നാലര വെളുപ്പിന് എണീറ്റ് പരശുറാം എക്‌സ്പ്രസ് മംഗലാപുരത്തുനിന്ന് യാത്ര തുടങ്ങുകയായി. മൊട്ടക്കുന്നുകളും ഉണങ്ങിയപാടങ്ങളും കടന്ന് വണ്ടി കേരളത്തിന്റെ മണ്ണില്‍ തൊട്ടു. പുലര്‍കാലത്തെ നേര്‍ത്ത തണുപ്പില്‍ പുതഞ്ഞുറങ്ങുന്ന കേരളം. പരശുരാമന്‍ തൊട്ടു വിളിച്ചപ്പോള്‍ പതുക്കെ എണീറ്റു. എങ്ങും ആവിപറക്കുന്ന കാപ്പിയുടെ മണം. ഈ വെളുപ്പാന്‍ കാലം ഓര്‍മയിലേക്ക് കുറെ കാപ്പിക്കപ്പുകള്‍ പറത്തിയിടുന്നുണ്ട്. ഇന്ത്യന്‍ കോഫിഹൗസില്‍ നിന്നാണ് ആ കപ്പുകള്‍ വരുന്നത്.
കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് കോഫിഹൗസിലേക്ക് ആവേശത്തോടെ കയറി വന്നവര്‍, നീണ്ട തലപ്പാവണിഞ്ഞ് രാജാക്കന്‍മാരുടെ ചേലില്‍ വരുന്ന വെയിറ്റര്‍മാരെ മിഴിച്ചുനോക്കി നിന്ന കാലം. അവര്‍ കൊണ്ടുവെച്ച കാപ്പിയിലും വടയിലും നാവില്‍ രുചിയുടെ ഹരിശ്രീ കുറിച്ചതിന്റെ ഓര്‍മ. ഇത്തിരി മുതിര്‍ന്നപ്പോള്‍ കാമുകിയുടെ കൈയും പിടിച്ചായി കോഫിഹൗസിലേക്കുള്ള വരവ്. ആരും കാണാത്തൊരു മൂലയില്‍ ഇരിപ്പിടം തേടുമ്പോള്‍ രണ്ടുപേരും അവരുടേതായ ലക്ഷ്യങ്ങള്‍ കുറിച്ചുവെച്ചു. ആ കൊതിച്ചി ഇഷ്ടമുള്ളത്ര മസാലദോശകള്‍ക്ക് ഓര്‍ഡറിടും. കാമുകന് പ്രിയം പക്ഷേ കോഫിഹൗസിലെ അന്തരീക്ഷമായിരുന്നു. ആരും വന്ന് കണ്ണുരുട്ടാത്ത ആംബിയന്‍സില്‍ അയാള്‍ അവളുടെ കണ്ണുകളില്‍ത്തന്നെ നോക്കിയിരുന്നു. ആ പ്രണയം കുടിച്ചുവറ്റിച്ച കാപ്പിക്കപ്പുകളെ, നന്ദി....
മൂന്ന് കുഴികളുള്ള പ്ലേറ്റില്‍ തേങ്ങാചട്ട്ണിയുടെയും സാമ്പാറിന്റെയും അകമ്പടിയോടെ അതാ വരുന്നു മസാലദോശ. എന്നും ഇടതുപക്ഷക്കാരനായിരുന്നു ആ ദോശ, ഉള്ളിലാകെ ചുവപ്പ് വാരിപ്പൂശി ഇത്തിരി വിപ്ലവച്ചൂടോടെ വന്ന് നില്‍ക്കും. നാവില്‍ എരിവും മധുരവും പുരട്ടാനെത്തുന്ന ആ കൊച്ചുപേടകത്തെ മറന്നിട്ടൊന്നുമില്ല. നമ്മുടെ പ്രിയപ്പെട്ട കട്‌ലെറ്റുകള്‍. തേന്‍മധുരം കിനിയുന്ന സോസില്‍ പുരട്ടി അവയുടെ ഒരെത്തിനോട്ടമുണ്ട്. പിന്നെ മനസ്സിന് ബ്രേക്ക് പോയ വണ്ടിയുടെ ഗതിയാവും.
ഇന്നും ഹോട്ടലെന്നാല്‍ മലയാളിയ്ക്ക് പ്രിയം കോഫി ഹൗസ് തന്നെ. തീവണ്ടിയെന്നുകേട്ടാലോ. ആദ്യം കിതച്ചെത്തുക പരശുറാം തന്നെ. കോഫിഹൗസുകളിലെ രുചികള്‍ അറിഞ്ഞുകൊണ്ടുള്ള ഈ യാത്രയ്ക്ക് കൂട്ട് പരശുരാമന്‍ തന്നെയാവട്ടെ.
ഇപ്പോള്‍
കാസര്‍കോടാണ.് വണ്ടിയില്‍ കറുത്ത ഉടുപ്പണിഞ്ഞ കുറെ പെണ്ണുങ്ങള്‍
കയറിവരുന്നു. തട്ടത്തില്‍ മറച്ച മൊഞ്ചത്തികള്‍. 'ഞ്ഞി എങ്ങോട്ടാ, ഈട
അങ്ങനൊന്നുംല്ലപ്പാ.' വടക്കിന്റെ മലയാളം വണ്ടിയില്‍ നിറയുന്നു.
കാഞ്ഞങ്ങാടും നീലേശ്വരവും കടന്ന് പരശുരാമന്‍ കണ്ണൂരെത്തുമ്പോഴേക്കും
പുറത്ത് വെയിലിന്റെ നേര്‍ത്ത പൊട്ടുകള്‍. കണ്ണൂരിന് നന്നായി മൊരിഞ്ഞ മസാലദോശയുടെ ഗന്ധമാണ്. അതറിഞ്ഞ് ആരോ ചങ്ങല വലിച്ചുനിര്‍ത്തിയ പോലെ പരശുരാമനും നിന്നു. ആദിമമായ ആ ഗന്ധത്തിന്റെ പൊരുള്‍ തേടിയെത്തിയത് തെക്കീബസാറിലെ കോഫി ഹൗസില്‍. പറശ്ശിനിമഠപ്പുരയിലെ തിരുവപ്പനയ്ക്കുള്ളത്ര തിരക്കുണ്ട് ഈ കാപ്പിക്കടയുടെ മുന്നിലും. പച്ച ചിത്രത്തുന്നലുകള്‍ പതിച്ച വെള്ളക്കുപ്പായമണിഞ്ഞ് തലയില്‍ കിരീടവുമായി രാജാക്കന്‍മാരെത്തിത്തുടങ്ങി. പ്രജകളുടെ ഉത്തരവുകള്‍ നീണ്ട കുറിപ്പടികളായി കാപ്പി, പൂരിമസാല, ഇഡ്ഡലി, വട, പൊറോട്ട....രുചിയുടെ ബി. നിലവറ തുറന്നുകഴിഞ്ഞു. തീനും കുടിയും തകൃതിയായി.
കാവിമുണ്ടും ചുഴറ്റിക്കുത്തി ഒരു കാരണവര്‍ കയറി വരുന്നു. വീട്ടിലെ അടുക്കളയിലേക്ക് വരുന്ന പോലെയാണ് മുഖഭാവം. പിന്നാലെയെത്തി ദിനേശ് ബീഡിയുടെ ചൂരുള്ള മണം. 'വീട്ടില്‍ കിട്ടുന്ന ഭക്ഷണം തന്നെ കോഫി ഹൗസിലും കിട്ടും. വെറുതെ പുലര്‍ച്ചെത്തന്നെ ഭാര്യയെ ശല്യപ്പെടുത്തേണ്ടല്ലോ,' മുന്നിലെ പിഞ്ഞാണക്കോപ്പയിലിരിക്കുന്ന ചൂട് കാപ്പി മോന്തി ശങ്കരന്‍ കാരണവര്‍ പറഞ്ഞു. വര്‍ഷങ്ങളായി കോഫിഹൗസിലെ പതിവുകാരിലൊരാള്‍. ഇതൊക്കെ കേട്ട് കണ്ണൂരുകാര്‍ ഭക്ഷണഭ്രാന്തരാണെന്നൊന്നും ധരിക്കേണ്ട.
'കണ്ണൂരുകാര്‍ ശരീരം ശ്രദ്ധിച്ചേ ഭക്ഷണം തിരഞ്ഞെടുക്കൂ. അതിനൊത്തതേ ഞങ്ങളും വിളമ്പാറുള്ളു' കോഫി ഹൗസിലെ മാനേജര്‍ രമേശന്‍ വടക്കിന്റെ ഭക്ഷണശീലങ്ങളിലേക്ക് പോയി. കണ്ണൂരുകാര്‍ക്ക് പണ്ടേ വെജിറ്റേറിയനായിരുന്നു ഇഷ്ടം. അടുത്തകാലത്തായി അവര്‍ നോണ്‍വെജിലേക്ക് മാറിത്തുടങ്ങി. ആ മാറ്റം കണ്ടറിഞ്ഞ് ഇവിടുത്തെ കോഫി ഹൗസും ഒന്നുചുവടുമാറ്റിപ്പിടിച്ചു. കേരളത്തിലെ ആദ്യ നോണ്‍വെജ് കോഫി ഹൗസ് ഇന്ന് കണ്ണൂരിന് സ്വന്തം.
'മുളകും മല്ലിയുമെല്ലാം ഞങ്ങള്‍ തന്നെ വാങ്ങി പൊടിക്കും. തേങ്ങ മാത്രമേ കറികള്‍ക്ക് ഉപയോഗിക്കൂ. നോണ്‍വെജില്‍ 110 ഐറ്റങ്ങള്‍ വിളമ്പുന്നുണ്ട്. എന്നാലും ചില ഇനങ്ങള്‍ക്ക് നിരോധനമാണ്. ഒന്ന് മഷ്‌റൂം വിഭവങ്ങള്‍. എളുപ്പം കേടാവുമത്'. രമേശന്‍ കോഫിഹൗസിനുവേണ്ടി വീണ്ടും ഗോളടിച്ചു.
ഇടയ്ക്കിടെ രാഷ്ട്രീയം തീയും പുകയും പരത്തുന്ന നാട്. പക്ഷേ കോഫിഹൗസിലെത്തുമ്പോള്‍ എല്ലാവരും മര്യാദരാമന്‍മാരാണ്. ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രനും സിപിഎം സെക്രട്ടറി പി.ജയരാജനും രാഷ്ട്രീയത്തില്‍ കടുത്ത ശത്രുക്കളാണെങ്കിലും ഇവിടുത്തെ മസാലദോശയ്ക്ക് മുന്നില്‍ അവര്‍ വട്ടമേശ സമ്മേളനം നടത്തിയെന്നിരിക്കും. കോഫിഹൗസിനെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍.
'ഭക്ഷണത്തിന് രാഷ്ട്രീയമില്ല, ഞങ്ങളും രാഷ്ട്രീയം കാണിക്കില്ല.' ലക്ഷ്മണന്‍ എന്ന കുക്ക് ചിരിച്ചു. ഇതാ നോണ്‍വെജുകാരുടെ മുന്നിലേക്ക് മൊരിഞ്ഞ പൊറോട്ട ചൂടോടെ പറന്നുവീഴുന്നു. ഒപ്പം ചിക്കന്റെ എരിവുള്ള കൂട്ട്. രാവിലെത്തന്നെ ചിക്കനോ എന്നു മൂക്കത്തുവിരല്‍വെക്കുന്നവര്‍ക്ക് കണ്ണൂരുകാരുടെ നമോവാകം.
മാഹിയെത്തിയാല്‍
പരശുറാം വീണ്ടും വിളിച്ചു. വണ്ടി നീങ്ങുമ്പോഴേക്കും ഉള്ളില്‍ തിരക്ക് കൂടിയിരുന്നു. നാലാമത്തെ കമ്പാര്‍ട്ട്‌മെന്റ് മധുരയിലേക്കുള്ള തിമിരശസ്ത്രക്രിയാ സംഘം കൈയടക്കിയിരിക്കുന്നു. അപ്പാപ്പന്‍മാരും അമ്മച്ചിമാരും നേരം പോക്കുകള്‍ പറഞ്ഞ് കൈ കൊട്ടിച്ചിരിച്ചു. തലശ്ശേരിയെത്തുമ്പോഴേക്കും കുറെ വണികസംഘങ്ങള്‍ കയറിവന്നു. തോര്‍ത്ത്, തലയിണ, നാരങ്ങ, കളിപ്പാട്ടങ്ങള്‍.... ഒരാള്‍ ലൈറ്റ് കത്തിക്കുന്ന കിളിയെ വാങ്ങി. 'കുഞ്ഞിക്ക് കൊടുക്കാലോ, ഓനിതോണ്ട് കളിച്ചോളും.' കണ്ണുരുട്ടിയ ഭാര്യയോട് പുള്ളി ന്യായം നിരത്തി. കുറെനേരം അപ്പാപ്പന്‍ ആ ലൈറ്റ് കത്തിച്ചൊരു കളികളിച്ചു. മാഹിയെത്തുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു കടങ്കഥ പിറക്കുന്നു. 'കോഴിക്കോടന്‍ ഹല്‍വ, വടകര മുറുക്ക്, മാഹിയെത്തിയാലോ...' മാഹിയെത്തിയാല്‍....'നല്ല സര്‍ബത്ത്...' നരച്ച കൊമ്പന്‍മീശ തടവിയയാള്‍ ഞൊടിയിടയില്‍ ഉത്തരം പൂരിപ്പിച്ചു.
മദ്യത്തിന് സര്‍ബത്തെന്ന പര്യായം കണ്ടുപിടിച്ച വിരുതന്‍.അപ്പോഴേക്കും വണ്ടി വടകര കടന്ന് കോഴിക്കോടിനെ തൊട്ടിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഒരു കണിക്കൊന്ന പൂത്തു നില്‍പ്പുണ്ട്. വിഷുകഴിഞ്ഞതൊന്നും അറിഞ്ഞില്ലേ, ആവോ.
അരയിടത്തുപാലത്തെ കോഫി ഹൗസില്‍ ഒരു അതിഥി. ജീവിതത്തിന്റെ പുസ്തകവും സൂഫിപറഞ്ഞ കഥയുമെഴുതിയ കെ.പി.രാമനുണ്ണി. ഇഷ്ടപ്പെട്ട മട്ടന്‍കറിയില്‍ ചപ്പാത്തി മുക്കിയെടുത്ത് കഴിക്കുകയാണ് നോവലിസ്റ്റ്. 'നമുക്ക് വീട്ടിലെ ഭക്ഷണം പോലെ വിശ്വസിച്ച് കഴിക്കാം. കൂടുതല്‍ വലിയ ഹോട്ടലുകളിലൊക്കെ പോയാല്‍ കൃത്രിമമായിട്ടുള്ള ലോഹ്യം പറച്ചിലുമായി വെയിറ്റര്‍മാര്‍ വരും. ഇവിടെ നമ്മളെ സുഖിപ്പിക്കാന്‍ വേണ്ടി ആരും ഹോസ്പിറ്റാലിറ്റി കാണിക്കാറില്ല. ഇന്നതുണ്ട്, ഇന്നതില്ല അങ്ങനെയേ പറയൂ. നമ്മള്‍ വീട്ടില്‍ ചെന്നാല്‍ അമ്മമാരും വല്യമ്മമാരുമൊക്കെ അങ്ങനെയല്ലേ' രാമനുണ്ണി കോഫിഹൗസിനോടുള്ള പ്രണയം തുറന്നുവെച്ചു.
കോഫി ഹൗസിന്റെ രസിപ്പിക്കുന്ന കഥയിലേക്ക് ജീവനക്കാരനായ സുരേന്ദ്രനും കൂപ്പുകുത്തി. ' മുതലക്കുളത്തുണ്ടായിരുന്ന കോഫി ഹൗസില്‍ ഒരു പ്രേമമൂലയുണ്ടായിരുന്നു. അതിനടുത്താണ് ലോ കോളേജ്. അവിടുത്തെ കുട്ടികള്‍ ഇടയ്ക്കിടെ കോളേജില്‍നിന്ന് മുങ്ങി, പിന്നെ കോഫിഹൗസില്‍ പൊങ്ങും. പതിവുകാരായ രണ്ടുപേരെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു കണ്ണൂരുകാരനും ഒരു കോട്ടയംകാരിയും. ഇവര്‍ വന്നാല്‍ ഫ്രഞ്ച് റോസ്റ്റും ഫിംഗര്‍ ചിപ്‌സുമേ ഓര്‍ഡര്‍ ചെയ്യൂ. ഇതിന്റെ ഗുട്ടന്‍സ് പിന്നീടാണ് പിടികിട്ടിയത്. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കഴുകി വേവിച്ചെടുത്ത് മേശപ്പുറത്തെത്താന്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണം. അത്ര നേരം കൂടി പ്രേമിക്കാമല്ലോ.' അന്നത്തെ കാമുകിയെയും കാമുകനെയും സുരേന്ദ്രന്‍ ഈയിടെ വീണ്ടും കണ്ടുമുട്ടി. അവരിപ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും വേഷത്തിലാണ്. ഇപ്പോഴും ഫിംഗര്‍ ചിപ്‌സ് കഴിക്കുന്നുണ്ടോ എന്ന് കുക്ക് ചോദിച്ചില്ല. 'ആളു പ്രമുഖവക്കീലാണ്. പേരുപറയുന്നില്ല, സംഗതി കോടതി അലക്ഷ്യമായാലോ.' സുരേന്ദ്രനിതാ മുങ്ങിക്കളഞ്ഞു.
പരശുരാമന്‍ വീണ്ടും നീങ്ങിത്തുടങ്ങി. തോളിലെടുക്കാവുന്നതിന്റെ നാലിരട്ടി ആളുകളുണ്ടെങ്കിലും പരിഭവമൊന്നുമില്ലാതെയാണ് യാത്ര. തിരൂരും കുറ്റിപ്പുറവും എത്തിയപ്പോള്‍ കുറെ അധ്യാപകര്‍ ഉറക്കംവിട്ട് ചാടിയിറങ്ങി. അവരുടെ സഞ്ചികളിലെ ചോറ്റുപാത്രത്തിന്റെ സ്വാദുള്ള ഗന്ധം അകന്നുപോയി.
ഇതാ ചരിത്രം വിളിക്കുന്നു
തൃശ്ശൂരെത്തുമ്പോള്‍
സൂര്യന്‍ ഉച്ചിയിലെത്തിയിട്ടുണ്ട്. തേക്കിന്‍കാട് മൈതാനത്തിനടുത്തുള്ള
കോഫി ഹൗസില്‍നിന്ന് കായം തിളയ്ക്കുന്ന മണം. ഊണുകാലമായി. ആ സാമ്പാറുകൂട്ടി
രണ്ടുരുള കഴിക്കാതെ പോവുന്നതെങ്ങനെ. സ്വരാജ് റൗണ്ടിലേക്ക് ഒപ്പം വന്നത് കോഫി ഹൗസുകളുടെ ചരിത്രം കൂടിയാണ്. ഐവര്‍ബുള്‍ സായിപ്പില്‍നിന്ന് തുടങ്ങുന്നു ആ കഥ. ഇന്ത്യയിലെ കാപ്പിവ്യവസായത്തെ രക്ഷിക്കാന്‍ 1940ലാണ് സായിപ്പ് ഇന്ത്യ കോഫി മാര്‍ക്കറ്റ് എക്‌സ്പാന്‍ഷന്‍ ബോര്‍ഡ് കൊണ്ടുവന്നത്.രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കോഫി ബോര്‍ഡ് വന്നു, കോഫി ഹൗസും. 1957ല്‍ സര്‍ക്കാരിന്റെ ബുദ്ധി തലതിരിഞ്ഞു. 'കാപ്പിവ്യവസായം രക്ഷപ്പെട്ടു. ഇനി കോഫി ഹൗസുകള്‍ പൂട്ടാം.' അതോടെ തൊഴിലാളികള്‍ പെരുവഴിയിലായി. അപ്പോഴാണ് ഉശിരോടെ എ.കെ.ജി. വരുന്നത്. പിന്നാലെ കോഫി വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും വന്നു. അന്ന് 55 വര്‍ഷം മുമ്പേ എ.കെ.ജി. തുടങ്ങിവെച്ച കോഫിഹൗസിന്റെ ആദ്യശാഖയിതാ മുന്നില്‍.
അകത്ത് ചുവന്ന മാലയണിഞ്ഞ് എ.കെ.ജി.യുടെ ഫോട്ടോ. പണ്ട് ബഷീറും തകഴിയും മുണ്ടശ്ശേരിയും പിജെ. ആന്റണിയുമെല്ലാം ഇരുന്ന് വെടിപറഞ്ഞ കസേരകള്‍ക്കുപോലുമുണ്ട് വിനയത്തില്‍ പൊതിഞ്ഞ ഒരു അഹങ്കാരം. ഇതിന്റെ മുറ്റത്ത് ഇടയ്ക്കിടെ ഒരു ഓട്ടോ വന്ന് നിര്‍ത്തുമായിരുന്നു. അതില്‍നിന്ന് ആദ്യം നീളന്‍കാലുള്ള കുടയാണ് പുറത്തിറങ്ങുക. അതുകാണുമ്പോള്‍ ആളുകള്‍ പറയും,'ഗഡീ, വി.വി. രാഘവന്‍ വരുന്നുണ്ട്'. പിന്നാലെ കുടയും കുത്തിപ്പിടിച്ച് അന്നത്തെ മന്ത്രി കാപ്പി കുടിക്കാന്‍ കയറും.
സീനിയര്‍ മാനേജര്‍ മുകുന്ദന്‍ ചൂടാറാത്ത ചില പഴയ കഥകള്‍ തിരഞ്ഞുതന്നു.'ദിവസം ഒരു തവണയെങ്കിലും കോഫി ഹൗസില്‍ കയറിയില്ലെങ്കില്‍ ഉറക്കം വരാത്തവരുണ്ട് തൃശ്ശൂരില്‍. മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ. വിജയകുമാറിന് രാവിലെ ഒരു സര്‍ജറി ചെയ്യാനൊരുങ്ങുമ്പോഴാവും മസാലദോശ ഓര്‍മ വരിക. ഉടന്‍ വിളിക്കും. 'ഞാനിതാ വരുന്നുണ്ട്. ദോശ റെഡിയാക്കി വെച്ചോ' എന്ന്'.
അപ്പോഴേക്കും ഊണുനിരന്നിരുന്നു. സാമ്പാറിന്റെയും പരിപ്പുകറിയുടെയും തനതുരുചി. നാലുകൂട്ടമേ ഉള്ളുവെങ്കിലും വെടിപ്പുള്ള ഊണ്. ഒടുവില്‍ പ്രഥമന്‍ കൊണ്ടൊരു കൊട്ടിക്കലാശവും.
വണ്ടി വീണ്ടും പുറപ്പെട്ടു. ചരല്‍മണല്‍ നിറഞ്ഞ പാതകളില്‍ തീ പാറുന്ന ചൂട്. ഇരിങ്ങാലക്കുടയും ചാലക്കുടിയും കൈവീശി. എറണാകുളം ഉച്ചയൂണ് കഴിഞ്ഞുള്ള മയക്കത്തിലാണ്. പിസാഹട്ടും കോഫിഡേയും കയറിയിറങ്ങുന്ന ചുള്ളന്‍മാര്‍. അവര്‍ക്കറിയില്ലല്ലോ തൊട്ടടുത്തുള്ള പഴയ കോഫിഹൗസിന്റെ ആ രുചിക്കൂട്ടുകള്‍. അത് മനസ്സില്‍ സൂക്ഷിക്കുന്ന എറണാകുളത്തിന്റെ യുവ എം.എല്‍.എയാണ് ഈ വരുന്നത്. ഹൈബി ഈഡന്‍. കേരളനിയമസഭയിലെ കാര്യമായ കഴിപ്പുകാരിലൊരാള്‍.
' എറണാകുളത്ത് ഞാന്‍ കയറാത്ത റസ്റ്റോറന്റുകളില്ല. പക്ഷേ ഞങ്ങള്‍ ഫ്രന്‍ഡ്‌സ് ഒത്തുകൂടുന്ന സമയത്തൊക്കെ സൗത്തിലെ കോഫിഹൗസിലാണ് പോവാറ്. അവിടുത്തെ കോഫി എനിക്ക് പ്രിയപ്പെട്ടതാണ്.' ഹൈബി പ്രസംഗം തുടങ്ങി. 'കേരളത്തിന് പുറത്തൊക്കെ പോയാല്‍ നോണ്‍വെജ് കഴിക്കാന്‍ പേടിയാണ്. പക്ഷേ കോഫി ഹൗസുണ്ടെങ്കില്‍ ഒരു ധൈര്യം കിട്ടും,' ഭക്ഷണത്തെക്കുറിച്ച് അടിയന്ത രപ്രമേയം അവതരിപ്പിക്കുംപോലെയാണ് ബഹുമാനപ്പെട്ട മെമ്പര്‍.
'ഞങ്ങള്‍ എം.എല്‍.എ.മാര്‍ അസംബ്ലി സമയത്ത് അടിയന്തര പ്രമേയം കഴിഞ്ഞാല്‍ കോഫി ഹൗസിലേക്കൊരു മാര്‍ച്ചുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ കഴിപ്പുകാര്‍ ഞാനും ഷാഫി പറമ്പിലുമാണ്. എന്നെയും ഷാഫിയെയും കാണുമ്പോള്‍ വെയിറ്റര്‍ ചോദിക്കും മട്ടണ്‍ ഓംലെറ്റ് എടുക്കട്ടേയെന്ന്. കെ .എം.ഷാജിയും വി.ടി. ബല്‍റാമുമെല്ലാം ഡയറ്റിങ്ങ് മൂഡുകാരാണ്. വിഷ്ണുനാഥ് പിന്നെ അമിതമായി കഴിക്കുന്നയാളല്ല.' ഭക്ഷണസഭയില്‍ ഇനി ശൂന്യവേളയാണ്. ഹൈബി തിരക്കുകളിലേക്ക് പോയി.
കോട്ടയത്തെ റബ്ബര്‍ക്കാടുകള്‍ക്കിടയിലൂടെ വണ്ടി കുതിച്ചു. ആളൊഴിഞ്ഞ പാതകള്‍. പുത്തരിക്കണ്ടം മൈതാനത്ത് ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയിലും അംബാസഡര്‍ ബാറിനുമുന്നിലും ആള്‍ത്തിരക്കുണ്ട്. അക്ഷരങ്ങളും മദ്യവും. കോട്ടയത്തിന്റെ അതിജീവന സാമഗ്രികള്‍. ടി.ബി.റോഡിലെ ആ പഴയ ഓടിട്ട കെട്ടിടത്തിനുള്ളിലും ആളുകള്‍ക്ക് കുറവില്ല. ഇടനാഴി കടന്ന് അകത്തെ ഉപശാലയിലേക്ക് കടന്നപ്പോള്‍ കട്‌ലെറ്റിന്റെയും സമൂസയുടെയും സമയമാണ്. കോട്ടയത്തിന്റെ തനത് എരിവുണ്ട് ഓരോന്നിനും. ഇവിടുത്തെ സൗഹൃദസന്ധ്യകളിലും രുചി നുകരാന്‍ വരുന്ന പതിവുകാരുണ്ട്. ആന്റോ ആന്റണിയും സുരേഷ് കുറുപ്പും ടോമി കല്ലാനിയും ക്യാമറാമാന്‍ വേണുവും. ആ പട്ടിക നീണ്ടു.
പാടങ്ങളും മലഞ്ചെരിവുകളും കടന്ന് വണ്ടി കുതിച്ചുപാഞ്ഞു. ചങ്ങനാശ്ശേരിയും തിരുവല്ലയും കടക്കുമ്പോള്‍ അരികില്‍ പൂവിട്ടുനില്‍ക്കുന്ന കയ്പവല്ലരികള്‍, പിന്നെ കൊല്ലത്തെ കായലുകള്‍. അപ്പോള്‍ വീണ്ടും വന്നു ഹിന്ദിവാല. അയാളുടെ ചായ,വട വിളിക്കുമുന്നില്‍ അതുവരെ ശവാസനത്തിലായിരുന്ന ഒരാള്‍ ചാടിയെണീറ്റു. കാവി ജുബ്ബയുടെ കൈ തെറുത്തുകയറ്റി അയാള്‍ ഒരു വട വിഴുങ്ങി. പിന്നാലെ വന്നു ചൂടുള്ള രണ്ടുവരി വിപ്ലവ കവിത. 'നിങ്ങളെന്റെ കറുത്ത മക്കളെ...' ഒരു തെക്കത്തി അതുകണ്ട് ഊറിച്ചിരിച്ചു. പരശുറാം ഇതാ തിരുവനന്തപുരം അടുക്കുകയായി.
ഇരിപ്പുപാര്‍ട്ടികള്‍
ചപ്രാച്ചി തലമുടിയും ചരിഞ്ഞ നടത്തവുമായി മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കയറിവന്നത് കോഫി ഹൗസില്‍നിന്നായിരുന്നെന്ന് കേട്ടാല്‍ ചുമ്മാതെങ്കിലും ഒന്നു ഞെട്ടിക്കൂടേ. ലാലിന്റെ ഓര്‍മയിലും ആ പഴയ കാലമുണ്ട്. 'എത്രയോ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ അവിടെ ഇരുന്നിട്ടുണ്ട്. കോഫി ഹൗസിന് അതിന്റേതായ മണവും രുചിയുമുണ്ട്. അവിടുത്തെ ഭക്ഷണത്തിനുമാത്രമേ ഇതൊക്കെയുള്ളൂ.'ലാല്‍ എഴുതിവെച്ചു.
തമ്പാനൂരിലാണ്. തിരുവനന്തപുരത്തിന്റെ ഹൃദയം. ആ പുട്ടുകുറ്റി പോലുള്ള കോഫിഹൗസിലേക്ക് സ്വീഡന്‍കാരി കരീന ചിരപരിചിതയെപ്പോലെ നടന്നുകയറി. ലാറിബേക്കറുടെ അത്ഭുത സൃഷ്ടിയായ കാപ്പിക്കൊട്ടകയില്‍ അവര്‍ സ്വാസ്ഥ്യം തേടി. കേരളത്തിന്റെ നൃത്തവും സംസ്‌കാരവും പഠിക്കാനാണ് സുന്ദരിയുടെ വരവ്. 'ആദ്യം വലിയ ഹോട്ടലുകളിലൊക്കെ കയറി ഭക്ഷണം കഴിച്ചു. കീശയും വയറും മോശമായത് മിച്ചം. ഇപ്പോള്‍ രണ്ടും ഭദ്രം. കേരളത്തിലെ ഏത് കോഫി ഹൗസിലും ഒരേ രുചിയില്‍ ഭക്ഷണം കിട്ടും. അധികം സ്‌പൈസിയല്ലാത്ത ഫുഡുമാണ്.'ആ തിരിച്ചറിവില്‍ അവരിപ്പോള്‍ കോഫി ഹൗസുകളിലൂടെ കേരളപര്യടനത്തിലാണ്.
സിമന്റ് ബെഞ്ചിലിരുന്ന് ആസ്വദിച്ച് കഴിക്കുന്ന ഭക്ഷണപ്രിയര്‍. പെറോട്ടയും ചിക്കനും പൂരി മസാലയും മസാലദോശയും സുലഭം. ഇവിടെ ഊണു വിളമ്പുന്നില്ലേ. 'അതുകൂടെയുണ്ടായാല്‍ ഇത് പുത്തരിക്കണ്ടം മൈതാനമാക്കേണ്ടി വരും.' സര്‍വീസ് സൂപ്പര്‍വൈസര്‍ സുധാകരന്‍ രംഗത്തുവന്നു.
ഇതാ മറ്റൊരു നൊസ്റ്റാള്‍ജിയ. പുതിയ തീരങ്ങളിലെയും സൗണ്ട് തോമയിലെയും നായിക വരുന്നു, നമിതാപ്രമോദ്. 'ചെറുപ്പത്തില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ശംഖുമുഖത്തെ കോഫി ഹൗസില്‍ എത്രയോ വട്ടം പോയിട്ടുണ്ട് ഞാന്‍. അവിടെനിന്ന് പണ്ട് കഴിച്ച പിസ്ത ഐസ്‌ക്രീമിന്റെ രുചി. എപ്പോള്‍ കോഫിഹൗസിനെക്കുറിച്ച് ചിന്തിച്ചാലും അതേ എന്റെ നാവില്‍ വരൂ. അവിടുത്തെ കോഫിയും മസാലദോശയുമായുള്ള കോമ്പിനേഷന്‍. ഓ എന്തൊരു രസമാണിഷ്ടാ'നായിക ഓര്‍മകളിലേക്ക് വീണു.
ഞാനിനി നില്‍ക്കണോ പോവണോ എന്ന മട്ടില്‍ നില്‍ക്കുന്നു പരശുറാം. തമിഴകത്തിന്റെ രാത്രികളെയും ഒപ്പം കൂട്ടി വണ്ടി നാഗര്‍കോവിലിലേക്ക് പുറപ്പെട്ടു. ഈ രുചിക്കൂട്ടുകള്‍ക്കിടയില്‍ തനിച്ചായപ്പോള്‍ കൂട്ടിന് ഒരു നളനെ കിട്ടി, രാജ് കലേഷ്.'മട്ടന്റെ കീമയുണ്ടാക്കി അത് മുട്ടയുടെ മേലിലിട്ട് പൊരിച്ചുതരുന്ന ഒരു ഡിഷുണ്ട്. മട്ടണ്‍ ഓംലെറ്റ്. പണ്ട് അച്ഛന്‍ വാങ്ങിത്തരുന്നതാണത്. ഈയിടെ പലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല'കലേഷിന് ചെറിയൊരു നിരാശയുണ്ട്.
പക്ഷേ ദുബായില്‍ ഒരു ചാനല്‍ പരിപാടിക്ക് പോയപ്പോള്‍ ആശാന് മട്ടണ്‍ ഓംലെറ്റ് വീണ്ടും കിട്ടി. കോഫിഹൗസുകളെ സ്‌നേഹിക്കുന്നവരില്‍ അഭിമാനം വിടര്‍ത്തുന്ന കഥയാണിത്.'തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോക്ടര്‍ ദിനേശനും മകള്‍ ഡോ. ദീപയും. ദുബായില്‍ വെച്ച് കണ്ടപ്പോള്‍ ഡോ.ദീപ എനിക്ക് മട്ടണ്‍ ഓംലെറ്റുണ്ടാക്കി തന്നു, 'ഇത് എന്റെ അച്ഛന്റെ ഓര്‍മയ്ക്കായാണ്.' പണ്ട് അച്ഛന്‍ പഠിപ്പിച്ചതാണേ്രത ഇതിന്റെ റെസിപ്പി. അദ്ദേഹത്തിന് കൂടെക്കൂടെ പഴയ സുഹൃത്തുക്കളെ ഓര്‍മ വരും. ആ പഴയ കോഫിഹൗസ് കാലവും. അപ്പോഴൊക്കെ അദ്ദേഹം ദീപയോട് പറയും.'മോളെ ഒരു ഓംലെറ്റുണ്ടാക്കെന്ന്.'
By:സി.എം. ബിജു (Mathrubhumi)


No comments:
Post a Comment