാല്‍ നമുക്ക് പരാജയം സംഭവിക്കുന്നത് അവരോട്
സംവദിക്കുന്നതിലാണ്. എന്ത് പറയണമെന്നറിയാത്ത എത്രയോ രക്ഷിതാക്കളുണ്ട്.
എന്തിനെ കുറിച്ച് സംസാരിക്കണം, എവിടെ തുടങ്ങണം, എവിടെ അവസാനിപ്പിക്കണം
എന്നവര്‍ക്ക് അറിയില്ല. ഒരു രക്ഷിതാവ് മകനോട് പറയുന്നത് കേള്‍ക്കുക:
'ഇങ്ങോട്ട് ചോദിക്കേണ്ട, പറഞ്ഞത് അനുസരിച്ചാല്‍ മതി.. ചോദിക്കാനുള്ള
ഒരവകാശവും നിനക്കില്ല... എന്നെ പോലെ നിനക്കറിയില്ല... നീ അശക്തനും
അനുഭവങ്ങളില്ലാത്തവനുമാണ്... നിന്റെ അഭിപ്രായത്തിനനുസിച്ച്
നടത്തിയപ്പോഴെല്ലാം തോല്‍വിയാണ് ഉണ്ടായിട്ടുള്ളത്..... '
സംസ്‌കരണത്തില്‍
സംഭാഷണത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു
നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. വിശ്വാസപരവും ആദര്‍ശപരവുമായ
സംസ്‌കരണത്തില്‍ നമുക്കത് കാണാവുന്നതാണ്. സൃഷ്ടിപ്പും
പുനര്‍ജീവിപ്പിക്കുന്നതും അവനാണെന്ന് ബോധ്യപ്പെടുത്തി ഖുര്‍ആന്‍ പറയുന്നു:
'സൃഷ്ടി ആരംഭിക്കുന്നത് അവനാണ്. പിന്നെ അവന്‍ തന്നെ അതാവര്‍ത്തിക്കുന്നു.
അത് അവന് നന്നെ നിസ്സാരമത്രെ. ആകാശത്തും ഭൂമിയിലും അത്യുന്നതാവസ്ഥ
അവന്നാണ്. അവന്‍ പ്രതാപിയും യുക്തിജ്ഞനുമാണ്.' (അര്‍റൂം: 27) ഫലം കാണുന്ന
സംഭാഷണം എങ്ങനെ നടത്താമെന്ന് പ്രവാചകന്‍(സ)യും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ,
എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം. അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ
ആക്ഷേപിക്കുകയാണപ്പോള്‍ ചെയ്തത്. അവര്‍ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍
പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹം എന്റെ അടുക്കല്‍ വരട്ടെ. അങ്ങനെ
അയാള്‍ നബി(സ)യുടെ അടുത്ത് ചെന്നു. നബി(സ) ചോദിച്ചു: നിന്റെ ഉമ്മയുടെ
കാര്യത്തില്‍ നീയത് ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല,
ഒരിക്കലുമില്ല. നബി(സ) പറഞ്ഞു: തങ്ങളുടെ ഉമ്മമാരുടെ കാര്യത്തില്‍
ജനങ്ങളാരും അതിഷ്ടപ്പെടുന്നില്ല. അപ്പോള്‍ നിന്റെ മകളുടെ
കാര്യത്തിലാണെങ്കിലോ? അയാള്‍ പറഞ്ഞു: ഒരിക്കലുമില്ല, അല്ലാഹുവിന്റെ ദൂതരെ.
നബി(സ) പറഞ്ഞു: തങ്ങളുടെ പെണ്‍മക്കളുടെ കാര്യത്തിലും ജനങ്ങളാരും
അതിഷ്ടപ്പെടുന്നില്ല. അപ്പോള്‍ നിന്റെ സഹോദരിയെ വ്യഭിചരിക്കുന്നത്
ഇഷ്ടപ്പെടുമോ? അയാള്‍ പറഞ്ഞു: ഇല്ല, അല്ലാഹുവാണ് സത്യം, ഒരിക്കലുമില്ല.
നബി(സ) പറഞ്ഞു: ജനങ്ങളാരും തങ്ങളുടെ സഹോദരിമാര്‍ വ്യപിചരിക്കപ്പെടുന്നത്
ഇഷ്ടപ്പെടുന്നില്ല. ഇത്തരത്തില്‍ പിതൃസഹോദരിയുടെയും മാതൃസഹോദരിയുടെയും
കാര്യത്തിലും ചോദ്യവും മറുപടിയും ആവര്‍ത്തിച്ചു. ശേഷം നബി(സ) തന്റെ കൈ
അയാളുടെ മേല്‍ വെച്ച് പ്രാര്‍ഥിച്ചു: അല്ലാഹുവേ ഇദ്ദേഹത്തിന്റെ തെറ്റ്
പൊറുത്ത് കൊടുക്കേണേ, ഹൃദയത്തെ ശുദ്ധീരികരിക്കുകയും ലൈംഗികാവയവത്തെ
സംരക്ഷിക്കുകയും ചെയ്യേണമേ.
ആ യുവാവ് ഇന്നത്തെ ഏതെങ്കിലും പണ്ഡിതന്റെയോ
നേതാവിന്റെയോ അടുത്താണ് വന്നിരുന്നതെങ്കില്‍ എന്ന് ആലോചിച്ച് നോക്കൂ.
അല്ലെങ്കില്‍ അട്ടഹസിച്ചുകൊണ്ട് കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന
ഒരു പിതാവിന്റെ അടുക്കലായിരുന്നുവെങ്കില്‍ എന്ത് ഫലമായിരിക്കും ഉണ്ടാവുക?
അത്തരക്കാരെ പീഡിപ്പിക്കുകയും ആക്ഷേപിക്കുകയുമായിരിക്കും ചെയ്യുകയെന്നതില്‍
സംശയമില്ല. അതോടെ ആ സംഭാഷണം അവിടെ അവസാനിക്കുന്നു. ഇതെല്ലാം
പ്രവാചകചര്യക്ക് വിരുദ്ധമായ കാര്യങ്ങളാണ്. സഹാബിമാരും ഈ പ്രവാചകചര്യ
സ്വീകരിച്ചവരായിരുന്നു. ഒരിക്കല്‍ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ഖത്താബിന്റെ
അടുക്കല്‍ ഒരാള്‍ വന്നു തന്റെ മകനെ കുറിച്ച് ആവലാതിപ്പെട്ടു. യാഥാര്‍ഥ്യം
അറിയുന്നതിനായി മകനെ വിളിച്ച് വരുത്തുകയാണ് അദ്ദേഹം ചെയ്തത്. എന്നിട്ട്
ചോദിച്ചു: നിന്റെ പിതാവിനെ നിന്ദിക്കുന്നതിന് എന്താണ് നിന്നെ
പ്രേരിപ്പിക്കുന്നത്? മകന്‍ പറഞ്ഞു: അല്ലയോ അമീറുല്‍ മുഅ്മിനീന്‍, ഒരു മകന്
പിതാവില്‍ നിന്ന് എന്തൊക്കെ അവകാശങ്ങളാണുള്ളത്? അദ്ദേഹം പറഞ്ഞു: നല്ല പേര്
നല്‍കണം, അവന് നല്ല ഒരു ഉമ്മയെ തെരെഞ്ഞെടുക്കണം, അവന് വിജ്ഞാനം നല്‍കണം.
മകന്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, എന്റെ പിതാവ് അതില്‍ ഒന്നുപോലും
ചെയ്തിട്ടില്ല. അപ്പോള്‍ ഉമര്‍(റ) പിതാവിനോട് പറഞ്ഞു: താങ്കളുടെ
അവകാശങ്ങള്‍ മകന്‍ ഹനിക്കുന്നതിന് മുമ്പേ നിങ്ങള്‍ അവന്റെ അവകാശങ്ങള്‍
ഹനിച്ചിരിക്കുന്നു.
പ്രവാചകന്‍(സ)യും സ്വഹാബിമാരും സംഭാഷണത്തിന്റെ
വിജയകരമായ മാതൃകകള്‍ നമുക്ക് കാണിച്ച് തന്നിരിക്കുന്നു. രക്ഷിതാക്കളും
അധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രബോധകരുമെല്ലാം
സന്താനപരിപാലനത്തില്‍ സംഭാഷണത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. നമ്മുടെ
മക്കളുടെ ബുദ്ധിയെ പോഷിപ്പിക്കുന്ന ശൈലിയാണ്. അതവരുടെ കഴിവുകളെ
വിശാലമാക്കുകയും കാര്യങ്ങള്‍ കണ്ടെത്തുന്നതിലും കഴിവുകള്‍
അധികരിപ്പിക്കുകയും ചെയ്യുന്നു. ആദര്‍ശവും വിശ്വാസവും അതവരില്‍
ശക്തിപ്പെടുത്തും. ഗുണപാഠങ്ങളും ഉപദേശങ്ങളും അവരുടെ മനസില്‍ സ്ഥാനം
പിടിക്കുകയും ചെയ്യും. ചര്‍ച്ച ചെയ്യാനും സംഭാഷണത്തിനും കുട്ടികളെ
പരിശീലിപ്പിക്കുന്നത് അവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍
പ്രകടിപ്പിക്കുന്നതിനും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും കഴിവ് നല്‍കുന്നു.
മറ്റുള്ളവരോട് നല്ല രൂപത്തില്‍ അവര്‍ക്ക് ആശയവിനിമയം നടത്താനും ചിന്തയെ
പ്രചോദിപ്പിക്കുന്നതിനും സാധ്യമാകുന്നു. കുട്ടികളെയത്
ക്രിയാത്മകചിന്തയുള്ളവരും ജീവസുറ്റവരുമാക്കി മാറ്റുന്നു.
കുട്ടികളോടുള്ള
നമ്മുടെ സംഭാഷണങ്ങള്‍ വിജയകരമാകുന്നതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍
ഉണ്ടായേക്കാം. അവയില്‍ പ്രധാനപ്പെട്ടവയാണ് ആശയവിനിമയത്തിന്റെ ഘടകങ്ങള്‍
എന്തെല്ലാമാണ്? എങ്ങനെ അതിനെ ക്രിയാത്കമവും ഫലപ്രദവുമാക്കാം? സംസാരം എങ്ങനെ
തുടങ്ങും? എപ്പോള്‍ സംസാരിക്കും? എപ്പോള്‍ മൗനം പാലിക്കും? അവരുമായി
സംസാരിക്കുമ്പോള്‍ വിശ്വാസം നേടിയെടുക്കാനുള്ള ഏറ്റവും നല്ല വഴി എന്താണ്?
മക്കളോടുള്ള സംഭാഷണം എങ്ങനെ അവസാനിപ്പിക്കും?
വിനിമയ ബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ നാലെണ്ണമാണ്.
1.
ദാതാവ് : അയാളാണ് സന്ദേശത്തിന്റെ സ്രോതസ്സും പരിശീലകനും. അദ്ദേഹം
സ്വാധീനമുള്ളവനും സന്ദേശം കൈമാറുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുകയും
ചെയ്യുന്നവനായിരിക്കണം. അതുപോലെ സഹനവും യുക്തിദീക്ഷയും അദ്ദേഹത്തിന്
അനിവാര്യമാണ്. അപ്രകാരം തന്നെ മതിയായ ജീവിത പരിചയവും അദ്ദേഹത്തിനുണ്ടാവണം.
തന്റെ സംഭാഷണ നൈപുണ്യത്തില്‍ അദ്ദേഹത്തിന് ബോധ്യമുണ്ടായിരിക്കണം. സംഭാഷണം
നടത്തുന്നയാളോട് സ്‌നേഹം ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ തൃപ്തികരമായി
അത് ബോധ്യപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അതുപോലെ പ്രധാനമാണ് അയാള്‍
മുന്നൊരുക്കം നടത്തുകയും സംവദിക്കുന്ന ആളുടെ സവിശേഷതകള്‍ മനസിലാക്കുകയും
ചെയ്യുകയെന്നത്.
2. സ്വീകര്‍ത്താവ്: ആരെ ഉദ്ദേശിച്ചാണോ സന്ദേശം
നല്‍കുന്നത് അയാളാണിത്. സന്ദേശത്തിലെ സൂചനകള്‍ തിരിച്ചറിയുന്നതിനും
മനസിലാക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനുമുള്ള കഴിവ്
അയാള്‍ക്കുണ്ടായിരിക്കണം. സംസാരിക്കുന്നവര്‍ക്കിയില്‍ മാനസികമായ ഒരു ബന്ധം
ഉണ്ടാക്കിയെടുക്കുന്നതും അനിവാര്യമാണ്. മാനസികവും വൈകാരികവുമായ
സ്വീകാര്യതയും ഉണ്ടായിരിക്കണം. സ്വീകര്‍ത്താവ് സംസാരിക്കുന്നയാളെ
ഭയക്കുന്നവനാകുകയല്ല, ശാന്തനും ശ്രദ്ധിക്കുന്നവനുമായിരിക്കണം.
3. സന്ദേശം: അതിന് പലരൂപങ്ങളുണ്ട്. അത് വാക്കുകള്‍ കൊണ്ടാവാം, എഴുത്തിലൂടെയാവാം അതുപോലെ ചിത്രങ്ങളുടെ രൂപത്തിലുമാകാം.
4.
വിനിമയ മാധ്യമം: സന്ദേശം എത്തിക്കുന്നതില്‍ അതിന് വലിയ പങ്കാണുള്ളത്.
സംസ്‌കരിക്കുന്ന ആളാണ് സന്ദേശം വഹിക്കുന്നതും അതെത്തിക്കുന്നതും.
അദ്ദേഹമതിന് ഒരു മാര്‍ഗം തെരെഞ്ഞെടുക്കുന്നു.
മക്കളോട് സംസാരിക്കുന്ന
രക്ഷിതാവിനുണ്ടായിരിക്കേണ്ട ചില ഗുണങ്ങളുണ്ട്. തങ്ങള്‍ സംവദിക്കുമ്പോള്‍
കുട്ടികള്‍ മിണ്ടാതെയിരിക്കുന്നു എന്നത് പല രക്ഷിതാക്കളുടെയും പരാതിയാണ്.
ഭൂരിഭാഗം ആളുകളും ആശയവിനിമയത്തില്‍ മക്കളുടെ വെറുപ്പിനെ കുറിച്ച്
ആവലാതിപ്പെടുന്നവരാണ്. മക്കളെ വിജയകരമായി സംവദിക്കുന്നവരാക്കുന്ന
രക്ഷിതാക്കള്‍ക്കുണ്ടേവേണ്ട അനിവാര്യ ഗുണങ്ങളാണ് സ്വഭാവ നൈര്‍മല്യം, നീതി,
സ്ഥൈര്യം, ആത്മനിയന്ത്രണം, ക്ഷമ, വിശ്വസ്തത, സത്യസന്ധത, ബുദ്ധി,
പ്രത്യുത്പന്നമതിത്വം തുടങ്ങിയവ. അപ്രകാരം മക്കളോട് സംവദിക്കുമ്പോള്‍
സൂക്ഷിച്ച് അകറ്റി നിര്‍ത്തേണ്ട കാര്യങ്ങളാണ് മാനസിക തയ്യാറെടുപ്പിന്റെ
കുറവ്, അമിതമായ ശകാരവും ആക്ഷേപവും, അവരെ വേദനിപ്പിക്കുകയും നിന്ദിക്കുകയും
ചെയ്യല്‍, സംഭാഷണത്തിലുള്ള അസ്വസ്ഥത, തെളിവുകളും ന്യായങ്ങളും
നിരത്തുന്നതില്‍ പരാജയപ്പെടല്‍, തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍
മക്കള്‍ക്ക് അവസരം നല്‍കാതിരിക്കല്‍ തുടങ്ങിയവയാണവ. സംഭാഷണത്തില്‍
പാലിക്കേണ്ട പ്രധാനമായ ഇരുപത് തത്വങ്ങളുണ്ട്.
1. നിന്റെ മകനോട് സംസാരിക്കുന്നതിന്റെ ഉദ്ദേശ്യം ദൈവപ്രീതി മാത്രമായിരിക്കുക.
2. സംസാരിക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക.
3. വേണ്ടത്ര മുന്നൊരുക്കം നടത്താതെ നിങ്ങളുടെ മക്കളോട് സംസാരിക്കാതിരിക്കുക.
4.
സംസാരിത്തിന് അനുയോജ്യമായ സമയം തെരെഞ്ഞെടുക്കുക. പ്രയാസം, ഉറക്കം,
അസ്വസ്ഥത, ദുഖം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സംഭാഷണത്തിന് മുതിരരുത്.
5.
അനുയോജ്യമായ സ്ഥലം തെരെഞ്ഞെടുക്കുകയെന്നതും വളറെ പ്രധാനമാണ്. ആളുകളില്‍
നിന്ന് അകന്നായിരിക്കണം അത്. ഒഴിഞ്ഞ പാര്‍ക്കോ ശാന്തമായ മറ്റ് അന്തരീക്ഷമോ
അതിന് തെരെഞ്ഞെടുക്കുന്നത് വളരെ നന്നായിരിക്കും.
6. വളെരയധികം
കാരുണ്യത്തോടെയും ഹൃദയ നൈര്‍മല്യത്തോടെയുമായിരിക്കണം സംസാരിക്കേണ്ടത്.
എന്നാല്‍ മാത്രമേ നിന്നിലേക്ക് അവരെ ആകര്‍ഷിക്കാന്‍ നിനക്ക്
സാധിക്കുകയുള്ളൂ. അല്ലാഹു പറയുന്നു: 'അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ
അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ
ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക്
മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി
കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍
ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ
ഇഷ്ടപ്പെടുന്നു.' (ആലുഇംറാന്‍: 159)
7. വളരെ ആകര്‍ഷകമായും അങ്ങേയറ്റം ക്രിയാത്മകമായും ആയിരിക്കണം സംവദിക്കേണ്ടത്.
8. ഒരേ ശബ്ദത്തില്‍ സംസാരിക്കാതിരിക്കുക. ആശയങ്ങള്‍ക്കനുസരിച്ച് ശബ്ദവ്യതിയാനങ്ങള്‍ പാലിക്കുക.
9. മക്കളോട് സഹവസിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്യുക. അവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള പ്രാത്സാഹനവും നല്‍കുക.
10.
അവര്‍ക്കിഷ്ടപ്പെട്ട കാര്യങ്ങളിലും കളികളിലും അവരോടൊപ്പം പങ്ക്‌ചേരുക. അത്
രക്ഷിതാവിനോട് അവരെ കൂടുതല്‍ അടുപ്പിക്കുകയും അതിലൂടെ അദ്ദേഹത്തിന്റെ
വാക്കുകള്‍ക്ക് കൂടുതല്‍ ശ്രദ്ധയും സ്വാധീനവും ലഭിക്കുന്നതിന് കാരണവുമാകും.
11. സംഭാഷണം നടത്തുന്നയാളോടുള്ള തന്റെ സ്‌നേഹം അറിയിച്ച് കൊണ്ടും
പ്രശംസിച്ചും സംസാരം ആരംഭിക്കുക. നിങ്ങളുടെ ഉപദേശത്തിനത് കൂടുതല്‍
സ്വീകാര്യതയും ഫലവും നല്‍കും. പ്രവാചകന്‍(സ) കാണിച്ചു തന്ന മാതൃകയാണത്.
12.
പരസ്പരം യോജിക്കുന്ന വശങ്ങളും വിയോജിപ്പിന്റെ മേഖലകളും തിരിച്ചറിയുകയും
യോജിപ്പുകളെ ശക്തിപ്പെടുത്തുകയും വിയോജിപ്പുകളെ ചികിത്സിക്കുകയും ചെയ്യുക.
13.
മകന് എന്തൊക്കെ തെറ്റുകളുണ്ടെങ്കിലും അവനെ അംഗീകരിക്കുകയും
സ്വീകരിക്കുകയും ചെയ്യുക. വ്യഭിചരിക്കാന്‍ അനുവാദം ചോദിച്ചു വന്നയാളോട്
നബി(സ) സ്വീകരിച്ച നിലപാടാണതില്‍ സ്വീകരിക്കേണ്ടത്. അവനിലുള്ള തെറ്റായ
ശീലങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയാണ് വേണ്ടത്.
14. ബുദ്ധി പരമായ കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ തെളിവുകളും ന്യായങ്ങളും ഉപയോഗപ്പെടുത്തുക.
15.
ഒരു കാര്യം ചെയ്യുന്നതിനുള്ള പ്രേരണയായിട്ടോ അല്ലെങ്കില്‍ ഒന്നില്‍ നിന്ന്
നിരുത്സാഹപ്പെടുത്തുന്നതിനോ ഉള്ള വിഷയമാണെങ്കില്‍ അത്തരത്തിലുള്ള
വൈകാരികമായ ഒരു സമീപനമാണ് സ്വീകരിക്കേണ്ടത്.
16.
തീരുമാനെമെടുക്കുന്നതില്‍ കുട്ടികളെ നിര്‍ബന്ധിക്കുകയല്ല വേണ്ടത്, അതിനുള്ള
സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കി സഹായം നല്‍കുക മാത്രമാണ് ചെയ്യേണ്ടത്.
എന്നാല്‍ നിര്‍ബന്ധം ചെലുത്തുമ്പോള്‍ അവന്‍ തന്റെ തന്നെ തീരുമാനത്തെ മുറുകെ
പിടിക്കുകയായിരിക്കും ചെയ്യുക.
17. വൈകാരികമായ പ്രതികരണം സംഭാഷണത്തില്‍ ഒഴിവാക്കണം.
18. മകനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക. എല്ലാറ്റിലുമുപരിയായ സ്വാധീനമാണ് പ്രാര്‍ഥനക്കുള്ളത്.
19.
മകന്റെ പക്വതയും സന്ദര്‍ഭവും ബുദ്ധിയും മനസിലാക്കി പരിഗണിച്ചുള്ള സംഭാഷണ
ശൈലികള്‍ സ്വീകരിക്കുക. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: 'ബുദ്ധിക്ക്
ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എന്റെ വചനങ്ങള്‍ അവരോട് പറയരുത്, അതവര്‍ക്ക്
മേല്‍ കുഴപ്പങ്ങളുണ്ടാക്കും.'
20. മക്കള്‍ക്ക് പ്രിയങ്കരമായ പേരുകള്‍
ഇടക്കിടെ വിളിച്ച് കൊണ്ടിരിക്കണം. പ്രവാചകന്‍(സ) ഹിര്‍ഖല്‍ ചക്രവര്‍ത്തിയെ
അഭിസംബോധന ചെയ്തത് 'റോമിന്റെ തലവന്‍' എന്നായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
അപ്രകാരം ഇബ്‌റാഹീം (അ) പിതാവിനെ അഭിസംബോധന ചെയ്തതും ലുഖ്മാന്‍ മകനെ
വിളിച്ചതുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. ആ വിളികളിലൂടെ അവര്‍ സ്‌നേഹവും
കാരുണ്യവും പ്രകടമാക്കുകയായിരുന്നു.
By: ഡോ. സമീര്‍ യൂനുസ്
വിവ. അഹ്മദ് നസീഫ് തിരുവമ്പാടി.
No comments:
Post a Comment