Saturday, August 15, 2020

JOB vs CAREER ......രണ്ടുമൊന്നോ... അതോ രണ്ടും രണ്ടോ?

വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് ആരാകാനാണ് ഇഷ്ടം? 

സ്‌കൂള്‍ ജീവിതത്തിനിടെ പലതവണ കൊച്ചുകൂട്ടുകാര്‍ കേട്ടിരിക്കാന്‍ ഇടയുള്ള ചോദ്യമാണിത്. ചെറിയ ക്ലാസുകളില്‍ നമ്മള്‍ ഇതിനു പറഞ്ഞിരിക്കാന്‍ ഇടയുള്ള ഉത്തരം ഡ്രൈവര്‍, പാട്ടുകാരന്‍, ക്രിക്കറ്റ്കളിക്കാരന്‍, ഡാന്‍സുകാരി എന്നിങ്ങനെയൊക്കെയാകാം. 

ചിലര്‍ അച്ഛനമ്മമാരുടെ ജോലി തന്നെ ഇതിനുള്ള ഉത്തരമായി നല്‍കിയെന്നിരിക്കാം. പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ഇഷ്ടം വച്ച് ചിലര്‍ ടീച്ചറാകണമെന്നും പറയും.


ഹൈസ്‌കൂള്‍ ഒക്കെയാകുമ്പോഴേക്കും ഈ ചോദ്യം അല്‍പമൊരു മാറ്റത്തോടെയാകും നമ്മുടെ മുന്നില്‍ അവതരിക്കുന്നത്. എന്താണ് നിങ്ങളുടെ കരിയര്‍ ചോയ്‌സ് എന്ന നിലയിലേക്ക് ചോദ്യത്തിന്റെ സ്വഭാവം മാറും.

 കരിയര്‍ എന്ന വാക്കിനെ കുറിച്ച് നാം ധാരാളമായി പിന്നീട് കേട്ട് തുടങ്ങും. 

ശരിക്കും എന്താണ് ഈ കരിയര്‍? 

ജോലി മാത്രമാണോ കരിയര്‍ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്?


നിങ്ങളുടെ ജീവിതകാലത്ത് നിങ്ങള്‍ ചെയ്യുന്ന പലതരം ജോലികളുടെ ആകെത്തുകയാണ് കരിയര്‍. 

ഒരു കരിയര്‍ പിന്തുടരുന്നതിന് ചില യോഗ്യതകളൊക്കെ ആവശ്യമുണ്ടെന്നും അതിനായി ചില കോഴ്‌സുകളൊക്കെ ചിലപ്പോള്‍ പഠിക്കേണ്ടി വരുമെന്നും നിങ്ങള്‍ കേട്ടു തുടങ്ങുന്നതും ചിന്തിച്ചു തുടങ്ങുന്നതും ഇതേ കാലഘട്ടത്തിലായിരിക്കും.

അപ്പോ, ജോലി തന്നെയാണോ കരിയര്‍? 

അല്ലേയല്ല. കരിയറും ജോലിയും ഒന്നല്ല. രണ്ടും രണ്ടാണ്. 

നിങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിറവേറ്റാ നായി നിങ്ങള്‍ക്ക് പണം ആവശ്യമാണ്. അടിസ്ഥാനപരമായ കാര്യങ്ങള്‍ എന്നു പറയുമ്പോള്‍ ഭക്ഷണം, വസ്ത്രം, വീട് അങ്ങനെ ഈ ലോകത്ത് സുഖമായി ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. ഈ പണം ലഭിക്കാനായി നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് ജോലി. ചിലത് മുഴുവന്‍ സമയവും ചെയ്യേണ്ട ഫുള്‍ടൈം ജോലിയാകാം. ചിലത് ഏതാനും മണിക്കൂറുകള്‍ മാത്രം ചെയ്യേണ്ട പാര്‍ട്ട്‌ടൈം ജോലിയാകാം . ഈ ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ചില കഴിവുകള്‍ ആവശ്യമുണ്ടാകാം. അവ നിങ്ങള്‍ പഠിച്ചെടുക്കുന്നതാണ്. നിങ്ങള്‍ക്ക് ജോലി തരുന്ന വ്യക്തിയോ കമ്പനിയോ ആയി നിങ്ങള്‍ ഏര്‍പ്പെടുന്ന ഹ്രസ്വകാല-ദീര്‍ഘകാല കരാറാണ് നിങ്ങളുടെ ജോലി.

എന്നാല്‍ കരിയര്‍ എന്ന് വിളിക്കുന്നത് നിങ്ങളുടെ അഭിരുചികളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ തീരുമാനിക്കുന്ന ദീര്‍ഘകാല പ്രഫഷണല്‍ യാത്രയാണ്. നിങ്ങളുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കയ്യെത്തിപിടിക്കാനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് കരിയര്‍. കരിയറിന്റെ ദീര്‍ഘമായ പാതയില്‍ നിങ്ങള്‍ ചിലപ്പോള്‍ പല ജോലികള്‍ ചെയ്‌തെന്നിരിക്കാം.

ഉദാഹരണത്തിന് തമിഴ് നടന്‍ രജനികാന്ത്. അഭിനയമായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍. എന്നാല്‍ ഈ കരിയറിലേക്ക് എത്തുന്നതിന് മുന്‍പ് അദ്ദേഹം ബസ് കണ്ടക്ടര്‍ ആയിരുന്നു. അത് അദ്ദേഹത്തിന്റെ നീണ്ട ജീവിതത്തില്‍ അദ്ദേഹം ചെയ്ത പല ജോലികളില്‍ ഒന്നു മാത്രമാണ്. അതിനെ രജനികാന്തിന്റെ കരിയര്‍ എന്ന് വിളിക്കാനാവില്ല. നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി. ജെ. അബ്ദുല്‍ കലാമിന്റെ കരിയര്‍ ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കായിരുന്നു . എന്നാല്‍ തന്റെ ചെറുപ്പത്തില്‍ ജീവിക്കാനായി പത്രവിതരണം ഉള്‍പ്പെടെ നിരവധി ജോലികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ജോലികളുടെ ആകെത്തുകയാണ് കരിയര്‍ എന്ന് പറഞ്ഞല്ലോ. ഓരോ ജോലിയില്‍ നിന്നും നിങ്ങള്‍ ചില പാഠങ്ങളും അറിവും ശേഷികളും ആര്‍ജ്ജിക്കുന്നുണ്ടാകാം.

കരിയര്‍ എന്നത് നിങ്ങളുടെ ചില തീരുമാനങ്ങള്‍ കൂടിയാണ്. നിങ്ങളുടെ കരിയര്‍ എന്താകണമെന്ന് നിങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്. കൂട്ടുകാരോടൊത്ത് ടൂര്‍ പോകാനൊക്കെ പ്ലാന്‍ ചെയ്യില്ലേ? അതേ പോലെ ഭാവിയിലെ കാര്യങ്ങള്‍ക്കായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെയാണ് കരിയര്‍ വികസനം അഥവാ കരിയര്‍ ഡവലപ്‌മെന്റ് എന്ന് പറയുന്നത്.

പല ഘട്ടങ്ങള്‍ നീളുന്ന പ്രക്രിയയാണ് ഇത്. 

നിങ്ങളുടെ കഴിവുകളെ കുറിച്ചുള്ള സ്വയം വിലയിരുത്തല്‍, അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് കരിയറാക്കാവുന്ന മേഖലകള്‍ കണ്ടെത്തല്‍, ആ മേഖലയിലെ തൊഴിലുകളെ കുറിച്ചുള്ള ധാരണ, അവയുടെ അനന്തര സാധ്യതകള്‍, അവ പിന്തുടരാന്‍ ആവശ്യമായ പഠനങ്ങള്‍ ഏതെല്ലാം എന്നിങ്ങനെ പല ഘട്ടങ്ങള്‍ നീളുന്നതാണ് കരിയര്‍ വികസനം.


വിവരങ്ങൾ പകരുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്

No comments: