പാടിത്തീർക്കാനുള്ളതല്ല ഈ വരികൾ, വരികൾക്കിടയിലൂടെ അടുത്തറിയേണ്ട മൊഴിമുത്താണിത്...
മഹാകവി കെസി കേശവപിള്ളയുടെ താഴെ പറയുന്ന വരികളാണ് ഞാനെടുക്കുന്നത്.
'പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശൻ '
പരിശ്രമമുള്ളവന് വിജയം കൈപ്പിടിയിലൊതുക്കാനാവും, ഉയരങ്ങൾ പരാശ്രയമില്ലാതെ താണ്ടാനാവും.
ഒരിടത്ത് ഒരു കൊച്ചുകുട്ടി വീട്ടിന്നടുത്ത പാറമടയിൽ പാറപൊട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു തൊഴിലാളിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊരിവെയിലത്ത് ഭാരമേറിയ ചുറ്റിക ഉപയോഗിച്ച് അയാള്‍ പാറക്കഷണത്തിൽ ആഞ്ഞടിച്ചു കൊണ്ടേയിരിക്കുന്നു. കുറേനേരം അയാള്‍ ശ്രമിച്ചിട്ടും പാറ പൊട്ടിയില്ല.
അയാൾ കുറച്ച് വിശ്രമമെടുക്കാനിരുന്നു. അപ്പോൾ ആ കൊച്ചുകുട്ടി അടുത്ത് വന്ന് അയാളോട് ചോദിച്ചു.
“പാറ പൊട്ടാതിരുന്നിട്ടും നിങ്ങൾക്ക് സങ്കടമൊന്നുമില്ലേ?”
അപ്പോള്‍ അയാൾ ഇങ്ങനെ പറഞ്ഞു.
“ഏതാനും സമയം കൂടി നീ എന്നെ നിരീക്ഷിക്കൂ.”
ആ കുട്ടി അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ചുറ്റിക വീണ്ടും മുകളിലേക്ക് ഉയര്‍ന്നുതാണു…
പക്ഷേ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
വീണ്ടും അയാൾ ചുറ്റിക ഉപയോഗിച്ച് പാറക്കഷണത്തിൽ ആഞ്ഞടിച്ചു… അതാ.. അത് രണ്ടായി പിളർന്നു.
അപ്പോള്‍ അയാള്‍ ആ കുട്ടിയോട് പറഞ്ഞു.
"ഇപ്പം എങ്ങനേണ്ട്...
ഞാന്‍ പലവട്ടം ഈ പാറയിൽ ചുറ്റിക കൊണ്ടടിച്ചു. പക്ഷെ പാറ പിളര്‍ന്നതാവട്ടെ അവസാനത്തെ അടിയിൽ മാത്രം. ഞാന്‍ ഓരോ തവണ അടിക്കുമ്പോഴും ആ പാറ കൂടുതൽ കൂടുതൽ ദുര്‍ബലമാകുകയായിരുന്നു. അങ്ങനെ അവസാനം അത് രണ്ടായി പിളരുകയും ചെയ്തു.”
നിങ്ങൾക്കെന്ത് തോന്നുന്നു...
ഇയാൾ അടിച്ച ആദ്യത്തെ അടികള്‍ വ്യര്‍ത്ഥമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
ഇല്ല എന്നായിരിക്കും മിക്ക പേരുടെയും പ്രതികരണം.
കാരണം അയാളുടെ ആദ്യത്തെ അടികൾ വ്യര്‍ത്ഥമായിരുന്നുവെങ്കിൽ ഒരു കാലത്തും ആ പാറ പിളരില്ലായിരുന്നു.
പലപ്പോഴും വിജയങ്ങൾ ജീവിതത്തിലേക്ക് കടന്നുവരില്ലായെന്ന് നിങ്ങൾ വിചാരിക്കുമ്പോഴൊക്കെ ഈ കഥ ഓര്‍ക്കുക.
നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഫലം തീര്‍ച്ചയായും കിട്ടും. പക്ഷെ ചിലപ്പോൾ അതിനുവേണ്ടി നാം കാത്തിരിക്കണമെന്നുമാത്രം.
നിരന്തര
പ്രയത്നത്തിന്‍റെ ഫലത്തെ തോല്പിക്കുവാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയുകയില്ല. നിരന്തര പരിശ്രമശാലിക്കൊപ്പമായിരിക്കും ദൈവത്തിൻ്റെ സാന്നിധ്യം.
നിരന്തര പ്രയത്നം കൊണ്ട് തങ്ങളുടെ കഴിവു കേടുകളെയും ദുര്‍ബലതകളെയും തൂത്തെറിഞ്ഞവരാണ് പില്ക്കാലത്ത് മഹാന്മാരായി തീര്‍ന്നിട്ടുള്ളത് എന്നറിയുക.
ജീവിതത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതെ, സ്വന്തം ജീവിതം പരാജയമാണെന്ന്, വിലയിരുത്തുന്നവർ അലസന്മാരാണ്, മണ്ടൻമാരാണ്.
പ്രയത്നശാലികൾക്ക് ജീവിതത്തിൽ താത്കാലികമായി പല ബുദ്ധിമുട്ടുകളെയും, പരാജയങ്ങളേയും നേരിടേണ്ടി വന്നേക്കാം.
പക്ഷെ ആത്യന്തികമായി വിജയം അവരെ തേടിയെത്തുക തന്നെ ചെയ്യും...
വിജയലക്ഷ്യം തേടി യാത്ര ചെയ്യുന്നവർക്ക് മുന്നിൽ വാതിലുകൾ മലർക്കെ തുറക്കപ്പെടും.
അതിനാവട്ടെ നമ്മുടെ പരിശ്രമങ്ങൾ.
No comments:
Post a Comment