Monday, July 15, 2013

വെറുതെ അല്ല ഭാര്യ?


jjkjkjzarr


വൈവാഹിക ജീവിതത്തിന്റെ ആദ്യനാളുകളില്‍ തേനില്‍ ചാലിച്ച മധുര ഭാഷിതങ്ങളില്‍ സമ്പുഷ്ട്മാണ് പല ദാമ്പത്യമെങ്കിലും പതിയെ പതിയെ അത് കുറയുകയും അവസാനം പുരുഷകേന്ദ്രീകൃതമായ ഒരു അധീശമനോഭാവത്തിലേക്കും ഇടപഴകലിലേക്കും അത് പരിണമിച്ചു വരുന്നതാണ് കാണാറ്. നിത്യജീവിതത്തിലെ ആകസ്മിക ഇടപെടലുകളില്‍ നാം കാണുന്ന അന്യസ്ത്രീയോടു കാണിക്കുന്ന വിനയാദരങ്ങളുടെ നാലിലൊന്ന് പോലും പലരും സ്വന്തം കുടുംബിനിക്ക് കൊടുക്കുന്നില്ല എന്നതല്ലേ സത്യം? പറയാന്‍ ശ്രമിച്ചത് ആധുനിക സോസൈറ്റി മദാമ്മമാര്‍ ആവശ്യപ്പെടുന്ന 'സ്ത്രീ പരുഷ സമത്വ ' ആര്‍പ്പുവിളികളുടെ അരികു പിടിച്ചല്ല . പക്ഷെ ജീവിതത്തിന്റെ അര്‍ദ്ധാംശം ആയ ഭാര്യമാരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സമത്വാധിഷ്ഠിത കൂവലുകള്‍ക്കപ്പുറം സ്‌നേഹോഷ്മളമായ ഒരു സമീപന രീതിയുടെ അനിവാര്യതയെ കുറിച്ചാണ്.

ജനിച്ചു വളര്‍ന്നു ജീവിച്ച പരിസരങ്ങളെ പാടെ മറന്നുകൊണ്ടാണ് ഒരു സ്ത്രീ, പുരുഷന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. കുടുംബ ബന്ധങ്ങളോട് മാത്രമല്ല, കുട്ടിക്കാലം മുതല്‍ അവള്‍ ഓര്‍ത്തതും ഓമനിച്ചതുമായ എല്ലാത്തിനോടും കൂടി വിടപറഞ്ഞാണവള്‍ പടിയിറങ്ങുന്നത്. ഒരേ ഒരു പ്രതീക്ഷയില്‍.. തന്റെ ജീവിതത്തിലെ സ്വപ്നവും സങ്കല്‍പവും സന്താപ സന്തോഷങ്ങളും എല്ലാം പങ്കു വെക്കാമെന്നു താന്‍ നിനക്കുന്ന പുരുഷന്റെ തണലിലേക്ക്.. അങ്ങിനെ ഒരര്‍ഥത്തില്‍ സര്‍വ പരിത്യാഗിനിയായി കടന്നു വരുന്നവളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ചില്ലെങ്കില്‍ അതൊരു അക്ഷന്ത്യവ്യമായ അപരാധം തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷെ, പലപ്പോഴും ഞാന്‍ അടങ്ങുന്ന പുരുഷലോകം അവളെ ഗണിക്കുന്നതോ .. എന്റെ 'കെട്ട്യോള്‍ ' ഞാന്‍ പറയുന്നത് കേട്ടും അനുസരിച്ചും എന്റെ തന്നിഷ്ട്ടങ്ങളെ ചോദ്യം ചെയ്യാതെയും ഞാന്‍ ഉണ്ടാക്കുന്ന കുട്ടികളെ പരിപാലിച്ചും അടങ്ങിയിരിക്കെണ്ടവള്‍'

ഓര്‍മ്മ വരുന്നത് ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖ് (റ) കാലത്തെ ഒരു സംഭവമാണ്. പ്രജാതല്‍പരനും ആദര്‍ശ കണിശക്കാരനും എല്ലാത്തിലുമുപരി നീതിമാനുമായ ഖലീഫ. തര്‍ക്കവിതര്‍ക്കങ്ങളിലും വഴക്കിലും നീതിയുടെ പക്ഷത്തുനിന്ന് അണുവിട മാറാത്ത വാശിക്കാരന്‍. സമ്പല്‍സമൃദ്ധിയുടെയുടെയും സമാധാന പൂര്‍ണതയുടെയും നിറവില്‍ മദീന. ഒരിക്കലൊരു സായം സന്ധ്യയില്‍ എന്തോ ആവലാതി ബോധിപ്പിക്കാനായി എത്തിയ ആഗതന്‍ ഖലീഫയുടെ വാതിലില്‍ മുട്ടി. ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ ഭര്‍ത്താവിനു സമയമില്ല എന്ന പരാതിയില്‍ സംസാരിക്കുന്ന ഖലീഫാ പത്‌നിയുടെ ശബാദാധിക്യത്തില്‍ ഖലീഫ അത് കേട്ടില്ല. ആഗതന്‍ വീണ്ടും മുട്ടി. ഭാര്യയുടെ പരാതിപ്രളയത്തില്‍ ഒന്നും മിണ്ടാതെ ഇരിക്കുന്ന ഉമര്‍.. എന്തോ ഒരു വേറിട്ട ശബ്ദം സംശയിക്കുകയും അതിന്റെ ഉറവിടം തേടി വാതില്‍ തുറക്കുകയും ചെയ്തു.. ആരെയും കണ്ടില്ല. മനസ്സുറപ്പിക്കാന്‍ വേണ്ടി വാതിലിനു ചുറ്റും സൂക്ഷമതയോടെ നിരീക്ഷിച്ചപ്പോള്‍ കാണുന്നത് ഇരുളില്‍ ഒരു മനുഷ്യ രൂപം നടന്നു നീങ്ങുന്നതാണ്. എന്തോ പന്തികേട് തോന്നിയ ഖലീഫ ചോദിച്ചു. ആരാണത്? ആഗതന്‍ മറുപടി പറയാതെ നടത്തത്തിനു വേഗത കൂട്ടി. ഒരു നിമിഷം.. ഉറയില്‍ നിന്നും ഊരിയ വാളുയര്‍ത്തി ഉമര്‍ പറഞ്ഞു. 'ഇത് ഖത്താബിന്റെ മകന്‍ ഉമറാണ്. ആരായാലും അവിടെ നില്‍ക്കുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തില്ലെങ്കില്‍ അല്ലാഹുവാണ് സത്യം, ഈ വാള്‍തലപ്പ് നിന്റെ ശിരസ്സിന്റെ രുചിയറിയും'

അയാള്‍ ഉമറിന്റെയടുത്തേക്ക് തിരിഞ്ഞു നടന്നു. അടുത്തെത്തിയതും ആളെ മനസ്സിലാക്കിയ ഉമര്‍ ചോദിച്ചു. 'താങ്കള്‍ ഈ സമയത്തെന്താ ഇവിടെ'? പിന്നെ അയാള്‍ മടിച്ചില്ല. തന്റെ മൗനം ഇനിയും അപകടകരവും തെറ്റിധാരണാപരവും ആവുമെന്ന് മനസ്സിലാക്കി ആ മനുഷ്യന്‍ പറയാന്‍ തുടങ്ങി. 'അല്ലയോ നീതിമാനായ ഖലീഫാ, അത്യന്തം അസഹനീയമായ ഒരു വിഷയത്തിന്റെ പരിഹാരം തേടിയാണ് ഞാന്‍ അങ്ങയെ സമീപിച്ചത് '. രാജ്യ ഭരണവുമായി ബന്ധപ്പെട്ട ഒരു വിഷയമാണെന്ന് കേട്ട ഖലീഫ, അദ്ദേഹത്തെ ആദരപൂര്‍വ്വം വീട്ടിലേക്കു ക്ഷണിച്ചിരുത്തി കാര്യങ്ങള്‍ ആരായാന്‍ ശ്രമിച്ചു. അയാള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു. 'ഇല്ല അമീര്‍. അതിനി പറയുന്നില്ല. അത് അങ്ങയെ കൊണ്ടും പരിഹരിക്കാന്‍ സാധ്യമല്ല എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി'. ക്ഷിപ്രകോപിയായ ഉമറിനു നിയന്ത്രിക്കാനായില്ല. 'എന്ത്, അല്ലാഹുവിന്റെ തിരുദൂതരുടെ വിയോഗ ശേഷം ഒന്നാം ഖലീഫ അബൂബക്കര്‍(റ) സ്തുത്യര്‍ഹമായി നയിച്ച ഇസ്‌ലാമിക ലോകത്ത് നീതി നടപ്പാക്കാന്‍ കഴിയാത്തവനാണ് ഞാനെങ്കില്‍ ഈ സ്ഥാനത്ത് തുടരാന്‍ എനിക്ക് അര്‍ഹതയില്ല. താങ്കള്‍ കാര്യം എന്താണെന്നു പറഞ്ഞെ തീരൂ'.

അയാള്‍ വിനയത്തോടെ മൊഴിഞ്ഞു. 'അമീര്‍, താങ്കള്‍ ഇത്ര പരവശനാവാന്‍ മാത്രം ഒന്നുമില്ല. വീട്ടിലെത്തുമ്പോള്‍ സ്ഥിരമായി അതുമിതും പറഞ്ഞു എന്നെ ശകാരിച്ചു സൈ്വര്യം കെടുത്തുന്ന എന്റെ ഭാര്യയെ കുറിച്ച് പറഞ്ഞു ഒരു പരിഹാരം അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഞാന്‍ വന്നു വാതിലില്‍ മുട്ടിയത്. പക്ഷെ രാജ്യം ഭരിക്കുന്ന, പേര് കേട്ടാല്‍ ചെകുത്താന്‍ പോലും വഴിമാറി നടക്കുന്ന , വീരശൂര പരാക്രമിയായ അങ്ങു പോലും സ്വന്തം ഭാര്യയുടെ മുന്നില്‍ ശബ്ദം നിലച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ അക്കാര്യം എങ്ങിനെ അങ്ങയുടെ മുന്നില്‍ പറയും. അത് കൊണ്ടാണ് ശ്രമം ഉപേക്ഷിച്ചു തിരികെ നടന്നത്.'

കോപിഷ്ഠനായ ഖലീഫയുടെ മുഖത്തു ഇത് കേട്ടപ്പോള്‍ ഇളം ചിരി വിരിഞ്ഞു. 'ഓ അതാണോ സഹോദരാ കാര്യം. ഇരിക്കൂ. ഞാന്‍ പറയാം'.
 ഉമര്‍ പറയാന്‍ ആരംഭിച്ചു.
'നോക്കൂ, നമ്മുടെ ഭാര്യമാര്‍ എത്രമാത്രം ത്യാഗം ചെയ്യുന്നു. ഒരു പരിചയവുമില്ലാത്ത കൈകളില്‍ പിതാവ് ഏല്‍പിച്ച അന്നുമുതല്‍ നമ്മെ മാത്രം വിശ്വസിച്ചും സ്‌നേഹിച്ചും വീട് വിട്ടവര്‍. നമുക്കായി ഭക്ഷണം സമയാസമയം ഒരുക്കുന്നു. നമ്മുടെ വസ്ത്രങ്ങള്‍ അലക്കുന്നു. നമ്മുടെ വീട് വൃത്തിയാക്കുന്നു. നമ്മുടെ അഭാവത്തിലും വീട്ടിലെത്തുന്ന അതിഥികളെയും അയല്‍ക്കാരെയും സ്വീകരിക്കുന്നു. നമ്മുടെ കിടക്ക വിരിപ്പ് വിരിച്ചു നമുക്ക് സുഖം നല്‍കുന്നു. നമ്മുടെ കുട്ടികളെ ശുശ്രൂഷിച്ചു സമയാ സമയങ്ങളില്‍ അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നു. സത്യത്തില്‍ മിതമായി പകുതി ഉത്തരവാദിത്വമെങ്കിലും ഈ കാര്യത്തില്‍ പേറേണ്ട നാം എന്ത് പങ്കാണ് ഈ കാര്യത്തില്‍ നിറവേറ്റുന്നത്? പുലര്‍ച്ചെ വീട് വിട്ടിറങ്ങുന്ന ഞാന്‍ പലപ്പോഴും പാതിരാക്കാണ് വീട്ടില്‍ എത്തുന്നത്. ചിലപ്പോള്‍ വരാനും കഴിയാറില്ല. എന്നിട്ടും എന്റെ വീടും കുടുംബവും അവള്‍ സംരക്ഷിക്കുന്നു. നിത്യവും വൈകി ഉറങ്ങുന്ന അവര്‍ നേരത്തെ ഉണര്‍ന്ന് ഞാന്‍ ഉണരുമ്പോഴേക്കും ഭക്ഷണ പാനീയങ്ങള്‍ ഒരുക്കുന്നു. ഇതൊക്കെ ചെയ്യുന്ന അവര്‍ക്ക് അതിന്റേതായ ക്ഷീണവും മാനസിക സംഘര്‍ഷവും ഉണ്ടാവില്ലേ. അതൊന്നു ഇങ്ങനെ പറഞ്ഞു തീര്‍ക്കാനെങ്കിലും നാം അവര്‍ക്ക് അവസരവും സ്വാതന്ത്ര്യവും നല്‍കേണ്ടെ? ഇനിയിതൊക്കെ പറഞ്ഞാലും കിടപ്പുമുറിയിലേക്ക് തൂമന്ദഹാസവും പൊഴിച്ചുകൊണ്ട് അവര്‍ അല്‍പം കഴിഞ്ഞാല്‍ വരില്ലേ'.
 'ആഗതന്‍ സ്തബ്ധനായി. അയാള്‍ ചിന്തിച്ചു. ആനന്ദാശ്രുക്കള്‍ പൊടിഞ്ഞ മിഴിയുയര്‍ത്തി അയാള്‍ പറഞ്ഞു. ശരിയാണ് അമീര്‍. എന്റെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. ഞാന്‍ പോകുന്നു'. ദാമ്പത്യബന്ധങ്ങളില്‍ പലപ്പോഴും തന്നിഷ്ടം മാത്രം നടപ്പിലാക്കപ്പെടണമെന്ന് കരുതുന്ന പുരുഷന്മാര്‍ക്ക് ഖലീഫയുടെ വാക്കുകള്‍ ഒരു പാഠം ആവട്ടെ.


By:
ബിന്‍ ഹുസൈന്‍

1 comment:

K@nn(())raan*خلي ولي said...

പഠനാര്‍ഹാവും പ്രസകതിയുമുള്ള പോസ്റ്റ്‌.
ഇനിയും ഇതുപോലുള്ള കുറിപ്പുകള്‍ പോസ്റ്റ്‌ ചെയ്യാന്‍ നാഥന്‍ തൌഫീഖ് ചെയ്യട്ടെ(ആമീന്‍,)