Tuesday, May 7, 2013

ഭാര്യയുടെ ഹൃദയത്തിലേക്കുള്ള വഴി

സുപ്രധാനമായ മിക്ക കാര്യങ്ങളിലും പ്രവാചകന്‍ (സ) തന്റെ ഭാര്യമാരോട് കൂടിയാലോചിക്കാറുണ്ടായിരുന്നു. ഹുദൈബിയാ സന്ധിയുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ ഘട്ടത്തില്‍ പ്രവാചകന്‍ തന്റെ പത്‌നി ഉമ്മുസലമയുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായി. പ്രവാചകന്‍ (സ) ദൈവകല്‍പന പ്രകാരം ഹുദൈബിയയില്‍ വെച്ച് ഉംറയുടെ ഇഹ്‌റാമില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. അവിടെ വെച്ച് തന്നെ ജനങ്ങളോട് ബലിയറുക്കാനും മുടിമുറിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ അത് പ്രാവര്‍ത്തികമാക്കിയില്ല. പ്രയാസത്തോടെ തന്റെ ടെന്റിലേക്ക് തിരിച്ചെത്തിയ പ്രവാചകന്‍ (സ) തന്റെ പത്‌നിയോട് കാര്യം പറഞ്ഞു. താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ പോയി ബലിയറുക്കുകയും മുടിമുറിക്കുകയും ചെയ്താല്‍ ജനങ്ങള്‍ താങ്കളെ പിന്‍പറ്റുമെന്ന് അവര്‍ പറഞ്ഞു. പ്രവാചകന്‍ (സ) അത് പ്രാവര്‍ത്തികമാക്കിയതോടെ ജനങ്ങളെല്ലാം പ്രവാചകനെ പിന്‍പറ്റി. അതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

ഭാര്യയുമായി കൂടിയാലോചിക്കേണ്ടത് എപ്രകാരമാണെന്നാണ് പ്രവാചകന്‍ (സ) ഇവിടെ പഠിപ്പിക്കുന്നത്. അവരുടെ അഭിപ്രായം ശരിയാണെങ്കില്‍ സ്വീകരിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവരോട് നന്ദിയും പ്രാര്‍ഥനയും അറിയിക്കുക. ഇനി അവരുടെ അഭിപ്രായത്തില്‍ എന്തെങ്കിലും വക്രതയുണ്ടെങ്കില്‍ സ്‌നേഹത്തോടെ ബോധ്യപ്പെടുത്തുക. തര്‍ക്കത്തിനും കലഹത്തിനും വഴിയൊരുക്കാതെ വിഷയം കൈകാര്യം ചെയ്യുക. ഇതാണ് പ്രവാചക മാതൃക.
പ്രവാചകന്റെ ഈയൊരു പ്രവര്‍ത്തിയില്‍നിന്ന് വളരെ ക്രിയാത്മകമായ ചില കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. സാധാരണയായി പല ഭര്‍ത്താക്കളും കാര്യമായി ആലോചിക്കുന്ന കാര്യമാണ് എപ്രകാരമാണ് ഭാര്യയുടെ മനസ്സിനെ കീഴടക്കുകയെന്നത്. അതിനുള്ള ഒരു ഉത്തരവും ഈ പ്രവാചക മാതൃകയില്‍ കാണാന്‍ സാധിക്കും.

1) ഭാര്യയോട് കൂടിയാലോചിക്കുക: ഭാര്യമാരോട് കാര്യങ്ങള്‍ കൂടിയാലോചിക്കുക, അവരുടെ മനസ്സിനെ നിങ്ങള്‍ക്ക് കീഴടക്കാനാവും. ഭാര്യക്കും സ്വതന്ത്രമായ ഒരു വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാന്‍ നാം തയ്യാറാകണം. അവള്‍ക്ക് അവളുടെതായ ചിന്തകളും അഭിപ്രായങ്ങളുമുണ്ട്. പക്ഷെ വൈകാരികമായും വസ്തുതാപരമായും ചില കുറവുകള്‍ അവരുടെ അഭിപ്രായങ്ങളിലുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാനറിയുന്നവര്‍ക്ക് അവരെ നല്ല അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധിക്കും. അവളുടെ വികാരങ്ങളെയും ആവശ്യങ്ങളെയും വേണ്ട രീതിയില്‍ പരിഗണിക്കുകയാണെങ്കില്‍ അവളുടെ ചിന്തയിലും ആലോചനയിലും സ്വാധീനമുണ്ടാക്കാന്‍ നിഷ്പ്രയാസം സാധിക്കും.
എന്നാല്‍ നൈര്‍മല്യത്തോടെ കൈകാര്യം ചെയ്യുന്നതിന് പകരം അവരോട് ഒന്നും കൂടിയാലോചിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അത് അവളില്‍ പ്രതിഷേധവും അനുസരണക്കേടും വളര്‍ത്തും. എന്നാല്‍ അവരോട് കൂടിയാലോചിച്ച് അഭിപ്രായത്തിലെ പ്രശ്‌നങ്ങള്‍ അവരെ ബോധ്യപ്പെടുത്തി നിങ്ങളുടെ അഭിപ്രായം തന്നെ നടപ്പിലാക്കുകയാണെങ്കില്‍ അതില്‍ അവര്‍ സ്വമനസ്സാ സഹായിക്കുമെന്ന് മാത്രമല്ല, ആ തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കുകയും ചെയ്യും. അവരുടെ വ്യക്തിത്വവും അഭിപ്രായവും പരിഗണിക്കപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ ദാമ്പത്യബന്ധം വളരെ വിജയകരമായി മുന്നോട്ടു പോകും. അവരെ പിണക്കി ജീവിതം പ്രയാസമാക്കുന്നതിനെക്കാള്‍ നല്ലത് നയപരമായി മുന്നോട്ടുപോകുന്നതാണ്.

2) ഭാര്യയെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക: എന്ത് നല്ലകാര്യം ചെയ്താലും അതിന്റെ പേരില്‍ അവരെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. തന്റെ ഭാര്യയുടെ കാര്യത്തില്‍ ഞാന്‍ അഭിമാനമുള്ളവനാണെന്ന് ഇടക്കിടെ പ്രഖ്യാപിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ഭര്‍ത്താവ് എന്റെ കഴിവുകളിലും പ്രവര്‍ത്തനങ്ങളിലും അത്ഭുതപ്പെടുന്നുണ്ടെന്ന് ഭാര്യക്ക് അനുഭവപ്പെടണം. അവരുടെ ചിന്താശക്തിയെയും അഭിപ്രായങ്ങളെയുമെല്ലാം പ്രശംസിക്കുന്നവനാകണം ഇണ. ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്തുന്നവനാകരുത്.
അറബികള്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു കഥയുണ്ട്. മധ്യവയസ്‌കയായ ഒരു സ്ത്രീ ഒരിക്കല്‍ തന്റെ ഭര്‍ത്താവിന്റെ മുന്നിലേക്ക് ഭക്ഷണത്തിന് പകരം ആടിന്റെ കുടല്‍മാല പാത്രത്തിലാക്കി വെച്ചുകൊടുത്തു. കോപത്തോടെ ഭര്‍ത്താവ് ഭാര്യയുടെ നേരെ തിരിഞ്ഞു. നിനക്ക് ഭ്രാന്തായോ എന്നയാള്‍ ചോദിച്ചു. അപ്പോള്‍ ശാന്തയായി സ്ത്രീ മറുപടിപറഞ്ഞു: എനിക്ക് കാലങ്ങളായുള്ള ഒരു സംശയം ഞാന്‍ തീര്‍ത്തതാണ്. 30 വര്‍ഷക്കാലമായി ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കി തരുന്നു. പല ഭക്ഷണങ്ങളും പല തരത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പാകം ചെയ്തു. അവയിലൊന്നിനെകുറിച്ചും നിങ്ങളിതുവരെ ഒരു നല്ല അഭിപ്രായവും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഞാന്‍ കരുതി നിങ്ങള്‍ക്ക് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് ഇല്ലെന്ന്. അത് പരീക്ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത്. നിങ്ങള്‍ക്ക് നല്ല ഭക്ഷണവും കുടല്‍മാലയും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ എന്നറിയണമല്ലോ...

സഹോദരന്മാരെ, ഭാര്യമാരെ നല്ലകാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ അവര്‍ അധികകാലം നിങ്ങളുടെ കീഴില്‍, പറയുന്നത് അനുസരിക്കുന്നവരായി കഴിയില്ല. ഇവിടെ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒന്ന്, നല്ല ആത്മാര്‍ഥതയോടെയാകണം ഇത് ചെയ്യേണ്ടത്. അല്ലാതെ കാപട്യവും കൃത്രിമത്വവും അനുഭവപ്പെടുന്നതാകരുത് പെരുമാറ്റങ്ങളും വാക്കുകളും. രണ്ട്, മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ടാവരുത് കാര്യങ്ങള്‍ വിലയിരുത്തുന്നത്. കാരണം ഓരോരുത്തര്‍ക്കും വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ട്. അവയെ പരിഗണിക്കാതെയുള്ള ഏത് പെരുമാറ്റവും നഷ്ടം മാത്രമെ ഉണ്ടാക്കുകയുള്ളൂ.

3) നൈര്‍മല്യവും കരുണയും ദയവും സന്തോഷവും ജീവിതത്തില്‍ നിറക്കുക: കളിതമാശകളും നൈര്‍മല്യവും ദയയും കാരുണ്യവും ജീവിതത്തില്‍ നിറക്കണം. അതിലൂടെ സന്തോഷം നേടിയെടുക്കാന്‍ സാധിക്കണം. ഭാര്യമാരുടെ മനസ്സിനെ കീഴടക്കാന്‍ ഏറ്റവും ലളിതമായ ഒരു വഴിയാണിത്. പ്രവാചക ജീവിതത്തില്‍ ഉന്നത മാതൃക കാണാന്‍ സാധിക്കുന്ന കാര്യമാണിത്. പ്രവാചകന്‍ ആഇശാ (റ)യെ കൈകാര്യം ചെയ്തിരുന്ന രീതികള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. വളരെ നൈര്‍മല്യത്തോടെയും ക്ഷമയോടെയും യുവതിയെന്ന നിലയില്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും പ്രവാചകന്‍ (സ) വകവെച്ച് നല്‍കിയിരുന്നു. എല്ലാ സമയത്തും അവരുടെ കൂടെ കളിക്കാനും മത്സരങ്ങള്‍ നടത്താനും ഓടാനും പ്രവാചകന്‍ (സ) സന്നദ്ധനായിരുന്നു. ഇവയെല്ലാം എപ്രകാരം ഭാര്യയുടെ മനസ്സിനെ കീഴ്‌പെടുത്താം എന്നതാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്.
പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി: 'അല്ലാഹുവിനെ സ്മരിക്കാത്ത സകല കാര്യങ്ങളും കളിയും വിനോദവുമാണ്. എന്നാല്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയെ ആനന്ദിപ്പിക്കുന്നത് അതില്‍ നിന്ന് ഒഴിവാണ്.'



By: ഉമ്മു അബ്ദുറഹ്മാന്‍ മുഹമ്മദ് യൂസുഫ്

വിവ: ജുമൈല്‍ കൊടിഞ്ഞി

No comments: