Monday, May 12, 2014

ഭാര്യ ഇഷ്ടപ്പെടുന്നത്



Wife
പ്രവാചകന്‍ തന്റെ അവസാന ഹജ്ജില്‍ ലോകര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ ചില ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. അന്ത്യനാള്‍വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും പിന്‍പറ്റല്‍ നിര്‍ബന്ധമായ കാര്യങ്ങളാണ് അദ്ദേഹം ഉപദേശിച്ചത്. അതില്‍ ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത കാര്യമാണ് ഓരോ പുരുഷനും ജീവിതം മുഴുവന്‍ കൂടെ ജീവിക്കേണ്ട സ്ത്രീയെന്നത്. പ്രവാചകന്‍ പറഞ്ഞു: 'സ്ത്രീകളോട് നിങ്ങള്‍ നന്നായി വര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ സഹായികളാകുന്നു. അറിയുക, നിങ്ങളുടെ സ്ത്രീകള്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുണ്ട്. നിങ്ങള്‍ക്ക് ചില അവകാശങ്ങള്‍ അവരില്‍ നിന്നും ലഭിക്കേണ്ടതുമുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ വീട്ടില്‍ കയറ്റാതിരിക്കലും, മറ്റുള്ളവരെ വിരിപ്പില്‍ സ്വീകരിക്കാതിരിക്കലുമാണ്. ഭാര്യമാര്‍ക്ക് വാത്സല്യവും ഭക്ഷണവും വസ്ത്രവും നല്‍കലുമാണ് അവര്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍.' (മുസ്‌ലിം)

സ്ത്രീയോട് നൈര്‍മല്യത്തോടെ പെരുമാറാന്‍ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ഭാര്യയോട് കാരുണ്യം കാണിക്കാനും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. സ്ത്രീ അവള്‍ എത്ര ശക്തയാണെങ്കിലും അവളുടെ ഉള്ളില്‍ പുരുഷന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു വികാരമുണ്ട്. അതുകൊണ്ട്തന്നെ സ്ത്രീ ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന വികാരം സുരക്ഷിതത്വവും സംരക്ഷണവുമാണ്. അത് നഷ്ടപ്പെട്ടാല്‍ അവള്‍ അസ്വസ്ഥയാകും. പുരുഷന് അവള്‍ക്ക് ഈ സുരക്ഷിതത്വ ബോധം നല്‍കാന്‍ പുരുഷന് അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. സുരക്ഷിതത്വം അനുഭവപ്പെടുന്നതിലന്റെ ഒന്നാമത്തെ ഉറവിടം പുരുഷന്‍ അവളെ സ്‌നേഹിക്കുക എന്നതാണ്. പുരുഷന്റെ സ്‌നേഹം സ്ത്രീക്ക് ലഭിക്കുന്നതോടെ സുരക്ഷിതയാണെന്ന ബോധം അവള്‍ക്കുണ്ടാകും. പെണ്ണിന് സുരക്ഷിതബോധം നല്‍കുന്ന രണ്ടാമത്തെ ഘടകം പുരുഷന്റെ വിശ്വസ്തതയാണ്. അവന്‍ ധീരനും ഉന്നതനുമായി അവള്‍ക്ക് അനുഭവപ്പെടണം. ഈ ഗുണങ്ങളെല്ലാം സ്ത്രീയെ പുരുഷനിലേക്ക് കൂടുതല്‍ അടുപ്പിക്കും.

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും കഴിവുള്ളവനാണ് തന്റെ ഭര്‍ത്താവ് എന്ന ബോധം ഭാര്യയില്‍ സുരക്ഷിതബോധം വര്‍ദ്ധിപ്പിക്കും. യഥാര്‍ഥ പുരുഷന്‍ സ്വന്തത്തിന്റെയും ഇണയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കും. ഉത്തരവാദിത്തങ്ങളെ പേടിക്കാതെ അവ വെല്ലുവിളിയായി ഏറ്റെടുക്കുന്ന പുരുഷനെയാണ് സ്ത്രീക്ക് ഇഷ്ടം. ഭര്‍ത്താവിന് ആകര്‍ഷണീയമായ വ്യക്തിത്വമുണ്ടായിരിക്കുക എന്നതും ഭര്യയുടെ സുരക്ഷിതത്വബോധം അധികരിപ്പിക്കുന്ന ഘടകമാണ്. നല്ല വസ്ത്രവും പെരുമാറ്റവും വളരെ നിര്‍ണായകമാണ്. അമിത വിനയവും ക്ഷിപ്രകോപവും വ്യക്തിത്വത്തെ നശിപ്പിക്കും. സന്തുലിത വ്യക്തിത്വമാണ് ഭാര്യമാര്‍ക്ക് ഇഷ്ടപ്പെടുക. പൂര്‍ണനാണെന്ന് വെളിവാക്കാന്‍ കൃത്രിമ വ്യക്തിത്വം പ്രകടിപ്പിക്കുന്നത് വലിയ അപകടമാണ്.

ഭാര്യക്ക് എന്താണ് ഇഷ്ടപ്പെടുക?
സ്ത്രീക്ക് അവളെയും അവളുടെ വികാരങ്ങളെയും മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യുന്ന തുണകളെയാണ് ഇഷ്ടപ്പെടുക. അവളുടെ ചിന്തകളെയും പ്രതീക്ഷകളെയും പ്രയാസങ്ങളെയും അവന് മനസ്സിലാക്കാനാവണം. സ്ത്രീകള്‍ക്ക് ചെറിയ ചെറിയ കാര്യങ്ങളാണ് ഇഷ്ടപ്പെടുക. ഒരു പക്ഷെ നീ സ്‌നേഹത്തോടെ അവര്‍ക്ക് കൊണ്ടുവന്ന് കൊടുക്കുന്ന ഒരു പനിനീര്‍ പൂവായിരിക്കും ഒരു സ്വര്‍ണ മോതിരത്തെക്കാള്‍ അവര്‍ക്ക് ഇഷ്ടപ്പെടുക. തന്റെ ആവശ്യം പറഞ്ഞ് ബോധ്യപ്പെടുത്താതെതന്നെ കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഭര്‍ത്താവിനെയാണ് ഭാര്യ ഇഷ്ടപ്പെടുക.

പുരുഷന്‍ അറിഞ്ഞിരിക്കേണ്ട കാര്യം പ്രവാചകന്‍ പഠിപ്പിക്കുന്നത് കാണുക. പ്രവാചകന്‍ പറഞ്ഞു: 'സ്ത്രീ വാരിയെല്ലില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അവളെ നിനക്ക് നേരെയാക്കാന്‍ സാധിക്കില്ല. നീ അവളെ വക്രതയോടെ അനുഭവിക്കുകയാണെങ്കില്‍ അത് നിലനില്‍ക്കും. നീ അതിനെ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോകും. അവളെ പൊട്ടിക്കുകയെന്നാല്‍ വിവാഹ മോചനമാണ്.' (മുസ്‌ലിം) പെണ്ണിന്റെ സ്വഭാവത്തിലുള്ള ഈ വക്രത മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അത് പ്രകൃത്യാഅവളിലുള്ളതാണ്. അത് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അവളുടെ പ്രകൃതിയെ മാറ്റാനാണ് നീ ശ്രമിക്കുന്നത്. സ്ത്രീയുടെ സ്വഭാവം കാണിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് ഇഷ്ടപ്പെടാനാവില്ല. കാരണം അവര്‍ രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ്.

ഇണയുടെ ഭാഷ മനസ്സിലാക്കുക
ഭാര്യക്ക് അവളുടെ വിഷമങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനായി പ്രത്യേക ഭാഷയുണ്ട്. അത് പരസ്പരപെരുമാറ്റത്തിലൂടെ നാം പഠിച്ചെടുക്കണം. അവ ശരിയായി മനസ്സിലാക്കി വിവര്‍ത്തനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് പുരുഷന്‍ ചെയ്യേണ്ടത്. അതിന് ചില ഉദാഹരണങ്ങള്‍ കാണുക.

1) ഭാര്യ പറയുന്നു: 'നമ്മള്‍ ഒരിക്കലും ഒരുമിച്ച് പുറത്തുപോയിട്ടില്ല.'
ഇതിനെ ഒരാള്‍ക്ക് അക്ഷരാര്‍ഥത്തിലെടുത്ത് ഇങ്ങനെ വായിക്കാം: നീ നിന്റെ ഉത്തരാവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ല. നിന്നെകുറിച്ചുള്ള എന്റെ ധാരണതന്നെ തെറ്റിപ്പോയി. നമ്മള്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ ഒന്നിച്ച് നില്‍കാനായിട്ടില്ല. നീ അത്രക്ക് മടിയനും വികാരശൂന്യനും മടുപ്പിക്കുന്നവനുമാണ്.

എന്നാല്‍ ഭാര്യയുടെ യഥാര്‍ഥ ഉദ്ദേശ്യം ഇങ്ങനെയാണെന്ന് ഭര്‍ത്താവിന് മനസ്സിലാകണം: നിങ്ങളോടുള്ള പ്രണയംകൊണ്ട് എനിക്ക് നിങ്ങളുടെ കൂടെ പുറത്തുപോവാന്‍ തോന്നുന്നുണ്ട്. മറ്റുള്ളവരുട മുമ്പിലൂടെ കൂടെ നടക്കണമെന്നും തോന്നുന്നുണ്ട്. ഞാന്‍ നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരിക്കുകയാണ്. എപ്പോഴും നിങ്ങളുടെ കൂടെയിരിക്കാനാണ് എനിക്ക് ആഗ്രഹം.

2) ഭാര്യ പറയുന്നു: 'ഞാന്‍ വളരെ ക്ഷീണിതയാണ്. എനിക്കൊരു പണിയും ചെയ്യാനാകുന്നില്ല.'
ഞാനാണ് ഇവിടെയുള്ള എല്ലാം ചെയ്യുന്നത്. നിങ്ങള്‍ വെറുതെയിരിക്കുകയാണ്. എന്നെ സഹായിക്കാന്‍ എനിക്ക് മറ്റൊരാളെ ആവശ്യമുണ്ട്. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് ഈ വാക്കുകളെ മനസ്സിലാക്കാം. പക്ഷെ ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം ഇതല്ല. ഞാനിന്ന് കുറെ പണികള്‍ ചെയ്തിട്ടുണ്ട്. ഇനി മറ്റെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എനിക്ക് കുറച്ച് വിശ്രമവും വിനോദവും ആവശ്യമുണ്ട്. നിങ്ങള്‍ക്ക് എന്നെ സഹായിക്കാമോ? ഈ കാര്യങ്ങളൊക്കെ ചെയ്യല്‍ വലിയ പ്രയാസമല്ലെന്ന് തോന്നുന്ന തരത്തില്‍ എന്റെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങള്‍ എനിക്ക് കുറച്ച് വിവോദങ്ങളും സ്‌നേഹ ലാളനകളും നല്‍കണം. ഇതാണ് ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം.

3) ഭാര്യ പറയുന്നു: 'വീട് എപ്പോഴും ക്രമക്കേടിലാണ്.'
നിങ്ങളെകൊണ്ട് വീട് എപ്പോഴും അടുക്കും ചിട്ടയുമില്ലാതെയാണ് കിടക്കുന്നത്. ഞാന്‍ അത് നന്നാക്കിയാല്‍ ഉടനെ നിങ്ങള്‍ അത് പഴയപടിയാക്കും. നിങ്ങള്‍ അശ്രദ്ധനാണ്. നിങ്ങള്‍ ഈ സ്വഭാവം മാറ്റുന്നതുവരെ എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കേണ്ട. ഒന്നുകില്‍ വീട് നന്നായി സൂക്ഷിക്കുക. അല്ലെങ്കില്‍ എന്നെ ഒഴിവാക്കുക. ഇങ്ങനെയൊന്നുമല്ല ഭാര്യയുടെ ഈ പരിഭവത്തിന്റെ അര്‍ഥം. അവളുടെ പരിഭവത്തിന്റെ വിവര്‍ത്തനം ഇത്ര സങ്കീര്‍ണമൊന്നുമല്ല. ഞാന്‍ വളരെ ക്ഷീണിച്ചിട്ടുണ്ട്. എനിക്ക് കുറച്ച് വിശ്രമം വേണം. പക്ഷെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട് ഒന്ന് ക്രമപ്പെടുത്താന്‍ നിങ്ങള്‍ എന്നോട് സഹകരിക്കുമോ? ജോലികളില്‍ സഹായിക്കാമോ? ഇത്രയാണ് അവള്‍ ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത് നാം വാക്കുകളെ വായിക്കരുത്.

ബന്ധം നന്നാക്കാന്‍ ചില വഴികള്‍
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ബന്ധം സുദൃഢമാവാനും ശക്തിപ്പെടാനും നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1) നല്ല അഭിവാദ്യങ്ങളോടെ വീട്ടിലേക്ക് പ്രവേശിക്കുക. ചിരിക്കുന്ന മുഖത്തോടെ സലാം ചൊല്ലിക്കൊണ്ട് വീട്ടിലേക്ക് പ്രവേശിക്കുക. അവള്‍ക്ക് ഇഷ്ടപ്പെടുന്ന പേരുകള്‍കൊണ്ട് വിളിച്ച് ചിരിതമാശകളോടെ തുടങ്ങുക.

2) ഭാര്യയുടെ വികാരങ്ങളെ പരിഗണിക്കുക. ഭര്‍ത്താവ് വരുമ്പോള്‍ മനസ്സില്‍ പ്രയാസവും പരാതികളുമായായിരിക്കും ഒരുപക്ഷെ ഭാര്യ നില്‍കുന്നത്. അത് മനസ്സിലാക്കി അവളെ പരിഗണിച്ച് അവള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ ശ്രദ്ധിക്കുക. അവളെ തലോടി സമാധാനിപ്പിക്കുക.

3) വീട്ടിലെ ജോലികളില്‍ ഭാര്യയെ സഹായിക്കുക. വീട്ടിലെ ഭക്ഷണമുണ്ടാക്കലിലും മറ്റും ഭാര്യയെ നാം സഹായിക്കുന്നത് അവള്‍ക്ക് വലിയ ആശ്വാസവും ആഹ്ലാദവും നല്‍കും. അവള്‍ക്ക് സ്‌നേഹവും ആരാധനയും വര്‍ദ്ധിക്കാന്‍ അത് കാരണമാകും.
ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ ദാമ്പത്യജീവിതം സുന്ദരമായിത്തീരും.

By: ഉമ്മു അബ്ദുറഹ്മാന്‍ മുഹമ്മദ് യൂസുഫ്
വിവ: ജുമൈല്‍ കൊടിഞ്ഞി

Friday, May 2, 2014

പിതാവുണ്ടായിട്ടും അനാഥരാവുന്ന മക്കള്‍

orange33
മക്കളെ വളര്‍ത്തുന്നതില്‍ മാതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും അതിന്റെ പ്രാധാന്യവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. മറ്റു തൊഴിലുകള്‍ക്കൊന്നും പോകാതെ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എത്രയോ മാതാക്കളെ നമുക്ക് കാണാം. എന്നാല്‍ പിതാക്കന്‍മാരെ അനുഭവിക്കാന്‍ മക്കള്‍ക്ക് പലപ്പോഴും അവസരം ലഭിക്കുന്നില്ല.

കുടുംബത്തിന് വരുമാനം കൊണ്ടു വരുന്ന ഒരു യന്ത്രം മാത്രമാണ് പല പിതാക്കന്‍മാരും. മക്കളുടെ ആഹാര കാര്യങ്ങളും പഠനവും സംസ്‌കരണവും എല്ലാം മാതാവില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ പല വീടുകളും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ അവസ്ഥയിലെത്തിയിരിക്കുന്നു. ആസ്വാദ്യകരമായ ഭക്ഷണവും രാത്രി തങ്ങാനുള്ള അഭയ കേന്ദ്രവും മാത്രമാണ് അത്തരം വീടുകള്‍.

ജോലി ചെയ്ത് ക്ഷീണിച്ച് വൈകിയാണ് പിതാവ് വീട്ടിലെത്തുന്നത്. പിന്നെ ഭക്ഷണവും കഴിഞ്ഞ് ചെറുതോ വലുതാ ആയ സ്‌ക്രീനിനു മുന്നിലാണ് ഇരുത്തം. അവര്‍ കുട്ടികളോട് സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, അതിനിടയില്‍ കുട്ടികള്‍ വല്ലതും പറഞ്ഞാല്‍ അതവര്‍ക്ക് ശല്ല്യവുമാണ്. അതും കഴിഞ്ഞ് ഉറങ്ങുന്ന അവരുടെ ജീവിതത്തില്‍ പുതുതായി ഒന്നും ഉണ്ടാവുന്നില്ല, ഇതിന്റെ ആവര്‍ത്തനം തന്നെയാണ് അടുത്ത ദിവസങ്ങളിലും. അത്തരം പിതാക്കന്‍മാര്‍ക്കായി 'ഓറഞ്ചിന്റെ രഹസ്യം' എന്ന ഒരു കൊച്ചു കഥ പറയാം.

ഒരു പിതാവ് തന്റെ കൊച്ചു മകനോടൊപ്പം അടുത്തുള്ള തോട്ടത്തിലൂടെ നടക്കുകയായിരുന്നു. കുറച്ച് കാലടികള്‍ വെച്ച ശേഷം പിതാവ് തന്റെ അടുത്തുണ്ടായിരുന്ന കവറില്‍ നിന്ന് ഒരു ബോട്ടില്‍ പുറത്തെടുത്തു. അതിനകത്ത് വലിയൊരു ഓറഞ്ച് ഉണ്ടായിരുന്നു. കുട്ടിയെ ഇത് അത്ഭുതപ്പെടുത്തി. ബോട്ടിലിന്റെ ചെറിയ വായിലൂടെ അത് പുറത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു നോക്കി. എങ്ങനെ പിടിച്ചിട്ടും അതിന് സാധിക്കാതെ വന്ന കുട്ടി പിതാവിനോട് ചോദിച്ചു : എങ്ങനെയാണ് ഉപ്പാ ഇത് ഇതിന്റെ അകത്ത് എത്തിയത്?

സ്‌നേഹത്തോടെ കുട്ടിയുടെ കൈ പിടിച്ച് അയാള്‍ തോട്ടത്തിന്റെ മറ്റൊരു വശത്തേക്ക് പോയി. ഒരു ഒഴിഞ്ഞ ബോട്ടിലെടുത്ത് പുതുതായി ഉണ്ടായ ഒരു മൊട്ട് അതിനുള്ളിലേക്ക് കടത്തി മരത്തില്‍ തൂക്കിയിട്ടു. ഇങ്ങനെ ചെറുതായപ്പോള്‍ തന്നെ അതിനെ ബോട്ടിലിനകത്താക്കുകയാണ് ഞാന്‍ ചെയ്തത് എന്ന് കുട്ടിക്ക് വിശദീകരിച്ചും കൊടുത്തു. ഓറഞ്ഞ് കുപ്പിയില്‍ കിടന്ന് വലുതായപ്പോള്‍ കുട്ടിയുടെ അത്ഭുതവും നീങ്ങി. എന്നിട്ടയാള്‍ കുട്ടിയോട് പറഞ്ഞു: ജീവിതത്തില്‍ ധാരാളം ആളുകളെ കണ്ടു മുട്ടും. നല്ല വിദ്യാഭ്യാസവും സ്ഥാനവും പദവിയും എല്ലാം ഉള്ളതോടൊപ്പം തന്നെ ധാര്‍മികതക്കും മര്യാദക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും അവരിലുണ്ടാവും. അവരുടെ പ്രവൃത്തികള്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതായിരിക്കില്ല. അവരുടെ ആ ചീത്തഗുണങ്ങള്‍ ചെറുപ്പത്തിലേ അവരില്‍ വേരുറച്ച് പോയതാണ്. വളര്‍ച്ചയെത്തിയ ഓറഞ്ച് ബോട്ടിലില്‍ നിന്ന് നിനക്ക് പുറത്തെടുക്കാന്‍ കഴിയാത്ത പോലം, അവര്‍ വളര്‍ന്ന് വലുതായപ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പ്രിയ വായനക്കാരെ, നമ്മുടെ മക്കളില്‍ കാണുന്ന മോശമായ പെരുമാറ്റത്തിനും ആദരവില്ലായ്മക്കും നമുക്ക് കൂടി ഉത്തരവാദിത്വമുണ്ട്. മക്കളെ കൊണ്ട് നന്മകള്‍ ചെയ്യിക്കാത്ത, അവരില്‍ സംസ്‌കരണത്തിന്റെ വിത്തുകള്‍ പാകാത്ത രക്ഷിതാക്കള്‍ ഖലീഫ ഉമര്‍(റ)വിന്റെ വാക്കുകള്‍ ഓര്‍ക്കണം, 'നിന്റെ കുട്ടി നിന്നോട് അനുസരണക്കേട് കാണിക്കുന്നതിന് മുമ്പ് നീയവനോട് അനുസരണക്കേട് കാണിച്ചിരിക്കുന്നു.' മക്കളുടെ വിശപ്പ് മാറ്റാന്‍ കഷ്ടപ്പെടുകയാണെന്ന് പിതാവിന് ന്യായമുണ്ടാവും. എന്നാല്‍ പിതാവ് മനസ്സില്‍ നട്ടുപിടിപ്പിക്കേണ്ട നന്മയുടെ വിത്തുകള്‍ വിലക്കപ്പെടുന്ന മക്കളെ എന്തുവിളിക്കും? മാതാപിതാക്കള്‍ മരണപ്പെട്ടു പോയവരല്ല അനാഥര്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അവര്‍ തിരക്കുകളില്‍ പെട്ട് അവരുടെ ശ്രദ്ധ കിട്ടാത്ത മക്കളാണ് യഥാര്‍ഥ അനാഥര്‍ എന്നു പറയുന്ന അറബി കവി ശൗഖിയുടെ വാക്കുകള്‍ ഏറെ അര്‍ഥവത്താണ്. കുട്ടികളില്‍ നന്മയുടെ ഓറഞ്ചുകള്‍ക്ക് വിത്തുപാകുന്ന രക്ഷിതാക്കളെയാണ് നമുക്കിന്നാവശ്യം. അതുണ്ടാക്കുന്ന ഫലം അത്ഭുതകരമായിരിക്കും.

By: ഹനാദി ശൈഖ് നജീബ്
വിവ : അഹ്മദ് നസീഫ്‌

ബന്ധുവിന്റെ വേദന നമ്മുടെ വേദന

ekm432
'ഇന്നാലില്ലാഹി.... ഹസ്സന്‍കുട്ടി മരിച്ചു. നമ്മുടെ അടുത്ത ബന്ധുവാണ്. ആരെങ്കിലും ഒരാള്‍ പോകേണ്ടേ. വീട് കുഗ്രാമത്തിലാണ്. ഞാനൊന്ന് പോയിവരട്ടെ.' ഒരു ഗൃഹനാഥന്‍ ഭാര്യയോട് പറയുന്ന വാക്കുകളാണിത്. ഭാര്യയെയോ മക്കളെയോ കൂട്ടാതെ അയാള്‍ ഒറ്റക്ക് യാത്ര പോകുന്നു. ഹസ്സന്‍കുട്ടി മൂന്നുവര്‍ഷമായി പ്രായാധിക്യവും രോഗവുമായി കഷ്ടപ്പെടുന്നു, പുറമെ ദാരിദ്യവും. ഈ കാലയളവില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഒറ്റത്തവണ പോലും പോകാത്ത ആളാണ് സമ്പന്നനായ ഈ ഗൃഹനാഥന്‍. ഇദ്ദേഹത്തെ കാണാന്‍ ഹസ്സന്‍കുട്ടി വളരെയധികം ആഗ്രഹിച്ചിട്ടുണ്ടാകാം. സാമ്പത്തികമായി സഹായം കിട്ടിയെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ടാവും. അതൊന്നും ചെയ്യാതെ മരണപ്പെട്ടപ്പോള്‍ ഒന്ന് മുഖം കാണിച്ച് തിരിച്ചു പോരുന്നത് ഇസ്‌ലാം വിഭാവന ചെയ്യുന്ന ബന്ധമല്ല. അടുത്ത ബന്ധുവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ഇടക്കിടെ സന്ദര്‍ശിക്കുകയും ബുദ്ധിമുട്ടുള്ള അവസരത്തില്‍ സഹായിക്കുകയും ചെയ്ത്, ഒടുവില്‍ കബറിടം വരെ അനുഗമിക്കുകയും ചെയ്യുന്ന ബന്ധവിശുദ്ധിയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്.

ഒരു യുവതിക്ക് അപകടം പറ്റുന്നു, എല്ലു പൊട്ടി, ഓപറേഷന്‍ കഴിഞ്ഞ് വീട്ടില്‍ കിടക്കുകയാണ്. സംഭവം നടന്ന ദിവസം സഹോദരിമാര്‍, നാത്തൂന്‍മാര്‍, ഇളയച്ചി മൂത്തച്ചിമാര്‍...... അങ്ങനെ നിരവധി പേര്‍ ആശുപത്രിയിലെത്തി. വീട്ടില്‍ കൊണ്ടുവന്ന ദിവസവും കുറേപേര്‍ വന്നു. ചെറിയ കുട്ടികളും ഭര്‍ത്താവുമല്ലാതെ മറ്റാരും വീട്ടിലില്ല. ഭര്‍ത്താവ് ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ പരമാവധി സഹായിക്കും. പകല്‍സമയത്ത് ഈ യുവതി ഒറ്റക്കാണ്. മുകളില്‍ പറഞ്ഞ ബന്ധുക്കളില്‍ പലരും സര്‍ക്കാര്‍ ജോലിക്കാര്‍. അക്കാരണം പറഞ്ഞ് അവരാരും ഇവളുടെ അടുത്ത് പരിചരിക്കാന്‍ വരുന്നില്ല. പരിക്കു പറ്റിയ ഈ യുവതിയെയും അവളുടെ മാതൃ-പിതൃ കുടുംബങ്ങളെയും അമ്മാവന്‍മാരെ വരെ പല കല്ല്യാണങ്ങള്‍ക്കും ക്ഷണിച്ചവരാണ് അവരില്‍ പലരും. എന്താ കാരണം? ബന്ധുക്കളല്ലേ, അവരുടെ കുടുംബങ്ങളെയെല്ലാം കല്ല്യാണത്തിന് വിളിക്കലല്ലേ സ്‌നേഹം, എന്നാണ് അവര്‍ കാരണം പറയാറ്. അങ്ങനെ ക്ഷണിച്ച് സ്‌നേഹം കാണിച്ചവര്‍ ബുദ്ധിമുട്ടിന്റെ അവസരത്തില്‍, സഹായത്തിന് ദാഹിച്ച സമയത്ത് എന്തു ചെയ്യേണ്ടിയിരുന്നു?

അടുത്ത ബന്ധത്തില്‍ പെട്ട സ്ത്രീകള്‍ ഒന്ന് കൂടിയിരിക്കുക. ഇവള്‍ക്കു വേണ്ടി രണ്ട് ലീവ് ഓരോരുത്തരും എടുക്കുമെന്ന് തീരുമാനിക്കുക. പത്തു പേരുണ്ടെങ്കില്‍ ഇവള്‍ക്ക് ഇരുപത് ദിവസത്തെ പരിചരണം കിട്ടും. ഒഴിവു ദിവസങ്ങളും ഇതേ പോലെ ഊഴമിടുക. ഇതാണ് സ്‌നേഹം. കല്ല്യാണക്ഷണം ബന്ധുക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നല്ല. ബന്ധത്തില്‍ പെടാത്ത പരിചിതരെയും നാം ക്ഷണിക്കും. ബന്ധുവിനും ബന്ധുവല്ലാത്തവനും അവിടെ ഭക്ഷണത്തിലോ സ്വീകരണത്തിലോ വ്യത്യാസമില്ല. ആയിരത്തിലെയോ രണ്ടായിരത്തിലെയോ ഒരാളാണ് പങ്കെടുക്കുന്ന ഈ ബന്ധു. സ്‌നേഹം ആ ക്ഷണത്തിലല്ല കാണേണ്ടത്. പരിക്കുപറ്റി ടോയ്‌ലെറ്റില്‍ പോകാന്‍ പോലും പരസഹായം ആവശ്യമായ ആ ഘട്ടത്തില്‍ ഊഴം നിശ്ചയിച്ച് സേവനം ചെയ്യുന്നിടത്തെക്ക് വളരണം.

വിളിപ്പാടകലെയുള്ള വീട്ടില്‍ മൂത്ത സഹോദരിയോ അമ്മായിയോ നാത്തൂനോ ഉണ്ടെന്നും അവിടെ രണ്ടോ മൂന്നോ മരുമക്കളുണ്ടെന്നും സങ്കല്‍പിക്കുക. എങ്കില്‍ ഗൃഹനാഥക്ക് രണ്ടാലൊന്ന് ചെയ്യാം. മരുമക്കള്‍ വീട്ടിലുള്ളതിനാല്‍ വീട്ടുജോലി അവരെ ഏല്‍പിച്ച്, പരിക്കു പറ്റിയ ബന്ധുവിനെ പരിചരിക്കാന്‍ പോവുക. അല്ലെങ്കില്‍ മരുമക്കളെ മാറിമാറി പരിചരണത്തിനയക്കുക.

ബന്ധുവിന്റെ വേദന നമ്മുടെ വേദനയാവണം. ഇപ്പറഞ്ഞ രീതികയില്‍ സേവനം ചെയ്യുമ്പോഴേ ആ വേദന നമ്മുടെ വേദനായാവുകയുള്ളൂ. നബി(സ) ഇതിന് ഒരുദാഹരണം പറഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ ഒരു ഭാഗത്ത് മുള്ളുതറക്കുകയോ കുരു ഉണ്ടാവുകയോ ചെയ്താല്‍ ആ വേദന സഹിക്കാന്‍ ശരീരം മൊത്തമുണ്ടാകും. അതുപോലെ ബന്ധുവിന്റെ വേദന ബന്ധുക്കളുടെ വേദനയായിത്തീരണം.
By: 

ഇ.കെ.എം പന്നൂര്

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?





കേരളത്തിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ പലര്‍ക്കും സിവില്‍ സര്‍വീസസ് പരീക്ഷയെഴുതി ഐ.എ.എസ്./ഐ.പി.എസ്. ഉദ്യോഗസ്ഥനാവണമെന്നുണ്ട്. ഇതിനായി സ്വയം തയ്യാറെടുപ്പു നടത്താന്‍ ചിലര്‍ തുനിയുമ്പോള്‍ മറ്റുചിലര്‍ കോച്ചിങ് സെന്ററുകളില്‍ പോയി പരിശീലനം തേടുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മ നമ്മുടെ കോളേജുകളില്‍ ഇല്ലാത്തതിനാല്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി എങ്ങനെ പഠിക്കണമെന്നും ഏതു രീതിയില്‍ തയ്യാറെടുക്കണമെന്നും പലര്‍ക്കും അറിയില്ല. 'സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?' എന്നും പരീക്ഷയുടെ വിവിധ ഘട്ടങ്ങളില്‍ വിജയിക്കാന്‍ ഏതു രീതിയിലുള്ള പഠനം നടത്തണമെന്നുമുള്ള വിശദമായ ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഈ മൂന്നാംഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഞാന്‍ പഠിച്ച രീതി അടിസ്ഥാനപ്പെടുത്തിയാണ് വിശകലനവും വിശദീകരണവും നടത്തിയിട്ടുള്ളത് എന്നുകൂടി ഇവിടെ കുറിക്കട്ടെ.

ആദ്യചുവട്

ഏകദേശം ഒരു വര്‍ഷം മുന്‍പ് ഒരു പ്രശസ്ത സ്‌കൂള്‍ സംഘടിപ്പിച്ച 'സിവില്‍ സര്‍വീസ് മാര്‍ഗനിര്‍ദേശക്യാമ്പി'ല്‍ ക്ലാസ്സെടുക്കാന്‍ വേണ്ടി എന്നെ ക്ഷണിച്ചിരുന്നു. മൂന്ന് അവധി ദിവസങ്ങള്‍ ഒരുമിച്ചു വന്ന ദിവസങ്ങളിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി എഴുപതോളം കുട്ടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. എല്ലാവരും എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. രണ്ടു മണിക്കൂറാണ് എനിക്ക് ക്ലാസ്സെടുക്കാന്‍ വേണ്ടി അനുവദിച്ചുതന്നിട്ടുള്ള സമയം.

എട്ടാംതരത്തിലും ഒന്‍പതാംതരത്തിലും പഠിക്കുന്ന കുട്ടികളോട് സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി എന്താണ് രണ്ടു മണിക്കൂര്‍ സംസാരിക്കുക എന്ന് ആശങ്കപ്പെട്ട എനിക്ക് 'ഭാവിയില്‍ ആരായിത്തീരണമെന്നാണ് നിങ്ങളുടെ ആഗ്രഹം?' എന്ന ചോദ്യം എല്ലാവരോടും ചോദിക്കാനാണ് ആദ്യം തോന്നിയത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ 'സിവില്‍ സര്‍വീസ് എന്താണ്?' എന്നറിയാനുള്ള ആഗ്രഹവും 'ഈ സേവനമേഖലയില്‍ ജോലി ചെയ്യണം' എന്ന ചിന്തയും ഈ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നറിയാനുള്ള ആകാംക്ഷയില്‍നിന്നായിരുന്നു എന്റെ ചോദ്യം.

'കരിയറില്‍ ആരാവാനാണ്/ഏതു ജോലി നേടാനാണ് ഇഷ്ടം?' എന്ന ചോദ്യം എഴുപതു പേരോടും ഞാന്‍ ചോദിച്ചു. എല്ലാവരും ഉത്തരം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ കണക്കെടുത്തു. ആറുപേര്‍ക്ക് ഐ.എ.എസ.് നേടണം. രണ്ടുപേര്‍ക്ക് ഐ.പി.എസ്. മറ്റുള്ളവരെല്ലാം ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കേറ്റ്, ശാസ്ത്രജ്ഞന്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍ തുടങ്ങിയ മറ്റു പല തൊഴില്‍മേഖലകളില്‍ ഉയര്‍ന്ന ജോലി സ്വപ്‌നം കാണുന്നവരാണ്. 'പിന്നെ എന്തിന് ഈ ക്ലാസ്സില്‍ വന്ന് മൂന്ന് അവധിദിവസങ്ങള്‍ പാഴാക്കുന്നു?' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരു കുട്ടി വളരെ നിഷ്‌കളങ്കമായ മറുപടി നല്കി, 'സര്‍, സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പില്‍ വന്നാല്‍ കുറച്ച് പൊതുവിജ്ഞാനം ലഭിക്കുമല്ലോ എന്നു കരുതി വന്നതാണ്.' മറ്റൊരു കുട്ടി പറഞ്ഞത്, 'അച്ഛനുമമ്മയും നിര്‍ബന്ധിച്ചതുകൊണ്ട് വന്നതാണ്,' എന്നാണ്.

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള ആദ്യചുവട് സ്വന്തം മനസ്സില്‍നിന്നും മുളപൊട്ടുന്ന 'ഒരു ഐ.എ.എസ്./ഐ.പി.എസ്സുകാരനാവണം' എന്ന ചിന്തതന്നെയായിരിക്കണമെന്ന് അടിവരയിട്ടു പറയാനാണ് മുകളില്‍ എഴുതിയ അനുഭവം ഇവിടെ പങ്കുവെച്ചത്. മാതാപിതാക്കളുടെ പ്രേരണകൊണ്ടോ, വലിയ അധികാരങ്ങള്‍ ലഭിക്കുമെന്ന ചിന്തകൊണ്ടോ ഈ തൊഴില്‍മേഖല തിരഞ്ഞെടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.

ഡോക്ടര്‍, ടീച്ചര്‍, നഴ്‌സ്, പോലീസ് തുടങ്ങിയവരുമായി നിരന്തരം ഇടപഴകുന്നതിനാല്‍ ഈ ജോലികള്‍ എന്താണെന്ന ഒരു ഏകദേശധാരണ നമ്മുടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകും. എന്നാല്‍ ജില്ലാ കളക്ടറെയോ, സിറ്റി പോലീസ് കമ്മീഷണറെയോ, ഗവ. സെക്രട്ടറിയെയോ നേരിട്ട് കാണാത്തതിനാല്‍ എന്താണ് സിവില്‍ സര്‍വീസ് എന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. (ദ കിങ്, കമ്മീഷണര്‍ തുടങ്ങിയ സിനിമകളിലൂടെ ലഭിക്കുന്ന അറിവ് ഇവിടെ വിസ്മരിക്കുന്നില്ല!) സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കുന്നതും, വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കുന്ന സിവില്‍ സര്‍വീസ് റാങ്കുജേതാക്കളുമായുള്ള അഭിമുഖങ്ങള്‍ വായിക്കുന്നതും സിവില്‍ സര്‍വീസസ് എന്ന മേഖലയെക്കുറിച്ചും, പരീക്ഷ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ചും അറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. കൂടാതെ, പല സ്ഥാപനങ്ങളും വിദ്യാലയങ്ങളും നടത്തുന്ന സിവില്‍ സര്‍വീസ് ക്യാമ്പുകളില്‍ പങ്കെടുത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത് 'ഐ.എ.എസ്. ജോലി' എന്താണെന്നറിയാനും എന്റെ ആഗ്രഹം ഇതുതന്നെയാണ് എന്ന് ഊട്ടിയുറപ്പിക്കാനും സഹായിക്കും.
ഇന്ത്യയുടെ 'ഉരുക്കുചട്ടക്കൂ'ടാണ് സിവില്‍ സര്‍വീസ്. പൊതുഭരണമാണ് ഐ.എ.എസ്. നേടിയാല്‍ പ്രവര്‍ത്തിക്കേണ്ട മേഖല. നിയമപരിപാലനം ഉറപ്പാക്കലാണ് ഐ.പി.എസ്സുകാരുടെ ജോലി. പൊതുവേ പറഞ്ഞാല്‍ മാനേജ്‌മെന്റ്, ഭരണനിര്‍വഹണം എന്നീ മേഖലകളില്‍ താത്പര്യമുള്ളവര്‍ക്കും; സമൂഹത്തില്‍ കാലൂന്നിക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കും; സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന ഇച്ഛാശക്തിയുള്ളവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉന്നതമായ ജോലിയാണ് സിവില്‍ സര്‍വീസ്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും നൂതനാശയങ്ങള്‍ നടപ്പിലാക്കി സാമൂഹികപുരോഗതി കൈവരുത്താനും മറ്റുമായി ധാരാളം അവസരങ്ങളാണ് 'സിവില്‍ സര്‍വീസ്' വാഗ്ദാനം ചെയ്യുന്നത്. ഈ അവസരങ്ങള്‍ മുന്നില്‍ക്കണ്ട് സ്വന്തം ഇഷ്ടപ്രകാരം 'എനിക്ക് ഐ.എ.എസ്. വേണം' എന്ന ഉറച്ചതീരുമാനം എടുക്കുക എന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ വേണ്ട 'ആദ്യചുവട്.'
ലക്ഷ്യം ഉറപ്പിച്ച് ആദ്യചുവടു കഴിഞ്ഞാല്‍ അടുത്തപടി പരീക്ഷയെപ്പറ്റി മനസ്സിലാക്കുക എന്നതാണ്. സിവില്‍ സര്‍വീസസ് പരീക്ഷ എന്ത്? എങ്ങനെ? എന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും പരീക്ഷയെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കുകയും വേണം. പരീക്ഷയുടെ ഘടന, സിലബസ്, പരീക്ഷയെഴുതാനുള്ള അടിസ്ഥാനയോഗ്യതയും ഇളവുകളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ എന്നിങ്ങനെയുള്ള സിവില്‍ സര്‍വീസസ് പരീക്ഷാസംബന്ധിയായ എല്ലാ വിവരങ്ങളും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിന്റെ ഒരു സംക്ഷിപ്തരൂപം ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തു നല്കിയിട്ടുമുണ്ട്. ലക്ഷ്യത്തില്‍ മനസ്സൂന്നി പരീക്ഷാസംബന്ധിയായ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പഠനം ആരംഭിക്കാം.

പഠനം എപ്പോള്‍ തുടങ്ങണം?

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചുതുടങ്ങിയവര്‍ക്കും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം മാത്രം പഠനം ആരംഭിച്ചവര്‍ക്കും, ഒരു ജോലി ചെയ്തുകൊണ്ട് പരിശീലനം നേടിയവര്‍ക്കും എല്ലാം ഐ.എ.എസ്. ലഭിച്ചിട്ടുണ്ട്. അപ്പോള്‍ ഏതു ക്ലാസ്സില്‍ പഠിക്കുമ്പോള്‍/ കോളേജ് പഠനകാലത്ത്/ അതിനുശേഷം പഠനം തുടങ്ങണമെന്ന ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ്.

സിവില്‍ സര്‍വീസസ് പരീക്ഷ പാസായ ശേഷം ഒരു ചാനലില്‍ നടന്ന അഭിമുഖത്തില്‍ 'സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ നിങ്ങള്‍ വരുത്തിയ ഏറ്റവും വലിയ തെറ്റ് എന്താണ്?' എന്നു ചോദിച്ചപ്പോള്‍ എനിക്ക് ഒരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ - 'പഠനം തുടങ്ങാന്‍ വൈകി എന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്!' ഡിഗ്രി കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷനും ചെയ്തതിനുശേഷം ഒരു വര്‍ഷം ജോലി ചെയ്തതിനും ശേഷമാണ് ഞാന്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ട തയ്യാറെടുപ്പു തുടങ്ങിയത്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ 'ഇതു സാരമില്ല' എന്നും 'എന്റെ സിവില്‍ സര്‍വീസിലേക്കുള്ള വഴി ഇതായിരുന്നു' എന്നുമുള്ള തിരിച്ചറിവിലൂടെ പഠനം വൈകി എന്ന തെറ്റിനെ സാധൂകരിക്കുന്നുണ്ടെങ്കിലും, ചെറുപ്പത്തില്‍ത്തന്നെ ഐ.എ.എസ്. നേടാന്‍ ആഗ്രഹമുള്ളവര്‍ തയ്യാറെടുപ്പും നേരത്തേ ആരംഭിക്കുന്നത് അഭികാമ്യമായിരിക്കും.

നേരത്തേ തുടങ്ങണം എന്നു പറയുമ്പോള്‍ 10-ാം തരം കഴിഞ്ഞയുടനെ തയ്യാറെടുപ്പു തുടങ്ങണോ, അതോ ഡിഗ്രി പഠനകാലം മുതല്‍ മതിയോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാകാം. കൂടാതെ ഡിഗ്രി/ പ്ലസ് ടു പഠനശാഖ തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ എന്നും ചിന്തിച്ചേക്കാം. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും സിവില്‍ സര്‍വീസ് തയ്യാറെടുപ്പിനുള്ള അടിത്തറ പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയും താഴെക്കൊടുക്കുന്നു:
1. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ്. (ഒരു വര്‍ഷം പഠനം; ഒരു വര്‍ഷം പരീക്ഷ.) ഈ രണ്ടു വര്‍ഷക്കാലം പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെയും സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. അതായത് 2015-ല്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 2013 മുതലുള്ള പത്രവാര്‍ത്തകള്‍ വായിച്ച് നോട്ടെഴുതിയാല്‍ മതിയാകും.

2. വായനശീലവും എഴുത്തും ചിന്താശേഷിയും അപഗ്രഥനപാടവവും പൊതുവിജ്ഞാനവുമൊക്കെ രണ്ടു വര്‍ഷംകൊണ്ട് പെട്ടെന്നുണ്ടാക്കാന്‍ സാധിക്കുന്ന കാര്യമല്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെങ്കില്‍ മാത്രമേ പെട്ടെന്നു കാര്യങ്ങള്‍ ഗ്രഹിക്കാനും പൊതുവിഷയങ്ങളില്‍ വിശകലനം ചെയ്ത് സംസാരിക്കാനും സാധിക്കൂ. അതിനാല്‍ പരീക്ഷയെഴുതുന്നതിനു രണ്ടു വര്‍ഷം മുന്‍പുമാത്രം ചിട്ടയോടെ വാര്‍ത്തകള്‍ എഴുതിയെടുക്കാനും, നോട്ടുകള്‍ തയ്യാറാക്കാനും തുടങ്ങിയാല്‍ മതിയെങ്കിലും വായന ഡിഗ്രി ഒന്നാംവര്‍ഷം മുതലെങ്കിലും തുടങ്ങണം.

3. രണ്ടു വര്‍ഷം ചിട്ടയോടെയുള്ള പഠനം; ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍ ലക്ഷ്യബോധത്തോടെയുള്ള വായനയും പഠനവും. ഇതു മതിയോ? അതോ ഡിഗ്രി പഠിക്കുന്ന വിഷയം തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണോ? ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി എനിക്കു പറയാനുള്ളത് സിവില്‍ സര്‍വീസസ് പരീക്ഷ എളുപ്പമാക്കാന്‍ ഏതെങ്കിലും പ്രത്യേക വിഷയം എടുത്തുപഠിക്കേണ്ട ആവശ്യമില്ല എന്നു മാത്രമാണ്. ഏതു വിഷയം പഠിച്ചാലും സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടാം.

4. പ്ലസ് ടുവിന് സയന്‍സ് പഠിച്ച് എഞ്ചിനീയറിങ,് മെഡിസിന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ദോഷകരമായി ഒരിക്കലും ബാധിക്കില്ല. ഇത്തരം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നാല്‍ ഡിഗ്രി പഠിക്കുന്ന സമയത്ത് സിവില്‍ സര്‍വീസിനായി പ്രത്യേക തയ്യാറെടുപ്പു നടത്താന്‍ സമയം കിട്ടിയില്ല എന്നുവരാം. എന്നാല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വളരെ എളുപ്പമായിരിക്കും. കൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ തരുന്ന ആത്മവിശ്വാസവും; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മറ്റൊരു തൊഴില്‍ നേടാനുള്ള കഴിവുണ്ടെന്ന ചിന്തയും കൈമുതലായുണ്ടാകും. ബി.എ., ബി.കോം തുടങ്ങിയ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് കോളേജിലെ ക്ലാസ്സുകള്‍ കഴിഞ്ഞ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ സമയം ലഭിച്ചേക്കാം. കൂടാതെ ഉത്തരങ്ങള്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവും കൂടുതലായി ലഭിച്ചേക്കാം. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഏതു കോഴ്‌സ് പഠിച്ചാലും അതിന് അതിന്റേതായ ഗുണവും ദോഷവും ഉള്ളതായി കാണാം.

അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് ഉദ്യോഗാര്‍ഥിക്കു താത്പര്യമുള്ള ബിരുദകോഴ്‌സിനു ചേരാനും, ഒന്നാംവര്‍ഷ ബിരുദക്ലാസ്സുകളുടെ കൂടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു വേണ്ട തയ്യാറെടുപ്പ് തുടങ്ങാനും സാധിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായി മറ്റൊന്നില്ല. ഇപ്രകാരം പഠിക്കാന്‍ സാധിച്ചാല്‍ ഡിഗ്രി കഴിയുമ്പോഴേക്കും നല്ലൊരു വൈജ്ഞാനിക അടിത്തറ ലഭിക്കും. പിന്നീട് ഒന്നോരണ്ടോ വര്‍ഷംകൊണ്ട് പരീക്ഷയെഴുതി വിജയിക്കാം.

കോച്ചിങ് വേണോ?

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ 'ഉണ്ട്' എന്നും 'ഇല്ല' എന്നും ഉത്തരം പറയേണ്ടിവരും. ഡല്‍ഹിയിലെ ജെ.എന്‍.യുപോലെ സിവില്‍ സര്‍വീസ് പഠനസംസ്‌കാരമുള്ള ഒരു കലാശാലയില്‍ തനിക്ക് ഏറ്റവും താത്പര്യമുള്ള ഒരു വിഷയത്തില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥിക്ക് ഒരുപക്ഷേ, കോച്ചിങ് ആവശ്യമായി വരില്ല. എങ്ങനെ പഠിക്കണം, ഏതു പുസ്തകങ്ങള്‍ വായിക്കണം എന്നൊക്കെയുള്ള വിവരങ്ങള്‍ കൂട്ടുകാരില്‍നിന്നും ലഭിക്കും. ഒന്നാം ഐച്ഛികവിഷയം ബിരുദവിഷയം തന്നെയാകുമ്പോള്‍ പ്രത്യേക പരിശീലനം ആവശ്യമില്ലായിരിക്കും. രണ്ടാമത്തെ ഐച്ഛികവിഷയം കൂട്ടുകാരുടെയും മറ്റും നോട്ടില്‍നിന്നും അനായാസം പഠിച്ചെടുക്കാവുന്നതേ ഉള്ളൂ എന്നും തോന്നല്‍ വരാം. ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ എഴുതാന്‍ നല്ല പരന്നവായന മതി. ഇത്തരം സാഹചര്യങ്ങളില്‍ കോച്ചിങ്ങിന്റെ സഹായമില്ലാതെതന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുക്കാം.

മറിച്ച്, സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്ത, എന്തു പഠിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയ സംശയങ്ങള്‍ തീര്‍ത്തുതരാന്‍ ആരുമില്ലാത്ത ഒരു സാഹചര്യത്തിലാണ് ബിരുദപഠനമെങ്കില്‍ കോച്ചിങ് ഉപകാരപ്രദമായേക്കും. കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് അഞ്ചാറുമാസം പഠിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ഏതു രീതിയില്‍ പഠിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നേടാനും സാധിക്കും. പഠനത്തിന് നല്ലൊരു അടിത്തറയിടാനും, ഒരു തുടക്കം നല്കാനും കോച്ചിങ് സെന്ററിലെ അന്തരീക്ഷം സഹായകമാവും. (പഠനത്തിന് ഒരു ദിശ നല്കാനും പരീക്ഷയെപ്പറ്റി മനസ്സിലാക്കാനും പ്രധാന അടിസ്ഥാനവിവരങ്ങള്‍ ലഭിക്കാനുമാണ് കോച്ചിങ് സെന്ററില്‍ ചേര്‍ന്നു പരിശീലനം നേടേണ്ടത് എന്ന കാര്യം ഒരിക്കലും മറക്കരുത്. കാരണം, ഉദ്യോഗാര്‍ഥിയുടെ സ്വപ്രയത്‌നവും ചിട്ടയോടെയുള്ള പഠനവുംകൊണ്ടു മാത്രമേ പരീക്ഷയില്‍ വിജയം കൈവരിക്കാനാവൂ. വിജയത്തിനാവശ്യമായ ക്യാപ്‌സ്യൂളുകള്‍ പ്രതീക്ഷിച്ച് ആരും കോച്ചിങ്ങിന് ചേരരുത്)

നല്ലൊരു അടിത്തറയും പഠനത്തിന് തുടക്കവും നല്കുന്നത് കൂടാതെ ഐച്ഛികവിഷയങ്ങള്‍ പഠിക്കാനും കോച്ചിങ് ആവശ്യമാണ്. എഞ്ചിനീയറിങ് ബിരുദധാരികളും മറ്റും ഡിഗ്രിതലത്തില്‍ പഠിക്കാത്ത വിഷയമായിരിക്കും മിക്കപ്പോഴും ഐച്ഛികവിഷയമായി തിരഞ്ഞെടുക്കാറ്. സാധാരണയായി, രണ്ടു പുതിയ വിഷയങ്ങള്‍ ഡിഗ്രി തലത്തില്‍ പഠിച്ചെടുക്കാന്‍ അധ്യാപകരുടെ സഹായം കൂടിയേതീരൂ. ഗുരുമുഖത്തുനിന്നും പകര്‍ന്നുകിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തിയാല്‍ ഐച്ഛികവിഷയങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് ബുദ്ധിമുട്ടില്ലാതെ നടത്താം. മറിച്ച്, യാതൊരു ബന്ധവുമില്ലാത്ത ഐച്ഛികവിഷയങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ സ്വയം വായിച്ച് പഠിച്ചെടുക്കാന്‍ സമയമെടുക്കും. ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി ധാരണയില്ലാത്തവര്‍ക്ക് നല്ലൊരു അടിത്തറ കെട്ടിയെടുക്കാനും ഐച്ഛികവിഷയങ്ങളില്‍ പ്രാവീണ്യം നേടാനും കോച്ചിങ് ആവശ്യമാണ് എന്നു പറയാം. കോച്ചിങ് സെന്ററുകളില്‍നിന്നും 10% മാത്രമേ ലഭിക്കൂ എന്നും ബാക്കി 90% വും സ്വന്തം പ്രയത്‌നത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറിയാല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നാണ് എന്റെ അനുഭവം.

ഐച്ഛികവിഷയം തിരഞ്ഞെടുക്കല്‍

സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവര്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനം. ചില വിഷയങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നും ചിലവ പഠിച്ചാല്‍ മാര്‍ക്കു കിട്ടാന്‍ വിഷമമാണെന്നും മറ്റും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കൂടാതെ, സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍ എന്നിവയും അനുബന്ധവിഷയങ്ങളും എടുത്തുപഠിച്ചാല്‍ വിജയസാധ്യത തീരേയില്ല എന്നും എപ്പോഴും കേള്‍ക്കുന്ന കാര്യമാണ്. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ഏതൊക്കെ വിഷയങ്ങള്‍ ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുക്കണം എന്ന ആശങ്ക സ്വാഭാവികമാണ്. കൂടാതെ റാങ്കു നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മെയിന്‍ പരീക്ഷയില്‍ 2000 മാര്‍ക്കില്‍ 1200 മാര്‍ക്ക് ഐച്ഛികവിഷയങ്ങള്‍ക്കാണ്. ആയതിനാല്‍ വളരെ ശ്രദ്ധയോടെ വിശകലനം ചെയ്തുമാത്രം എടുക്കേണ്ട ഒരു തീരുമാനമാണ് ഐച്ഛികവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്. ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു:

1. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളായിരിക്കണം ഓപ്ഷന്‍ ആയി എടുത്തു പഠിക്കേണ്ടത്. ഏകദേശം രണ്ടോ മൂന്നോ വര്‍ഷം ഈ വിഷയങ്ങള്‍ പഠിക്കേണ്ടതായി വന്നേക്കാം. താത്പര്യമില്ലാത്ത വിഷയമാണെങ്കില്‍ ആഴത്തിലുള്ള പഠനം സാധ്യമാവില്ല. കൂടാതെ, സര്‍ഗാത്മകമായി ഉത്തരമെഴുതി ഉയര്‍ന്ന മാര്‍ക്കു നേടാന്‍ വിഷയത്തില്‍ നല്ല താത്പര്യം കൂടിയേ തീരൂ. ഡിഗ്രിതലത്തില്‍ പഠിച്ച വിഷയത്തില്‍ താത്പര്യമില്ല എങ്കില്‍ ആ വിഷയം ഉപേക്ഷിച്ച് മറ്റൊരു വിഷയം ഓപ്ഷണലായി സ്വീകരിക്കുന്നതിന് മടി വേണ്ട. പുതിയൊരു വിഷയം പരീക്ഷയ്ക്കാവശ്യമുള്ള തലത്തില്‍ പഠിച്ചെടുക്കാന്‍ ഏകദേശം ഒരു വര്‍ഷം മതി.

2. സിലബസ്സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുമാണല്ലോ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവരുടെ ഗുരുക്കന്മാര്‍. ആയതിനാല്‍ താത്പര്യമുള്ള വിഷയങ്ങളുടെ മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സിലബസ്സും ചോദ്യപേപ്പറുകളും വായിച്ചുനോക്കി, സ്വന്തം മനസ്സിന് ഏറ്റവും താത്പര്യവും ആത്മവിശ്വാസവും തോന്നിപ്പിക്കുന്ന വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. ഇപ്രകാരം പഴയ ചോദ്യപേപ്പറുകളിലൂടെ കണ്ണോടിച്ച് പല വിഷയങ്ങളുടെ ചോദ്യങ്ങള്‍ താരതമ്യപ്പെടുത്തി നോക്കിയതിനുശേഷം തീരുമാനമെടുത്താല്‍ മാത്രമേ ഏതു വിഷയമെടുത്താലാണ് എളുപ്പത്തില്‍ പഠിക്കാനും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാനും സാധിക്കുക എന്നു മനസ്സിലാവൂ.

3. സ്വന്തം താത്പര്യവും സിലബസ്സും ചോദ്യപേപ്പറും വിശകലനം ചെയ്ത ശേഷം എടുത്ത തീരുമാനവും അടിസ്ഥാനപ്പെടുത്തിയാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കേണ്ടത്. ഈ വിഷയം പഠിച്ച് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്കു കിട്ടാനുള്ള സാധ്യതകൂടി അന്വേഷിച്ചശേഷം തീരുമാനം ഉറപ്പിക്കാം. എന്റെ അഭിപ്രായത്തില്‍ ഏതു വിഷയം തിരഞ്ഞെടുത്താലും നല്ല മാര്‍ക്കു ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാലും മുന്‍വര്‍ഷങ്ങളില്‍ ഈ വിഷയം തിരഞ്ഞെടുത്ത് പരീക്ഷയെഴുതി വിജയിച്ചവരോടുകൂടി ചോദിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഭാവിയില്‍ വന്നേക്കാവുന്ന ആശങ്കകള്‍ ദൂരീകരിക്കാനും സഹായിക്കും.

4. കോച്ചിങ്ങിന്റെ ലഭ്യതയും ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതില്‍ ഒരു ചെറിയ ഘടകമായി വന്നേക്കാം. ഉദാഹരണമായി, സംസ്‌കൃതസാഹിത്യമാണ് ഒരു വിദ്യാര്‍ഥിക്ക് ഏറ്റവും താത്പര്യമുള്ള വിഷയങ്ങളിലൊന്ന് എന്നു കരുതുക. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ സംസ്‌കൃതസാഹിത്യത്തിന്റെ സിലബസ് പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകര്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ പഠനം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരാം. അപ്പോള്‍, ഒരു നല്ല അധ്യാപകന്റെ ലഭ്യതയും ഐച്ഛികവിഷയത്തിന്റെ തിരഞ്ഞെടുപ്പില്‍ ഒരു വളരെ ചെറിയ സ്വാധീനഘടകമായി വന്നേക്കാം.

കൂടുതലായി വിശദീകരിക്കാന്‍, ഞാന്‍ 'മലയാളസാഹിത്യം' ഒരു ഐച്ഛികവിഷയമായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ഇവിടെ പറയാം. 'ഭൂമിശാസ്ത്രം' ഒന്നാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. രണ്ടാമത്തെ ഓപ്ഷന്‍ 'സോഷ്യോളജി' വേണോ 'പൊളിറ്റിക്കല്‍ സയന്‍സ്' വേണോ അതോ 'മലയാളം' വേണോ എന്ന സംശയം മനസ്സില്‍ നിറഞ്ഞു. സിലബസ് വിശദമായി നോക്കിയപ്പോള്‍ ഇവ മൂന്നിലും താത്പര്യം ജനിച്ചു. ജനറല്‍ സ്റ്റഡീസ് പേപ്പറിനുവേണ്ടി പഠിക്കുന്ന ചരിത്രവും ഭരണഘടനയും രാഷ്ട്രതന്ത്രവുമൊക്കെ 'പൊളിറ്റിക്കല്‍ സയന്‍സി'ല്‍ ഉണ്ട്. അപ്പോള്‍ കൂടുതല്‍ പഠിക്കേണ്ടിവരില്ല എന്നും തോന്നി. കൂടാതെ മെയിന്‍ പരീക്ഷയുടെ ജനറല്‍ സ്റ്റഡിസ് പേപ്പറിനുവേണ്ടി പഠിക്കേണ്ട വിഷയമായ 'മറ്റു രാജ്യങ്ങളുമായി ഉള്ള ഇന്ത്യയുടെ ബന്ധം' പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിക്ക് എളുപ്പമാണ്. 'സോഷ്യോളജി' എന്നെ സംബന്ധിച്ച് പുതിയ വിഷയമാണെങ്കിലും പഠിക്കാന്‍ എളുപ്പവും താത്പര്യം ജനിപ്പിക്കുന്നതുമാണെന്നും തോന്നി. 'മലയാളസാഹിത്യ'ത്തില്‍ സ്വഭാവിക താത്പര്യവും ഉണ്ട്. ഏതു വിഷയം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വാങ്ങുകയാണ് ഞാന്‍ ആദ്യമായി ചെയ്തത്.

കഴിഞ്ഞ പത്തു വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ പുസ്തകരൂപത്തില്‍ ബുക്സ്റ്റാളുകളില്‍ ലഭ്യമാണ്. 30 രൂപയാണ് ഓരോ ചോദ്യബാങ്കിന്റെയും വില (ഇന്ന് ചോദ്യപേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്). സോഷ്യോളജി, മലയാളസാഹിത്യം, പൊളിറ്റിക്കല്‍ സയന്‍സ്- ഈ മൂന്നു വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ ഞാന്‍ വാങ്ങി. ഇന്റര്‍നെറ്റില്‍നിന്നും സിലബസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു. ചോദ്യങ്ങളും സിലബസ്സും വിശദമായി വിശകലനം ചെയ്തപ്പോള്‍ സംശയങ്ങള്‍ ഓരോന്നായി മാറി. ഏറ്റവും ചെറിയ സിലബസ് മലയാളസാഹിത്യത്തിന്റേതാണ് എന്നും, മറ്റു രണ്ടു വിഷയങ്ങളെക്കാള്‍ എനിക്കേറ്റവും ചേരുന്ന വിഷയം ഇതുതന്നെയാണെന്നും, പഠിച്ചാല്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാന്‍ സാധിക്കുക 'മലയാളസാഹിത്യ'ത്തിലെ ചോദ്യങ്ങള്‍ക്കായിരിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മറ്റു രണ്ടു വിഷയങ്ങള്‍ വേണോ എന്ന ചിന്ത മാറി.

ഇതിനുശേഷം 'മലയാളസാഹിത്യം' ഐച്ഛികവിഷയമായി എടുത്തുപഠിച്ച് പരീക്ഷയെഴുതിയ ഒന്നുരണ്ട് കൂട്ടുകാരോട് ഈ വിഷയത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. സിലബസ് ചെറുതാണെന്നും, ക്രിയേറ്റീവായി ഉത്തരമെഴുതിയാല്‍ വളരെ നല്ല മാര്‍ക്ക് ലഭിക്കുമെന്നും താത്പര്യമുണ്ടെങ്കില്‍ തിരഞ്ഞെടുക്കാമെന്നും അവര്‍ ഉപദേശം നല്കി. തിരുവനന്തപുരത്ത് ഡോ. മിനി നായരും കോട്ടയത്ത് പാലയില്‍ സെന്റ് തോമസ് കോളേജിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയിലും 'മലയാളസാഹിത്യം' പഠിപ്പിക്കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ അറിഞ്ഞപ്പോള്‍ കൂടുതല്‍ ചിന്തിച്ചില്ല, 'മലയാളസാഹിത്യം' എന്റെ രണ്ടാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു.

ചില പ്രത്യേക വിഷയങ്ങള്‍ പഠിച്ചാല്‍ മാത്രമേ ഉയര്‍ന്ന റാങ്ക് നേടാന്‍ സാധിക്കൂ എന്ന ധാരണ തെറ്റാണ്. ഉദ്യോഗാര്‍ഥിയുടെ താത്പര്യമായിരിക്കണം വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. താത്പര്യമുള്ള വിഷയം ഓപ്ഷണലായി പഠിച്ചാല്‍ ഉയര്‍ന്ന റാങ്കു നേടാമെന്ന് കാണാന്‍ എന്റെ ബാച്ചിലെ (ഐ.എ.എസ് 2008 ബാച്ച്) ആദ്യ ഇരുപതു റാങ്കുകാര്‍ പഠിച്ച വിഷയങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.

2008ലെ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതി വിജയിച്ച ആദ്യ ഇരുപത് റാങ്കുകാര്‍ തിരഞ്ഞെടുത്ത ഐച്ഛികവിഷയങ്ങള്‍ താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നല്കിയതു നോക്കുക:


സ്വപ്രേരണയാല്‍ 'സിവില്‍ സര്‍വീസ്' എന്ന ലക്ഷ്യം ഉറപ്പിക്കുകയും പരീക്ഷയെപ്പറ്റി വിശദമായി മനസ്സിലാക്കുകയും ചെയ്താല്‍ പഠനത്തിന്റെ ആദ്യപടി പൂര്‍ത്തിയാകും. ഇഷ്ടമുള്ള വിഷയത്തില്‍ ബിരുദപഠനം നടത്തുകയും ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുകയുമാണ് പിന്നീടു ചെയ്യേണ്ടത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ഓരോ ഘട്ടത്തിനും (ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ) എങ്ങനെ തയ്യാറെടുക്കണമെന്നും ഏതു രീതിയില്‍ നോട്ട് തയ്യാറാക്കണമെന്നും ഏതു പഠനരീതി അവലംബിക്കണമെന്നും മറ്റുമുള്ള വിശദമായ കാര്യങ്ങള്‍ ഇനി വിവരിക്കാം.

എസ്. ഹരികിഷോര്‍ ഐ.എ.എസ്.: 
1980 ഒക്ടോബര്‍ 14ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനിച്ചു. സെന്റ് മേരീസ് കോണ്‍വെന്റ്, പയ്യന്നൂര്‍, ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ പയ്യന്നൂര്‍, എടനാട് യു.പി. സ്‌കൂള്‍, കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍നിന്നും ഒന്നാം റാങ്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നും ജി. ഇ. ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും നേടി. ഒരു വര്‍ഷത്തോളം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചററായി ജോലി ചെയ്തു. 2007-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 14-ാം റാങ്കോടെ വിജയിച്ചു. ഐ.എ.എസ്. തിരഞ്ഞെടുത്ത് കേരള കേഡറില്‍ നിയമനം ലഭിച്ചു. കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍ (ട്രെയിനിങ്), ചെങ്ങന്നൂരില്‍ സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വയനാട്ടില്‍ മാനന്തവാടി സബ് കളക്ടര്‍. പിതാവ്: ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍. മാതാവ്: പി.കെ. സരള. സഹോദരന്‍: ഡോ. ശ്രീകിരണ്‍ എസ്. ഭാര്യ: ഗൗരി സരിത ബി. വിലാസം: 'ഹരികിരണം', ഒദയമ്മാടം, പി.ഒ. ചെറുകുന്ന്, കണ്ണൂര്‍- 670301.

(നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം എന്ന പുസ്തകത്തില്‍ നിന്ന്)

Friday, March 28, 2014

ഒഴിവുകിട്ടിയാല്‍ അധ്വാനിക്കുക


നാട്ടിന്‍പുറത്തെ ഒരു ചായക്കട. ഉച്ചതിരിഞ്ഞാല്‍ പത്തിരുപതുപേര്‍ സ്ഥിരമായി ഒത്തുകൂടുന്ന നാട്ടുകേന്ദ്രം. ഉച്ച വരെ പാടത്തും പറമ്പിലും വെയിലിലും മഴയിലും പണിയെടുത്ത്‌ ഉച്ചയ്‌ക്ക്‌ വല്ലതും കഴിച്ച്‌ അല്‌പം വിശ്രമിച്ച ശേഷമാണിവര്‍ ഇവിടെ എത്തിച്ചേര്‍ന്നത്‌. ഓരോ ചുടുചായ കഴിച്ച്‌ മൂന്ന്‌ നാലുപേര്‍ ഒരു മൂലയിലേക്ക്‌ മാറിയിരിക്കുന്നു. അവര്‍ ഒരു വല ഉണ്ടാക്കുകയാണ്‌. നൂല്‍വല. മീന്‍പിടിക്കുന്ന വല. എല്ലാ ദിവസവും കുറേശ്ശെ പണി. വെടി പറഞ്ഞിരിക്കുന്നതിനിടയില്‍ ഒരാഴ്‌ച കൊണ്ട്‌ ഒരു മീന്‍വല തയ്യാര്‍. ഏകദേശം അന്‍പത്‌ വര്‍ഷം മുന്‍പുണ്ടായിരുന്ന ഒരു നാട്ടിന്‍പുറ ദൃശ്യം. ഇതില്‍ നമുക്ക്‌ ഒരുപാട്‌ പാഠങ്ങളുണ്ട്‌.


എല്ലു മുറിയെ പണിചെയ്‌ത്‌ ക്ഷീണിച്ചശേഷം ഒരല്‌പം `എന്റര്‍ടെയ്‌മെന്റിന്‌' വേണ്ടിയുള്ള ഒത്തുചേരല്‍. തികച്ചും മാനുഷികമായ ഒരാവശ്യത്തില്‍ ഒരു തലമുറയിലെ സുഹൃത്തുക്കളുടെ പങ്കുചേരല്‍. വിശ്രമവേള ഒട്ടും കളയാതെ, തമാശ കലര്‍ന്ന വെടിവട്ടവും കാര്യമാത്ര പ്രസക്തമായ നാട്ടുവര്‍ത്തമാനങ്ങളും എല്ലാം ഉള്‍ക്കൊണ്ടുതന്നെ അവരുടെ കൈകള്‍ ചലിക്കുന്നു. അവരുടെ വിശ്രമവേള സാര്‍ഥകമാവുന്നു. വിശ്രമം എന്നു പറഞ്ഞാല്‍ വെറുതെയിരിക്കലല്ല, നിഷ്‌ക്രിയത്വമല്ല, കര്‍മരംഗത്ത്‌ നിന്ന്‌ ഒഴിഞ്ഞുനില്‌ക്കലല്ല. മറിച്ച്‌, അധ്വാനം കുറഞ്ഞ, സന്തോഷദായകമായ, താല്‌പര്യമുള്ള, എന്നാല്‍ പ്രയോജനപ്രദമായ രൂപത്തില്‍ സമയം ചെലവഴിക്കുക എന്ന ഗുണപാഠമാണ്‌ മേല്‍ സംഭവത്തില്‍ നിന്ന്‌ നമുക്ക്‌ ഉള്‍ക്കൊള്ളാവുന്നത്‌.
കാലവും സമൂഹവും മാറി. ജീവിതരീതിയും തൊഴില്‍ സ്വഭാവവും മാറി. നാടും സാഹചര്യവും മാറി. സര്‍വത്രമാറ്റം. ശാസ്‌ത്രയുഗം സാങ്കേതികതയുടെ കാലഘട്ടം, ഐടി സമൂഹം... ഇന്ന്‌ നാം ഒഴിവുസമയം അനുഭവിക്കുന്നുണ്ടോ? ലിഷര്‍ ടൈം ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ വിനിയോഗിക്കുന്നുവെന്ന്‌ ആലോചിക്കുക. പണ്ടെന്നപോലെ ഇന്നും പലര്‍ക്കും പല തരത്തിലുള്ള ഉത്തരമാണ്‌ ലഭിക്കുക. പക്ഷേ, ഒരു കാര്യം നാം ഉറപ്പിച്ചു വയ്‌ക്കേണ്ടതുണ്ട്‌. ഒഴിവു വന്നാല്‍ വെറുതെയിരിക്കലല്ല; സമയം പാഴാക്കലല്ല. വിശുദ്ധ ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു: ``ആകയാല്‍ നിനക്ക്‌ ഒഴിവുകിട്ടിയാല്‍ നീ അധ്വാനിക്കുക'' (94:7). വിശുദ്ധ ഖുര്‍ആന്‍ നമ്മിലേക്കെത്തിച്ചുതന്ന മുഹമ്മദ്‌ നബി(സ) പഠിപ്പിക്കുന്നു: ``രണ്ട്‌ മഹാ അനുഗ്രഹങ്ങള്‍; അവയുടെ കാര്യത്തില്‍ മിക്ക ആളുകളും നഷ്‌ടം സംഭവിക്കുന്നവരാണ്‌. ആരോഗ്യവും ഒഴിവുമത്രെ ആ രണ്ട്‌ അനുഗ്രഹങ്ങള്‍.''
ജീവിതത്തെ ആഴത്തില്‍ സ്‌പര്‍ശിക്കുന്ന തത്ത്വശാസ്‌ത്രമാണ്‌ ഉപരിസൂചിത ആയത്തും പ്രവാചക വചനവും സൂചിപ്പിക്കുന്നത്‌. ഒരു പുരുഷായുസ്സില്‍ ലഭിക്കുന്ന തിരക്കും ഒഴിവും നിര്‍ധാരണം ചെയ്‌താല്‍ പലതരത്തിലും തലത്തിലും അതിനെ കാണാന്‍ കഴിയും. തിരക്കുപിടിച്ച ജീവിതം വിശ്രമജീവിതം, ബാധ്യതകളില്ലാത്ത കാലം തുടങ്ങിയ ഘട്ടങ്ങളെപ്പറ്റി ആലോചിച്ചുനോക്കൂ. ഒരോ ദിവസത്തെയും വിശ്രമവേള, ആഴ്‌ചയിലെ അവധി, വാര്‍ഷികാവധി തുടങ്ങിയ അളവുകോലിലേക്കും അതിനെ മാറ്റിനോക്കാം. ഒരു കര്‍ഷകജീവിതത്തിലെ തിരക്കുപിടിച്ച കൃഷിയിറക്കുകാലം, അല്‌പം ആശ്വാസം ലഭിക്കുന്ന വിളവെടുപ്പുകാലം എന്നിങ്ങനെയും അത്‌ മാറിവരുന്നു. ഒരു ഉദ്യോഗസ്ഥന്റെ സേവനകാലവും വിശ്രമജീവിതവും മറ്റൊരു തലമാണ്‌. അഥവാ ജോലിത്തിരക്കും, ഒഴിവുവേളയും മൂര്‍ത്തമായ ഒരു സാധനമല്ല എന്നര്‍ഥം. `നിനക്ക്‌ ഒഴിവുകിട്ടിയാല്‍ നീ അധ്വാനിക്കുക' എന്ന ഖുര്‍ആന്‍ വചനത്തിന്റെ പൊരുളും ഇതുതന്നെ. നബി(സ) ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു: അഞ്ചുകാര്യങ്ങള്‍ വരുന്നതിനു മുമ്പ്‌ അഞ്ചുകാര്യങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ ധന്യരാവുക. തിരക്കുപിടിച്ച കാലത്തിനു മുന്‍പായി നിനക്ക്‌ ലഭിക്കുന്ന ഒഴിവുകാലമാണ്‌ അവയിലൊന്നായി പ്രവാചകന്‍ തെര്യപ്പെടുത്തിയത്‌. വിശ്വാസിയുടെ ജീവിതം കര്‍മനിരതമായിരിക്കുമെന്നര്‍ഥം.
ഈയൊരു പരിപ്രേക്ഷ്യത്തില്‍ നമ്മുടെ ഇളംതലമുറയെപ്പറ്റി ആലോചിച്ചു നോക്കേണ്ട സമയമാണിത്‌. ഇളംതലമുറ ഇന്ന്‌ വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ്‌. മനശ്ശാസ്‌ത്രപരമായി അവര്‍ക്ക്‌ ലഭിക്കുന്ന ഒഴിവുവേളയാണ്‌ നമ്മുടെ മുന്നിലുള്ള മാസങ്ങള്‍. പ്രത്യേകിച്ചും ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ളവര്‍. അഥവാ അഞ്ച്‌ മുതല്‍ പതിനേഴ്‌ വയസ്സുവരെയുള്ള ബാലകൗമാരങ്ങള്‍. വിദ്യാഭ്യാസമെന്നത്‌ ജീവിതത്തിന്റെ അനിവാര്യഘടകമാണെങ്കിലും ഇന്ന്‌ അത്‌ മികവിന്റെയും മത്സരത്തിന്റെയും ഒരുവേള പൊങ്ങച്ചത്തിന്റെയും വേദിയായി മാറിയിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികള്‍ പോലും ടെന്‍ഷനിലാണ്‌. കുട്ടികളെ ടെന്‍ഷനില്‍ പെടുത്തരുത്‌ എന്നത്‌ ഒരു സിദ്ധാന്തമാക്കി പ്രയോഗവത്‌കരിച്ചുകൊണ്ടാണ്‌ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളം പയറ്റിനോക്കിയ പാഠ്യപദ്ധതിയും പഠനപ്രക്രിയകളും. 
പക്ഷേ അതില്‍ സംതൃപ്‌തി കണ്ടെത്താതെ തികഞ്ഞ ടെന്‍ഷനുകളുടെ ലോകത്തേക്ക്‌ -ഇംഗ്ലീഷ്‌ മീഡിയം മത്സരരംഗത്തേക്ക്‌- തങ്ങളുടെ മക്കളെ കൈപിടിച്ചാനയിക്കാനാണ്‌ പുരോഗമനേച്ഛുക്കളായ രക്ഷിതാക്കള്‍ തയ്യാറായത്‌. അതിനവരെ കുറ്റം പറഞ്ഞുകൂടാ. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച എന്നാരോപിക്കപ്പെടുന്ന അവസ്ഥയും അപ്പുറത്ത്‌ കാണുന്ന നിലവാരമെന്ന അക്കരപ്പച്ചയും തമ്മിലാണ്‌ മത്സരം. ഫലമോ കുട്ടികള്‍ ടെന്‍ഷനില്‍ തന്നെ. പുസ്‌തകസ്സഞ്ചി ഒരു മൂലയിലേക്കിട്ട്‌ കൂട്ടുകാരോടൊത്ത്‌ ഒഴിഞ്ഞു പാടത്തേക്കോ മറ്റോ ചേക്കാറാന്‍ വെമ്പുന്ന ബാല്യത്തെപ്പോലും പിടിച്ചുകെട്ടി ട്യൂഷനില്‍ തളച്ചിടുന്ന തരത്തിലുള്ള പരിവര്‍ത്തനത്തിലേക്കാണ്‌ സമൂഹം ആപതിച്ചത്‌. മതപഠനത്തിന്‌ പ്രാധാന്യം കല്‌പിക്കുന്ന മുസ്‌ലിംകളുടെ മക്കള്‍ ഇരട്ടിഭാരം പേറേണ്ട ദുരന്തവും നാം കാണുന്നു.
ഒരു പ്രത്യേക ചട്ടക്കൂടില്‍ ഞെരുങ്ങി ജീവിക്കുകയും ബുദ്ധിപരമായി അധ്വാനിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ്‌ നമ്മുടെ മക്കള്‍ (വിദ്യാര്‍ഥികള്‍). തീര്‍ച്ചയായും അവര്‍ക്ക്‌ വിശ്രമം വേണം. അതുതന്നെയാണ്‌ അവധിക്കാലം. ഈ വിശ്രമവേളകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ്‌ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്‌. ബാല്യകൗമാരങ്ങളുടെ ജീവിതത്തിന്റെ അനിവാര്യതയായ കളിയും വിനോദവും പരമാവധി കുറച്ചുകൊണ്ടാണ്‌ നാമവരെ വിദ്യാലയങ്ങളിലേക്കു നയിച്ചത്‌. ആയതിനാല്‍ നഷ്‌ടപ്പെട്ടത്‌ അവധിക്കാലത്ത്‌ ഒരു പരിധിവരെ തിരിച്ചുനല്‍കാനാവണം. തുടര്‍പഠനത്തിന്‌ ഊര്‍ജം പകരാന്‍ അത്‌ അത്യാവശ്യമാണ്‌. എന്നാല്‍ പത്തുമാസം പഠനവും രണ്ടുമാസം കളിയും എന്ന സമവാക്യം ബുദ്ധിപരമല്ല. പഠനകാലത്ത്‌ കുറച്ചൊക്കെ കളിച്ചിട്ടുണ്ടല്ലോ. ആയതിനാല്‍ ഒഴിവുകാലത്ത്‌ കുറച്ചൊക്കെ കാര്യവും ആവാം.
തുടര്‍പഠനത്തിനായി ഒരുക്കങ്ങള്‍ നടത്തുന്നവരുണ്ട്‌. അത്‌ ആവശ്യമാണ്‌. താല്‌പര്യമുള്ള വിഷയത്തില്‍ ഹ്രസ്വകാല കോഴ്‌സില്‍ ഏര്‍പ്പെടുന്നവരുണ്ട്‌. തോട്ടവിളകള്‍ക്കൊപ്പം ഇടവിള എന്ന പോലെ. അത്‌ വിശ്രമവും ഫലദായകവുമാണ്‌. പലപ്പോഴും വിസ്‌മരിക്കപ്പെടുന്ന ഒരു കാര്യമുണ്ട്‌. വളര്‍ന്നുവരുന്ന തലമുറയെ, ആണായാലും പെണ്ണായാലും വീട്ടുകാര്യങ്ങളില്‍ തല്‌പരരാക്കുക. സാധാരണക്കാരായ കുടുംബങ്ങളില്‍ പോലും കുട്ടികള്‍ വീട്ടുകാര്യങ്ങളില്‍ മാതാപിതാക്കളെ സഹായിക്കുക എന്നത്‌ കുറഞ്ഞുവരുന്നു. അച്ഛനമ്മമാര്‍ക്ക്‌ വിശ്രമം കൊടുക്കുകയോ ഒരു കൈത്താങ്ങ്‌ നല്‌കുകയോ ചെയ്യുക എന്നതിലുപരി വളരുന്ന തലമുറയ്‌ക്ക്‌ ജീവിതം പരിശീലിപ്പിക്കുക എന്ന മഹാദൗത്യം അതിലടങ്ങിയിട്ടുണ്ട്‌. കുടുംബ വീടുകളില്‍ വിരുന്നുപോവുകയും വിരുന്നുവരികയും ചെയ്യുക എന്നത്‌ ഇല്ലാതാവുന്ന കാലമാണ്‌. സമയമില്ലാഞ്ഞിട്ടല്ല, വേണ്ടെന്നു വച്ചിട്ടുമല്ല. നാമൊരുക്കിയ വലിയ വീടുകളും നമ്മുടെ ജീവിത സങ്കല്‌പങ്ങളും നമുക്ക്‌ സംഭാവനയായി നല്‌കിയ ഗൃഹാതുരത്വം നമ്മെ നമ്മില്‍ തന്നെ തളച്ചിടുന്നു എന്നതാണത്‌. ഈയൊരു ബന്ധവിശുദ്ധിയുടെയും പാരസ്‌പര്യത്തിന്റെയും അഭാവമാണ്‌ ഇളംതലമുറയിലെ പെരുകിവരുന്ന കുറ്റവാസനകള്‍ക്ക്‌ കാരണം. സ്വന്തം കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും കൂടുതല്‍ ഇടപഴകി ജീവിക്കാന്‍ കുട്ടികള്‍ക്കവസരമൊരുക്കാന്‍ അവധിക്കാലം പ്രയോജനപ്പെടുത്താം.
ഇന്നത്തെ സമൂഹത്തിന്റെ വിദ്യാഭ്യാസ താല്‌പര്യത്തിന്റെ ഫലമായി കുറഞ്ഞുവരുന്നതാണ്‌ മതപഠനവും ധര്‍മചിന്തയും. സകല ദുരന്തങ്ങളുടെയും നാരായ വേരുകള്‍ കിടക്കുന്നതും ഇവിടെത്തന്നെ. എട്ടോ പത്തോ വയസ്സില്‍ അവസാനിക്കുന്ന മതപഠനം കൈമുതലാക്കി വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കിറങ്ങിത്തിരിച്ചവര്‍ പ്രഫഷണലുകളായി പുറത്തിറങ്ങുന്നത്‌ ധര്‍മബോധം എന്തെന്നറിയാതെയാണ്‌. ഇവരെ വീശിപ്പിടിക്കാന്‍ വൈവിധ്യമാര്‍ന്ന വലകള്‍ നെയ്‌ത്‌ കാത്തിരിക്കുന്ന നിരവധി ലോബികളുണ്ടിവിടെ. അതിനാല്‍ ഇസ്‌ലാമിക ബോധം നല്‍കാനും നല്ല കൂട്ടുകാരെ സമ്പാദിക്കാനും ക്രിയാത്മകമായ കൂട്ടായ്‌മകളില്‍ പങ്കാളികളാവാനും നമ്മുടെ കുട്ടികള്‍ക്ക്‌ ഈ ഒഴിവുകാലത്ത്‌ അവസരം നല്‍കാന്‍ രക്ഷിതാക്കള്‍ ബോധപൂര്‍വം ശ്രമം നടത്തണം.
മതനിയമങ്ങള്‍ പഠിപ്പിക്കുക എന്നതല്ല ഇപ്പോള്‍ വേണ്ടത്‌. മതത്തിന്റെ പൊരുളറിയുക, ധാര്‍മിക മൂല്യങ്ങളുടെ വിലയറിയുക, മാനവികതയെ തിരിച്ചറിയുക, സമൂഹക്ഷേമ തല്‍പരത ഊട്ടിയുറപ്പിക്കുക, വിശ്വാസത്തിന്റെ കരുത്തിലൂടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ പരിശീലിക്കുക, നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിലകല്‌പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ നവതലമുറയ്‌ക്ക്‌ പരിശീലനം ലഭിക്കേണ്ടതുണ്ട്‌. മുതിര്‍ന്ന തലമുറ ബോധപൂര്‍വം ശ്രമിച്ചാല്‍ സാധിക്കും.
വേനലവധി നേരിന്റെ വഴിയില്‍ എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

Courtsey: Shabab Weekly

മക്കളിലൂടെ രക്ഷിതാക്കള്‍ വായിക്കപ്പെടുന്നു


മാതാവിന്റെ കാല്‍ ചുവട്ടിലെ സ്വര്‍ഗം പ്രാപിക്കാന്‍ സന്താനങ്ങള്‍ ശ്രമിച്ചു കൊള്ളട്ടെ എന്ന വിവക്ഷയേക്കാള്‍ അത് നേടിയെടുക്കാന്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മാതാക്കള്‍ അവസരമൊരുക്കട്ടെ എന്ന പുനര്‍ വായനയാണ് സാധ്യമാവേണ്ടത്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന പ്രവാചക ശിക്ഷണം ഒരു പാഠമെന്നോണം സന്താനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമെങ്കിലും നിധികാക്കുന്ന ഭൂതത്തെപ്പോലെ മാതാപിതാക്കള്‍ കാവലിരിക്കുന്ന പ്രതീതിയാണ് അനുഭവവേദ്യമാക്കി കൊണ്ടിരിക്കുന്നത്.


രക്ഷിതാക്കളും അധ്യാപകരും എന്ന രണ്ട് സുരക്ഷിതമായ കരകള്‍കിടയിലൂടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേയ്ക്ക് പ്രവഹിക്കാന്‍ സന്താനങ്ങള്‍ക്ക് അവസരമുണ്ടാകണം. മക്കളുടെ അഭിരുചികള്‍ പഠനത്തിലായാലും പാഠ്യേതരത്തിലായാലും അംഗീകരിക്കപ്പെടണം. ശിക്ഷയും ശിക്ഷണവും പോലെത്തന്നെ പ്രാധാന്യമുള്ളവയാണ് പ്രോത്സാഹനവും പ്രശംസയും. വ്യക്തി എന്ന വിവക്ഷ പ്രായഭേദങ്ങള്‍ക്ക് വിധേയമാകരുത്. അനുവദനീയമായ വ്യക്തിസ്വാതന്ത്ര്യം രക്ഷിതാക്കളുടെ ഔദാര്യമല്ല മറിച്ച് സന്താനങ്ങളുടെ അവകാശമാണ്. പറയാനുള്ള അവകാശം രക്ഷിതാക്കള്‍ക്കും കേള്‍ക്കാനുള്ള ബാധ്യത മക്കള്‍ക്കും എന്നതിനേക്കാള്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിലെ സംഭാഷണമാണ് അഭികാമ്യം. കുട്ടികളുടെ ലോകത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ അജ്ഞത വളര്‍ന്നുവരുന്ന തലമുറയെ അധാര്‍മികതയുടെ ചതുപ്പ് നിലങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടാന്‍ കാരണമാകുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ പോകരുത്.

മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ഉണ്ടായിരിക്കണമെന്ന് ആശിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടോ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളാല്‍ വായിക്കപ്പെടുന്നു എന്നത് വിസ്മരിച്ചുകൊണ്ടുള്ള സദുപദേശങ്ങളാണ് സന്താനങ്ങള്‍ പരിതിയ്ക്ക് പുറത്താകുന്നതിന്റെ മുഖ്യഹേതു.

ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വളരെ ശാസ്ത്രിയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് സന്താന പരിപാലനം. എന്തിനും ഏതിനും അരുതായ്മകളുടെ കല്പനകള്‍കൊണ്ട് കുട്ടികളെ അനുസരിപ്പിക്കാനുള്ള പോലീസ് മുറകള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ വിപരിത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ ദിശ നിര്‍ണയിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ ദൗത്യവും ധര്‍മ്മവും ഗൗരവബുദ്ധ്യാ ഉള്‍കൊള്ളുകയും സര്‍ഗാത്മകമായി കൈകാര്യം ചെയ്യുകയുമാണെങ്കില്‍ ഒരു നല്ല നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും.

Tuesday, March 4, 2014

ഉമ്മ


ഉമ്മയെ കുറിച്ച ഓര്‍മകള്‍

mom8821വിദ്യാര്‍ഥി ജീവിത കാലത്ത് വായിച്ച ഒരു കൊച്ചു കഥയുണ്ട്. ഒരമ്മയും മകനും, അവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. അവര്‍ക്ക് വേര്‍പിരിയാന്‍ കഴിയുമായിരുന്നില്ല. മകന്‍ വളര്‍ന്ന് വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ബന്ധം ഗാഢമായപ്പോള്‍ അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം തന്റെ മുന്നില്‍ കൊണ്ടുവന്നു വെക്കണമെന്നതായിരുന്നു അത്. അതോടെ അവന്റെ ഉറക്കവും ഉന്‍മേഷവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം മനസ്സിലാക്കിയ അമ്മ കാരണമന്വേഷിച്ചു. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും അവസാനം മകന്‍ കാര്യം തുറന്നു പറഞ്ഞു. അപ്പോള്‍ ആ അമ്മ പറഞ്ഞു: ' മോനേ അതിനു നീ എന്തിന് പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. നീ എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയമെടുത്ത് അവള്‍ക്കു കൊണ്ടു പോയി കൊടുക്കുക. അവളെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുക. നിന്റെ സന്തോഷത്തിലല്ലേ ഈ അമ്മയുടെ സംതൃപ്തി. അങ്ങനെ അമ്മയുടെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകയുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ കാല്‍ കല്ലില്‍ തട്ടി വീഴാന്‍ പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചു പോല്‍ 'മോനേ, നിനക്കെന്തെങ്കിലും പറ്റിയോ?'

ഇത് എന്നെ സംബന്ധിച്ചിടത്തോളം കേവലം ഒരു കഥയല്ല. എന്റെ ഉമ്മ വാതരോഗത്തിനടിപ്പെട്ട് കഠിനമായ വേദന സഹിച്ചാണ് പത്തു കൊല്ലത്തിലേറെ കാലം ജീവിച്ചത്. ഞാന്‍ പാതിരാവില്‍ വന്ന് വാതില്‍ തുറക്കും. ഉടനെ ചോദിക്കുക: 'ഉമ്മാന്റെ കുട്ടി കൊയങ്ങിയോ? വല്ലതും കഴിച്ചോ? നടന്നാ വന്നത്? പാതിരാവായില്ലേ, പോയി വേഗം കിടന്നോ?'

കഠിനമായ വേദന കൊണ്ട് പുളയുമ്പോഴും നിറയൗവ്വനത്തിന്റെ കരുത്തുള്ള എന്നെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വേവലാതിയും ഞങ്ങള്‍ മക്കളുടെ കാര്യത്തിലാണ്.

ഇതാണ് ഉമ്മ. 1983 ജൂലായ് 23-നാണ് ഉമ്മ ഞങ്ങളോട് വിട പറഞ്ഞത്. മൂന്നു പതിറ്റാണ്ടിനു ശേഷവും കിടക്കാന്‍ പോകുമ്പോള്‍ ഉമ്മയുടെ ചോദ്യം കാതുകളില്‍ വന്നലക്കുന്നു. വൈകാതെ അത് പ്രാര്‍ഥനയായി മാറുന്നു. 'നാഥാ വേദനകളില്ലാത്ത ലോകത്ത് ഉന്നത സ്ഥാനം നല്‍കി ഉമ്മയെ നീ അനുഗ്രഹിക്കേണമേ.' ഇതു കൊണ്ടൊക്കെ തന്നെയായിരിക്കുമല്ലോ ഉമ്മക്ക് പ്രവാചക വചനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചത്.
By: Sheikh Mohammad Karakunnu

ഉമ്മാ എന്‍ പൊന്നുമ്മാ

mom98
ഉമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടാവില്ല. ഏതു ഭാഷയിലും 'മാതാവ്' കവിതയുടെ വിഷയമാണ്. മാതൃസങ്കല്‍പം അത്രമാത്രം മഹത്വമേറിയതാണ്. അതു കൊണ്ടാണഅ ആള്‍ ദൈവങ്ങള്‍ അവരുടെ പേരിനോട് മാത ചേര്‍ക്കുന്നത്. മാതാ മധുരാനന്ദമയി, മാതാ ധര്‍മാനന്ദമയി, മാതാ ദിവ്യാനന്ദമയി എന്നെല്ലാം പറുന്നത് ആ വാക്കുമായി ജനമനസിലേക്ക് ഇറങ്ങാന്‍ കഴിയും എന്ന് അവര്‍ വിചാരിക്കുന്നത് കൊണ്ടായിരിക്കാം.

മാതാവിന് ഇസ്‌ലാം കല്‍പിച്ച സ്ഥാനം ഈ പംക്തിയില്‍ വന്നതാണ്. ഇതാ മാതാവിനെ കുറിച്ച് ഈയിടെ ഞാന്‍ കുറിച്ച ഒരു ഗാനം. 'ഒയ്യേയെനിക്കുണ്ട്' എന്ന ഇശലില്‍ ഇതൊന്നു പാടി നോക്കൂ..
ഉമ്മാ എന്‍ പൊന്നുമ്മ
  ഉമ്മകളായിരം
ഉണ്ണിക്കവിളത്ത്
  നല്‍കിയുമ്മ -  എന്നും
ഉറ്റവിചാരത്താല്‍ പോറ്റിയുമ്മ (ഉമ്മ)
കയ്യ് വളരുന്നോ
 കാല് വളരുന്നോ
കൗതുകക്കണ്ണാലെ
 നോക്കിയുമ്മ -  എന്നും
കണ്ണേ കരളേയെ
ന്നോതിയുമ്മ (ഉമ്മാ)
രോഗം വരുന്നേരം
 രാവ് പകലാക്കി
ചാരത്തിരുന്നെന്നെ
  നോക്കിയുമ്മ - എന്നെ
സ്‌നേഹപ്പുതപ്പാല്‍ പൊ
  തിയും ഉമ്മാ (ഉമ്മാ)
ഇല്ലിതു പോലാരും
  അല്ലാന്റെ ഭൂമിയില്‍
എല്ലാം സഹിച്ചീടും
  മക്കള്‍ക്കായി - ഉമ്മാ
ക്കെന്തു കൊടുത്താല്‍
  കടം വീടീടും? (ഉമ്മാ)
വായനക്കാരേ, ഒരു മാതാവും നമുക്ക് കടമായല്ല സ്‌നേഹം തന്നത്. ഒരു സ്വാര്‍ഥതയുമില്ലാതെ നിര്‍മലമായ സ്‌നേഹം അവര്‍ വാരിക്കോരി തന്നു. പക്ഷെ, നാം അത് കടമായി കാണണം. അവര്‍ തന്ന സ്‌നേഹത്തിനും പകരം നാം എന്തു തിരിച്ചു കൊടുത്താലും കടം തീര്‍ക്കാനാവില്ല. 'ഉമ്മായെന്‍ പൊന്നുമ്മാ' എന്ന് വീട്ടില്‍ നിന്നു പാടുമ്പോള്‍ അത് നിങ്ങളുടെ ഉമ്മയെ മാത്രമല്ല ബാധകമാവുക. ഭാര്യക്കും സഹോദരിമാര്‍ക്കും സഹോദരന്റെ ഭാര്യമാര്‍ക്കും എല്ലാം ബാധകമാവും. കാരണം അവര്‍ക്കും മക്കളുണ്ടായി കഴിഞ്ഞിരിക്കുമല്ലോ.

എല്ലാവര്‍ക്കും മനസ്സില്‍ ഒരിടം നല്‍കണം എന്ന് ഈ പംക്തിയില്‍ മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. അമേരിക്കയില്‍ സുഖമായി കഴിയുകയാണ് നിങ്ങളും ഭാര്യയും എന്ന് സങ്കല്‍പിക്കുക. വിദ്യാഭ്യാസമില്ലാത്ത ഉമ്മ കേരളത്തിലെ ഒരു കുഗ്രാമത്തിലും. നിങ്ങള്‍ അമേരിക്കയില്‍ വെച്ച് ഒരു അപകടമോ വലിയ വേദനയോ വന്നാല്‍ അവിടത്തെ പതിവു ഭാഷ വെടിഞ്ഞ് പച്ച മലയാളത്തില്‍ നിങ്ങള്‍ വിളിക്കുക 'എന്റുമ്മാ എന്റുമ്മാ' എന്നായിരിക്കും. കുഞ്ഞുണ്ണി മാഷ് അമ്മയെ പറ്റി പാടിയത് കേട്ടോളൂ.
'അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാല്‍ അമ്മിഞ്ഞക്കല്ല്'
ഈ കവിതക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ഇത് ഒരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. അമ്മിയും അമ്മിഞ്ഞയും മലയാള ഭാഷയിലേ ഉള്ളൂ. അതിനാല്‍ ലോകഭാഷയില്‍ ഇതു വേറിട്ടു നില്‍ക്കുന്നു.

സന്താനങ്ങളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ അമ്മയുടെ ഹൃദയം ആഴിയോളം ആഴമുള്ളതും ആകാശം പോലെ വിശാലതയുള്ളതുമാണ്. അമ്മയെ നോവിക്കരുത്. അച്ഛനെയും. അമ്മയെ സ്‌നേഹിക്കുക, അച്ഛനെയും. അമ്മയും ഉമ്മയും മമ്മിയും മദറും മാതാവും എല്ലാം ഒരേ മധുരമുള്ള, ഒരേ നിറമുള്ള ആകൃതിയില്‍ വ്യത്യാസമില്ലാത്ത മിഠായികളാണ്.
By: EKM Pannor