Wednesday, July 10, 2013

വേല വീട്ടിലിരിക്കട്ടെ




എന്നും അലാം വെച്ച് വെളുപ്പിന് ആറുമണിക്ക് എഴുന്നേല്‍ക്കണം. പതിവ് പരിപാടികളെല്ലാം തീര്‍ത്ത് റെഡിയാകാന്‍ ഏഴുമണിയെങ്കിലുമാകും. ഒരു കപ്പ് കാപ്പി ചൂടാക്കി രണ്ടുപീസ് ബ്രഡില്‍ ജാം തേച്ചുപിടിപ്പിച്ച് അകത്താക്കി പുറപ്പെടാന്‍ തുടങ്ങുമ്പോഴേക്കും സമയം എട്ടുമണി. റോഡില്‍ മുടിഞ്ഞ ട്രാഫിക്. ഓഫീസിലെത്തിയപ്പോള്‍പതിവുപോലെ ലേറ്റ്. ബോസിന്റെ കറുത്ത മോന്തയും ഇരുത്തിയുള്ള നോട്ടവും. ടെന്‍ഷന്‍ ടോപ് ഗിയറിലാവാന്‍ വേറൊന്നും വേണ്ട... പണിയെല്ലാം ഒരുവിധമൊപ്പിച്ച് വൈകിട്ട് ഏഴുമണിയാകും ഇറങ്ങാന്‍. റോഡില്‍ തിരക്കിന്റെ പൂരം. വീട്ടിലെത്തി കിടക്കയിലേക്ക് മറിയുമ്പോള്‍ സമയം ഒമ്പതു കഴിഞ്ഞിരിക്കും. എന്നും ഇതുതന്നെ ബിസിനസ്. എന്തൂട്ട് ലൈഫ് ബായീ... ആര്‍ക്കായാലും ജീവിതം പരമബോറായിത്തുടങ്ങും.

അങ്ങനെയൊരു ലോകത്ത് അട്ടര്‍ കണ്‍ഫ്യൂഷനില്‍ അകപ്പെടുന്നവര്‍ക്ക് സ്വന്തം കിളിക്കൂട്ടില്‍ത്തന്നെ ജോലിചെയ്യാന്‍ അവസരമൊരുക്കുകയാണ് വീട്ടില്‍ത്തന്നെ ജോലി (Work from Home) പദ്ധതി. വീടാണ് അഭയം. ഉമ്മറപ്പടി ചവിട്ടിക്കയറുന്നത് തണലിലേക്ക്. ആ ചുവരുകള്‍ക്കുള്ളില്‍ നമ്മള്‍ ആശ്വാസം കണ്ടെത്തുന്നു. എല്ലാ പ്രശ്‌നങ്ങളില്‍നിന്നും തിരക്കുകളില്‍നിന്നും ഇറങ്ങിയെത്തുന്ന ഇടം. അവിടെയുള്ള ആത്മവിശ്വാസം മറ്റൊരിടത്തും കിട്ടിയെന്നുവരില്ല. ജീവനക്കാരുടെ തൊഴില്‍മികവുയര്‍ത്താന്‍ വീട്ടിലെ അന്തരീക്ഷം സഹായിക്കുന്നുവെന്ന് കമ്പനികളും കരുതുന്നു. തൊഴിലിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ അത് സഹായിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍.

എല്ലാംകൊണ്ടും മെച്ചം

ഐ.ടി. കമ്പനികളാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നവരില്‍ മുന്‍നിരക്കാര്‍. വമ്പന്‍ കമ്പനികള്‍തൊട്ട് തുടക്കക്കാര്‍വരെ ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. രൂപ ശര്‍മ പ്രമുഖ ഐ.ടി. കമ്പനിയില്‍ 'വീട്ടില്‍ നിന്ന് ജോലി' സൗകര്യം പ്രയോജനപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. കമ്പനിയില്‍നിന്നുള്ള പ്രോജക്ടുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഡെഡ്‌ലൈന്‍ കൃത്യമായി പാലിക്കാനും ഈ പദ്ധതി തന്നെ സഹായിക്കുന്നതായി രൂപ പറയുന്നു. ഓഫീസില്‍ മറ്റു ജോലികളുടെ കാര്യം ശ്രദ്ധിച്ച് സമയം പാഴാക്കുന്നത് ഒഴിവാക്കാനുമാവും. ''ഏറ്റവും പ്രധാനം ബാംഗ്ലൂരിലെ കടുത്ത ട്രാഫിക് ജാമില്‍നിന്നുള്ള രക്ഷയാണ്. എന്റെ ഫ്ലാറ്റില്‍നിന്ന് ഓഫീസിലേക്ക് പത്തുകിലോമീറ്ററേയുള്ളൂ. എന്നാല്‍ അവിടെ എത്തിപ്പെടാന്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലുമെടുക്കും. വണ്ടികളുടെ പുകശ്വസിച്ച് രാത്രി മുഴുവന്‍ ചുമയ്ക്കുകയും വേണം. ഇപ്പോള്‍ അത്തരം പൊല്ലാപ്പൊന്നുമില്ല.''

ജീവനക്കാരന്റെ സാന്നിധ്യം ഓഫീസില്‍ അനിവാര്യമല്ലാത്ത ജോലികളാണ് ഈ പദ്ധതിയിലുള്‍പ്പെടുക. കൃഷ്ണകുമാര്‍ ഇതിന്റെ ഭാഗമായിട്ട് ഒരു വര്‍ഷത്തിലേറെയായി. ''മറ്റുള്ളവരെപ്പോലെ ഞാനും എല്ലാ ദിവസവും എട്ടുമണിക്കൂര്‍ ജോലിചെയ്യുന്നു. രാവിലെ കൃത്യം 8.45-ന് എന്റെ ലാപ്‌ടോപ്പിന് മുന്നില്‍ ഇരുത്തം തുടങ്ങും. ഒമ്പതിന് ഓഫീസുമായി ലോഗ് ചെയ്യും. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ടിന്റെ ടീം ലീഡര്‍ ഞാനാണ്. ടീമിനെ ഓണ്‍ലൈനില്‍ കോ-ഓഡിനേറ്റ് ചെയ്യും. ഫോണില്‍ അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യും. എല്ലാം എന്റെ സ്വന്തം ഫ്ലാറ്റിലിരുന്നുകൊണ്ട്. ഇതിലും ഭേദപ്പെട്ട ഒരു തൊഴില്‍സാഹചര്യം ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല.''

വാണി ഗോപന്‍ പ്രമുഖ ഐ.ടി. കമ്പനിയിലെ അസോഷ്യേറ്റാണ്. തുടക്കം ചെന്നൈയിലായിരുന്നു. ഫ്ലോര്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിവുള്ള മിടുക്കിക്കുട്ടി. പെട്ടെന്ന് സ്ഥാനക്കയറ്റങ്ങള്‍, ശമ്പളവര്‍ധന. അതിനിടെയായിരുന്നു വിവാഹം. വരന് ബാംഗ്ലൂരില്‍ മറ്റൊരു ഐ.ടി. കമ്പനിയില്‍ ജോലി. വിവാഹസമ്മാനമെന്നപോലെ കമ്പനി വാണിക്ക് ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു. എട്ടുമാസമായപ്പോള്‍ വാണി ഗര്‍ഭിണിയായി. വിശ്രമം വേണമെന്ന് ഡോക്ടര്‍. ധര്‍മസങ്കടത്തിലായ വാണി ഒടുവില്‍ ജോലി രാജിവെക്കാന്‍ ആലോചന തുടങ്ങി. എന്നാല്‍ വാണിയെപ്പോലെ മികവുകാട്ടുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ നഷ്ടപ്പെടുത്താന്‍ കമ്പനി ആഗ്രഹിച്ചില്ല. അങ്ങനെയാണ് പതിവില്ലാതിരുന്നിട്ടും കമ്പനി വാണിക്ക് 'വര്‍ക്കിങ് ഫ്രം ഹോം' സൗകര്യം അനുവദിച്ചത്. ഇപ്പോള്‍ വാണി രണ്ടരവയസ്സുള്ള കുഞ്ഞിന്റെ അമ്മ. എന്നിട്ടും ഓഫീസില്‍ പോയിത്തുടങ്ങിയിട്ടില്ല. ജോലി മുഴുവന്‍ വീട്ടില്‍ ലാപ്‌ടോപിന് മുന്നിലിരുന്ന്. അരികില്‍ മൊബൈല്‍ ഫോണും.

''എല്ലാം പതിവുപോലെ. പ്രസവത്തിന് രണ്ടു ദിവസം മുമ്പുവരെ ഞാന്‍ ജോലിചെയ്തു. മോന്‍ ജനിച്ച് ഒന്നരമാസം കഴിഞ്ഞപ്പോള്‍ വീണ്ടും ലോഗ് ചെയ്തു. സഹായത്തിന് അമ്മ കൂടെയുള്ളതിനാല്‍ മോന്റെ കാര്യം ബുദ്ധിമുട്ടില്ല. ഇടയ്ക്ക് അത്യാവശ്യത്തിന് അവന്റെ കാര്യവും നോക്കാം. എനിക്കിപ്പോള്‍ ഇത് ശീലമായി. ഓഫീസിലേതിനെക്കാള്‍ നന്നായി മാനേജ് ചെയ്യാന്‍ കഴിയുന്നു. ജീവിതത്തിന്റെ പ്രധാന വഴിത്തിരിവില്‍ കമ്പനി എനിക്കൊപ്പം നിന്നു. ഞാനും അവര്‍ക്കൊപ്പം തുടരുന്നു'' - വാണി പറയുന്നു.
മികവുറ്റ കമ്പനികള്‍ അങ്ങനെയാണ്. സ്ഥാപനം തന്റേതാണെന്ന ബോധം ജീവനക്കാരില്‍ അവര്‍ വളര്‍ത്തിയെടുക്കുന്നു. സ്ഥാപനത്തെപ്പറ്റി ജീവനക്കാരില്‍ അഭിമാനബോധം വളര്‍ത്തുന്നു. ജീവനക്കാരുടെ ആത്മവീര്യം ഉയര്‍ത്തുന്നു. തൊഴില്‍മികവ് പരമാവധി പുറത്തെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.

തൊഴിലും ജീവിതവും

ജീവിതത്തിനൊപ്പം തൊഴിലും മുമ്പോട്ടുകൊണ്ടുപോവാന്‍ ജീവനക്കാരെ സഹായിക്കുകയാണ് വീട്ടില്‍ നിന്നും ജോലി പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. അത് ജീവനക്കാരെ കമ്പനിയില്‍ തുടരാന്‍ പ്രേരിപ്പിക്കുകയും അവരില്‍നിന്ന് പരമാവധി പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രമുഖ ഐ.ടി. കമ്പനികളായ ഐ.ബി.എം., ഡെല്‍ തുടങ്ങിയ കമ്പനികളും ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.എന്നാല്‍, എല്ലാ തൊഴില്‍മേഖലകളിലും ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് കരുതരുത്. ഐ.ടി., മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, കോപ്പി എഡിറ്റിങ്, ടെലിമാര്‍ക്കറ്റിങ് തുടങ്ങിയവയില്‍ പ്രയോജനപ്പെടുത്താം.

മുഖാമുഖമുള്ള ആശയവിനിമയം ജീവനക്കാരില്‍നിന്ന് കൂടുതല്‍ തൊഴില്‍മികവ് പുറത്തെടുക്കുമെന്നതാണ് ഈ രീതിയെ എതിര്‍ക്കുന്നവരുടെ വാദം.

നമ്മുടെയെല്ലാം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഉഴപ്പിനെപ്പറ്റിയുള്ള ആശങ്കയാണ് മറ്റൊന്ന്. വീട്ടില്‍ നിന്നുള്ള പണി തോന്നിയമട്ടിലാകും, എപ്പോള്‍ തുടങ്ങും എപ്പോള്‍ തീരുമെന്നൊന്നും പറയാനാവില്ല. ഇടയ്‌ക്കെത്തുന്ന ഫോണ്‍കോളുകളും അയല്‍വീട്ടിലെ ബഹളവും കുട്ടിയുടെ കരച്ചിലും ഡയറക്ട് മാര്‍ക്കറ്റിങ്ങുകാരുടെ വാതില്‍മുട്ടും മേശയ്ക്കപ്പുറത്തെ പത്രവുമൊക്കെ ശ്രദ്ധതിരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍, ശങ്കകളില്‍ കഴമ്പില്ലെന്നാണ് കണക്കുകളുദ്ധരിച്ച് പറയുന്നത്.

വീട്ടിലിരുന്ന് ജോലി കമ്പനികളുടേത് മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. എത്രയോ പേര്‍ ഇന്ന് സ്വന്തംനിലയ്ക്ക് വീട്ടിലിരുന്ന് വരുമാനമുണ്ടാക്കുന്നു. ഇന്റര്‍നെറ്റും ടെലിഫോണും വഴിയും സ്വന്തം സംരംഭങ്ങള്‍ തുടങ്ങിയുമൊക്കെ മികവുകാട്ടുന്നവരേറെ. ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് അവരെക്കൂടി ഓര്‍ക്കേണ്ടതുണ്ട്.


ജോലി വീട്ടിലാകുമ്പോള്‍

കമ്പനികളുടേതായാലും സ്വന്തം സംരംഭത്തിന്റേതായാലും ജോലി വീട്ടിലിരുന്ന് ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ചിട്ടയോടെ മുന്നോട്ടുപോയാലേ വീട്ടില്‍നിന്ന് വിജയം കൈവരിക്കാനാവുകയുള്ളൂ.

* ഉഴപ്പുപരിപാടി പരമാവധി വീടിന്റെ പടിക്കുപുറത്തുനിര്‍ത്തുക. ജോലിക്ക് നിശ്ചിത സമയക്രമം നിശ്ചയിക്കുക. ജോലി തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതുമായ സമയം നേരത്തേതന്നെ ഉറപ്പിക്കുക. ആ സമയത്തുതന്നെ ജോലി തുടങ്ങുക. ഇടയ്ക്ക് എന്തെങ്കിലും അത്യാവശ്യത്തിന് ബ്രേക്ക് എടുക്കേണ്ടിവന്നാല്‍ ആ സമയംകൂടി ജോലിചെയ്ത ശേഷമായിരിക്കണം അവസാനിപ്പിക്കേണ്ടത്.

* ഏറ്റെടുക്കുന്ന ഓരോ ജോലിക്കും സമയപരിധി നിശ്ചയിക്കുക. ആ സമയത്തിനകം ജോലി ചെയ്തുതീര്‍ക്കുക. ഒരിക്കലും മാറ്റിവെക്കാതിരിക്കുക. കമ്പനിയോടായാലും ക്ലൈന്റിനോടായാലും തികഞ്ഞ ഉത്തരവാദിത്വം പുലര്‍ത്തുക. നേരത്തേ ചെയ്തുതീര്‍ത്താല്‍ ആ സമയം മറ്റു ജോലികള്‍ക്കായി വിനിയോഗിക്കാവുന്നതാണ്.

* നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വീട്ടിലൊരു ബോസ് ഉണ്ടാവില്ലെന്ന ബോധം എപ്പോഴും മനസ്സില്‍വെക്കുക. ഏല്പ്പിക്കുന്ന ജോലി വൃത്തിയായും നിലവാരത്തോടെയും പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക

No comments: