Saturday, August 15, 2020

സാമുവൽ ബി ഫുള്ളറിലും നമുക്ക് പഠിക്കാനുണ്ട്.



വിജയമുണ്ടാകണമെങ്കിൽ അധ്വാനിക്കണം, അത് താനെ നിങ്ങളെ തേടി വരില്ല.

ദരിദ്രമായ ഒരു നീഗ്രോ കുടുംബത്തിലാണ് എസ് ബി ഫുള്ളര്‍ ജനിച്ചത്. വളരെ ചെറുപ്പത്തിലേതന്നെ കാലിവളര്‍ത്തലായിരുന്നു അവന്‍റെ ജോലി. പക്ഷേ, തന്‍റെ മകന്‍ പഠിച്ചു വളരണമെന്നും അച്ഛനെപ്പോലെ എല്ലാം ദൈവത്തിന്‍റെ ഇഷ്ടമെന്നു പറഞ്ഞ് പട്ടിണിയെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കരുതെന്നും അവന്‍റെ അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ മകനോടു പറഞ്ഞു: “നാം പാവങ്ങളായി ജനിച്ചു എന്നത് ശരിതന്നെ. പക്ഷെ നമ്മുടെ പട്ടിണിക്ക് വെറുതെ ദൈവത്തെ കുറ്റപ്പെടുത്തേണ്ടതില്ല. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കാതെ എല്ലാം തലേലെഴുത്തെന്നു പറഞ്ഞ് ആശ്വസിക്കാനാണ് നിന്‍റെ അച്ഛന്‍ ശ്രമിച്ചത്. എന്നാല്‍ അദ്ധ്വാനിക്കുന്നവനെ മാത്രമേ ദൈവം തുണയ്ക്കൂ എന്ന് നീ മനസ്സിലാക്കണം.”


അവന്‍ അമ്മയുടെ ആഗ്രഹമനുസരിച്ച് ജോലിയും പഠനവും ഒന്നിച്ചു തുടര്‍ന്നു. രാവിലെ സോപ്പ് കച്ചവടം, രാത്രി പഠിത്തം. വീടുകള്‍തോറും സോപ്പുകള്‍ വിറ്റ് അവന്‍ ഇരുപത്തയ്യായിരം ഡോളര്‍ മിച്ചം വച്ചു.

ആയിടയ്ക്ക് അവന് സോപ്പു നല്‍കിയിരുന്ന കമ്പനി വില്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ ഒന്നര ലക്ഷം ഡോളറാണ് വിലയായി ആവശ്യപ്പെട്ടത്. 25,000 ഡോളര്‍ അഡ്വാന്‍സ് നല്‍കി ഫുള്ളര്‍ അതിന്‍റെ കച്ചവടം ഉറപ്പിച്ചു. 

ബാക്കി തുകയ്ക്ക് രണ്ടാഴ്ചത്തെ അവധി പറഞ്ഞു.

ഒരു ദരിദ്ര നീഗ്രോയുവാവിന് ഒന്നേകാല്‍ ലക്ഷം ഡോളർ വായ്പയായി ലഭിക്കുക അന്നത്തെക്കാലത്ത് ബുദ്ധിമുട്ടായിരുന്നു. പക്ഷെ, ഫുള്ളര്‍ തന്‍റേടത്തോടെ പല വാതിലുകളും മുട്ടി. ചില വാതിലുകള്‍ അയാള്‍ക്കായി തുറക്കപ്പെട്ടു. എങ്കിലും കരാര്‍ തീയതിയുടെ തലേദിവസമായിട്ടും പതിനായിരം ഡോളറിന്‍റെ കുറവ്!

അപ്പോഴും ഫുള്ളര്‍ നിരാശനായില്ല. പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്നും ദൈവം തന്നെ തുണയ്ക്കും എന്നും അവന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

രാത്രി പതിനൊന്നുമണി സമയം. എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഫുള്ളര്‍ വീടു വിട്ടിറങ്ങി. തെരുവീഥിയിലൂ ടെ വെറുതെ അലയുമ്പോള്‍ ഒരു കോണ്‍ട്രാക്ടറുടെ ഓഫീസില്‍ വെളിച്ചം കണ്ടു. മടികൂടാതെ അവന്‍ അവിടേയ്ക്കു കടന്നുചെന്നു.

ഭാഗ്യം അവിടെ അയാളെ കാത്തിരിപ്പുണ്ടായിരുന്നു. അവശേഷിച്ച പതിനായിരം ഡോളറിന്‍റെ ചെക്ക് ഫുള്ളറിന് അവിടെ നിന്നും ലഭിച്ചു.

പണത്തിന്‍റെ ആവശ്യവും തനിക്കു പണം വായ്പ തന്നവരുടെ പേരു വിവരങ്ങളും ഫുള്ളര്‍ പറഞ്ഞപ്പോള്‍ കോണ്‍ട്രാക്ടര്‍ക്ക് വിശ്വാസമായി. അയാള്‍ മടികൂടാതെ വായ്പ നല്‍കുകയായിരുന്നു.

അങ്ങനെ സോപ്പുകമ്പനി സ്വന്തമാക്കിയ അയാള്‍ കാലക്രമേണ ഏഴു കമ്പനികള്‍ കൂടി സ്വന്തമാക്കി. ജീവിതത്തില്‍ വിജയം കൊയ്തു. വീടുവീടാന്തരം സോപ്പ് വിറ്റവൻ ഏഴോളം കമ്പനിയുടെ അധിപനായി.

സ്ഥിര പരിശ്രമത്തിലൂടെ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കുമെന്ന് തൻ്റെ ജീവിതത്തിലൂടെ എസ്ബി ഫുള്ളര്‍ തെളിയിച്ചു. 

വിധിയെ പഴിക്കാതെ പ്രയത്നിച്ചു കൊണ്ടേയിരുന്നാല്‍ വിജയം നമ്മുടെ പിന്നാലെ എത്തും.

കോവിഡ് കാലത്ത് നിരാശപ്പെട്ടിരിക്കാതെ അവസരങ്ങൾ തേടി ഇറങ്ങണം. 

അവസരങ്ങൾ തേടിയിറങ്ങുന്നവർക്ക് മുന്നിൽ ഉയർച്ചയുടെയും വളർച്ചയുടെയും വിജയത്തിൻ്റെയും വാതിലുകൾ മലർക്കെ തുറക്കപ്പെടും.



No comments: